മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായിരുന്ന് ഓഗസ്റ്റ് 24-ന് കാലം ചെയ്ത തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ 40-ാം ചരമദിനം ഒക്ടോബര്‍ രണ്ട് ചൊവ്വാഴ്ച അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന ഓതറ സെന്‍റ് ജോര്‍ജ് ദയറാ ചാപ്പലില്‍ ആചരിക്കുന്നു.
അദ്ദേഹത്തിന്‍റെ കുടുംബാംഗമായ കരവട്ടുവീട്ടില്‍ ശെമഓന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ 132-ാം ഓര്‍മ്മ ദിനം ഒക്ടോബര്‍ രണ്ടിനാണ്. പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ചിറളയം പള്ളിയില്‍ വച്ച് കൊച്ചി ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായായി 1877 മേയ് 17 വ്യാഴാഴ്ച സ്വര്‍ഗാരോഹണപ്പെരുന്നാള്‍ ദിവസം അദ്ദേഹത്തെ മെത്രാപ്പോലീത്തായായി വാഴിച്ചു. 1886 ഒക്ടോബര്‍ രണ്ടിന് കണ്ടനാട് പള്ളിയില്‍ വച്ചു കാലം ചെയ്ത് കടുംഗമംഗലം സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിയില്‍ കബറടങ്ങി.
ആ പിതാവിന്‍റെ അത്യപൂര്‍വമായ ചിത്രം തന്‍റെ പക്കലുണ്ടെന്നും അത് കടുംഗമംഗലം പള്ളിയില്‍ കൊണ്ടു വന്ന് അദ്ദേഹത്തിന്‍റെ കബറിങ്കല്‍ വന്നു പ്രാര്‍ത്ഥിച്ച് ചിത്രം സമര്‍പ്പിക്കണമെന്ന് ആഗഹിക്കുന്നതായും ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായെ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ കാലം ചെയ്യുന്നതിനു രണ്ടാഴ്ച മുമ്പ് അറിയിച്ചിരുന്നു. അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാമെന്ന് ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അതു സാധിക്കാതെ മാര്‍ അത്താനാസിയോസ് തിരുമേനി കടന്നുപോയി.
എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ യാക്കോബായ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ വെളിപ്പെടുത്തിയതാണ് ഈ വിവരം.
വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ