നാളത്തെ സഭ / ഫാ. ഡോ. ജോസഫ് ചീരന്‍


ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നാളിതുവരെയുള്ള ചരിത്രം രചിച്ചപ്പോള്‍ ഉയര്‍ന്നു വന്ന ചിന്തയുടെ ഫലമാണീ അധ്യായം. സഭയുടെ ഇന്നോളമുള്ള വളര്‍ച്ചയില്‍ പലപ്പോഴും ആസൂത്രണമില്ലാതെയും കരുത്തുള്ള പരിരക്ഷണമില്ലാതെയും പ്രതിസന്ധികളില്‍ നമുക്ക് പകച്ചു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുവാന്‍ ശക്തി സമാഹരിക്കുന്ന ഈ സഭയ്ക്ക് ഇനിയും സ്വന്തം വീഴ്ചകള്‍ക്കു മറ്റാരെയെങ്കിലും പഴി പറഞ്ഞിരിക്കുവാനാവില്ല. ഭരണപരമായി എന്തെങ്കിലും കെടുതികള്‍ പൂര്‍വ്വകാല ചരിത്രം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കുവാന്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനുള്ള അധികാരം ആര്‍ക്കും ചോദ്യം ചെയ്യാവതല്ലെന്ന് 1958 മുതല്‍ ഉയര്‍ന്ന കോടതികള്‍ പ്രഖ്യാപിച്ചിട്ടും നാം അതിന് ശ്രമിക്കാതിരുന്നത് നമ്മുടെ വീഴ്ച്ച തന്നെയാണ്.

1. സഭാ ഭരണഘടന

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനോടുള്ള സമീപനം ആദ്യമേ പുനര്‍ നിര്‍ണ്ണയിക്കേണ്ടിയിരിക്കുന്നു. 1934-ലെ ഭരണഘടനയില്‍ പാത്രിയര്‍ക്കീസ് എന്നല്ലാതെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് എന്ന പദം ഭരണഘടനാശില്‍പ്പികള്‍ ഉപയോഗിച്ചിരുന്നില്ല (അവരുടെ ദീര്‍ഘവീക്ഷണത്തിന് സ്തുതി). അറുപതുകളിലോ എഴുപതുകളിലോ ആരുമറിയാതെ ‘അന്ത്യോഖ്യാ’ ഭരണഘടനയിലേക്കു നുഴഞ്ഞുകയറുവാന്‍ സഭാനേതൃത്വത്തില്‍ ഉണ്ടായിരുന്ന ഏതോ കറുത്ത കൈകള്‍ അതിസമര്‍ത്ഥമായി ചരടു വലിച്ചു. ഇനിയുമത് നീക്കം ചെയ്യുകയല്ല വേണ്ടത്. നാം അംഗീകരിക്കുന്ന ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് ശാഖകളെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി അതില്‍ കാനോനികമായ റാങ്ക് നല്‍കി അദ്ദേഹത്തെ പുനര്‍ക്രമീകരിക്കയാണ് ആവശ്യം. കാതോലിക്കായെ വാഴിക്കുക, പരാതി കേള്‍ക്കുക, വിശ്വാസതര്‍ക്കം പരിഹരിക്കുക തുടങ്ങി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് രംഗപ്രവേശനം ചെയ്യുന്ന എല്ലാ ഭരണഘടനാ വകുപ്പുകളിലും ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് തലവന്മാര്‍ എന്ന സ്ഥാനികളുടെ പേര്‍ ഔചിത്യത്തോടെ എഴുതി ചേര്‍ത്തു അംഗീകരിക്കണം. ഇന്ത്യന്‍ സഭയുടെ തലവന്‍ ഇന്ത്യന്‍ പാത്രിയര്‍ക്കീസ് എന്നു വിശേഷിപ്പിക്കപ്പെടുവാന്‍ ആവശ്യമായ ഭരണഘടനാ ഭേദഗതികള്‍ ഉടനെ ഉണ്ടാവുകയും അടുത്തയാള്‍ ആ ഔദ്യോഗിക നാമധേയത്തില്‍ വാഴിക്കപ്പെടുകയും വേണം. ഇന്ത്യയുടെ നാലു ദിക്കുകളിലായി പുതിയ നാലു കാതോലിക്കാ ആസ്ഥാനങ്ങള്‍ ക്രമീകരിക്കുകയും ഓരോ കാതോലിക്കായുടെയും പരിധികളില്‍ ഓരോ സുന്നഹദോസ് ക്രമീകരിക്കുകയും വേണം. അവയ്ക്ക് കീഴില്‍ മെത്രാപ്പോലീത്തന്‍ സിനഡുകളും ഗ്രാസ് റൂട്ടു തലത്തില്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസുകളും വേണം. ഈ വികേന്ദ്രീകരണം കൊണ്ടു മാത്രമേ സഭയുടെ സ്തംഭനം ഒഴിവാകുകയുള്ളു. എഴുപത് വയസ്സ് പ്രായം കഴിയുമ്പോള്‍ മേല്‍പ്പട്ടക്കാര്‍ റിട്ടയര്‍ ചെയ്യുകയും മറ്റുള്ളവര്‍ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ സ്ഥലംമാറ്റത്തിന് വിധേയപ്പെടുകയും ചെയ്താല്‍ ഓര്‍ത്തഡോക്സ് സഭയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ പാത്രിയര്‍ക്കീസ് മലങ്കര മെത്രാപ്പോലീത്താ ആയി തുടരുകയും മാനേജിംഗ് കമ്മിറ്റി സഭയുടെ കേന്ദ്ര സുന്നഹദോസ് ആയി പ്രവര്‍ത്തിക്കുകയും വേണം. എപ്പിസ്ക്കോപ്പന്മാരുടെ സംഘം വിശ്വാസം, പട്ടത്വം എന്നീ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാന്‍ യഥേഷ്ടം സമ്മേളിച്ചുകൊള്ളട്ടെ. എല്ലാ സിനഡുകളിലും നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരും തെരഞ്ഞെടുക്കപ്പെട്ടവരുമായ വൈദികരും അവൈദികരും അംഗങ്ങളായിരിക്കണം.

2. കാനോന്‍

നമ്മുടെ കാനോന്‍ ഹൂദായ (എ അക്കം) കാനോന്‍ ആണെന്ന് ഭരണഘടനയില്‍ നാം പ്രഖ്യാപിച്ചിട്ടുണ്ട്. ആ കാനോന്‍ കാലോചിതമായ എഡിറ്റിംഗിന് വിധേയമാകണം. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് എഴുതിയ മതസംഗതികളും യൂഹാനോന്‍ മാര്‍ സേവേറിയോസ് എഴുതിയ ‘ശുശ്രൂഷ സംവിധാന’വും ഔചിത്യപൂര്‍വ്വം ചേര്‍ത്ത് കാലോചിതമായ ഒരു ഇന്ത്യന്‍ കാനോന്‍ നമുക്കുണ്ടാവണം. നാളിതുവരെ മാനേജിംഗ് കമ്മിറ്റികളും എപ്പിസ്ക്കോപ്പല്‍ സുന്നഹദോസും സ്വീകരിച്ച തീരുമാനങ്ങളും ഇതിന്‍റെ പരിധിയില്‍പ്പെടുത്തണം. ഇവയെ അനുയോജ്യമാംവിധം ഭരണഘടനയുടെ ഉപവിഭാഗങ്ങളാക്കിയാലും മതി. എല്ലാ സ്ഥാനികളും ആ നിയമങ്ങള്‍ക്കു കീഴ്പ്പെടുവാനുള്ള വിനയവും സംയമനവും പ്രദര്‍ശിപ്പിച്ചാല്‍ ആ യത്നം വിജയിക്കുക തന്നെ ചെയ്യും.

3. ആരാധന

ആരാധനയുടെ ക്രമങ്ങള്‍ പുതുതായി രചിക്കുക എന്ന ആശയം ശ്രവണസുഖദമാണെങ്കിലും ഇതിനോടകം സഭയില്‍ രചിക്കപ്പെട്ട ചില ക്രമങ്ങള്‍ നല്‍കുന്ന പാഠം നാം അംഗീകരിച്ചേ മതിയാകൂ. പിതാക്കന്മാര്‍ ആത്മനിറവിലും ഭക്ത്യാന്തരീക്ഷത്തിലും വിരചിച്ച് നൂറ്റാണ്ടുകളിലൂടെ ഉപയോഗിക്കപ്പെട്ട ആരാധനാ സാഹിത്യം വലിച്ചെറിയുന്നതു വളരെ സൂക്ഷിച്ചു വേണം. അവയെ കാലോചിതമാക്കുവാനും എഡിറ്റ് ചെയ്യുവാനും അവയില്‍ തന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. അവ പ്രയോജനപ്പെടുത്തുവാന്‍ അറിവുള്ളവരുടെ സഹായത്തോടെ ആ വക ക്രമങ്ങള്‍ ഇന്ത്യന്‍ സഭയ്ക്ക് സ്വീകാര്യമായ രീതിയില്‍ പുനര്‍ക്രമീകരിക്കുവാന്‍ കഴിയും. വൈദേശിക പദങ്ങളും സംഗീതങ്ങളും ഒഴിവാക്കുവാന്‍ ശ്രമിച്ച നവീകരണ സഭകള്‍ തല്‍സ്ഥാനത്ത് പാശ്ചാത്യ സംഗീതം സ്വീകരിച്ച് ഒരു കാലിലെ മന്ത് മറ്റേ കാലിലേക്കു മാറ്റിയതിന്‍റെ അനുഭവപാഠങ്ങള്‍ ചരിത്രത്തിലുള്ളത് മറക്കാതിരിക്കുക. വേദപുസ്തകത്തെപ്പോലെ ആരാധനാ സാഹിത്യവും ഒരു ദേശത്തിനോ കാലത്തിനോ മാത്രം അവകാശപ്പെടുവാന്‍ സാധ്യമല്ല എന്ന ചിന്തയിലേക്കു നാം വളരണം. സ്വന്തമായ ക്രമങ്ങള്‍ വിരചിക്കുവാന്‍ നല്‍വരമുള്ളവര്‍ എഴുതട്ടെ. സ്വീകാര്യമായ മഹത്വമുണ്ടെങ്കില്‍ ആയത് സ്വീകരിക്കുകയുമാവാം.

4. വൈദിക പരിശീലനം

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അഭ്യസ്തവിദ്യര്‍ വൈദിക രംഗത്തേയ്ക്കു ഇന്ന് കടന്നുവരുന്നുണ്ട്. അവര്‍ക്ക് ചടുലമായ നേതൃത്വവും മാതൃകകളും ലഭിക്കത്തക്കവിധം സെമിനാരി അദ്ധ്യാപകരുടെ നിര ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും പുതുക്കപ്പെടണം. ഒരേ ലാവണത്തിലിരിക്കുമ്പോള്‍ നിസ്സംഗതയും വിഷാദവും ‘ചട്ടപ്പടി’ മനോഭാവവും വന്നു ചേരുന്നത് സ്വാഭാവികം. വായിക്കുന്നവര്‍, ചിന്തിക്കുന്നവര്‍, ക്രിയാശേഷിയുള്ള പ്രതിഭാവാന്മാര്‍, ത്യാഗമതികള്‍, ഒറിജിനാലിറ്റി ഉള്ളവര്‍ ഇങ്ങനെയുള്ളവര്‍ക്കേ വിദ്യാര്‍ത്ഥികള്‍ക്കു ആരോഗ്യകരമായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കുവാനാവൂ. സെമിനാരിയില്‍ നിന്നിറങ്ങുന്നവര്‍ ‘ചട്ടപ്പടി’ മനോഭാവക്കാരും സ്വാര്‍ത്ഥമതികളും, ദ്രവ്യാഗ്രഹികളുമായി കാണപ്പെടുന്നത് പരിഹാരം തേടുന്ന രോഗങ്ങളായി പരിഗണിക്കപ്പെടേണ്ടതുണ്ട്.

5. സ്ഥാപനങ്ങള്‍

സഭയുടെ സ്ഥാപനങ്ങളില്‍ സഭാ താല്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അനേകം സഭാസ്നേഹികളെ ‘വിരുദ്ധ’രാക്കുന്നുണ്ട്. സ്കൂളുകളും കോളജുകളും ബിസിനസ് സ്ഥാപനങ്ങളായതു മൂലം അനേകരുടെ സഭാസ്നേഹം തണുത്തു പോകുവാന്‍ ഇടയായിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ വൈദികരും മേല്പട്ടക്കാരും സ്ഥാപനങ്ങളും ദ്രവ്യാഗ്രഹം ഉപേക്ഷിയ്ക്കുന്നില്ലെങ്കില്‍ ഇടവകകള്‍ ഭാവിയില്‍ നിര്‍ജ്ജീവമായിപ്പോകുമെന്നത് തീര്‍ച്ചയാണ്.

(2002-ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ: ചരിത്രവും സംസ്ക്കാരവും എന്ന ഗ്രന്ഥത്തില്‍ നിന്നും)