ക്രൈസ്തവ സമൂഹം അവമതിപ്പിന്റെ കരിനിഴലിൽ പെട്ടിരിക്കുന്നു. വെളിപ്പെടുത്തപ്പെട്ടതും, പെടാത്തതുമായ ലൈംഗിക പീഡനപരമ്പരകളുടെ ചുഴിയിൽപ്പെട്ട് നട്ടം തിരിയുകയാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹം. വാസ്തവത്തിൽ, സഭകളിലെ പൗരോഹിത്യ ശ്രേണിയിലെ ഒരു ചെറിയ വിഭാഗമാണ് ഈ ദുർഗ്ഗതിക്കു ഉത്തരവാദികൾ എങ്കിലും ക്രൈസ്തവ സമൂഹം ആകമാനം ഇതിന്റെ അപമാനം പേറേണ്ടിവന്നിരിക്കുന്നു.
ഇത് എന്തുകൊണ്ട് എന്ന് വ്യക്തമാകണമെങ്കിൽ ക്രൈസ്തവ സഭകളുടെ അധികാരഘടന എപ്രകാരമെന്നും, വിശ്വാസികളുടെ സഭാബന്ധത്തിന്റെ ബലതന്ത്രം എന്താണെന്നും മനസ്സിലാക്കണം. ക്രൈസ്തവ സഭകൾ എല്ലാം തന്നെ എപ്പിസ്കോപ്പാലാണ് – അതായതു മെത്രാൻമാരാൽ ഭരിക്കപ്പെടുന്നവയാണ്.
ശ്രേണീബദ്ധവും, പുരുഷാധിപത്യപരവും, കർക്കശവുമാണ് ഭരണസംവിധാനം. ഇടവകകൾ മുതൽ കേന്ദ്രതലം വരെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതികളുള്ള സഭകളുണ്ട്- ഓർത്തഡോൿസ്, മാർത്തോമാ സഭകൾ ഉദാഹരണം. പക്ഷെ, ഫലത്തിൽ അവിടെയും ഭരണത്തിന്റെ ആത്യന്തിക നിയന്ത്രണം പൂർണ്ണമായും സിൻഡിനും (മെത്രാൻ സമിതി), അതിനു മുകളിൽ സഭാ തലവനുമാണ്. അച്ചന്മാർ
കൂദാശകളുടെ പേരിലും, സ്വർഗ്ഗ-നരകങ്ങളുടെ പേരിലും ഭക്തജനങ്ങളെയും, മെത്രാന്മാർ ശമ്പളം, സ്ഥലംമാറ്റം, ശിക്ഷണനടപടികൾ എന്നിവയുടെ ഖഡ്ഗം കാട്ടി അച്ഛൻമാരെയും, പരമാധികാരത്തിന്റെ ചെങ്കോൽ വീശി സഭകളുടെ പരമാധികാരികൾ മെത്രാന്മാരെയും
ഭയപ്പെടുത്തി വരുതിക്ക് നിർത്തുന്നതാണ് ക്രൈസ്തവ സഭകളുടെ ശിക്ഷണവിതാനം.
ഈ മുഖ്യധാരാ പ്രവണതക്ക് അപവാദമായി, ക്രൈസ്തവ മൂല്യങ്ങളെ മുറുകെപ്പിടിച്ചും, തികച്ചും ജനാധിപത്യപരമായും ഭരിക്കപ്പെടുന്ന ചില ഭദ്രാസനങ്ങൾ, മരുഭൂമിയിൽ മരുപ്പച്ച പോലെ, ചില സഭകളിൽ അങ്ങിങ്ങു നിലവിലുണ്ട് എന്ന സത്യവും എടുത്തുപറയേണ്ടതുണ്ട്.
സഭ ക്രിസ്തുവിന്റെ ശരീരമാണെന്നും, അച്ചടക്കമുള്ള സഭാജീവിതം (കൂദാശകൾ കൃത്യമായി പാലിച്ചും, പുരോഹിതന്മാരെയും, മുതിർന്നവരെയും ചോദ്യം ചെയ്യാതെ അനുസരിച്ചും)
നയിക്കുന്നതിൽക്കൂടിയെ സ്വർഗ്ഗരാജ്യം പ്രാപിക്കാനാവൂ എന്നും ബാല്യം മുതൽ വിശ്വാസികളെ പഠിപ്പിച്ചു ബോധ്യപ്പെടുത്തുന്നതിൽ സഭകൾ വിജയിക്കുന്നതുകൊണ്ടാണ് ഒരു ഏകശിലാസ്തംഭം പോലെ
അധൃഷ്യമായി അവയ്ക്കു നിലനിൽക്കാനാകുന്നത്. പൗരോഹിത്യത്തെ ചോദ്യം ചെയ്യുന്നതും, സഭാചട്ടങ്ങളെ അക്ഷരാർത്ഥത്തിൽ പാലിക്കാതിരിക്കുന്നതും കൊടിയ പാപമാണ് – cardinal sin – എന്നാണ് വിശ്വാസികളെ പഠിപ്പിക്കുന്നത്.
ഇതാണ് സഭകളിലെ അടിമത്വ സമാനമായ അച്ചടക്കത്തിന്റെ അടിസ്ഥാനം. ഇപ്രകാരമുള്ള ഒരു ഘടനക്കുള്ളിൽ സ്നേഹം, നീതി തുടങ്ങിയ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളും, ഭൂമിയിൽ ദൈവരാജ്യത്തിന്റെ കെട്ടുപണി/നിർമ്മാണം എന്ന സഭയുടെ മൂല വിളിയും വിസ്മരിക്കപ്പെടുകയോ,
പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്യുക സ്വാഭാവികം മാത്രമാകുന്നു. മൂല്യങ്ങളെക്കാൾ പ്രാമുഖ്യം ഭരണ സംവിധാനത്തിനും, സ്ഥാപനങ്ങൾക്കും നൽകുന്നത് സ്വാഭാവികവും, ന്യായവുമായി അംഗീകരിക്കപ്പെടുന്ന സഭാസംസ്കാരം സ്ഥാപിതമായി. ഇതൊരു സംസ്കാരമായിത്തീർന്നതോടെ ഇത്തരം ദുഷ്പ്രവണതകളെ ചോദ്യം ചെയ്യുന്നവരെ സഭാവിരുദ്ധരാക്കി ചിത്രീകരിച്ചു ഒറ്റപ്പെടുത്താനും, കൂദാശകൾ നിഷേധിച്ചും, തെമ്മാടിക്കുഴി ചൂണ്ടിക്കാട്ടിയും നിശ്ശ്ബ്ദരാക്കാനും എളുപ്പമായി. ക്രൈസ്തവ മൂല്യങ്ങൾ തേടുന്നവർ കലാപകാരികളും, സഭാവിരുദ്ധരുമായി തിരസ്കൃതരാകുമ്പോൾ, ഘടനയുടെയും, സ്ഥാപനങ്ങളുടെയും കാവൽക്കാർ യഥാർത്ഥ സഭയും, സഭാസംരക്ഷകരുമായി അംഗീകരിക്കപ്പെടുന്നു. ഒരു മഹാ വിപര്യായമാണിത് എന്ന് വ്യക്തമാണല്ലോ!
ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തിൽ പോലും ക്രൈസ്തവകൂട്ടായ്മയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കുന്നു എന്ന് അവകാശപ്പെടുന്ന സഭകളിലും ആശയ സംഘർഷങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകുന്നതിൽ അസ്വാഭാവികമായിട്ടൊന്നും വായിച്ചെടുക്കേണ്ടതില്ല. പക്ഷെ, ഇപ്പോൾ നാം സാക്ഷ്യം വഹിക്കുന്നത് അടിസ്ഥാനപരമായ മൂല്യ സംഘർഷത്തിനാണെന്നു തിരിച്ചറിയേണ്ടതുണ്ട്.
സഭ എന്നാൽ പൗരോഹിത്യവും, സ്വത്തും, സ്ഥാപനങ്ങളും, ചിഹ്നങ്ങളും, പൂർണ്ണമായ അനുസരണവും, അന്ധമായ വിധേയത്വവും, കൂദാശകളുടെ യാന്ത്രികമായ പാലനവും ആണെന്ന് നിഷ്‌കർഷിക്കുന്ന നേതൃത്വത്തിലെ ഒരു യാഥാസ്ഥിക വിഭാഗവും മറിച്ച്, സഭയുടെ ദൗത്യം ചരിത്രത്തിൽ, ഭൂമിയിൽ, എല്ലാവരുടെയും പങ്കാളിത്തത്തോടെ, ദൈവരാജ്യം, – അതായത് സ്നേഹത്തിലും, നീതിയിലും, പങ്കുവെക്കലിലും അധിഷ്ഠിതമായ,
ജീവിതക്രമം – കെട്ടിപ്പടുക്കുകയാണ് എന്ന് വിശ്വസിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലാണിത്.
ഈ ഏറ്റുമുട്ടലിലെ ജയപരാജയങ്ങൾ ക്രൈസ്തവ സഭകളുടെ ആഭ്യന്തര സംവിധാനങ്ങളെയും, കേരളത്തിന്റെയും, ഇന്ത്യയുടേയും പൊതുജീവിതത്തെയും നിർണ്ണായകമായി സ്വാധീനിക്കും എന്നുവേണം കരുതാൻ. അതുകൊണ്ട്, ക്രൈസ്തവ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം, ചിന്തിച്ച് തീരുമാനമെടുക്കുകയും, പക്ഷംചേരുകയും ചെയ്യേണ്ട ചരിത്ര സന്ദർഭമാണിത്.