അന്നാമ്മ സാർ, എന്റെ അമ്മ….!!

” എന്റെ ‘അമ്മ ഒരു അദ്ധ്യാപിക ആയിരുന്നു, ഒപ്പം ഒരു ഭക്തയും…
ഞാൻ അമ്മയെ അന്നമ്മ ടീച്ചർ എന്നാ വിളിച്ചിരുന്നത്….!!
ആത്മീയകാര്യത്തിലും, ചിട്ടയുടെ കാര്യത്തിലും അന്നമ്മ ടീച്ചർ വളരെ കർക്കശ്യക്കാരി ആയിരുന്നു, കുടുംബ പ്രാർത്ഥനക്കും, ബൈബിൾ വായനക്കും ടീച്ചർ കൂടുതൽ മുൻഗണന നൽകി , ചെറുപ്പം മുതൽക്കേ ഞങ്ങളെ ശാസിച്ചും, ശിക്ഷിച്ചും വളർത്തി….!!
ഞങ്ങളെ അടിച്ചു വളർത്തുന്നതിൽ ഒരു വിഷമവും അവർക്കില്ലായിരുന്നു…
അന്നാമ്മ ടീച്ചർ ഒരിക്കലും ഞങ്ങളുടെ തെറ്റിനെ ന്യായീകരിച്ചിരുന്നില്ല,
പലതിലും അവർക്കൊരു നിര്ബന്ധബുദ്ധിയുണ്ടായിരുന്നു…!!
അമ്മയുടെ വളർത്തുഗുണമാണ് എന്റെ ജീവിതയത്തിന്റെ വഴിവിളക്കായത്….””

ക്യാപ്റ്റൻ രാജു….!!
അദ്ദേഹത്തിന്റെ വാക്കുകൾ ആണ് മുകളിൽ എഴുതിയത്….!!
കഴിഞ്ഞ ദിവസം, കട്ടും,
ആക്ഷനും റീ ടേക്കും ഒന്നുമില്ലാത്ത
യവനിക്കപ്പുറത്തേക്കുള്ള
ലോകത്തേക്ക് തനിയേ യാത്രയായി മലയാളത്തിന്റെ മഹാ നടൻ…..!!
അമ്മ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം താൻ ആവർത്തിച്‌ പറഞ്ഞിട്ടുള്ളത്….!!

‘അമ്മ …..

ഒരു കുഞ്ഞിന്റെ ജനനം മുതൽ മരണം വരെ അവന്റെ ജീവൻ പിടിച്ചു നിർത്തുന്ന പ്രാണവായു…!!
മൂല്ല്യമുള്ള കുഞ്ഞുങ്ങളെ വാർത്തെടുക്കുന്നതിൽ അമ്മക്കുള്ള പങ്ക് അത്ര ചെറുതൊന്നുമല്ല.
“യഥാ മാതാ തഥാ പുത്ര……” എന്ന ചൊല്ല് കേട്ടിട്ടുണ്ടല്ലോ….!!
മാതാവിന്റെ രീതിയാണ് കുഞ്ഞുങ്ങളിൽ നിഴലിക്കുന്നത്…..!!
മാതാവ് ആരാണോ അതാണ് മക്കൾ…!!
തല്ലി വളർത്തുന്ന,
കർക്കശ്യക്കാരിയായ,
നിർബന്ധബുദ്ധിയുള്ള,
അമ്മമാരുടെ എണ്ണം ഈ കാലങ്ങളിൽ കുറയുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു….!!
പോട്ട്, അവൻ കുഞ്ഞല്ലേ,
വഴക്കുപറഞ്ഞാൽ
അവന്റെ മനസ്സ് വേദനിക്കില്ലേ എന്നൊക്കെ പറഞ് കുഞ്ഞുങ്ങളെ വഷളാക്കുന്നു അമ്മമാരുടെ എണ്ണം കൂടിവരുന്നു…..
ഒരു കുഞ്ഞിന്റെ വഴിയാത്രയിൽ അമ്മയാണ് അവന്റെ ആദ്യത്തെ ചൂണ്ടു പലക…!!
” മാതാ പിതാ ഗുരു ദൈവം ” എന്ന ചൊല്ല് അങ്ങനെയാണ് വന്നത്….!!
മാതാവാണ് പിതാവിനെ തന്റെ കുഞ്ഞിന് ചൂണ്ടി കാണിക്കുന്നത്, അവൾ ചൂണ്ടിക്കാണിക്കുന്ന ആരോ അവനാണ് അവന്റെ പിതാവും…!!
ആ അറിവിൽ നിന്നും അവൻ അവസാനം ചെന്ന് നിൽക്കുന്നത് ദൈവത്തിൽ ആണ്…!!
ചുരുക്കി പറഞ്ഞാൽ ഒരു കുഞ്ഞിനെ ദൈവത്തിൽ കൊണ്ടെത്തിക്കുന്നതിന്റെ ആദ്യ പടി അമ്മയിലാണ് തുടങ്ങുന്നതും….!!
മൂല്യാധിഷ്ഠിത , ആത്മീയ ജീവിതത്തിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കുവാൻ, തിരക്കുള്ള അമ്മമാർക്ക് ഇന്ന് കഴിയുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു….!!
ഞാൻ അവനെ വഴക്കുപറഞ്ഞാൽ അവന്റെ മനസ്സ് മുറിവേൽക്കില്ലേ എന്ന് ചോദിക്കുന്ന ഒരു സോഷ്യൽ മീഡിയ സംസ്കാരം പ്രബലമായിക്കൊണ്ടിരിക്കുന്നു. അവിടെയാണ് നാം നമ്മുടെ പഴയ കാലത്തെ അമ്മമാരിലേക്കു ഒരു മടക്കയാത്ര നടത്തേണ്ടതും…..!!
പ്രാർത്ഥിച്ചില്ലെങ്കിൽ അത്താഴം തരാത്ത,
പ്രസംഗം കേട്ടിട്ട് വരുമ്പോൾ, പ്രസംഗത്തിന്റെ ഉള്ളടക്കം ചോദിക്കുന്ന,
ശനിയാഴ്ച്ച രാത്രിയിൽ പഠിക്കുവാനുള്ള ബുക്കെടുപ്പിക്കാതെ ബൈബിൾ പുസ്തകങ്ങൾ മാത്രം വായിപ്പിക്കുന്ന വല്യമ്മച്ചി നമ്മുക്കൊക്കെ ഉണ്ടായിരുന്നു; അതുകൊണ്ടാണ് ഇന്നത്തെ മൂല്യച്യുതിക്കെതിരേ ശബ്‌ദിക്കാൻ തോന്നുന്നതും…!!
നൊന്ത് പെറ്റതു കൊണ്ടു മാത്രം അമ്മയാകുന്നില്ല ആരും,
ഉപദേശവും , ശാസനയും , ശിക്ഷയും ശിക്ഷണവും , ഗുണീകരണവും, സ്നേഹവും, കരുതലും, ഭക്തിയും , കാർക്കശ്യവും, ചിട്ടകളും ഒക്കെ കാട്ടുന്ന ഒരാൾ രൂപമാകണം അമ്മ…..!!

തലമുറയ്ക്ക് പറയുവാൻ, ചൂണ്ടിക്കാണിക്കാൻ ചില അന്നമ്മ ടീച്ചർമാർ ഇനിയും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു….