1870 ജനുവരി 2-ന് തിരുവിതാംകൂര്‍ റസിഡണ്ട് ബല്ലാര്‍ഡ് സായിപ്പ് ഗസറ്റില്‍ ഒരു പരസ്യം പ്രസിദ്ധീകരിച്ചു. മലയാളത്തുള്ള സുറിയാനി സഭയേയും സമൂഹത്തേയും കുറിച്ച് നല്ല പ്രകരണം എഴുതുന്ന ആളിന് 250 രൂപാ നല്‍കുമെന്നായിരുന്നു പരസ്യം. താഴെ പറയുന്നവയാണ് വ്യവസ്ഥകള്‍.
1. മലയാള ഭാഷയിലെഴുതണം. സുറിയാനിക്കാരുടെ ആദ്യം മുതല്‍ക്കിന്നേയോളമുള്ള ചരിത്രമായിരിക്കണം. ചേര്‍ക്കുന്ന വിവരണങ്ങള്‍ക്കു പ്രമാണം കൊടുത്തിരിക്കണം. പോര്‍ത്തുഗീസുകാരുടെ വരവു മുതല്‍ വസ്തുനിഷ്ഠമായ ചരിത്രം ആയിരിക്കണം.
2. രാജാക്കന്മാരും സുറിയാനിക്കാരും തമ്മില്‍ കാലാകാലങ്ങളില്‍ പുലര്‍ത്തിയ ബന്ധം വര്‍ണ്ണിക്കണം. സുറിയാനിക്കാരുടെ പഴയ പ്രതാപം നഷ്ടപ്പെടുവാനുള്ള കാരണങ്ങള്‍ ചര്‍ച്ച ചെയ്യണം. ഉയര്‍ച്ചയ്ക്കുള്ള മാര്‍ഗ്ഗങ്ങളും.
3. ഉപദേശ സംബന്ധമായ വാഗ്വാദങ്ങള്‍ ഉള്‍പ്പെടുത്തരുത്. തേജോവധം ചെയ്യുന്ന വ്യക്തിപരാമര്‍ശങ്ങള്‍ അരുത്.
4. പ്രബന്ധം 50 ഫുള്‍സ്കാപ്പില്‍ കവിഞ്ഞു പോകരുത്.
5. സമ്മാനം രൂപയായോ പുസ്തകമോ ബഹുമതിയോ ആയോ നല്‍കും.
6. വലിയകോയിത്തമ്പുരാനും മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ഹെന്‍റി ബേക്കര്‍ സായിപ്പും കൂടി സമ്മാനവാനെ തെരഞ്ഞെടുക്കും. അര്‍ഹതയ്ക്കൊത്തവണ്ണം സമ്മാന തുക വ്യതാസപ്പെടാം.
7. പ്രത്യേകം ശീര്‍ഷകങ്ങള്‍ നല്‍കണം. പേരും വിലാസവും വേറെ തുണ്ടുകളിലെഴുതി അയയ്ക്കണം.
റവ. ഇട്ടീര ഈപ്പന്‍ (തിരുവല്ല), റവ. ജോര്‍ജ്ജ് കുരിയന്‍ (കോട്ടയം), റവ. കുരുവിള കുരുവിള (കൊച്ചി), റവ. യൗസേപ്പ് കത്തനാര്‍ (കോട്ടൂര്‍) എന്നിവരുടെ പ്രകരണങ്ങള്‍ സമ്മാനാര്‍ഹങ്ങളായി.
1872 – മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം – റെവറണ്ട ജി. കുരിയൻ
കണ്ടനാട് ഗ്രന്ഥവരിയിലെ വിവരണം
ഇതിനിടയില്‍ കൊച്ചി – തിരുവിതാംകൂര്‍ റസിഡണ്ടായിരുന്ന ബഹു. ജി. എ. ബല്ലാര്‍ഡ് സായിപ്പ് അവര്‍കള്‍ 1872-ാമാണ്ട് ജനുവരി മാസം 2-ന് കൊച്ചി – തിരുവിതാംകൂര്‍ സംസ്ഥാനത്തുള്ള സര്‍ക്കാര്‍ ഗസറ്റുകളില്‍ ഒരു പരസ്യം പ്രസിദ്ധം ചെയ്തു.
പരസ്യം
തിരുവിതാംകൂര്‍ – കൊച്ചി ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും ബഹുസാരമായിരിക്കുന്ന ഒരു സംഗതിയെപ്പറ്റി ഒരു മാതിരിക്ക് വിചാരത്തെ ഉത്സാഹിപ്പിക്കുന്നതിനും അഭിപ്രായവ്യത്യാസങ്ങളെ അറിയുന്നതിനുമായിട്ട് മേലെഴുതിയ സംസ്ഥാനങ്ങളിലെ റസിഡണ്ട് സായിപ്പ് അവര്‍കള്‍ മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ച് ഒരു നല്ല പ്രകരണം എഴുതുന്ന ആളിന് 250 രൂപാ ഇനാം കൊടുക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. പ്രകരണം എഴുതുന്നവര്‍ താഴെ പറയുന്ന പ്രമാണങ്ങള്‍ അനുസരിച്ച് എഴുതി കൊള്ളേണ്ടതാകുന്നു.
1-ാമത് ഈ പ്രകരണം മലയാഴ്മയില്‍ എഴുതണം. അത് മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ച് പുരാതനകാലം മുതല്‍ ഇന്നാള്‍ വരെ ഉള്ള ഒരു ചുരുങ്ങിയ കഥ ആയിരിക്കണം. പ്രകരണത്തില്‍ പറയുന്ന സംഗതികള്‍ ഇന്ന പ്രമാണത്തില്‍ നിന്ന് എടുത്തത് എന്ന് കാണിക്കയും വേണം. പഴങ്കഥ അല്ലാ പോര്‍ത്തുഗീസുകാര്‍ ഹിന്ദുസ്ഥാനില്‍ വന്ന കാലം മുതല്‍ വസ്തുത ആയി നടന്നിട്ടുള്ള സുറിയാനി ചരിത്രം അത്രേ ആവശ്യപ്പെട്ടിരിക്കുന്നത്.
2-ാമത് താഴെ പറയുന്ന സംഗതികളെക്കുറിച്ച് പ്രത്യേകം വര്‍ണ്ണിക്കണം. 1. ഹിന്ദു ദേശക്കാര്‍ നാട്ടുരാജാക്കന്മാര്‍ മുതലായവരോട് ഓരോരോ കാലങ്ങളില്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്ന ഏര്‍പ്പാടുകളെ കാണിക്കുന്നതായ അവരുടെ സാമൂഹ്യമായും രാജസംബന്ധമായുമുള്ള പടുതികള്‍. 2. സുറിയാനിക്കാര്‍ പണ്ടുകാലങ്ങളില്‍ സാമൂഹ്യസ്ഥിതിയില്‍ ഉയര്‍ന്നവര്‍ ആയിരുന്നു എന്നും ഇപ്പോള്‍ താഴ്ച വന്നിട്ടുണ്ട് എന്നും സാമാന്യം സമ്മതിച്ചിരിക്കുന്ന കാര്യം ആകുന്നു. ആ കൂട്ടത്തിന് അഭിവൃദ്ധിയിലേക്കുള്ള ഒരു ഓജസ്സ് ഇല്ലാത്തതിന്‍റെ പ്രധാന കാര്യങ്ങള്‍ എന്ത്? ഈ കൂട്ടത്തിന് മതസംബന്ധമായും സമൂഹ സംബന്ധമായും ഒരു കരേറ്റത്തിന് എന്തൊരു വഴി നോക്കിയാല്‍ ഒക്കും?
3-ാമത് വാഗ്വാദമായും ഉപദേശസംബന്ധമായുള്ള സംഗതികള്‍ ഒന്നും പ്രകരണത്തില്‍ കാണപ്പെടരുത്. ഒരാളിനെക്കുറിച്ച് നിഷ്ഠൂരമായുള്ള വിരോധങ്ങളോ ശകാരങ്ങളോ പ്രകരണത്തില്‍ ഉണ്ടായിരുന്നാല്‍ അത് മുഖാന്തിരത്താല്‍ത്തന്നെ ആ പ്രകരണത്തിന് സമ്മാനം കിട്ടാതെ പോകുമെന്നും കൂടെ അറിഞ്ഞു കൊള്ളണം.
4-ാമത് പ്രകരണം വലിയ താള്‍കടലാസിന്‍റെ അമ്പത് പുറത്തില്‍ കുറഞ്ഞു പോകരുത്.
5-ാമത് സമ്മാനം പ്രകരണക്കാരന്‍റെ ഇഷ്ടം പോലെ രൂപാ ആയിട്ടോ പുസ്തകമായിട്ടോ ബഹുമതിയായ ചിഹ്നമായിട്ടോ കൊടുക്കുന്നതാകുന്നു.
6-ാമത് വലിയ കോയിത്തമ്പുരാന്‍ അവര്‍കളും മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും റവ. ഹെന്‍റി ബേക്കര്‍ സായിപ്പും പ്രകരണങ്ങള്‍ വായിച്ച് കണ്ട് നല്‍പ്പ് തീര്‍പ്പ് വിധിക്കണമെന്ന് ദയയോടെ സമ്മതിച്ചിരിക്കുന്നു. വിധിക്കുന്നവരുടെ അഭിപ്രായം പോലെ പറഞ്ഞിരിക്കുന്ന സംഗതിയെപ്പറ്റി നല്ല വിചാരത്തോടും ബുദ്ധിയോടും കൂടെ എഴുതുകയും അധികം കാര്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുകയും മലയാള രീതി വിശേഷം ഉണ്ടായിരിക്കുകയും ചെയ്യുന്ന പ്രകരണത്തിന് മാത്രമേ സമ്മാനം കിട്ടൂ. സമ്മാനം കൊടുപ്പാന്‍ ആവശ്യമില്ലാ എന്നും അയച്ചിട്ടുള്ള പ്രകരണങ്ങള്‍ ഒന്നും വേണ്ടുംവണ്ണം നന്നായില്ലെന്നോ വന്നതിലേക്ക് നല്ല പ്രകരണത്തിന് പറഞ്ഞിരിക്കുന്ന സമ്മാനത്തില്‍ ഒരു വക കൊടുത്താല്‍ മതി എന്നോ നിശ്ചയിക്കുന്നതിന് അവകാശം ഉണ്ട്.
7-ാമത് പ്രകരണങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയുന്നതിന് വേണ്ടി ഓരോന്നിന് പ്രത്യേകം പ്രത്യേകം അടയാള വാചകം ഉണ്ടായിരിക്കണം. പ്രകരണക്കാരന്‍റെ പേരും അവന്‍റെ പേര്‍ക്കുള്ള എഴുത്തുകള്‍ക്കുള്ള മേല്‍വിലാസം എഴുതേണ്ടത് ഏത് പ്രകാരമെന്നും അവനവന്‍റെ പ്രകരണത്തിലെ അടയാള വാചകത്തിന്‍റെ പകര്‍പ്പ് ഒരു തുണ്ട് കടലാസ്സിലെഴുതി വേറൊരു എഴുത്തുറയില്‍ ഇട്ട് പ്രകരണത്തോടു കൂടെത്തന്നെ മുദ്ര വഴി അയക്കേണ്ടതാകുന്നു. മേല്‍ എഴുതിയ ആളുകള്‍ പ്രകരണത്തിന്‍റെ നല്‍പ്പ് തീര്‍പ്പ് വിധിക്കുന്നതിന് മുമ്പില്‍ മുദ്ര വഴി വരുന്ന ഈ ഉറകള്‍ തുറക്കുന്നതുമല്ല.
8-ാമത്. പ്രകരണങ്ങള്‍ തപാല്‍ക്കൂലി തീര്‍ത്തും റജിസ്റ്റരും ചെയ്യിച്ച് അതിന്‍റെ മേല്‍ പ്രകരണം എന്ന് എഴുതി തിരുവനന്തപുരത്തേയ്ക്ക് വലിയകോയിത്തമ്പുരാന്‍റെ മേല്‍വിലാസം വച്ച് 1870-ാമാണ്ട് നവംബര്‍ മാസം 1-ാം തീയതിക്കും 30-ാം തീയതിക്കും ഇടയില്‍ അയക്കണം. 30 കഴിഞ്ഞു വരുന്ന പ്രകരണങ്ങള്‍ ഒന്നും സ്വീകരിക്കുന്നതുമല്ല.
ജി. ബി. ബലാര്‍ഡ്
ഇതുപ്രകാരം പ്രകരണങ്ങള്‍ എഴുതിയശേഷം മുന്‍ പറഞ്ഞവര്‍ നിശ്ചയിച്ച വിധി പ്രകാരം സമ്മാനം കൊടുത്തു.
വിധി: തിരുവിതാംകൂര്‍ – കൊച്ചി സംസ്ഥാനങ്ങള്‍ക്ക് എത്രയും ഗൗരവാവഹമായ ഒരു വിഷയത്തില്‍ പര്യാലോചനയെ പ്രോത്സാഹനം ചെയ്യുന്നതിനും അഭിപ്രായഭേദങ്ങളുടെ പ്രഖ്യാപനത്തെ പ്രചോദിപ്പിക്കുന്നതിനുമായി ഈ സംസ്ഥാനങ്ങളിലെ റസിഡണ്ട് സായിപ്പ് അവര്‍കള്‍ മലയാളദേശത്തെ സുറിയാനിസഭയെയും സമൂഹത്തെയും കുറിച്ച് ഉത്തമമായ ഒരു പ്രകരണത്തിന് 250 രൂപാ വിരുത് കൊടുക്കത്തക്കവണ്ണം 1870-ാം ആണ്ടില്‍ നിശ്ചയിച്ച പ്രകരണങ്ങള്‍ ഇന്ന വിധമൊക്കെയും ഇരിക്കേണ്ടതാണെന്നുള്ളതും പ്രതിപാദിച്ച് വലിയകോയിത്തമ്പുരാനെയും മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെയും റവ. ഹെന്‍റി ബേക്കര്‍ സായിപ്പിനെയും വിരുത് കല്പിക്കുന്നതിന് വിധികര്‍ത്താക്കന്മാരായി നിശ്ചയിച്ച് ഇവരുടെ അഭിപ്രായത്തില്‍ പ്രകൃത വിഷയത്തെ അധിക സൂക്ഷ്മതയോടും ഔചിത്യത്തോടും കൂടി പ്രതിപാദിക്കുന്നതും ഉത്തമമായ മലയാള വാചകത്തില്‍ അധികവൃത്താന്തങ്ങളെയും അനുഭവയോഗ്യങ്ങളായ അഭിപ്രായങ്ങളെയും വിവരിക്കുന്നതുമായ ഒരു പ്രകരണത്തിന് വിരുത് കൊടുക്കുന്നതാണെന്ന് പരസ്യം ചെയ്തിരുന്നല്ലോ. അതിന്‍വണ്ണം ആറു പ്രകരണങ്ങള്‍ വന്ന് ചേര്‍ന്നവയെ വിധികര്‍ത്താക്കന്മാര്‍ ഗാഢമായി പര്യാലോചിച്ച് പ്രത്യേകമായുള്ള അഭിപ്രായങ്ങളെ യോജിച്ച് നോക്കിയതിന്‍റെ ശേഷം മുദ്ര വച്ചിരുന്ന ഉറകളെ തുറന്നാറെ ഉള്ളതില്‍ ഉത്തമമെന്ന് എല്ലാവരും ഏകാഭിപ്രായമായി വിധിച്ച പ്രകരണം തിരുവല്ലായില്‍ റവ. ഇട്ട്യേരാ ഈപ്പന്‍ എഴുതിയത് എന്നും ബഹുമതിപൂര്‍വ്വമായി പ്രശംസക്ക് യോഗ്യങ്ങളായി വിചാരിക്കപ്പെട്ടവ കോട്ടയത്ത് പള്ളത്ത് റവ. ജോര്‍ജ്ജ് കുര്യനും കൊച്ചിയില്‍ റവ. കുരുവിള കുരുവിളയും കോട്ടൂര്‍ റവ. യൗസേപ്പ് കത്തനാരും എഴുതിയവ എന്നും കാണപ്പെട്ടു. അതുകൊണ്ട് വിധികര്‍ത്താക്കന്മാര്‍ റസിഡണ്ട് ജി. എ. ബല്ലാര്‍ഡ് സായിപ്പ് അവര്‍കള്‍ 1870 ജനുവരി 2-ന് പ്രസിദ്ധപ്പെടുത്തിയ പരസ്യത്തില്‍ അവര്‍ക്ക് കൊടുത്തിട്ടുള്ള അധികാരത്തിന്‍ പേരില്‍ റവ. ഏ. ഈപ്പന് വിരുദായി 150 രൂപായും സായിപ്പ് അവര്‍കളുടെ അനുമതിയോടു കൂടി റവ. ജി. കുര്യനും റവ. കെ. കുരുവിളയ്ക്കും കോട്ടൂര്‍ യൗസേപ്പ് കത്തനാര്‍ക്കും കൂടി ഒരുപോലെ വിഭജിച്ച് അവരുടെ കൃതികളെക്കുറിച്ച് ബഹുമതിപൂര്‍വമായി പ്രസംഗത്തോടു കൂടെ സമ്മാനമായി 100 രൂപായും വിധിച്ചിരിക്കുന്നു.
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
വിരുത് പ്രകരണം
റവ. ഇട്ടീരാ ഈപ്പന്‍ പാതിരി ഉണ്ടാക്കിയ പ്രകരണത്തില്‍ പറയുന്ന ചില അഭിപ്രായങ്ങളും മുഖ്യമായ തെറ്റുകളും താഴെ പറയുന്നു.
1-ാമത്. മലയാളത്തിലുള്ള സുറിയാനിക്കാര്‍ ബാബേലിന്‍റെയും നെസ്തൂറിയന്‍കാരുടെയും പാത്രിയര്‍ക്കീസിന്‍റെ കീഴായിരുന്നു എന്നും അവരില്‍ നിന്നും മെത്രാന്മാര്‍ വന്നത്രേ സുറിയാനിക്കാരെ ഭരിച്ച് വന്നത് എന്നും.
2-ാമത്. 1663-ാമാണ്ട് അന്ത്യോഖ്യായില്‍ നിന്നും മാര്‍ ഗീവറുഗീസെന്ന് പേരായി ഊര്‍ശ്ലേംകാരന്‍ ആയ ഒരു യാക്കോബായ മേല്പട്ടക്കാരന്‍ വന്ന് ഭരിച്ചതിനാല്‍ സുറിയാനിക്കാര്‍ക്ക് യാക്കോബായക്കാര്‍ എന്നുള്ള നാമധേയം ഉണ്ടായത് എന്നും അതു മുതലാകുന്നു അന്ത്യോഖ്യാ സിംഹാസനത്തിന് മലയാളത്തുള്ള സുറിയാനിക്കാരുടെ മേല്‍ കര്‍ത്തവ്യം തുടങ്ങിയത് എന്നും.
3-ാമത്. പരദേശത്തു നിന്ന് ക്നായിത്തൊമ്മന്‍ മലയാളത്ത് വരുന്നതുവരെ സുറിയാനിക്കാര്‍ അറിവു കൂടാതെയും മറ്റും ബുദ്ധിമുട്ടിയും കാവ്യരാജാക്കളുടെ അടിമയില്‍ ഇരിക്കുന്ന സമയം തോമാസ് വന്നതിനാല്‍ ബുദ്ധിമുട്ടുകളും ഞെരുക്കങ്ങളും നീങ്ങി ബഹുമാനത്തിന്നും സംഗതി വന്നു.
4-ാമത്. 1545 മുതല്‍ പോര്‍ത്തുഗീസുകാരെന്ന് പറയപ്പെടുന്ന പറങ്കികള്‍ സുറിയാനിക്കാരെ റോമ്മാ വിശ്വാസത്തില്‍ ചേര്‍ക്കുന്നതിന് വേണ്ടി നാട്ടു രാജാക്കളോട് ചേര്‍ന്നു നിന്നും കൊണ്ട് ഏറിയ ഞെരുക്കങ്ങള്‍ ചെയ്തു എന്നും അതിനാല്‍ ചിലരൊക്കെയും അനുസരിച്ച് നടപ്പാന്‍ ഇടവന്നു എന്നും അവരുടെ ഞെരുക്കത്തില്‍ വച്ച് സുറിയാനിക്കാരുടെ വേദപുസ്തകങ്ങള്‍ മിക്കതും പറങ്കികള്‍ ദഹിപ്പിച്ചു കളഞ്ഞു എന്നും പിന്നീടും സുറിയാനിക്കാര്‍ തങ്ങളുടെ നേരെ വന്ന വൈദികരോട് എതിര്‍ത്തു നിന്നു എന്നും.
5-ാമത്, പറങ്കികളോടുള്ള ചേര്‍ച്ച കൊണ്ട് സുറിയാനിക്കാര്‍ക്ക് കുമ്പസാരം, പരിശുദ്ധന്മാരോടും തമ്പുരാനെ പെറ്റ അമ്മയോടും ഉള്ള പ്രാര്‍ത്ഥനയും മരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും മറ്റും ഉണ്ടായിട്ടുള്ളൂ എന്നും.
6-ാമത്, 1806-ല്‍ മദ്രാസ് ഗവണ്മെണ്ടുകാര്‍ ആ സംസ്ഥാനത്തെ പ്രധാന ചാപ്ലൈന്‍ ആയിരുന്ന റവ. ഡോക്ടര്‍ കേര്‍ സായിപ്പ് അവര്‍കള്‍ ഇവിടെ വന്ന് അത് മുതല്‍ 1865-ാമാണ്ട് വരെ ഇംഗ്ലീഷുകാരില്‍ നിന്നുള്ള സകല സഹായങ്ങളാലും മറ്റും സുറിയാനിക്കാര്‍ ബഹുമാനത്തോടു കൂടി ഉയരപ്പെട്ടിരുന്നു എന്നും ആ ആണ്ടില്‍ കല്‍ക്കത്തായിലെ ദാനിയേല്‍ ലോര്‍ഡ് ബിഷപ്പ് സായിപ്പ് അവര്‍കള്‍ വന്നപ്പോള്‍ സുറിയാനി സഭയില്‍ വന്നു കൂടിയിരിക്കുന്ന ക്രമക്കേടുകളെ നീക്കി സഭയെ പരിഷ്കരിക്കേണ്ടും കാര്യമിടപെട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോടും കത്തങ്ങളോടും ആലോചിച്ച് സഭാപരിഷ്ക്കാരത്തിന് ആവശ്യപ്പെട്ടതെന്ന് ബിഷപ്പ് സായിപ്പിന് തോന്നിയ ആറ് കൂട്ടം കാര്യങ്ങള്‍ കൂടെ അനുസരിച്ച് നടക്കണമെന്ന് പറകയാല്‍ അവയെയും സുറിയാനിക്കാര്‍ അനുസരിക്കായ്കയാല്‍ മുന്‍ ഉണ്ടായിരുന്ന ബഹുമാനത്തിനും കാര്യസ്ഥിതികള്‍ക്കും വീഴ്ചയായി ഭവിച്ചതാകുന്നു എന്നും മറ്റും പറഞ്ഞിരിക്കുന്നു.
അഭിപ്രായം: മേലാല്‍ ഈ സഭയ്ക്ക് അറിവും ബഹുമാനവും വരുവാന്‍ വേണ്ടി മേല്‍പ്പറഞ്ഞ ആള്‍ അഭിപ്രായപ്പെട്ട കാര്യങ്ങളുടെ വിവരം.
1-ാമത് റോമ്മാ തെറ്റുകളുടെ കലര്‍ച്ചകളില്‍ നിന്ന് സുറിയാനി സഭയുടെ വിശ്വാസത്തെയും ആചാരക്രമങ്ങളെയും പരിഷ്ക്കരിക്കുന്ന സാരമേറിയ വേല മുഖ്യമായി ചിന്തിക്കപ്പെടണം. നിലത്തില്‍ കളകള്‍ കേറീട്ടുള്ളവയെ നീക്കിക്കൊണ്ട് വളമിട്ടെങ്കിലല്ലാതെ ഫലപ്രാപ്തി വരുന്നതല്ലല്ലോ.
2-ാമത് സമൂഹത്തിന് അറിവും വിദ്യയും വര്‍ദ്ധിപ്പിപ്പാന്‍ വേണ്ടിയ അനുശാസനങ്ങള്‍ പ്രസക്തിയോടെ നടത്തിക്കപ്പെടണം. ഈ സംഗതിയില്‍ ഉള്‍പ്പെടുന്ന ശിഖരങ്ങളെ വിവരപ്പെടുത്തണമെങ്കില്‍,
1. ദൈവാധീനത്താല്‍ ശുഭമായി വരത്തക്ക പടുതിയില്‍ ഇപ്പോള്‍ സമാരംഭിച്ചിരിക്കുന്ന സിമ്മനാരി പഠിത്തം സഭാതലവന്മാരുടെ ഒന്നാമത്തെ ശ്രദ്ധയ്ക്ക് അവകാശമുള്ളതാകുന്നു. എന്നാല്‍ ഇടവക വിചാരം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ നിമിത്തം ഇവരുടെ ദൃഷ്ടി ഈ കാര്യത്തില്‍ മതിയാകുംവണ്ണം എത്തി ഇരിപ്പാന്‍ കഴിയുന്നതല്ലായ്ക കൊണ്ട് പഠിത്ത കാര്യം ഇടപെട്ടുള്ള സകല ക്രമങ്ങളെയും ഭംഗിയായി ചട്ടപ്പെടുത്തി നടത്തുന്നതിന് പണവരവ് അനുവദിക്കുന്നപക്ഷം ഒരു യൂറോപ്യ ഗുരുഭൂതനെ മേല്‍വിചാരത്തിന് നിയമിച്ചുകൊണ്ടാല്‍ ഏറ്റവും നന്നായിരുന്നു. 2. സിമ്മനാരി ഉയര്‍ന്ന അഭ്യാസങ്ങള്‍ക്കുള്ള സ്ഥലമാകകൊണ്ട് അതിനെകൊണ്ടുള്ള പ്രയോജനം എല്ലാവര്‍ക്കും ഒരുപോലെ എത്തുന്നതല്ലായ്കയാല്‍ ഇടവകകള്‍ തോറും പള്ളിക്കൂടങ്ങളും അവയെ നടത്തുന്നതിന് കൊള്ളാകുന്ന ആശാന്മാരും യോഗ്യമായ ക്രമങ്ങളോടു കൂടെ നിയമിക്കപ്പെടുന്നത് ആവശ്യമാകുന്നു. 3. ഇങ്ങനെ ഉള്ള പള്ളിക്കൂടങ്ങളില്‍ ആണ്‍ പൈതങ്ങളെപ്പോലെത്തന്നെ പെണ്‍പൈതങ്ങളെയും ആക്കി പഠിപ്പിക്കുന്നതിനും ഒമ്പതും പത്തും വയസ്സുള്ള പെണ്‍പൈതങ്ങളുടെ കല്യാണം കഴിപ്പിക്കുന്ന അപമര്യാദ അവരുടെ പഠിത്തത്തിന് മഹാ വിഘ്നമായിത്തീര്‍ന്നിരിക്കയാല്‍ ബാലവിവാഹം നിര്‍ത്തലാക്കുന്നതിനും മേല്‍സ്ഥാനത്തു നിന്ന് തക്കതായ ഒരു നിബന്ധന ഉണ്ടായിരുന്നാല്‍ കൊള്ളാം.
3-ാമത്, വിവാഹപ്രായത്തെ സംബന്ധിച്ച് ഗവണ്മെണ്ടില്‍ നിന്നും നാട്ടു ക്രിസ്ത്യാനികളുടെ പേര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ചട്ടം സുറിയാനിക്കാരും സ്വീകരിച്ചു കൊണ്ടാല്‍ ഒടുക്കം പറഞ്ഞ അഭിലാഷം നിവൃത്തി ആകുന്നതിനോടു കൂടെ സാധാരണയോജ്യതയും സിദ്ധിക്കപ്പെടുന്നതാകുന്നു. ജനനനാളുകളെക്കൂടെ കുറിക്കുന്ന ജ്ഞാനസ്നാന കണക്കുകള്‍ പട്ടക്കാരുടെ കയ്യൊപ്പോടു കൂടി പള്ളികളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടാല്‍ വയസ്സിനെക്കുറിച്ച് തര്‍ക്കം ഉണ്ടാകുന്നതല്ല. എന്നാല്‍ പെണ്‍പൈതങ്ങളുടെ വിവാഹപ്രായത്തെ സംബന്ധിക്കുന്ന നിയമം ചില അപൂര്‍വ്വ പടുതികളില്‍ ഭേദപ്പെടുത്തേണ്ടി വരുന്ന പക്ഷം ആയത് മെത്രാപ്പോലീത്തായുടെ പ്രത്യേക അനുവാദത്തോടെ സാധിച്ചുകൊള്ളാകുന്നതല്ലോ.
മൂന്നാമത്, പള്ളി ശുശ്രൂഷകള്‍ ഒക്കെയും ജനങ്ങള്‍ക്ക് തിരിച്ചറിയാകുന്ന ഭാഷയില്‍ കഴിക്കുന്നതിനും ഞായറാഴ്ച തോറും വേദപുസ്തകം വ്യാഖ്യാനിച്ച് ജനങ്ങളെ പഠിപ്പിക്കുന്നതിനും ഒരു ചട്ടംകെട്ട് വേണ്ടിയിരിക്കുന്നു. തനതായിട്ട് പറവാന്‍ പരിജ്ഞാനം ഇല്ലാത്ത കത്തങ്ങളുടെ സഹായത്തിന്നായിട്ട് ക്രിസ്തുമാര്‍ഗ്ഗത്തിലെ പ്രധാന സംഗതികളെ തെളിവായി വിവരിക്കുന്ന ഒരു പ്രസംഗപുസ്തകം അച്ചടിപ്പിക്കുക. അതില്‍ നിന്ന് ഓരോ പ്രസംഗം ഞായറാഴ്ച തോറും പട്ടക്കാര്‍ പതിവായിട്ട് ജനങ്ങളെ വായിച്ചു കേള്‍പ്പിക്കത്തക്കവണ്ണം ചട്ടപ്പെടുത്തുകയും ചെയ്താല്‍ തല്ക്കാലത്തേയ്ക്ക് നന്നെന്ന് തോന്നുന്നു.
നാലാമത്, പഠിത്തത്തിന്നടുത്ത ഈ മുറകളെ മതിയാകുംവണ്ണം നടത്തിപ്പാന്‍ പ്രാപ്തിയുള്ളവര്‍ എന്ന് വിദ്യയും ദൈവഭക്തിയും പ്രായവും കൊണ്ട് സമ്മതരായി കാണപ്പെടുന്നവരല്ലാതെ മറ്റാരും ഈ വിശുദ്ധ സ്ഥാനത്തിന് മേലാല്‍ നിയമിക്കപ്പെടരുത്.
അഞ്ചാമത്, ജനങ്ങളില്‍ വേദപുസ്തക അറിവ് വര്‍ദ്ധിക്കുംതോറും പട്ടക്കാരുടെ വരവുകളില്‍ ചിലത് നിര്‍ത്തലായിപ്പോകുമെന്ന് ശങ്കിച്ച് തങ്ങള്‍ അറിഞ്ഞിരിക്കുന്ന സത്യം ജനങ്ങളെ പഠിപ്പിക്കുന്നതിന് അവര്‍ക്ക് അജാഗ്രത വരാതെയും പരിഷ്ക്കാരങ്ങള്‍ക്ക് അവര്‍ വിരോധികള്‍ ആയിത്തീരാതെയും ഇരിപ്പാന്‍ വേണ്ടി ഏത് വഴിയിലെങ്കിലും മുതലുണ്ടാക്കി അവര്‍ക്ക് സ്ഥിരമായ അനുഭവം നിയമിക്കപ്പെടുന്നതുമല്ലാതെ അവരുടെ എണ്ണം അതത് ഇടവകയ്ക്ക് ആവശ്യമുള്ളതില്‍ അധികം ആകാതെ ഇരിപ്പാന്‍ കരുതിക്കൊള്ളേണ്ടതുമാകുന്നു. ഇതു കൂടാതെയും ഇവര്‍ ലൗകിക തൊഴിലുകളില്‍ ക്രമമല്ലാതെ ഏര്‍പ്പെടുന്നതും കോര്‍ട്ട് വഴക്കുകളില്‍ പ്രവേശിച്ച് വാദിപ്രതികളായിട്ട് താണ അധികാരികളുടെ മുമ്പാകെയും ചെന്ന് നില്ക്കുന്നതും മറ്റും തങ്ങളുടെ അവസ്ഥയ്ക്ക് ചേര്‍ച്ച അല്ലാത്ത പെരുമാറ്റങ്ങള്‍ ആകയാല്‍ അവ കേവലം വിരോധിക്കപ്പെടണം.
ആറാമത്, പള്ളിവക മുതല്‍കാര്യങ്ങള്‍ ഇടപെട്ട് വഴക്കുണ്ടാക്കാതെ ഇരിപ്പാന്‍ അവ ദുര്‍വ്യയം കൂടാതെ ജനങ്ങളുടെ സാക്ഷാല്‍ ഗുണത്തിന് ഉപയോഗപ്പെടുത്തുവാനും തക്ക ഒരു ചട്ടംകെട്ട് കൂടെ പ്രത്യേകം ആവശ്യമാകുന്നു. പള്ളിവകയും സിമ്മനാരി വകയും ആദിയായുള്ള പൊതുമുതലുകളുടെ വരവ് ചിലവ് വിവരത്തിനുള്ള കണക്ക് ആണ്ടുതോറും ബ്രിട്ടീഷ് റസിഡണ്ട് സായിപ്പ് അവര്‍കളെ കൂടെ ബോധിപ്പിച്ചുകൊള്ളുന്നതിന് അവിടെനിന്ന് ദയയോടെ അനുവദിച്ചാല്‍ ഈ ഒരു കാര്യവശാല്‍ കലഹങ്ങള്‍ ഉത്ഭവിക്കാന്‍ ഇടവരുന്നതല്ല.
ഏഴാമത്, ഈ ജനങ്ങളുടെ പൂര്‍വ്വിക നിലയിലേക്ക് അവരെ യഥാസ്ഥാനപ്പെടുത്തുന്നതിനുള്ള വഴികളെ സംബന്ധിച്ച് ആലോചിക്കുന്ന കൂട്ടത്തില്‍ ഇവര്‍ക്ക് മുന്‍കാലങ്ങളില്‍ ചെയ്യപ്പെട്ടിരുന്ന പ്രകാരമുള്ള സര്‍ക്കാര്‍ സഹായങ്ങളെയും അഭിമാനുജ (?) രക്ഷകളെയും കുറിച്ചുള്ള ഒരു ജ്ഞാപനം അശേഷം വിട്ടുകളയാവുന്നതല്ല.
എട്ടാമത്, അന്യമതക്കാരെക്കുറിച്ചുള്ള സ്നേഹപ്രയത്നങ്ങളില്‍ സുറിയാനിക്കാരു ഉദ്യോഗിച്ചാല്‍ ആയത് തങ്ങളുടെ സ്വന്തം ജീവനും വളര്‍ച്ചയ്ക്കും നന്നായി ഫലിക്കുന്ന ഒരു വഴി ആകുന്നു. ഈ മനോഗുണ വേലയ്ക്ക് മനസ്സ് വയ്ക്കാത്ത ക്രിസ്ത്യാനി സമൂഹങ്ങള്‍ക്ക് തഴപ്പും പുഷ്ടിയും വരുന്നതല്ല. ഏവന്‍ നനയ്ക്കുന്നുവോ അവനും നനയ്ക്കപ്പെടും എന്ന് വേദവാക്യം കല്പിക്കുന്നു. നേരെമറിച്ച് ഇരിമ്പും തൊഴിലും ഇരിക്കെ കെടും25 എന്ന പഴഞ്ചൊല്ലും പറയുന്നുണ്ടല്ലോ. ആകയാല്‍ അന്യരോടുള്ള കരുണകൊണ്ടും തന്നെത്തന്നെ കരുതീട്ടും സുറിയാനിസഭ ഈ വാഴ്ത്തപ്പെട്ട വേലയില്‍ തനിയ്ക്ക് മുന്നിട്ടിരിക്കുന്നു എന്ന ആംഗ്ലിയ സഹോദരിയുടെ ഒരു തോഴിയും സകലത്തിലും ഒരു തുണക്കാരിയും ആയി വന്നാല്‍ കൊള്ളാം.
ഒമ്പതാമത്, സുവിശേഷയത്നങ്ങളില്‍ ഓഹരിപ്പെടേണ്ടും കാര്യത്തെക്കുറിച്ച് മേല്‍ക്കാണിച്ചതില്‍ ആംഗ്ലിയ മഹാന്മാരുടെ പ്രത്യേക സഹായവും സാഹിത്യതയും സുറിയാനിക്കാരോടും ഉണ്ടായിരിക്കുമെന്നും ഉണ്ടായിരിക്കണമെന്നും ഉള്ളത് ആന്തരപ്പെട്ടിട്ടുണ്ടെന്നും പറയണമെന്നില്ലല്ലോ. ഇപ്പോഴത്തെ വെച്ചെടുപ്പ് സന്ധിയില്‍ മുഖവിലാസം കൊണ്ടും നല്ല ആലോചനകൊണ്ടും ഇവ രണ്ടിലും ഘനമേറുന്ന ദ്രവ്യഉപകാരം കൊണ്ടും ആവതുള്ള സകല സഹായത്തിനും ഈ ക്ഷീണജനങ്ങള്‍ സല്‍ പാത്രങ്ങള്‍ എന്ന് വിചാരിപ്പാന്‍ ആംഗ്ലിയാ സഭയിലെ പ്രമാണന്മാര്‍ക്ക് സന്തോഷമായിരിക്കും; സംശയമില്ല.
പത്താമത്, ഒരുത്തനെ ഒരുത്തന്‍ കീഴ്വഴങ്ങാതെ ഉള്ള മെത്രാന്മാര്‍ ഇപ്പോഴത്തെപ്പോലെ ഒന്നില്‍ അധികം ഈ സഭയ്ക്ക് മേലധികാരികളായി ചമയുന്നതില്‍ വച്ചുണ്ടാകുന്ന പ്രത്യക്ഷമായ ദോഷങ്ങളെ തടുപ്പാന്‍ ശക്തിയോടുള്ള ഒരു പ്രതിവിധി ഉണ്ടാകുമെങ്കില്‍ ആയത് എത്രയും പ്രകാമ്യമെന്ന് വിചാരിക്കുന്നു. അന്ത്യോഖ്യയുമായിട്ടുള്ള സാഹിത്യം നിലനില്ക്കും കാലമൊക്കെയും ബഹുനായകത്വത്താലുള്ള ദുഷ്ഫലങ്ങളെ തീരുമാനം അകറ്റുവാന്‍ അസാദ്ധ്യമായിരിക്കും. എന്തെന്നാല്‍ പാത്രിയര്‍ക്കായുടെ ദൂരസ്ഥത നിമിത്തം ഇവിടത്തെ ജനങ്ങളുടെ സാക്ഷാല്‍ സ്ഥിതിയും കാര്യാദികളുടെ പരമാര്‍ത്ഥതയും അറിവാന്‍ പാടില്ലായ്കയാല്‍ മലങ്കര മെത്രാന്മാര്‍ക്ക് വിരോധമായി ചെന്നെത്തുന്ന ആവലാതികളെയും പലപ്പോഴും വ്യാജമായിരിക്കുന്ന ശ്രുതികളെയും അദ്ദേഹം വിശ്വസിച്ചുകൊണ്ട് ഇഷ്ടം പോലെ ഓരോരുത്തരെ മലയാളത്തേയ്ക്ക് വാഴിച്ചയക്കുകയും ഇങ്ങനെ വരുന്ന ആളുകള്‍ സഭയില്‍ കലഹങ്ങള്‍ക്ക് കാരണക്കാരായിത്തീര്‍ന്ന് കക്ഷികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആകയാല്‍ ഇപ്പോള്‍ ഉള്ള മെത്രാന്മാരില്‍ ഒരാളിനെ മേല്‍സ്ഥാനി ആയിട്ടും ശേഷം പേര്‍ അദ്ദേഹത്തിന്‍റെ ആജ്ഞകീഴില്‍ സഭാകാര്യങ്ങള്‍ അന്വേഷിക്കുന്നവരായിട്ടും കല്പിക്കുന്ന ഒരു നിയമം മേലാല്‍ ഈ സഭയുടെ ക്ഷേമാഭിവൃദ്ധിക്ക് നന്നായി ഉപകരിക്കുന്ന ഒരു വഴി എന്ന് കാര്യബോധമുള്ള ചില വലിയ ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. ആയത് സുറിയാനി യോഗത്തിന്‍റെയും അവരുടെ മേലധികാരികളുടെയും സല്‍ബുദ്ധിയോടുള്ള ആലോചനകള്‍ക്ക് പാത്രതയുള്ള ഒരു സംഗതി എന്ന് വച്ച് ഇവിടെ പ്രസ്താവിക്കുന്നതാകുന്നു. ഏത് പ്രകാരേണ എങ്കിലും ഈ ഒരുമ്പാടും ഐക്യമത്യവും സാധ്യമായി വന്നാല്‍ സുറിയാനിക്കാരുടെ അഭിവൃദ്ധിയെ ആഗ്രഹിക്കുന്ന സര്‍വ്വരുടെയും ഹൃദയങ്ങള്‍ സന്തോഷിക്കുകയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവം തന്‍റെ അനുഗ്രഹങ്ങളെ അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്യും.
ഇപ്രകാരമാകുന്നു ഈപ്പന്‍ പാതിരി അവര്‍കള്‍ എഴുതിയ പ്രകരണത്തിന്‍റെ സാരവും അഭിപ്രായവും. റവറണ്ട് ജി. കുര്യന്‍ എന്ന നാട്ടു പാദ്രി ഉണ്ടാക്കിയ പ്രകരണം സുറിയാനിക്കാരുടെയും മറ്റും സത്യസ്ഥിതികള്‍ തന്നെ ആകുന്നു. പറയപ്പെടേണ്ടതായ യാതൊരു വ്യത്യാസവും ഈ പ്രകരണത്തില്‍ കാണാനില്ല. തെറ്റും ആയത് തിരിച്ചറിയാന്‍ വേണ്ടി ആ പ്രകരണത്തിന്‍റെ ഒടുവില്‍ ചേര്‍ത്തിരിക്കുന്ന അനുബന്ധം എന്നയതില്‍ നിന്ന് ഇതിന്ന് താഴെ ചേര്‍ക്കുന്നു:
അനുബന്ധം
“സുറിയാനിക്കാരുടെ സഭയെയും സമൂഹത്തെയും കുറിച്ച് പ്രസ്താവിച്ച ഈ പ്രകരണത്തില്‍ അവരുടെ വിശ്വാസരീതികളെയും ആരാധനയെയും കര്‍മ്മങ്ങളെയും വൈദികന്മാരുടെ സ്ഥാനങ്ങളെയും യഥാക്രമങ്ങളെയും കുറിച്ചും അവരുടെ ആചാരങ്ങളെയും നടപടികളെയും പൂര്‍വ്വിക തല്ക്കാല സ്ഥിതികളെയും കുറിച്ച് അല്പമെങ്കിലും പറയാതെ കണ്ട് ഈ പ്രകരണം പൂരിതമാകയില്ല എന്ന് വിചാരിച്ച് ചുരുങ്ങിയ വിവരങ്ങളെ അനുബന്ധത്തില്‍ ചേര്‍ക്കുന്നു.
സുറിയാനിക്കാര്‍ മറ്റു പൂര്‍വ്വിക ക്രിസ്ത്യാനികള്‍ എന്നപോലെ പിതൃപുത്ര പവിത്രാത്മാക്കള്‍ എന്ന ത്രിയേക ദൈവത്തില്‍ വിശ്വസിക്കുന്നു. കാനോന്‍ പ്രകാരമുള്ള വേദവാക്യങ്ങളെ സമ്മതിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. മുമ്പിലത്തെ മൂന്ന് സുന്നഹദോസുകള്‍ എന്ന് സാധാരണ സഭായോഗങ്ങളെയും അവയുടെ വിധികളെയും ഇവര്‍ സമ്മതിക്കുന്നു. മുമ്മൂര്‍ത്തിയില്‍ രണ്ടാമനായ പുത്രന്‍ മനുഷ്യാവതാരം ചെയ്ത ശേഷം തന്‍റെ ദിവ്യസ്വഭാവവും മാനുഷ സ്വഭാവവും കൂടി ഏകീഭവിച്ച ഒരു സ്വഭാവവും തനിക്കുണ്ടെന്ന് ഇവര്‍ വിശ്വസിക്കുന്നു. പിന്നെയും ത്രിത്വത്തിലെ മൂന്നാമത്തെ മൂര്‍ത്തി ആയ പവിത്രാത്മാവ് പിതാവില്‍ നിന്ന് പുറപ്പെടുന്നു എന്ന് വിശ്വസിക്കുന്നു. ഇവര്‍ക്ക് സ്ഥിരമായ ആരാധനാക്രമങ്ങളും കര്‍മ്മങ്ങളും ഉണ്ട്. കര്‍ത്തൃഭോജനമാകുന്ന കുര്‍ബ്ബാന ഞായറാഴ്ചതോറും മറ്റ് ശുഭദിനങ്ങളിലും കൊണ്ടാടുന്നു. അവ ഒക്കെയും സുറിയാനി ഭാഷയിലാകുന്നു ഇരിക്കുന്നത്. ചിലര്‍ ഭാഷപ്പെടുത്തിയും ചെയ്യാറുണ്ട്. അത് ജീവികള്‍ക്കും മരിച്ചുപോയവര്‍ക്കും ഫലം ചെയ്യുമെന്ന് വിശ്വസിക്കുന്നു. കര്‍ത്തൃഭോജനത്തിലെ ദിവ്യദ്രവ്യങ്ങള്‍ക്ക് പകര്‍ച്ച ഭവിക്കുന്ന പ്രകാരം27 സുറിയാനിക്കാരുടെ വിശ്വാസത്തിലില്ല. അവയെ ഒന്നിച്ചും രണ്ടായിട്ടും ജനങ്ങള്‍ക്ക് കൊടുക്കയും ഉണ്ട്.28 പല കുറിക്കപ്പെട്ട വ്രതങ്ങള്‍ ഉണ്ട്. പള്ളികളില്‍ പ്രതിദിനം ഉപാസന ഉണ്ട്. അന്ന് പള്ളികളിലേ ദേവാരാധന കഴിക്കുകയുള്ളൂ. ശുശ്രൂഷാസനത്തിങ്കല്‍ കുരിശുണ്ട്, ചിലടത്ത് പുറത്തുകൂടെ ഉണ്ട്. പള്ളിയിലോ വീട്ടിലോ ഉപാസന കഴിക്കുമ്പോള്‍ നെറ്റിയിലും മാറിലും രണ്ടു തോളുകളിന്മേലും കുരിശെന്ന് ധ്യാനിച്ച് തൊടുക ഉണ്ട്. പുണ്യവാന്മാരോട് അപേക്ഷിക്കും. മരിച്ചവര്‍ക്ക് വേണ്ടിയും അപേക്ഷിക്കും. ദൈവാരാധനാ സമയത്ത് മെഴുകുതിരികള്‍ കത്തിക്കുകയും കുന്തുരുക്കം ധൂപിക്കുകയും പ്രത്യേക സമയങ്ങളെ ഓര്‍മ്മപ്പെടുത്തുവാനായിട്ട് മണികിലുക്കുകയും അടിക്കുകയും മറയിടുകയും നീക്കുകയും ചെയ്യുന്നു. പള്ളിയില്‍ അഹോരാത്രം വിളക്ക് കെടാതെ സൂക്ഷിക്കുന്നു. വൈദികര്‍ കര്‍മ്മം കഴിക്കുമ്പോള്‍ പലതരം ഉടുപ്പുകള്‍ ഇട്ടു നിന്ന്കൃത്യം. കുര്‍ബ്ബാന ഉപവാസത്തോടെ ചെയ്യുന്നു. ജനങ്ങള്‍ ഏറിയാല്‍ ആണ്ടില്‍ മൂന്ന് പ്രാവശ്യം കര്‍ത്തൃഭോജനം കൈക്കൊള്ളുന്നു. മതകാര്യങ്ങളില്‍ പ്രതിപത്തി ഉള്ളവരാകുന്നു എന്ന് ഇവരെക്കുറിച്ച് പൊതുവില്‍ പറയപ്പെടാം. ഞായറാഴ്ചയും ശുഭദിവസങ്ങളും അനുഷ്ഠിക്കുകയും വ്രതങ്ങള്‍ കൃത്യമായി ആചരിക്കുകയും ചെയ്യും. വൈദികരെ നന്നായി മതിക്കും.
ഇവരുടെ ആചാരങ്ങളെയും നടപടികളെയും വിവരിക്ക എന്ന് വന്നാല്‍ അവ ഈ പ്രകരണത്തിന്‍റെ അതിര്‍ കടന്ന് പോകുമെന്ന് ശങ്കിക്കുന്നു. ആകയാല്‍ അവയില്‍ അല്പമൊക്കെ ചുരുക്കിപ്പറയുന്നു.
സുറിയാനിക്കാര്‍ കഴിയുമെങ്കില്‍ കൂട്ടായി പാര്‍പ്പാന്‍ നോക്കും. പല അങ്ങാടികളിലും കമ്പോളങ്ങളിലും അവര്‍ അങ്ങനെത്തന്നെ ചെയ്തു വരുന്നു. കുന്നംകുളം, ത്രിശ്ശിവപേരൂര്‍, ചെങ്ങന്നൂര്‍, ആലുവാ, ആലപ്പുഴ, ചങ്ങനാശ്ശേരി, മാവേലിക്കര, പുത്തന്‍കാവ്, കായംകുളം, കാര്‍ത്തികപ്പള്ളി, തിരുവല്ലാ എന്ന ദിക്കുകളില്‍ അവര്‍ അങ്ങനെ പാര്‍ക്കുന്നു. ഇവര്‍ മുന്‍ കാലങ്ങളില്‍ എട്ടുവയസ്സു മുതല്‍ 25 വയസ്സു വരെയും കച്ചകെട്ടി അഭ്യാസങ്ങള്‍ ശീലിച്ചു വന്നു. ഇവരുടെ യുദ്ധവീര്യം കൊണ്ട് ഏത് രാജാവും ഇടപ്രഭുവും ഇവരെ സന്തോഷത്തോടെ ചേര്‍ത്തുകൊണ്ടിരുന്നു. ആകയാല്‍ ഒരു ദേശത്ത് എന്തെങ്കിലും തട്ടുകേട് ഭവിച്ചാല്‍ മറ്റൊരിടത്ത് ഇവര്‍ക്ക് ബന്ധു ഉണ്ടായി വന്നു. ഇവര്‍ ജനം മുഴുത്തവരും യുദ്ധസാമര്‍ത്ഥ്യക്കാരും ആയിരുന്നു എങ്കിലും ഒരിക്കല്‍ എങ്കിലും മത്സരങ്ങള്‍ ചെയ്ത പ്രകാരമോ സ്വാമിദ്രോഹം കാണിച്ചപ്രകാരമോ കേട്ടുകേള്‍വി പോലുമില്ലാ. ഇവരുടെ മുമ്പിലത്തെ നടപ്പ് ഒരു മുണ്ടുടുത്ത് ഒരു ഉറുമാല്‍ തലയില്‍ കെട്ടി വലിയ കത്തിയെങ്കിലും വാള്‍ എങ്കിലും എടുത്തുകൊണ്ടത്രേ വെളിയില്‍ സഞ്ചരിച്ച് വന്നത്. ഈ ഭാവം ഇപ്പോള്‍ പൂര്‍വം മറക്കാതെ പള്ളിയില്‍ വച്ച് ഒരു ദിവസം തെക്കുംഭാഗരില്‍ മണവാളന്‍ എടുക്കുന്നുണ്ട്. മറ്റുള്ള ജാതിക്കാര്‍ ഒക്കെയും മാന്യന്മാരെ കണ്ടാല്‍ തലയില്‍ നിന്ന് വസ്ത്രം എടുക്കണം. രാജാവിനെ കണ്ടാലും ഇവര്‍ അങ്ങനെ ചെയ്യേണ്ട. സ്ത്രീകളുടെ ഉടുപ്പ് യൂദസ്ത്രീകളില്‍ നിന്ന് എടുത്തതാകുന്നു. ഒരു പുടവ പുറകില്‍ ഞൊറിഞ്ഞിട്ട് ചുറ്റുന്നു. കുപ്പായം ദേഹത്തിലും ധരിക്കുന്നു. പള്ളിയില്‍ പോകുമ്പോള്‍ മുഖം മൂടുവാനായിട്ട് മൂന്നാം വസ്ത്രം ഉണ്ട്. ദാരിദ്ര്യം കൊണ്ടും നാട്ടുനടപ്പനുസരിച്ചും ഇവയില്‍ ചുരുക്കുന്നുമുണ്ട്. എങ്കിലും മാര്‍വ് മറയ്ക്കാതെ പുറത്തു സഞ്ചരിക്കുന്ന നസ്രാണികള്‍ ചുരുക്കമേയുള്ളൂ. വടക്കോട്ടുള്ള സ്ത്രീകള്‍ കുപ്പായം ധരിക്കാത്തപ്പോള്‍ തമ്പുരാട്ടിമാരെപ്പോലെ മുലക്കച്ച കെട്ടുന്നു. തെക്കോട്ടുള്ള സ്ത്രീകള്‍ പൂണുനൂല്‍ പരിഷ പാണ്ടി സമ്പ്രദായമനുസരിച്ച് ഒരു ചെറിയ വസ്ത്രം ധരിക്കുന്നു. കുന്നംകുളങ്ങര30 അങ്ങാടിയില്‍ അന്തര്‍ജ്ജനങ്ങളെപ്പോലെ സ്ത്രീകള്‍ ഉടുക്കുന്നു. ആയത് ഇവര്‍ മുമ്പില്‍ പാലൂരോ31 മറ്റോ നമ്പൂതിരിമാരുടെ ഒരു ഗ്രാമം മാര്‍ഗ്ഗാനുസാരികള്‍ ആയതിനാല്‍ എന്ന് തോന്നുന്നു. ഇതിന് പല ലക്ഷ്യങ്ങളും കാണിച്ച് പറവാനുണ്ട്. അവരുടെ നിറവും പല മര്യാദകളും നടപ്പുകളും നമ്പൂതിരിമാരുടെ വിധം പോലെ ഇരിക്കുന്നു.
വിദ്യയും കാലത്തിന് തക്കപോലെ ഇവര്‍ക്കുണ്ടായിരുന്നു. ആയതിന് ഇന്ന് പല കവിതകളും ദൃഷ്ടാന്തമായി കാട്ടുവാനുണ്ട്. കഴിയുമെങ്കില്‍ തങ്ങളുടെ കുട്ടികളെ അക്ഷരാഭ്യാസം ചെയ്യിക്കുന്നതിന് നോക്കും. പെണ്‍കുട്ടികളുടെ കാത് ഹിന്ദു മര്യാദപോലെ തുളച്ച് വളര്‍ത്തുന്നു. മേല്‍ക്കാതില്‍ മോതിരമിടുന്നത് വടക്കോട്ട് മര്യാദ. തെക്കോട്ട് അതിന് പകരം ഒരു തരം കോപ്പ് നടപ്പ്. വിവാഹത്തിങ്കലല്ലാതെ ആഭരണങ്ങള്‍ അധികം ഇടുന്നില്ല. അപ്പോള്‍ ഹിന്ദു മര്യാദപോലെ താലി കെട്ടുന്നു. അത് ഭര്‍ത്തൃ മരണം വരെ കിടക്കുന്നു. മുമ്പില്‍ സ്ത്രീപുമാന്മാര്‍ കൊന്തയോടുകൂടെ കുരിശും ധരിച്ചു വന്നു. ഇപ്പോള്‍ വിധവമാരേ അങ്ങനെ ചെയ്തു കാണുന്നുള്ളൂ. വിവാഹങ്ങള്‍ 7 വയസ്സു മുതല്‍ 16 വയസ്സു വരെ കെട്ടിപ്പാറുണ്ട്. സ്ത്രീ എന്തെങ്കിലും സ്ത്രീധനമായിട്ട് കൊടുക്കണം. കെട്ടാതെ പാര്‍ക്കുന്ന പുരുഷനോ സ്ത്രീയോ ചുരുക്കം ഉണ്ടെങ്കില്‍ രോഗം നിമിത്തമോ അംഗഭംഗം കൊണ്ടോ ആകും. നാല്പത് വയസ്സ് കഴിഞ്ഞാല്‍ കുടുംബത്തില്‍ മൂത്തവന്‍ മീശ വളര്‍ത്തുമാറുണ്ട്. എന്നാല്‍ വൈദികര്‍ അങ്ങനെ ചെയ്തേ കഴിയൂ. വിവാഹങ്ങള്‍ പതിവായി ഞായറാഴ്ച കഴിക്കുന്നു. ഇപ്പോള്‍ ഇടദിവസങ്ങളിലും ചിലയിടത്ത് ചെയ്യാറുണ്ട്. മരിച്ചാല്‍ അന്ന് ബന്ധുക്കഞ്ഞി കൊടുക്കയും പിറ്റേദിവസം പട്ടിണിക്കഞ്ഞിയും ഒമ്പതിനോ പതിനൊന്നിനോ പുലകുളിയും നാല്പതാം ദിനം സദ്യയും വര്‍ഷാന്തരത്തിങ്കല്‍ ശ്രാദ്ധവുമുണ്ട്.
ആണ്‍മക്കളില്ലെങ്കില്‍ പെണ്മക്കള്‍ അവകാശികളാകുന്നത് ഇപ്പോള്‍ മിക്ക ഇടങ്ങളിലും നടപ്പായി വന്നിരിക്കുന്നു. മുമ്പില്‍ അങ്ങനത്തെ അവസ്ഥയില്‍ ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ അവകാശികള്‍ ആകുകയായിരുന്നു നടപ്പ്. ഇതിന് ഭേദം വന്നിട്ട് ഏറെ കാലമായിട്ടില്ല. നസ്രാണികള്‍ അന്യം നില്ക്കുന്നത് ദുര്‍ല്ലഭം. റോമ്മാ മതാലംബനക്കാരായ സുറിയാനിക്കാര്‍ വിദ്യയുടെ ആശീര്‍വദിക്കപ്പെട്ട ആലയത്തിന്‍റെ ഉമ്മറത്തിങ്കലേ ചെന്ന് പറ്റിട്ടുള്ളൂ. പ്രോട്ടസ്റ്റണ്ട് മതാലംബികളായ സുറിയാനിക്കാര്‍ മറ്റു വകക്കാരെക്കാളും വിദ്യാപ്രീതി കാണിക്കുന്നു. ആകയാല്‍ പല നിരാധാരക്കാരും മാന്യതയും സമ്പത്തും പ്രാപിച്ചു തുടങ്ങി.
ഇപ്പോള്‍ പുത്തന്‍കൂറ്റുകാരില്‍ പലരും വിദ്യയോട് താല്പര്യം കാണിക്കുന്നു. അവരില്‍ വായിപ്പാനും എഴുതുവാനും കഴിയാത്തവര്‍ ചുരുക്കം. സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കുന്നതിന് മടിയുള്ളവരല്ല. ആയത് ചിറ്റവൃത്തി ആയ സാധ്യങ്ങള്‍ക്കായിട്ടല്ലാതെ വിദ്യ നിമിത്തമായിട്ടല്ല. പുത്തന്‍ കൂറ്റുകാരില്‍ തന്നെയും തെക്കും വടക്കുമായിട്ട് നോക്കുമ്പോള്‍ തെക്കോട്ട് മതപരിഷ്ക്കാരം വന്നിട്ടുണ്ട്. ആയത് കഴിഞ്ഞുപോയ അബ്രഹാം മല്പാന്‍റെയും മറ്റും വേദകാര്യങ്ങളിലെ നിഷ്ക്കര്‍ഷയാലും ഉത്സാഹത്താലും ഭവിച്ചതാകുന്നു. അവിടങ്ങളില്‍ ചില യൗവ്വനക്കാരായ കത്തങ്ങള്‍ വേദപാഠകം പറയുന്നുമുണ്ട്. ഇനി സുറിയാനിക്കാരുടെ സിമ്മനാരിയിലെ ഗുരുക്കന്മാര്‍ വേദത്തെളിവുള്ളവരുടെ നിയമിതന്മാരായി വരുന്നതാകകൊണ്ട് വിദ്യയും വേദപരിഷ്കാരവും ആകപ്പാടെ പരക്കുമെന്ന് തോന്നുവാനും ആശയുണ്ട്. സുറിയാനിക്കാര്‍ സാവധാനികളും ശുദ്ധന്മാരും അദ്ധ്വാനികളും വിശ്വസ്തന്മാരും ആകുന്നു എന്ന് പൊതുവില്‍ പറയപ്പെടുന്നതിന് സാക്ഷ്യങ്ങള്‍ ഉണ്ട്.”
വായനക്കാര്‍ക്ക് തിരിച്ചറിവിന് വേണ്ടി മാത്രം അനുബന്ധത്തില്‍ നിന്ന് ചിലത് ഇതില്‍ ചേര്‍ത്തിരിക്കുന്നതാകുന്നു. ഈ അനുബന്ധം ഗ്രഹിക്കുമ്പോള്‍ ഈ പ്രകരണത്തിന്‍റെ സ്വഭാവ അവസ്ഥ വായനക്കാര്‍ തിരിച്ചറിയുന്നതിന് ഇടവരുമെന്ന് ശരണം പ്രാപിച്ച് ചുരുക്കുന്നു.
റവറണ്ട് കുരുവിള കുരുവിള എന്ന നാട്ടുപാദ്രി ഉണ്ടാക്കിയ പ്രകരണം റവറണ്ട് ഇട്ടീരാ ഈപ്പന്‍ പാതിരി ഉണ്ടാക്കിയിരിക്കുന്ന പ്രകരണം പോലെ ഉള്ള തെറ്റ് വ്യത്യാസങ്ങള്‍ തന്നെ ആകുന്നു എന്നല്ലാതെ അവയില്‍ ഏറെ ഒന്നും ഭേദപ്പെടുത്തി പറവാന്‍ കാണ്മാന്‍ ഇല്ലാത്തതിനാല്‍ അതിനെക്കുറിച്ച് വിസ്തരിച്ച് എഴുതുന്നതിന് ഇട ഇല്ലാ എങ്കിലും അതിലെ സാരമായ തെറ്റുകള്‍ ഇവ.
1-ാമത് സുറിയാനിക്കാര്‍ക്ക് പറങ്കികളോടുള്ള ചേര്‍ച്ചയാല്‍ അത്രേ കുമ്പസാരം എന്ന കര്‍മ്മം ഉണ്ടായത്.
2-ാമത്. 1663-ാമാണ്ട് അന്ത്യോഖ്യായില്‍ നിന്ന് വന്ന മാര്‍ ഗ്രിഗോറിയോസ് മുതലാണ് യാക്കോബ്യര്‍ എന്ന് നാമധേയം ഉണ്ടായത് എന്നും.
3-ാമത്, 1806-ാമാണ്ട് മുതല്‍ 1835-ാമാണ്ടു വരെ ഇംഗ്ലീഷുകാരുടെ സകല സഹായങ്ങളാലും മറ്റും സുറിയാനിസഭ ഉയരപ്പെട്ടിരുന്നു. ആ ആണ്ടില്‍ കല്ക്കത്തായിലെ ഡാനിയേല്‍ ലോര്‍ഡ് ബിഷപ്പ് സായിപ്പ് അവര്‍കള്‍ വന്നപ്പോള്‍ സുറിയാനിസഭയില്‍ വന്നുകൂടിയിരിക്കുന്ന ക്രമക്കേടുകളെ നീക്കിക്കളഞ്ഞ് സഭയ്ക്ക് ആവശ്യപ്പെട്ടതായി ആറു കൂട്ടം32 കാര്യങ്ങളും കൂടെ അനുസരിച്ച് നടക്കണമെന്ന് പറയുകയാല്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കത്തങ്ങളും അവയെ അനുസരിക്കായ്കയാല്‍ മുന്‍ ഉണ്ടായിരുന്ന ബഹുമാനത്തിനും കാര്യസ്ഥിതികള്‍ക്കും വീഴ്ച ആയി ഭവിച്ചിരിക്കുന്നതാകുന്നു എന്നും മേല്‍പ്രകാരം അനുസരിക്കയും ആംഗ്ലിയാ സഭയോട് യോജിച്ചിരിക്കുകയും ചെയ്യുന്നപക്ഷം പണ്ടത്തെ സ്ഥിതിയില്‍ ഭവിക്കുന്നതുമാകുന്നു.
അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളും ഇവയോട് ചേരത്തക്കതായ വിധത്തില്‍ത്തന്നെ ആകുന്നു.
(ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് രചിച്ച കണ്ടനാട് ഗ്രന്ഥവരിയിലെ വിവരണം)