മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി കൃത്യം പത്തു വര്‍ഷം പ്രൊഫ. പി. സി. ഏലിയാസ് സ്തുത്യര്‍ഹമായി സേവനമനുഷ്ടിച്ചു. അതിനു മുമ്പ് സഭവകയായ രണ്ടു കോളജുകളുടെ പ്രിന്‍സിപ്പലായും, അങ്കമാലി മെത്രാസന കൗണ്‍സില്‍ അംഗമായും സഭാ മാനേജിംഗ് കമ്മിറ്റിയംഗമായും (1989 – 1994) പ്രവര്‍ത്തിച്ചു. ഭാവിയില്‍ സഭയുടെ അസോസിയേഷന്‍ സെക്രട്ടറിയായോ വര്‍ക്കിംഗ് കമ്മിറ്റിയംഗമായോ ഒക്കെ പ്രവര്‍ത്തിക്കുമെന്ന് ഒരു കാലത്ത് ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. സ്ഥാനം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും പ്രായം കൊണ്ടും തന്നേക്കാള്‍ താണവരോടു പോലും ബഹുമാനത്തോടെ പെരുമാറുക അദ്ദേഹത്തിന്‍റെ ശീലമായിരുന്നു. ആരുടെയും കുറ്റം പറയുന്നതും കുറ്റം കേള്‍ക്കുന്നതും അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നു. ആരെപ്പറ്റിയും നന്മ മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളു. വിമര്‍ശിക്കുന്നവരോടും യാതൊരു വിദ്വേഷവുമില്ലായിരുന്നു.
പി.ആര്‍.ഒ. എന്ന നിലയില്‍ അദ്ദേഹം വിജയമായിരുന്നു. മാധ്യമങ്ങളോടു ബന്ധപ്പെടുക മാത്രമല്ല പി.ആര്‍.ഒ. യുടെ ജോലി. 1988-ല്‍ നടപ്പായ ഉപചട്ടങ്ങള്‍ അനുസരിച്ച് പല കര്‍ത്തവ്യങ്ങളും പബ്ലിക് റിലേഷന്‍സ് കമ്മിറ്റിക്കും ഓഫീസര്‍ക്കുമുണ്ട്. പൊതുസമൂഹത്തിനും സഭാംഗങ്ങള്‍ക്കും സഭയെക്കുറിച്ചും സഭയുടെ നേതൃത്വത്തെ കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും തിരുത്തലുകള്‍ ആവശ്യമുള്ളയിടത്ത് അതു നിര്‍ദേശിക്കുന്നതിനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. പരിശുദ്ധ സഭയുടെയും സഭാതലവന്‍റെയും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിന് അദ്ദേഹം അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു.
ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ട ജോലിയാണ് പി.ആര്‍.ഒ. യുടേത്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചാലും മുക്കിയാലും കുറ്റം പി.ആര്‍.ഒ. യിക്കാണ്. വിമര്‍ശിക്കുന്നവര്‍ ഈ പണി ചെയ്താലും ഇതില്‍ കൂടുതലൊന്നും നടക്കുകയില്ലെന്നുള്ളതാണ് വാസ്തവം. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹം സൗമ്യമായി കേട്ടിരുന്നു.
നിര്‍ഭാഗ്യകരമായ സഭാവഴക്കില്‍ പൊതുസമൂഹവും മാധ്യമങ്ങളും പൊതുവെ ഓര്‍ത്തഡോക്സ് സഭയ്ക്കെതിരാണ് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എവിടെയാണ് നീതിയും ന്യായവുമെന്നുള്ളത് അറിയേണ്ട കാര്യം അവര്‍ക്കില്ല. നാം ‘വേട്ടക്കാരാ’യും മറുഭാഗം ‘ഇര’കളായും ചിത്രീകരിക്കപ്പെടുമ്പോള്‍ പി.ആര്‍.ഒ. യുടെ പണി ദുഷ്കരമാണ് എന്നതാണ് വാസ്തവം. സഭയിലും സമൂഹത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ മാത്രമേ ഇക്കാര്യത്തില്‍ വിജയിക്കുകയുള്ളു. താന്‍ ഇരിക്കുന്ന കസേരയുടെ മഹത്വം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ആദരവ് അദ്ദേഹം പിടിച്ചുപറ്റിയിരുന്നു.
ചില പ്രസ്താവനകളോ പത്രക്കുറിപ്പുകളോ തയ്യാറാക്കുന്നതിനുള്ള നിയോഗം ഡോ. എം. കുര്യന്‍ തോമസിനും എനിക്കും ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ തയ്യാറാക്കുന്ന ഡ്രാഫ്റ്റ് ആവശ്യമെങ്കില്‍ പരിഷ്കരിച്ച് അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. സാര്‍ തയ്യാറാക്കുന്ന ഡ്രാഫ്റ്റ് ചില അവസരങ്ങളില്‍ ഞങ്ങളെ കാണിക്കുന്ന രീതിയുമുണ്ടായിരുന്നു. ഞങ്ങള്‍ പറയുന്ന മാറ്റങ്ങള്‍ ഉചിതമെങ്കില്‍ ഉള്‍ക്കൊള്ളുന്നതിന് അദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു.
അങ്കമാലി ഭദ്രാസനത്തിലെ മുടവൂര്‍ സെന്‍റ് ജോര്‍ജ് പള്ളിയായിരുന്നു അദ്ദേഹത്തിന്‍റ മാതൃഇടവക. കക്ഷിവഴക്ക് രൂക്ഷമായ ഈ പള്ളിയില്‍ തന്‍റെ മാതാപിതാക്കളുടെ ശവസംസ്കാരശൂശ്രൂഷ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ നിര്‍വഹിച്ച കാര്യം അദ്ദേഹം പലപ്പോഴും ദുഃഖത്തോടു കൂടി പങ്കുവച്ചിട്ടുണ്ട്. “എന്‍റെ അമ്മ വലിയ വിദ്യാഭ്യാസമുള്ള ആളല്ലായിരുന്നു. പക്ഷേ സംസ്ഥാന ബഹുമതികളോടെയാണ് അടക്കിയത്. കാരണം കളക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവരുടെയും നൂറുകണക്കിന് പോലീസുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.”
കക്ഷിവഴക്കിന്‍റെ തീവ്രത നേരിട്ട് അനുഭവിച്ചിട്ടും മറുഭാഗത്തെയോ അതിന്‍റെ നേതൃത്വത്തെയോ അദ്ദേഹം കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. സഭയില്‍ ശാശ്വതമായ സമാധാനവും അനുരഞ്ജനവും യോജിപ്പും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. സഭാഭരണഘടനയില്‍ മായം ചേര്‍ക്കാനോ കോടതിവിധിയില്‍ വെള്ളം ചേര്‍ക്കാനോ അനുവദിക്കാതെയുള്ള ഐക്യമാണ് അദ്ദേഹം ആഗ്രഹിച്ചത്. താന്‍ തയ്യാറാക്കുന്ന പ്രസ്താവനകളില്‍ കഴിയുന്നിടത്തോളം ഇതിനുള്ള ആഹ്വാനം അദ്ദേഹം ചേര്‍ക്കുമായിരുന്നു.
“പരിശുദ്ധ ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ആരോഗ്യനില അത്ര മെച്ചമല്ല. ഏതു സമയത്തു കാലം ചെയ്താലും മാധ്യമങ്ങള്‍ നമ്മുടെ പ്രതികരണം ആരായും. നേരത്തെ ഒരെണ്ണം തയ്യാറാക്കി വയ്ക്കേണ്ടതല്ലേ?” 2012-ല്‍ ഞാന്‍ ചോദിച്ചു. അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ച് ഞാന്‍ തയ്യാറാക്കിയ പ്രസ്താവന പരിശുദ്ധ ബാവാ തിരുമേനിയും ബഹു. ഡോ. കെ. എം. ജോര്‍ജ് അച്ചനും, അദ്ദേഹവും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കി. പരിശുദ്ധ സക്കാ ബാവാ കാലം ചെയ്തപ്പോള്‍ (2014 മാര്‍ച്ച് 21) പരിശുദ്ധ കതോലിക്കാ ബാവാ തിരുമേനി നടത്തിയ പ്രസ്താവന മറ്റു ക്രൈസ്തവരുടെ ഇടയിലും പൊതുസമൂഹത്തിലും മതിപ്പുളവാക്കി.
ആലപ്പോയിലെ സുറിയാനി – ഗ്രീക്ക് മെത്രാന്മാരെ തട്ടിക്കൊണ്ടുപോയ അവസരത്തിലുള്ള (2013 ഏപ്രില്‍) നമ്മുടെ സഭയുടെ പ്രതികരണം, 1958-ലെ സഭാസമാധാനത്തിന് മുന്‍കൈയെടുത്തവരില്‍ അവസാന കണ്ണിയായ ബഹു. വി. എം. ഗീവര്‍ഗീസ് കല്ലൂപ്പറമ്പില്‍ അച്ചന്‍റെ നവതിക്ക് (2014 ഓഗസ്റ്റ് 15) അദ്ദേഹത്തെ ആദരിച്ചത് തുടങ്ങിയ സംഭവങ്ങള്‍ അദ്ദേഹത്തിന്‍റെ ഇത്തരം ചില പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങള്‍ മാത്രം. നമ്മുടെ ഇത്തരം പ്രവര്‍ത്തനങ്ങളാണ് പ. അപ്രേം ദ്വിതീയന്‍ – പ. പൗലോസ് ദ്വിതീയന്‍ ബാവാമാരുടെ ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയിലേക്കു (അര്‍മേനിയ, 2015 ഏപ്രില്‍ 23) വഴിതെളിച്ചത്.
പോപ്പ് തെവദ്രോസ് രണ്ടാമന്‍ കോപ്റ്റിക് സഭാ തലവനായി തെരഞ്ഞെടുക്കപ്പെട്ട (2012 നവംബര്‍ 4) വാര്‍ത്ത മാധ്യമങ്ങളില്‍ ആഘോഷമായി കൊടുക്കാനിടയാക്കിയത് സാറിന്‍റെ ഇടപെടലായിരുന്നു. വാര്‍ത്ത തയ്യാറാക്കുന്നതിന് അണിയറയില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് പരിശുദ്ധ ബാവാ തിരുമേനിയെ ധരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു.
ഇത്തവണ മാനേജിംഗ് കമ്മറ്റിയംഗമായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അദ്ദേഹം സന്തോഷിച്ചിരുന്നു. മാനേജിംഗ് കമ്മറ്റിയിലെ എന്‍റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം തന്ന ഉപദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു.
പ്രതിഫലം ഇല്ലാതെയാണ് അദ്ദേഹം പി.ആര്‍.ഒ ആയി പ്രവര്‍ത്തിച്ചത്. തന്നെ വളര്‍ത്തിയ സഭയ്ക്കു വേണ്ടി അങ്ങനെ പ്രവര്‍ത്തിക്കുന്നത് തന്‍റെ കടമയാണെന്ന് ഏലിയാസ് സാര്‍ വിശ്വസിച്ചിരുന്നു. ഒരിക്കലും സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. 2008 സെപ്റ്റംബര്‍ രണ്ടിന് നിയമിതനായ അദ്ദേഹം പലവട്ടം തന്നെ ഈ സ്ഥാനത്തു നിന്നു ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പല തവണ രാജിക്കത്തു സമര്‍പ്പിച്ചിരുന്നു. പരിശുദ്ധ ബാവാ തിരുമേനിയുടെയും ഇപ്പോഴത്തെ അസോസിയേഷന്‍ സെക്രട്ടറിയുടെയും സ്നേഹപൂര്‍വമായ അഭ്യര്‍ത്ഥന മാനിച്ചാണ് മരണം വരെയും പി.ആര്‍.ഒ ആയി തുടര്‍ന്നത്.
സഭയുടെ പി.ആര്‍.ഒ. എന്ന നിലയില്‍ പ്രൊഫ. പി.സി. ഏലിയാസ് ഏറെ പഴികേട്ടു. പക്ഷേ അവയിലൊക്കയും അദ്ദേഹം നിരപരാധിയും നിസ്സഹായനും ആയിരുന്നു എന്ന് എനിക്കു നേരിട്ടറിയാം. അതു മൂലം നേരിട്ടും ഫോണിലൂടെയും സാര്‍ കേട്ടിരിക്കുന്ന ശകാരത്തിനു കണക്കില്ല. അവയെ അദ്ദേഹം ശാന്തത കൈവിടാതെ പുഞ്ചിരിയോടെ നേരിട്ടു. അടുത്ത തവണ വിമര്‍ശകരെ കാണുമ്പോഴും ഇതൊന്നും നടക്കാത്തവിധമാണ് സാര്‍ പെരുമാറിയിരുന്നത്. ദൈവതിരുമുമ്പാകെ അദ്ദേഹം നീതിമാനായിരുന്നു.
തികഞ്ഞ സഭാസ്നേഹിയും സമാധാനകാംക്ഷിയുമായ നിര്യാതനായ വാകത്താനം പള്ളിക്കപ്പറമ്പില്‍ ശ്രീ. ജേക്കബ് സഖറിയായ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് (2018 ഓഗസ്റ്റ് 14) സാറിനോടൊപ്പം യാത്ര ചെയ്തതും, പ്രളയക്കെടുതി ബാധിച്ച പുത്തന്‍കാവ് സ്കൂളിന്‍റെ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രിന്‍സിപ്പലും ഹെഡ്മിസ്ട്രസും അദ്ധ്യാപകരും ചേര്‍ന്നുള്ള സംഘത്തോടൊപ്പം സാറിനെ സന്ദര്‍ശിച്ചതും (ഓഗസ്റ്റ് 23) ദീപ്തസ്മരണയായി നിലനില്‍ക്കുന്നു.
പകരക്കാരനില്ലാത്ത പി.സി. ഏലിയാസ് സാറിന് ആദരാഞ്ജലികള്‍ !!!
Varghese John ഫോണ്‍ : 9446412907