പാറേട്ടു മാര്‍ ഈവാനിയോസും 1934-ലെ മലങ്കരസഭാ ഭരണഘടനയും / ഫാ. ഡോ. വര്‍ഗ്ഗീസ് കെ. ജോഷ്വാ


ആമുഖം

പാറേട്ട് മാത്യൂസച്ചന്‍ ബഥനിയിലെ മാര്‍ ഈവാനിയോസിനോടു നടത്തിയ ഒരു സംഭാഷണത്തോടെ ആരംഭിക്കട്ടെ. ڇതിരുമേനി പറഞ്ഞതുപോലെ നമ്മുടെ വിശ്വാസത്തില്‍ നിന്ന് അണുപോലും വ്യതിചലിക്കാതെയും പാത്രിയര്‍ക്കീസിനു നാം നല്‍കിയിട്ടുള്ള സ്ഥാനം മാത്രം പാപ്പാ സ്വീകരിച്ചുകൊണ്ടും നമ്മുടെ പാവപ്പെട്ട സഭയുമായി ഐക്യതയില്‍ വരാന്‍ റോമാസഭ സമ്മതിക്കുന്നെങ്കില്‍ അത് അഭികാമ്യമായിരിക്കും. അങ്ങനെ ഒരാലോചന ആരംഭിക്കുന്നെങ്കില്‍ വലിയ മെത്രാച്ചന്‍, കാതോലിക്കാ ബാവാ, കൊച്ചുമെത്രാച്ചന്‍ (മൂന്നാം കാതോലിക്കാ) എന്നിവരോടെല്ലാം ആലോചിച്ചശേഷം മാത്രം എഴുത്തുകുത്തുകള്‍ ആരംഭിക്കണംڈ (ഇസ്സഡ്. എം. പാറേട്ട്, വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, പേജ് 393).

പാറേട്ട് മാത്യൂസച്ചന്‍ മലങ്കരമെത്രാപ്പോലീത്താ വട്ടശ്ശേരില്‍ തിരുമേനിക്കും ബഥനി മെത്രാച്ചനായ മാര്‍ ഈവാനിയോസിനും ഒരുപോലെ വിശ്വസ്ഥനും പ്രിയപ്പെട്ടവനുമായിരുന്നു. റോമായെ പുല്‍കുവാനുള്ള അമിതാവേശവുമായി നടന്ന ഈവാനിയോസിന് ഇക്കാര്യം വട്ടശ്ശേരില്‍ തിരുമേനിയെ അറിയിക്കുവാനുള്ള ചങ്കൂറ്റമില്ലായിരുന്നു. ഇക്കാര്യം പ്രധാനമായും ആലോചിച്ചത് പാറേട്ടച്ചനോടാണ്. പ്രസ്തുത കാര്യത്തെപ്പറ്റി ഇവര്‍ തമ്മിലുള്ള സംഭാഷണത്തിനവസാനം പാറേട്ടച്ചന്‍ നല്കുന്ന മറുപടിയാണ് മേലുദ്ധരിച്ചത്. പാറേട്ടച്ചന്‍ എക്കാലത്തും സഭയുടെ സത്യവിശ്വാസത്തോടും സഭാപിതാക്കന്മാരോടും കൂറുള്ളവനായിരുന്നു എന്ന് ഈ സംഭാഷണം തെളിയിക്കുന്നു.
പാറേട്ട് മാര്‍ ഈവാനിയോസിന് മലങ്കരസഭയുടെ 1934-ലെ ഭരണഘടനയുടെ രൂപീകരണത്തിലുള്ള പങ്കും, അതിനുശേഷം ഒരു മെത്രാപ്പോലീത്താ എന്ന നിലയില്‍ ഭരണഘടനക്കനുസൃതമായി മെത്രാസന ഭരണം നടപ്പിലാക്കിയതിനെപ്പറ്റിയുള്ള വസ്തുതാപരമായ ഒരന്വേഷണവുമാണ് ഈ ലേഖനത്തില്‍. അതിനായി മൂന്ന് തരത്തിലുള്ള ഉറവിടങ്ങളാണ് ഞാന്‍ അവലംബമാക്കിയിരിക്കുന്നത്. ഒന്നാമതായി, വിവിധ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളവ. രണ്ടാമതായി, കോട്ടയം മെത്രാപ്പോലീത്താ എന്ന നിലയില്‍ അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള കല്പനകളില്‍ പരാമര്‍ശിച്ചിട്ടുള്ളവ. മൂന്നാമതായി അദ്ദേഹത്തെ നേരിട്ട് പരിചയമുള്ളവരോ അങ്ങനെയുള്ളവരില്‍ നിന്ന് നേരിട്ടറിവുള്ളവരില്‍ നിന്ന് ലഭിക്കുന്ന വിവരണങ്ങള്‍.

1. സഭാഭരണഘടന രൂപീകരണവും പാറേട്ട് മാത്യൂസച്ചനും

സഭാഭരണഘടനയുടെ രൂപീകരണത്തില്‍ പാറേട്ട് മാര്‍ ഈവാനിയോസിന്‍റെ പങ്കിനെക്കുറിച്ച് ചരിത്രപരമായ രേഖകള്‍ ഇല്ല എന്നുതന്നെ വേണം പറയുവാന്‍. അല്പമെങ്കിലുമുള്ളത് അദ്ദേഹത്തിന്‍റെ സഹോദരനും സഭാചരിത്രകാരനുമായിരുന്ന ഇസ്സഡ്. എം. പാറേട്ടിന്‍റെ രചനകളിലും അദ്ദേഹത്തിന്‍റെ ഡയറിക്കുറിപ്പുകളിലുമാണ്. ഇതില്‍ ഡയറി ഞാന്‍ കണ്ടിട്ടില്ല. പഴയസെമിനാരി ആര്‍ക്കൈവ്സിലുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ അവ പലതും പാറേട്ട് ഉദ്ധരിച്ചിട്ടുള്ളതിനാല്‍ അവ എന്‍റെ വാദങ്ങള്‍ ശരിവയ്ക്കുവാന്‍ മതിയായവയാണ്. 1934-ലെ മലങ്കരസഭാ ഭരണഘടനാ ശില്‍പ്പിയായ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസിന്‍റെ വലംകൈയായി പ്രവര്‍ത്തിച്ച ശിഷ്യന്‍ എന്ന നിലയില്‍ മലങ്കരസഭാ ഭരണഘടനാ രൂപീകരണത്തില്‍ പാറേട്ട് മാത്യൂസ് കത്തനാരുടെ സംഭാവന നിര്‍ണ്ണായകമായിരുന്നു. വിശ്വസ്തനും ബുദ്ധിമാനുമായിരുന്ന മാര്‍ ഈവാനിയോസ് ശെമ്മാശ്ശനായിരിക്കുന്ന കാലംമുതല്‍ വട്ടശ്ശേരില്‍ മല്പാന്‍റെ കണ്ണിലുണ്ണിയായിരുന്നു. അതുകൊണ്ടുതന്നെ പല പ്രധാന കാര്യങ്ങളും തിരുമേനി അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മാത്രമല്ല, മറ്റുള്ളവര്‍ക്ക് നേരിട്ടു പറയാന്‍ ധൈര്യമില്ലാത്ത കാര്യങ്ങള്‍ തിരുമേനിയിലെത്തിച്ചിരുന്നത് പാറേട്ടച്ചന്‍ മുഖേനയായിരുന്നു. അതുതന്നെ തിരുമേനിക്ക് അദ്ദേഹത്തോടുള്ള അടുപ്പം സൂചിപ്പിക്കുന്നു. റീത്തുപ്രസ്ഥാനം ഉണ്ടാക്കി പോയ ബഥനിയുടെ മാര്‍ ഈവാനിയോസിനു വേണ്ടി മദ്ധ്യസ്ഥത നടത്തിയതും പാറേട്ടച്ചനാണ്. സൗമ്യനും വിജ്ഞാനിയും ആഢ്യത്വമുള്ളവനുമെന്ന നിലയില്‍ പാറേട്ടച്ചന്‍ പൊതു സമ്മതനായിരുന്നു.

സഭാ ഭരണഘടനയുടെ കാര്യത്തിലും ഈയൊരു മാദ്ധ്യസ്ഥം കാണുന്നുണ്ട്. പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ മനസ്സിലുണ്ടായിരുന്ന ഭരണഘടന ഇന്നു നാം കാണുന്നതില്‍ നിന്ന് അല്പം വ്യത്യസ്തമായിരുന്നു. അദ്ദേഹം എപ്പിസ്കോപ്പസിക്ക് പ്രാമുഖ്യം വേണമെന്ന് വാദിച്ചിരുന്നു. എന്നാല്‍ അല്മായ പ്രമുഖര്‍ അതിനു തയ്യാറായില്ല. തിരുമേനി ഒരു ഭാഗത്തും അല്മായ പ്രതിനിധികള്‍ മറുഭാഗത്തുമായി നിന്ന് ശക്തമായ വാദപ്രതിവാദം നടത്തി. അതുകൊണ്ടുതന്നെ അഭിപ്രായ രൂപീകരണം സാധിച്ചില്ല. ആയതിനാല്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി കാലം ചെയ്ത് പത്തു മാസങ്ങള്‍ക്കുശേഷം 1934 ഡിസംബര്‍ 28-ാം തീയതിയാണ് ഭരണഘടന പാസാക്കുന്നത്. ഇസ്സഡ്. എം. പാറേട്ടിന്‍റെ രചനകളില്‍ നിന്ന് മനസ്സിലാകുന്ന ഒരു കാര്യം അല്മായ പ്രതിനിധികള്‍ പലപ്പോഴും വട്ടശ്ശേരില്‍ തിരുമേനിയോട് സംസാരിച്ചിരുന്നത് നേരിട്ടായിരുന്നില്ല, മറിച്ച് പാറേട്ടച്ചന്‍ മുഖാന്തിരമായിരുന്നു എന്നാണ്.

ഭരണഘടനാ രൂപീകരണത്തിന്‍റെ പ്രാരംഭ നടപടികളെക്കുറിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമല്ല എന്നാണ് ഇസ്സഡ്. എം. പാറേട്ട് പറയുന്നത് (ഇസ്സഡ്. എം. പാറേട്ട്, വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, പേജ് 532). ഇതിനെക്കുറിച്ചുള്ള വട്ടശ്ശേരില്‍ തിരുമേനിയുടെ ഡയറിക്കുറിപ്പുകള്‍ ലഭ്യമല്ല. എന്നാല്‍ ഭരണഘടനയുടെ രൂപീകരണത്തെ സംബന്ധിച്ച് പാറേട്ടച്ചന്‍റെ ചില ഡയറിക്കുറിപ്പുകള്‍ ലഭ്യമാണ്. അതില്‍ നിന്ന് പാറേട്ട് മാത്യൂസച്ചന് ഭരണഘടനാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ സ്ഥാനമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. പാറേട്ടച്ചന്‍റെ ഡയറിക്കുറിപ്പുകളില്‍ ഇപ്രകാരം പറയുന്നു. ڇ104 മേടം 5. ബഥനിയില്‍ നിന്ന് ഉച്ചനമസ്കാരം കഴിഞ്ഞ് പോന്നു… എം.ഡി. കാര്യങ്ങളെക്കുറിച്ചും എം.ഡി. യില്‍ കൂടാന്‍ പോകുന്ന, സഭാ ഭരണവ്യവസ്ഥകളൊക്ക സംബന്ധിച്ച് ആലോചിക്കുന്നതിനുള്ള യോഗത്തെ സംബന്ധിച്ചും മെത്രാച്ചനുമായി സംസാരിച്ചു.ڈ (പാറേട്ട്, മാര്‍ ദീവന്നാസ്യോസ്, പേജ് 532). ഇവിടെ പറയുന്ന മെത്രാന്‍ ബഥനി മെത്രാനാണെന്ന് പാറേട്ട് പറയുന്നു. തീര്‍ച്ചയായും മാര്‍ ദീവന്നാസ്യോസിന്‍റെ ദൂതനായി മാത്യൂസച്ചനെ ബഥനിയിലേക്ക് പറഞ്ഞുവിട്ടതാകാനാണ് സാധ്യത. വീണ്ടും മേടം 7-ലെ ഡയറിക്കുറിപ്പ് ഇങ്ങനെ പറയുന്നു: ڇകോട്ടയത്ത് ഭരണഘടനയെ സംബന്ധിച്ച് ആലോചിക്കുന്നതിനു കൂടാന്‍ പോകുന്ന യോഗം, നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും എപ്പിസ്കോപ്പാമാര്‍ക്കുള്ള അധികാരം സംബന്ധിച്ച് ഒരു നിശ്ചയം പാസാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ജോണ്‍ വക്കീലിനെഴുതി.ڈ ഈ രണ്ടു പ്രസ്താവനകളില്‍ നിന്ന് പാറേട്ട് മാത്യൂസച്ചന് ഭരണഘടനാ നിര്‍മ്മാണത്തിന്‍റെ പ്രാരംഭഘട്ടം മുതല്‍ തന്നെ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. അദ്ദേഹം മാര്‍ ദീവന്നാസ്യോസിന്‍റെ വിശ്വസ്തനും വലംകൈയും ഭരണകാര്യങ്ങളില്‍ സഹായിക്കുന്ന കാര്യസ്ഥനും ഒക്കെ ആയിരുന്നു. അദ്ദേഹം അറിയാതെ ആ നാളുകളില്‍ ഒന്നും നടന്നിരുന്നില്ല എന്നു വേണം കരുതുവാന്‍. പാറേട്ടച്ചന്‍റെ ഡയറിക്കുറിപ്പുകളില്‍ 104 മേടം 11-ാം തീയതി എം.ഡി. സെമിനാരിയില്‍ ഭരണഘടനാ നിര്‍മ്മാണത്തിനു കൂടിയ പൊതുയോഗം വിശ്വാസം, ശിക്ഷണം എന്നിവയില്‍ മെത്രാന്മാരുടെ സുന്നഹദോസിന് പരമാധികാരവും എന്നാല്‍ മറ്റു വിഷയങ്ങളില്‍ പൊതുയോഗത്തിന് പൂര്‍ണ്ണാധികാരവും ലഭിക്കുന്ന രീതിയില്‍ ഭരണഘടന തയ്യാറാക്കുന്നതിന് ഒരു വിഷയ നിര്‍ണ്ണയ കമ്മിറ്റിയെ നിയോഗിച്ചു. നൂറിലധികം പേര്‍ സംബന്ധിച്ചു എന്ന് കാണുന്നു. ആ വര്‍ഷം തന്നെ കര്‍ക്കിടക മാസം 32-ാം തീയതി (32 എന്നു പുസ്തകത്തിലുള്ളത് അതു പോലെ എഴുതിയിരിക്കുന്നതാണ്. ചിലപ്പോള്‍ അത് പിശകു വന്നതാകാനാണ് സാധ്യത) മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്ത ആദ്യമായി ഭരണഘടനയെ സംബന്ധിച്ച് ആലോചന നടന്നു. ڇമാനേജിംഗ് കമ്മിറ്റി മെമ്പറമ്മാരെ കൂടാതെ ക്ഷണിക്കപ്പെട്ട മാന്യന്മാരായി പത്തു മുപ്പതുപേര്‍ ഉണ്ടായിരുന്നു. ബാവായും വല്യ മെത്രാച്ചനും ചാക്കോ സൂപ്രണ്ട്, എം. ഫീലിപ്പോസ്, റ്റി. ജോസഫ് മുതലായവരു പ്രസംഗിച്ചു. ഒടുവില്‍ Faith and Order ല്‍ മാത്രമല്ല മറ്റെല്ലാ കാര്യങ്ങളിലും അവസാനാധികാരം സുന്നഹദോസിനാണെന്ന് എ. എം. വര്‍ക്കി, ഒ. എം. ചെറിയാന്‍, റ്റി. ജോസഫ് മുതലായവര്‍ ജനപക്ഷത്തു നിന്ന് സമ്മതിച്ചു. അങ്ങനെ സമ്മതിച്ചത് ചുരുക്കം ചിലര്‍ കൂടി ആലോചിച്ചാണ്ڈ (പാറേട്ട്, വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, പേജ് 532). മേല്‍പ്പറഞ്ഞ ഡയറിക്കുറിപ്പുകളില്‍ നിന്ന് വലിയമെത്രാപ്പോലീത്തായും അല്‍മായ പ്രതിനിധികളും തമ്മില്‍ അധികാര സീമയെ സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു എന്നും ഇരു കൂട്ടരും വീറോടെ അവരവരുടെ ഭാഗം ന്യായീകരിച്ച് തര്‍ക്കിച്ച് അവസാനം വളരെ കുറച്ചു പേരുടെ നിര്‍ബന്ധത്തിനു വഴങ്ങി അത്മായ പ്രതിനിധികള്‍ എല്ലാത്തിന്‍റെയും അവസാന വാക്ക് സുന്നഹദോസാണെന്ന് തീരുമാനിക്കുകയുമായിരുന്നു എന്ന് വേണം പരോക്ഷമായി മനസ്സിലാക്കുവാന്‍. മാമ്മന്‍ മാപ്പിള തുടങ്ങിയ അല്‍മായ പ്രമുഖര്‍ ഈ തീരുമാനത്തോട് വൈമുഖ്യം പ്രകടിപ്പിച്ചവരായിരിക്കണം. എന്നാല്‍ ഈ ഒത്തുതീര്‍പ്പുകൊണ്ടൊന്നും തര്‍ക്കം അവസാനിക്കുന്നില്ല എന്ന് തുടര്‍ന്നു കാണുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന് മനസ്സിലാക്കാം.

105 ചിങ്ങം 1-ാം തീയതിയിലെ ഡയറിക്കുറിപ്പില്‍ ڇപഴയസെമിനാരിയില്‍ ഒരു മണിക്ക് യോഗം കൂടി ഭരണഘടനയെ സംബന്ധിച്ചുള്ള ആലോചന യോജിപ്പായിത്തീര്‍ന്നു. വിശ്വാസാചാരങ്ങളുടെയും മറ്റുള്ളവയുടെയും പരമാധികാരം മെത്രാന്മാരുടെ സുന്നഹദോസിനാണെന്ന് സമ്മതിച്ചു. ഘടന എഴുതുന്നതിന് പത്തുപേരെ ചേര്‍ത്ത് ഒരു കമ്മിറ്റിയെ നിയമിച്ചു. പൂതക്കുഴിയിലച്ചന്‍, മാമ്മന്‍ മാപ്പിള, ഒ. എം. ചെറിയാന്‍, ജോണ്‍ വക്കീല്‍ മുതലായവരാണ്ڈ എന്നു കാണുന്നു. ഇതിനു ശേഷം എട്ടു മാസങ്ങള്‍ക്ക് ശേഷം മേട മാസത്തിലെ ഡയറിക്കുറിപ്പിലാണ് വീണ്ടും ഭരണഘടനയെക്കുറിച്ച് പറയുന്നതെന്ന് പാറേട്ട് പറയുന്നു. 16-ാം തീയതിയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു, ڇരാവിലെ കോട്ടയത്തു പോയി. മെത്രാച്ചന്‍ എഴുതി വന്ന ഭരണഘടന വായിച്ചു നോക്കിڈ (പാറേട്ട്, പേജ് 533). ഈ രണ്ടു പ്രസ്താവനകളില്‍ നിന്ന് പാറേട്ടച്ചന്‍ ഒന്നുകില്‍ ഭരണഘടനാ നിര്‍മ്മാണ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു അഥവാ മെത്രാപ്പോലീത്തായുടെ ആജ്ഞാനുവര്‍ത്തിയായി പുറമെ നിന്ന് സസൂഷ്മം വിലയിരുത്തുകയും മെത്രാപ്പോലീത്തായ്ക്ക് ഉപദേശം നല്‍കുന്നുണ്ടായിരുന്നു എന്ന് അനുമാനിക്കാം. പ്രത്യേകിച്ച് രണ്ടാമത്തെ പ്രസ്താവന ഈ രണ്ട് അനുമാനങ്ങള്‍ക്കും ശക്തി പകരുന്നതാണ്. മെത്രാപ്പോലീത്താ എഴുതിക്കൊണ്ടിരിക്കുന്ന നക്കല്‍ പാറേട്ടച്ചനെ കാണിക്കണമെങ്കില്‍, പ്രത്യേകിച്ചും മെത്രാപ്പോലീത്തായുടെ ആശയങ്ങളോട് പലര്‍ക്കും ശക്തമായ എതിര്‍പ്പുള്ള പശ്ചാത്തലത്തില്‍, മെത്രാപ്പോലീത്തായ്ക്ക് അത്രമേല്‍ വിശ്വാസം പാറേട്ടച്ചനോടുണ്ടായിരുന്നു എന്നു വേണം കരുതുവാന്‍. എന്നാല്‍ മാത്യൂസച്ചന്‍ ഭരണഘടനാ നിര്‍മ്മാണക്കമ്മിറ്റിയില്‍ ആദിമുതല്‍ അവസാനം വരെയുമുണ്ടായിരുന്നു എന്ന് പുതുപ്പള്ളിപള്ളി എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നു. മാത്രമല്ല എല്ലാ സുപ്രധാന കമ്മിറ്റികളിലും അദ്ദേഹം അംഗമായിരുന്നു (പാറേട്ട്, പുതുപ്പള്ളി പള്ളി, പേജ് 261). മേല്‍പ്പറഞ്ഞ തെളിവുകള്‍ പാറേട്ട് മാര്‍ ഈവാനിയോസിന് മലങ്കരസഭയുടെ ഭരണഘടനാ രൂപീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം

2. പാറേട്ട് മാര്‍ ഈവാനിയോസ് ഭരണഘടനയുടെ കാവല്‍ക്കാരന്‍

രണ്ടാമതായി, നമുക്ക് ലഭ്യമാകുന്ന ജീവിക്കുന്ന തെളിവുകള്‍ ഒരു മെത്രാപ്പോലീത്താ എന്ന നിലയില്‍ പാറേട്ട് മാര്‍ ഈവാനിയോസ് പുറപ്പെടുവിച്ച കല്പനകളാണ്. ഈ കല്പനകള്‍ താന്‍ കൂടെ ചേര്‍ന്നുണ്ടാക്കിയ ഭരണഘടന സഭയില്‍ എപ്രകാരം അദ്ദേഹം നടപ്പില്‍ വരുത്തി എന്നതിന്‍റെ തെളിവുകളാണ്. അവയില്‍ ചിലത് ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് അതിന്‍റെ വിശദീകരണം കൂടെയാണ്. അതിനൊരുദാഹരണമാണ് താഴെപ്പറയുന്ന കല്പന. സഭയുടെ കെട്ടുപാടില്‍ നിന്നുകൊണ്ട് വൈദികരും ഭരണസമിതിയും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അങ്ങേയറ്റം ആഗ്രഹിക്കുകയും കല്പനകളിലൂടെ നിരന്തരം ഓര്‍പ്പിക്കുകയും ചെയ്തിരുന്നു. പട്ടക്കാരുടെ അടിസ്ഥാനയോഗ്യതയെ സംബന്ധിച്ച് ഭരണഘടന അനുശാസിക്കുന്നെങ്കിലും തുടര്‍വിദ്യാഭ്യാസത്തെപ്പറ്റിയോ അവരുടെ ഇടവകയിലെ ആത്മീയവും ഭൗതികവുമായ ചുമതലകളെക്കുറിച്ച് വിശദമായി അതില്‍ പ്രതിപാദിക്കുന്നില്ല. എന്നാല്‍ മാര്‍ ഈവാനിയോസ് കാലത്തിനു മുമ്പേ പറക്കുന്ന പക്ഷിയായിരുന്നു. കാലാകാലങ്ങളില്‍ വൈദികര്‍ റിഫ്രഷര്‍ കോഴ്സുകള്‍ ചെയ്യണമെന്നും അവരവരുടെ ഇടവകപ്രവര്‍ത്തനങ്ങള്‍ ഡയറി എഴുതി സൂക്ഷിക്കണമെന്നും മാസാമാസം സ്റ്റേറ്റുമെന്‍റ് മെത്രാസന ഓഫീസില്‍ സമര്‍പ്പിക്കണമെന്നും അപ്രകാരം ചെയ്യാത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്നും കല്പിക്കുന്നു (കല്പന 43/76, 26/1/1976).

ഇടവക ഭരണസമിതി തെരഞ്ഞെടുപ്പ് ഭരണഘടനാനുസൃതമായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ക്രിസ്തുമസ്സിനോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ചും ഇടവകഭരണസമിതിയെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് മിക്കവാറും എല്ലാ വര്‍ഷവും കല്പന പുറപ്പെടുവിച്ചിരുന്നു. 1971 ഡിസംബര്‍ മാസം 16-ാം തീയതി അയച്ച 418/71 കല്പനയുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ڇഈ മാസത്തിലാണല്ലോ നമ്മുടെ എല്ലാ പള്ളികളിലും പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്. ആയതിനാല്‍ നാം നിങ്ങളെ ചില കാര്യങ്ങള്‍ അനുസ്മരിപ്പിക്കുന്നു. പൊതുയോഗത്തിന്‍റെ നടത്തിപ്പിന് അത്യന്താപേക്ഷിതമായ പൊതുയോഗ രജിസ്റ്റര്‍ എല്ലാ പള്ളികളിലും ക്രമമായി എഴുതി സൂക്ഷിക്കുകയും ആണ്ടുതോറും പുതുക്കുകയും ചെയ്യണം. ഇടവകരജിസ്റ്ററും മൂന്നു കൊല്ലത്തിലൊരിക്കല്‍ കാലാനുസൃതമാക്കേണ്ടതുമാവശ്യമാണ്. പള്ളിയില്‍ വര്‍ഷംതോറും തെരഞ്ഞെടുക്കുന്നത് ട്രസ്റ്റിയെ അല്ല, കൈക്കാരനെയാണ്. അതുപോലെ സെക്രട്ടറിക്ക് പള്ളിയുടെ മുതല്‍സംബന്ധമായോ കണക്കു സംബന്ധമായോ മറ്റു കമ്മിറ്റി അംഗങ്ങളേക്കാള്‍ കൂടുതലായി യാതൊരു ചുമതലയുമില്ല. എന്നാല്‍ പള്ളിക്കമ്മിറ്റിയുടെയും പൊതുയോഗത്തിന്‍റെയും മിനിറ്റ്സുകള്‍ എഴുതി സൂക്ഷിക്കേണ്ടത് സെക്രട്ടറിയുടെ ചുമതലയാണ്. എല്ലാ പൊതുയോഗത്തിന്‍റേയും മിനിറ്റ്സ് അപ്പഴപ്പോള്‍ നമുക്ക് അയച്ചുതരേണ്ടതാണ്. ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന പൊതുയോഗത്തിന്‍റെ മിനിറ്റ്സ് ഒരാഴ്ചക്കകം അയക്കേണ്ടതും, നമ്മുടെ അംഗീകാരത്തിനു ശേഷം മാത്രം ഭരണസമിതി ചാര്‍ജ്ജ് എടുക്കേണ്ടതുമാണ്. വര്‍ഷാരംഭത്തില്‍ത്തന്നെ ബജറ്റു പാസാക്കി അതിന്‍റെ രണ്ടു കോപ്പി നമുക്ക് അയച്ചുതരണം. നാം അംഗീകരിച്ച് തിരിച്ചയച്ചുതരുന്ന ബജറ്റ് അനുസരിച്ചു മാത്രം പണം ചെലവു ചെയ്യേണ്ടതാണ്. പള്ളിയില്‍ അപ്പഴപ്പോള്‍ വരുന്ന പണം ഭദ്രാസന വിഹിതം പോലും അടക്കാതെ കൈക്കാരന്‍ മറ്റു കാര്യങ്ങള്‍ക്കുപയോഗിച്ചുവരുന്നതായി പരാതി വരുന്നുണ്ട്. ആകയാല്‍ നിയമപ്രകാരമുള്ള ചെലവുകള്‍ കഴിച്ച് ബാക്കിവരുന്ന തുക കൈക്കാരന്‍ വശം വച്ചുകൊണ്ടിരിക്കാതെ വികാരിയുടേയും കൈക്കാരന്‍റേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കേണ്ടതാണ്. വര്‍ഷാവസാനം പൊതുയോഗം പാസാക്കുന്ന തെരട്ടിന്‍റെ രണ്ടു കോപ്പികള്‍ കൂടി നമുക്കയക്കേണ്ടതാണ്.ڈ 1979 ഡിസംബര്‍ 15-ന് അയച്ച മേല്‍പ്രസ്താവിച്ചപോലുള്ള മറ്റൊരു കല്പനയില്‍ ഇപ്രകാരം പറയുന്നു. ڇപുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ്, വാര്‍ഷിക കണക്കുകള്‍ ബജറ്റ് എന്നിവ പാസാക്കുക തുടങ്ങിയ ഇടവക ഭരണസംബന്ധമായ എല്ലാ കാര്യങ്ങളും ക്രമപ്രകാരം യഥാസമയം നടന്നുകാണുവാന്‍ നാം ആഗ്രഹിക്കുന്നു. ഓരോ പള്ളി ഇടവകയും സഭയുടെ ഘടകമാണെന്ന് സഭാമക്കള്‍ പ്രത്യേകം തിരിച്ചറിയണം. വാര്‍ഷിക തെരഞ്ഞെടുപ്പുയോഗങ്ങള്‍ സഭാ ഭരണഘടനയനുസരിച്ച് കൂടേണ്ടതും വിവരം വികാരിമാര്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ നിയമാനുസരണം യോഗം കൂടിയെന്ന് രേഖപ്പെടുത്തേണ്ടതുമാണ്.ڈ
വര്‍ഷംതോറും എല്ലാ പള്ളികളിലും ഭദ്രാസനപ്രതിനിധികള്‍ ഭദ്രാസനസെക്രട്ടറിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് വരവുചിലവുകളും ആത്മീയകാര്യങ്ങളും പരിശോധിക്കുക പതിവായിരുന്നു. ഒരു പള്ളിയില്‍ അപ്രകാരം മുന്‍കൂട്ടി അറിയിച്ച് സന്ദര്‍ശിച്ച അവസരത്തില്‍ വികാരിയും മറ്റു വേണ്ടപ്പെട്ടവരും ഉണ്ടായിരുന്നില്ല. മുന്‍കൂട്ടി അറിയിച്ചിട്ട് ചെന്നിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ ഹാജരാകാഞ്ഞതിന് ആ പള്ളിവികാരിയെ ശാസിച്ചെഴുതിയ ഒരു കല്പന കാണുകയുണ്ടായി. വീണ്ടും മെത്രാസന പ്രതിനിധികള്‍ ആ ഇടവക സന്ദര്‍ശിച്ച് ഇന്‍സ്പെക്ഷന്‍ നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിച്ചതിന്‍റെ വെളിച്ചത്തില്‍ ആ പള്ളിക്ക് അയച്ച കല്പനയില്‍ ഇപ്രകാരം പറയുന്നു. ڇനമ്മുടെ … പള്ളിക്ക്, 1975 ഒക്ടോബര്‍ മാസം 13-ാം ന് നമ്മുടെ മെത്രാസന സെക്രട്ടറിയും മറ്റും അവിടെ വന്നു നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. അവിടെ ആദ്ധ്യാത്മിക സംഘടനകള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നറിയുന്നതില്‍ നമുക്ക് സന്തോഷമുണ്ട്. പ്രര്‍ത്ഥനായോഗം കൂടി എത്രയുംവേഗം ആരംഭിക്കണം. ഫയലുകള്‍ ശരിയായി സൂക്ഷിക്കണം. നാളാഗമവും പള്ളി റിക്കാര്‍ഡുകളുടെ ഒരു രജിസ്റ്ററും കൂടെ ഉണ്ടാക്കണം. ആ പള്ളിയുടെ ഫയലുകള്‍ നാം പരിശോധിച്ചിട്ട് 1962-ന് ശേഷം പൊതുയോഗ റിപ്പോര്‍ട്ട്, തെരട്ട്, ബജറ്റ് ഇവയൊന്നും ഇവിടെ കിട്ടിയിട്ടില്ല. ഇടവകയോഗത്തിന്‍റെ നിശ്ചയങ്ങള്‍ അപ്പഴപ്പോള്‍ വികാരി ഇടവകമെത്രാപ്പോലീത്തായിക്ക് അയച്ചുകൊടുക്കണമെന്ന് ഭരണഘടനയുടെ 18-ാം വകുപ്പിലും മാനേജിംഗ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിനേപ്പറ്റി യോഗനടപടിയുടെ പകര്‍പ്പോടുകൂടി വികാരി ഇടവക മെത്രാപ്പോലീത്തായ്ക്ക് ഒരാഴ്ചക്കകം റിപ്പോര്‍ട്ടു ചെയ്ത് രേഖാമൂലം അനുമതി വാങ്ങണമെന്ന് 27-ാം വകുപ്പിലും പറഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് മേല്‍പ്പറഞ്ഞവ അയക്കാതിരിക്കുന്നത്? ഇനിയെങ്കിലും പൊതുയോഗ നിശ്ചയങ്ങളും റിപ്പോര്‍ട്ടുകളും യഥാസമയം ക്രമമായി അയക്കണം. വര്‍ഷാരംഭത്തില്‍ത്തന്നെ ഭരണസമിതി ചാര്‍ജ്ജ് എടുക്കത്തക്കവിധം തെരഞ്ഞെടുപ്പു നടത്തി റിപ്പോര്‍ട്ട് ചെയ്ത് നിയമന കല്പന വാങ്ങിക്കേണ്ടതാണ്. സഭാ ഭരണഘടനയ്ക്കും മേലധികാരികളുടെ കല്പനകള്‍ക്കും വിധേയമായാണ് ഇടവകഭരണം നടക്കേണ്ടത് … (422/75, കുറിയാക്കോസ് ദയറാ 1975 ഒക്ടോബര്‍ 1).ڈ

മേല്‍പ്പറഞ്ഞ കല്പനകളിലൂടെയെല്ലാം അദ്ദേഹം അര്‍ത്ഥമാക്കുന്നത് ഇടവകപ്പള്ളി സഭയുടെ ഭാഗമാണെന്നും സഭാപിതാക്കന്മാരറിയാതെ ഇടവക ഭരണം പാടില്ലെന്നും 1934-ലെ ഭരണഘടനപ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന് നിഷ്കര്‍ഷിക്കുകയുമാണ്. അദ്ദേഹം ഒരച്ചനെ പള്ളിയില്‍ നിയമിച്ചാല്‍ അച്ചന്‍ പള്ളിയില്‍ പോയി ചാര്‍ജ്ജെടുത്തു എന്ന് രേഖാമൂലം അദ്ദേഹത്തെ അറിയിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. അദ്ദേഹത്തിന്‍റെ ഇടവകപ്പള്ളിയായ പുതുപ്പള്ളി പള്ളി 1958-ലെ യോജിപ്പിനു ശേഷവും കേസ് നടത്തിക്കൊണ്ടുപോയി. എല്ലാ മെത്രാപ്പോലീത്താമാരും അദ്ദേഹത്തെ അതിനു വിമര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, കേസ് പിന്‍വലിക്കാം. പക്ഷേ എതിര്‍ കക്ഷികള്‍ നിരുപാധികം 1934-ലെ ഭരണഘടന അംഗീകരിക്കുന്നു എന്നു പറഞ്ഞ് എഗ്രിമെന്‍റ് എഴുതിക്കൊടുക്കണം. അതിന്‍പ്രകാരം അവിടുത്തെ പാത്രിയര്‍ക്കീസ് കക്ഷിയിലുള്ളവരുമായി 1968-ല്‍ ഭരണഘടനയ്ക്കു വിധേയമായി ഒരു ഡിക്രി എഴുതിയുണ്ടാക്കി. അത് പ്രാവര്‍ത്തികമാക്കുവാന്‍ വേണ്ടി കടിയന്‍തുരുത്തില്‍ യേശുക്കത്തനാരെ രണ്ടു തവണ മറ്റു പള്ളികളില്‍ നിയമിക്കുകയും ചെയ്തു (വിവരത്തിന് പെരിയോര്‍മറ്റത്തില്‍ പി. കെ. സഖറിയാ അച്ചനോട് കടപ്പാട്). മണര്‍കാടു പള്ളിയെക്കൊണ്ടും 1964-ല്‍ ഭരണഘടന സ്വീകരിക്കുന്നതായി എഴുതി വാങ്ങിച്ചിരുന്നു. പുതുപ്പള്ളിപ്പള്ളി, ഇടവകക്കാരുടേതാണെന്ന ലീഗുകേസിലുണ്ടായ വിധി ഇതിനകം തന്നെ വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളതു കൊണ്ടും പാത്രിയര്‍ക്കീസ് കക്ഷിയിലുള്ളവരുടെ ശരിയായ സ്വഭാവം അറിയാവുന്നതുകൊണ്ടുമാണ് അദ്ദേഹം അതിന് ശഠിച്ചത്. ഇതേപോലൊരു എഗ്രിമെന്‍റ് സഭ യോജിച്ചപ്പോള്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇന്ന് നാമനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഇതെല്ലാം അദ്ദേഹത്തിന്‍റെ ദീര്‍ഘദൃഷ്ടിയെ ആണ് കാണിക്കുന്നത്.

പുതുപ്പള്ളിപ്പള്ളി ഭരണഘടന അംഗീകരിക്കുവാന്‍ വിസമ്മതിക്കുകയും ഓരോ ക്ലോസും വായിച്ച് ചര്‍ച്ച ചെയ്തേ അംഗീകരിക്കുവാന്‍ സാധിക്കൂ എന്ന് പാത്രിയര്‍ക്കീസ് പക്ഷത്തു നിന്നവര്‍ ശഠിച്ചപ്പോള്‍ അത് പ്രായോഗികമല്ലെന്നും അപ്പാടെ അംഗീകരിക്കണമെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. അപ്രകാരം നടപ്പില്‍ വരുത്തുകയും ചെയ്തു. ഒരിക്കല്‍ ചങ്ങനാശ്ശേരി പള്ളിയിലെ പ്രത്യേക സാഹചര്യത്തില്‍ പള്ളിപ്പൊതുയോഗം സ്ത്രീകളെക്കൂടി പള്ളിക്കമ്മിറ്റിയിലുള്‍പ്പെടുത്തി. എന്നാല്‍ തിരുമേനി അത് തള്ളിക്കളയുകയും ഭരണഘടന അനുസരിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു (അവലംബം ഗുരുരത്നം ഫാ. ഡോ. റ്റി. ജെ. ജോഷ്വാ).

പള്ളികളുടെ ആത്മീയവും ലൗകികവുമായ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അടുക്കും ചിട്ടയും വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അത് പുതുപ്പള്ളി പള്ളിയില്‍ വികാരിയായിരുന്ന കാലം മുതല്‍ കാണാവുന്നതാണ്. ڇഇന്നത്തെ മര്‍ത്തമറിയം വനിതാസമാജം ആരംഭിക്കുന്നതിനു വളരെ മുമ്പ്, സ്ത്രീകള്‍ ഞായറാഴ്ചതോറും പള്ളിയില്‍ കൂടുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നതിന് ഒരു സ്ത്രീസമാജത്തിന് മാത്യൂസ് കത്തനാര്‍ രൂപം നല്‍കി. പള്ളി റിക്കാര്‍ഡുകള്‍ അച്ചടിച്ചുതന്നെ ശരിപ്പെടുത്തി.. മാമോദീസാ, വിളിച്ചു ചൊല്ല്, വിവാഹം, ശവംഅടക്കല്‍ ഇവയ്ക്ക് രജിസ്റ്ററുകള്‍ അച്ചടിപ്പിച്ചു. വിവാഹകുറി, ദേശകുറി ഇവയും അച്ചടിപ്പിച്ചു. രജിസ്റ്ററും മറ്റും ശരിക്ക് എഴുതുക പതിവാക്കി. കൂടാതെ ഓരോ ദിവസവും ഇടവകസംബന്ധമായി നടക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഒരു നാളാഗമം പ്രത്യേകം അച്ചടിപ്പിച്ചു ബയന്‍റ് ചെയ്ത് അതും എഴുതിത്തുടങ്ങി…..ڈ (ഇസ്സഡ്. എം. പാറേട്ട്, പുതുപ്പള്ളി പള്ളി, പേജ് 258).

അദ്ദേഹം മെത്രാപ്പോലീത്താ ആയതിനു ശേഷം പള്ളികളുടെ അക്കൗണ്ട്സ് ദേശസാല്‍കൃത ബാങ്കുകളിലായിരിക്കണമെന്നും അത് വികാരിയുടെയും കൈക്കാരന്‍റെയും പേരിലായിരിക്കണമെന്നും നിര്‍ബന്ധമാക്കി. നിശ്ചിത തുകയില്‍ കൂടുതല്‍ കൈക്കാരന്‍ കയ്യില്‍ വച്ചുകൊണ്ടിരിക്കാന്‍ പാടില്ല. പള്ളികള്‍ക്ക് വസ്തുക്കള്‍ വാങ്ങുമ്പോള്‍ അത് മലങ്കരമെത്രാപ്പോലീത്തായുടെ പേരില്‍ വാങ്ങണം. പള്ളിയില്‍ വിശുദ്ധന്മാരുടെ ഛായാചിത്രം മാത്രമേ വയ്ക്കുവാന്‍ പാടുള്ളൂ. (ڇനമ്മുടെ ചില പള്ളികളില്‍ മരിച്ചുപോയ പട്ടക്കാരുടേയും മേല്‍പ്പട്ടക്കാരുടേയും ഛായാപടങ്ങള്‍ വച്ചിട്ടുള്ളതായി അറിയാം. പരിശുദ്ധന്മാരുടെ പടങ്ങള്‍ മാത്രമേ പള്ളികളില്‍ വയ്ക്കുന്നതിന് സഭ അനുവദിച്ചിട്ടുള്ളൂ എന്ന് നിങ്ങള്‍ അറിയണമെന്ന് നാമാഗ്രഹിക്കുന്നു.ڈ അതേ കല്പനയില്‍ കാണുന്ന മറ്റൊരു പ്രധാന സംഗതി സന്ദര്‍ഭവശാല്‍ പറയുന്നു, ڇപള്ളികള്‍ പൊളിക്കുന്നതും താല്ക്കാലിക കെട്ടിടങ്ങളിലോ പള്ളിമുറിയിലോ വച്ചോ വി. കുര്‍ബ്ബാന അനുഷ്ഠിക്കുന്നതും മേല്പ്പട്ടക്കാരുടെ അനുമതിയോടു കൂടി വേണ്ടതാണ്.ڈ) (Bishop House Puthuppally 17121962). എന്നീ കാര്യങ്ങള്‍ നിര്‍ബന്ധമാക്കി. വൈദികരുടെ ശമ്പള പരിഷ്കരണം, സ്ഥലംമാറ്റം ഇവ നടപ്പിലാക്കി. ‘ഇടവകപട്ടക്കാര്‍’ എന്ന പേരില്‍ ഒരു ഇടവകയ്ക്കു വേണ്ടി മാത്രം പട്ടമേല്‍ക്കുന്ന സമ്പ്രദായം നിര്‍ത്തല്‍ ചെയ്തു (അവലംബം പെരിയോര്‍മറ്റത്തില്‍ ഫാ. പി. കെ. സഖറിയാ). പുതുപ്പള്ളിപ്പള്ളി വികാരി എന്ന നിലയില്‍ മേല്‍പ്പറഞ്ഞവയെല്ലാം വളരെ കൃത്യമായും ക്രമമായും അദ്ദേഹം പാലിച്ചിരുന്നുവെന്ന് നാം മനസ്സിലാക്കണം (വിശദ വിവരത്തിന് കാണുക: കെ. വി. മാമ്മന്‍, പാറേട്ടു വലിയ മാര്‍ ഈവാനിയോസ് മലങ്കരസഭയുടെ അതുല്യ ശക്തിദുര്‍ഗ്ഗം, പേജ് 57).

ഭരണഘടന ഇടവപള്ളികകള്‍ക്ക് മാത്രം ബാധകമാകുന്ന ഒന്നായിരുന്നില്ല. മെത്രാസനത്തിന്‍റെ എല്ലാ പ്രധാന തീരുമാനങ്ങളും മെത്രാസന കൗണ്‍സില്‍ തുടങ്ങിയ സമിതികളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തിരുന്നു. ഭരണഘടനയും നിയമപാലനവും സഭയുടെ പൊതുവായ മണ്ഡലങ്ങളിലും നടപ്പായിക്കാണണമെന്ന് മാര്‍ ഈവാനിയോസ് ആഗ്രഹിച്ചു. പാമ്പാടി ദയറാ പാമ്പാടിത്തിരുമേനിയുടെ സ്വന്തം പേരിലായിരുന്നു. അതുകൊണ്ട് തിരുമേനിയുടെ കാലശേഷം കുടുംബാംഗങ്ങള്‍ക്ക് അതില്‍ അധികാരമുണ്ടാകുമായിരുന്നു. എന്നാല്‍ അത് ഒഴിപ്പിച്ച് സഭയുടെ പേരില്‍ ആക്കുന്നതിന് തിരുമേനി ശ്രദ്ധിച്ചു. പാറേട്ട് മാര്‍ ഈവാനിയോസിനെക്കുറിച്ച് അനുസ്മരിക്കുമ്പോള്‍ എല്ലാവരും പറയുന്ന ഒരു സംഭവമുണ്ട്. 1975-ല്‍ പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്യുന്നതിന്‍റെ തലേന്ന് പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗങ്ങള്‍ സോഫിയാ സെന്‍ററില്‍ കൂടി ആലോചനകള്‍ നടത്തി. അതില്‍ പുതുതായി അധികാരമേല്‍ക്കുന്ന ബാവാ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസിന് വിധേയത്വമെഴുതിക്കൊടുക്കണമെന്ന് നിഷ്കര്‍ഷിച്ചു. എന്നാല്‍ നിയുക്ത ബാവാ അതിന് ആദ്യം സമ്മതിച്ചില്ല. വാദപ്രതിവാദം നീണ്ടുപോയപ്പോള്‍ പാറേട്ട് തിരുമേനി ഡസ്കില്‍ രണ്ടടി അടിച്ചിട്ട് പറഞ്ഞു “വിധേയത്വമെഴുതിത്തരാതെ നാളെ ഇവിടെ സ്ഥാനാരോഹണം ഉണ്ടാകില്ല.” അതിനുശേഷം പുറത്തേക്കിറങ്ങിപ്പോയി. എന്നാല്‍ ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, പൗലോസ് മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ അദ്ദേഹത്തിന്‍റെ പിന്നാലെ ചെന്ന് അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് വിധേയത്വമെഴുതിക്കൊടുത്തതിനു ശേഷമാണ് പിറ്റേദിവസം കാതോലിക്കാ സ്ഥാനാരോഹണം പാറേട്ട് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്നത്.

ഉപസംഹാരം

മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും അതിന്‍റെ സ്വഛമായ നടത്തിപ്പിനുംവേണ്ടി അക്ഷീണം നിലകൊണ്ട ഒരു മഹാമേരു തന്നെയായിരുന്നു പാറേട്ട് മാര്‍ ഈവാനിയോസ്. ആരുടെ മുമ്പിലും ആവശ്യമില്ലാതെ തലകുനിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പറയാനുള്ളത് തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. തന്‍റെ പ്രിയപ്പെട്ട ഗുരുവായ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിനോടു പോലും, രണ്ടാമത് മര്‍ദ്ദീന്‍ യാത്രയ്ക്ക് കൂടെ ചെല്ലുവാനാവശ്യപ്പെട്ടപ്പോഴും മെത്രാനും കാതോലിക്കായും ആകുവാന്‍ ആവശ്യപ്പെട്ടപ്പോഴും ‘സാധ്യമല്ല’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുവാനുള്ള തന്‍റേടം അദ്ദേഹത്തിനുണ്ടായിരുന്നു. അതേ സമയം ഗുരുഭക്തനും ഗുരുവിന് ഏറ്റം പ്രിയപ്പെട്ടവനും വിശ്വസ്ഥനുമായിരുന്നു. അദ്ദേഹത്തിന്‍റെ സൗമ്യതയും കാര്യപ്രാപ്തിയും 1934-ലെ ഭരണഘടനാ രൂപീകരണത്തില്‍ ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ വിശ്വസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹം എഴുതിത്തയ്യാറാക്കുന്ന ഭരണഘടനയുടെ ക്ലോസുകള്‍ പരിശോധിച്ച് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്ന ആള്‍ എന്ന നിലയില്‍ ഭരണഘടനയുടെ ഊടും രാവും നെയ്യുന്നതില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ പ്രശംസനീയമാണ്. അതിലുപരിയായി മലങ്കരമെത്രാപ്പോലീത്തായേയും അത്മായപ്രമുഖരേയും ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം മഹനീയമാണ്. ആശയപരമായ കാര്യങ്ങളിലും കടുംപിടിത്തങ്ങളിലും പാറപോലെ ഉറച്ചു നിന്ന ഇരുകൂട്ടരേയും ഇലയ്ക്കും മുള്ളിനും കേടില്ലാതെ യോജിപ്പിച്ചു കൊണ്ടുപോകാന്‍ അദ്ദേഹം നന്നേ യത്നിച്ചു എന്നു വേണം മനസ്സിലാക്കുവാന്‍. ഇതിന്‍റെയെല്ലാം പിന്നില്‍ സഭയുടെ തനിമയെക്കുറിച്ചുള്ള സ്വത്വബോധമാണ് എന്നു മനസ്സിലാക്കുന്നതിന് ബഥനിയുടെ മാര്‍ ഈവാനിയോസിനോട് പറയുന്ന ഒരു പ്രസ്താവന അധികമാണ്, ڇആരെല്ലാം പോയാലും ശരി ഞാന്‍ എന്‍റെ സ്ഥലത്ത് ഒരു ചെറിയ മുറി പണിത് അവിടെ താമസിച്ചും കുര്‍ബാന ചൊല്ലിയും കഴിഞ്ഞുകൊള്ളാംڈ (കെ. വി. മാമ്മന്‍, പാറേട്ടു വലിയ മാര്‍ ഈവാനിയോസ്: മലങ്കരസഭയുടെ അതുല്യ ശക്തിദുര്‍ഗ്ഗം, പേജ് 41).

പാറേട്ട് മാര്‍ ഈവാനിയോസിനേ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹത്തെക്കുറിച്ച് വായിക്കുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ ശരിക്കും വിസ്മയിച്ചു പോയി. Altogether he was a man of discipline. ജീവിതത്തിന്‍റെ നാനാതുറകളിലും ഇത്രമാത്രം ശക്തവും വ്യക്തവും നിര്‍മ്മലവും മാതൃകാപരവുമായ രീതികള്‍ പുലര്‍ത്തിയിട്ടുള്ള വ്യക്തികള്‍ വളരെ ചുരുക്കമാണ്. ഒരു വൈദികനെന്ന നിലയിലും മെത്രാപ്പോലീത്താ എന്ന നിലയിലും അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായിരുന്ന ചിട്ടയും നിഷ്ഠയും അനിര്‍വചനീയമാണ്. അതുകൊണ്ടുതന്നെ തന്‍റെ മെത്രാസനത്തിലും അത് നിലനിര്‍ത്തണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി തന്നാല്‍ കഴിയാവുന്ന സകലതും അദ്ദേഹം ചെയ്തു. മെത്രാസനവും ഇടവകകളും മലങ്കരസഭയുടെ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അത്യതികം ആശിച്ചിരുന്നു.