പുത്തൻകാവ് (ചെങ്ങന്നൂർ): ഭാരതീയ സംസ്കാരവുമായി ചേർന്നുവേണം രാജ്യത്തെ സഭകൾ പോകേണ്ടതെന്ന പക്ഷക്കാരനായിരുന്നു തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിൽ സീറോ മലബാർ സഭയ്ക്കുവേണ്ടി ആദരാഞ്ജലി അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.സഭകൾ തമ്മിലുള്ള കൂട്ടായ്മ വളർത്തിക്കൊണ്ടുവരാൻ മാർ അത്താനാസിയോസ് ഏറെ പരിശ്രമിച്ചു. പ്രശ്നങ്ങളും കലഹങ്ങളും ഒഴിഞ്ഞു സമാധാനത്തിൽ സഭ വളരണമെന്ന ആഗ്രഹക്കാരനായിരുന്നു അദ്ദേഹം.
സഭയുടെയും സമൂഹത്തിന്റെയും പുരോഗതി വിദ്യാഭ്യാസത്തിലൂടെയായിരിക്കണമെന്നും അതിനനുസൃതമായ കാഴ്ചപ്പാടുകൾ നൽകാനും മാർ അത്തനാസിയോസിനു കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.