എടാ ഇന്നത്തെ പത്രം കണ്ടോ?… / ഡോ. എം. കുര്യന്‍ തോമസ്


അങ്ങനെയിരിക്കെ ഇടയ്ക്കൊരു ഫോണ്‍വിളി വരും. “…എടാ, ഇന്നത്തെ (ഇന്ന) പത്രം/മാസിക കണ്ടോ? നമ്മുടെ സഭയെ കൊച്ചാക്കിയുള്ള എഴുത്താണ്. നീ ഉടന്‍ ഇതിനൊരു മറുപടി എഴുതണം. മറുപടി പറഞ്ഞേ തീരൂ. അതു നിന്നെക്കൊണ്ടെ പറ്റൂ…” “കണ്ടില്ല, കാണാന്‍ സാദ്ധ്യതയില്ല” എന്നു മറുപടി പറഞ്ഞാല്‍ പ്രസ്താവിത മാധ്യമം ഒരു ദിവസത്തിനുള്ളില്‍ എത്തിച്ചുതരും. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ഈ ലേഖകന്‍ എഴുതിയതും വലിയ പ്രചാരം നേടിയതുമായ പല മറുപടികളുടെയും ഉത്ഭവം ഈ ഫോണ്‍ വിളിയാണ്. അവയുടെ അങ്ങേത്തലയ്ക്കല്‍ എപ്പോഴും ഒരേ വ്യക്തിയാണ്. ചെങ്ങന്നൂരിന്‍റെ കിഴക്കേത്തലയ്ക്കല്‍ തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ! നസ്രാണി പൗരുഷത്തിന്‍റെ മുഖമുദ്രയും, ഖേദപൂര്‍വം പറയട്ടെ, ഒരു പക്ഷേ ആഭിജാത്യമുള്ള മെത്രാന്മാരുടെ അവസാന കണ്ണിയും.

കോട്ടയംകാരനായ അപ്രസക്തനായ ഈ ലേഖകനുമായി ചെങ്ങന്നൂര്‍ മെത്രാപ്പോലീത്താ മാര്‍ അത്താനാസ്യോസിനു കുടുംബ ബന്ധങ്ങളോ മുന്‍പരിചയമോ ഉണ്ടായിരുന്നില്ല. പക്ഷേ നിര്‍ണായകമായ പല അവസരങ്ങളിലും മറ്റാരേയുംകാള്‍ അദ്ദേഹത്തെ സ്വാധീനിക്കാന്‍ ഈ ലേഖകനു കഴിയുന്ന നിലയിലേക്കു ഒരു വ്യക്തിബന്ധം വളര്‍ന്നതിനു കാരണം അദ്ദേഹത്തിനു സഭയോടുള്ള പ്രതിബദ്ധത മാത്രമാണെന്നാണ് ഈ ലേഖകന്‍റെ പൂര്‍ണ്ണ വിശ്വാസം.

അക്കാദമിക്തലത്തില്‍ മാത്രം ബന്ധപ്പെട്ട ഈ ലേഖകനെ അദ്ദേഹം പൂര്‍ണ്ണവിശ്വാസത്തിലെടുത്തു. അദ്ദേഹത്തിന്‍റെ സ്വഭാവം വെച്ചു നോക്കിയാല്‍, സ്വകാര്യസാദ്ധ്യത്തിനായി ഒരിക്കലും അദ്ദേഹത്തെ സമീപിച്ചിട്ടില്ല എന്നതു തന്നെയാണ് അതിനു മുഖ്യ കാരണം എന്നു ഈ ലേഖകന്‍ വിശ്വസിക്കുന്നു. പകരം, ഈ ലേഖകനെ എങ്ങനെ സഭയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കാം എന്നാണ് അദ്ദേഹം കണക്കു കൂട്ടിയത്. അതിന്‍റെ ബാക്കിപത്രമാണ് ഇനി മുഴങ്ങാത്ത …എടാ, ഇന്നത്തെ… എന്നാരംഭിച്ച ഫോണ്‍കോളുകള്‍.

തന്നെ മേല്പട്ടസ്ഥാനത്തേക്കുയര്‍ത്തിയ കിഴക്കിന്‍റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമനെ മാതൃകാപുരുഷനാക്കിയ മാര്‍ അത്താനാസ്യോസ്, പ്രവര്‍ത്തിയില്‍ മാത്രമല്ല, ഉടുപ്പിലും നടപ്പിലുംപോലും ആ രാജകീയ മഹാപുരോഹിതനെ പിന്തുടര്‍ന്നു. 33 വര്‍ഷം മുമ്പ് ശിശുവായി തന്നെ ഏല്‍പ്പിച്ച ചെങ്ങന്നൂര്‍ ഭദ്രാസനത്തെ മലങ്കരയിലെ മാതൃകയാക്കി. ഭരണമികവിന്‍റെയും കെട്ടുറപ്പിന്‍റെയും മഹനീയ മാതൃകയാണ് ചെങ്ങന്നൂര്‍. ഒട്ടേറെ നവീന ആശയങ്ങള്‍ ഭദ്രാസനത്തില്‍ നടപ്പാക്കി വിജയിച്ചു … ഇന്ന് ചെങ്ങന്നൂരില്‍ തുടങ്ങുന്നത് നാളെ സഭ മുഴുവന്‍… എന്നദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് എന്ന് ഈ ലേഖകന് നേരിട്ടറിയാം. ഏറ്റവും അവസാനം, പുതുതായി സ്ഥാനാരോഹണം ചെയ്ത് കോര്‍എപ്പിസ്ക്കോപ്പാമാര്‍ക്ക് ഭദ്രാസനാടിസ്ഥാനത്തില്‍ വിവിധ ചുമതലകള്‍ നല്‍കി അജപാലനത്തിന്‍റെ ഇതര മേഖലകള്‍ക്ക് (മഹലേൃിമശ്ലേ ാശിശൃ്യെേ) സഭയില്‍ തുടക്കം കുറിച്ചു.

സഭയോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും ആയിരുന്നു മാര്‍ അത്താനാസ്യോസിന്‍റെ ജീവിതം. സഭയില്ലാതെ താനില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. അതദ്ദേഹം പരസ്യമായി പറയുകയും ചെയ്തിരുന്നു. …എന്‍റെ കൈയില്‍ ഇരിക്കുന്ന ഈ സ്വര്‍ണ്ണ സ്ലീബാ പുത്തന്‍കാവില്‍ പള്ളിക്കാര്‍ തന്നതാണ്. അത് ഞാന്‍ കിഴക്കേത്തലയ്ക്കല്‍ കുട്ടിയുടെ മകനായതുകൊണ്ടല്ല, മലങ്കരസഭയിലെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ ആയതുകൊണ്ടാണ്… എന്നദ്ദേഹം തുറന്നടിച്ചിരുന്നു. …എടാ നിനക്കറിയാമോ? എന്നെ മെത്രാനായി തിരഞ്ഞെടുത്ത അന്നു രാത്രിക്കുശേഷം ഞാന്‍ എന്‍റെ വീട്ടില്‍ ഉറങ്ങിയിട്ടില്ല. സഭാസ്ഥാപനങ്ങളില്‍ മാത്രമാണ് അന്തിയുറങ്ങുന്നത്. അതാണതിന്‍റെ ശരി… സമീപകാലത്ത് അദ്ദേഹം ഈ ലേഖകനോട് പറഞ്ഞതാണ്.

നസ്രാണി സംസ്ക്കാരത്തില്‍ അന്ധമായി അഭിമാനിച്ചിരുന്ന വ്യക്തിയായിരുന്നു മാര്‍ അത്താനാസ്യോസ്. അതിന്‍റേതായ പൈതൃകങ്ങളും പാരമ്പര്യങ്ങളും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഉദാഹരണത്തിന് ദേവലോകത്ത് പ. പിതാവിനെ സന്ദര്‍ശിക്കുമ്പോള്‍ എന്തെങ്കിലും കണ്ടുകാഴ്ചയില്ലാതെ പോവില്ല. മിക്കവാറും ഓതറ കൃഷിചെയ്ത പച്ചക്കറികളോ വാഴക്കുലയോ ആവും. ഒരിക്കല്‍ നല്‍കിയത് ഒരു പശുക്കുട്ടിയെ! വെറുംകൈയോടെ കാണുന്നത് ശരിയല്ല എന്നാണ് അദ്ദേഹം ഇതേപ്പറ്റി പറഞ്ഞത്. പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ എല്ലാ അര്‍ദ്ധവര്‍ഷ സമ്മേളനത്തിലും ഒരു വിഭവം ഓതറ നിന്നും മാര്‍ അത്താനാസ്യോസ് കൊണ്ടുവരുന്നവയാവും. അത് പച്ചക്കറിയാവാം, മരച്ചീനിയാവാം, വാഴപ്പഴമാവാം.

സഭയ്ക്കെതിരെയുള്ള ഏതാക്രമണത്തേയും അദ്ദേഹം പ്രതിരോധിക്കുമായിരുന്നു. അതിനായിരുന്നു മിക്കവാറും ഈ ലേഖകന്‍റെ സഹായം തേടിയിരുന്നത്. കൃത്യമായി മാധ്യമങ്ങള്‍ ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന്‍റെ കണ്ണില്‍ അവ പെടുകയും ചെയ്യും. സഭയ്ക്ക് ദോഷം വരരുത്; സഭയ്ക്കു കുറവുണ്ടാകരുത് എന്നതായിരുന്നു അദ്ദേഹത്തിന്‍റെ തത്വം. മിക്കച്ചൊരു ഭരണാധികാരിയായിരുന്ന മാര്‍ അത്താനാസ്യോസ് ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ നടപ്പിലാക്കിയ ഭരണസംവിധാനങ്ങള്‍ കണ്ടു പഠിക്കേണ്ടതാണ്.

ഈ കാര്യക്ഷമത തന്നെയാണ് അദ്ദേഹം സഭാതലത്തിലും നടപ്പില്‍ വരുത്തിയത്. അതു മനസിലാക്കാന്‍ സുന്നഹദോസ് സെക്രട്ടറി, സ്കൂളുകളുടെ മാനേജര്‍, എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിഡന്‍റ് എന്നീ നിലകളില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം വിശകലനം ചെയ്താല്‍ മതി. എന്നു മാത്രമല്ല, അവയ്ക്കൊക്കെ ചില ചട്ടക്കൂടുകള്‍ ഉണ്ടാക്കുകയും ചെയ്തു. ഉദാഹരണത്തിന് സുന്നഹദോസ് സെക്രട്ടറി ആയിരിക്കുന്ന കാലത്ത് സുന്നഹദോസ് നിയമിക്കുന്ന മെത്രാന്‍ സ്ഥാനികള്‍ പരമാവധി അഞ്ചു വര്‍ഷം വീതമുള്ള രണ്ടു കാലാവധിയിലധികം ഒരേ സ്ഥാനം വഹിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്തു. അതനുസരിച്ച് പത്തു വര്‍ഷം തികഞ്ഞപ്പോള്‍ സുന്നഹദോസ് സെക്രട്ടറി, സ്കൂളുകളുടെ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ സ്വയം ഒഴിഞ്ഞ് മാതൃക കാട്ടി. വീണ്ടും പത്തു വര്‍ഷം തികഞ്ഞപ്പോള്‍ എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിഡന്‍റ് സ്ഥാനവും. മെത്രാന്മാര്‍ എണ്‍പതാം വയസില്‍ റിട്ടയര്‍ ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ നയം. അതനുസരിച്ച് തനിക്ക് 80 വയസ് തികയുന്ന 2018 ഏപ്രിലില്‍ സ്വന്തം റിട്ടയര്‍മെന്‍റ്െ പ്രഖ്യാപിച്ചു മാതൃക കാട്ടാനുള്ള ദീര്‍ഘകാല തയാറെടുപ്പിലായിരുന്നു അദ്ദേഹം. പക്ഷേ 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധി, ഈ തീരുമാനം നീട്ടിവെക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. യോജിച്ച മലങ്കരസഭയില്‍ ഒരു ദിവസം മെത്രാനായിരിക്കണം എന്ന ആഗ്രഹമാണ് ഇതിനു പ്രേരിപ്പിച്ചത്.

2017 ജൂലൈ 3-ലെ സുപ്രീംകോടതിവിധി മാര്‍ അത്താനാസ്യോസിനെ വളരെ ആവേശഭരിതനാക്കിയിരുന്നു. ഏകീകൃത മലങ്കരസഭ ആസന്നഭാവിയില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. ഈ ആവേശം മൂലമാണ് സഭാസമാധാനത്തെപ്പറ്റി യോജിക്കേണ്ടും സമയമിതാ എന്ന പുസ്തകം അടിയന്തിരമായി തയാറാക്കാന്‍ ഈ ലേഖകനോട് അദ്ദേഹം ആവശ്യപ്പെട്ടത്. ഇരുപക്ഷത്തേയും വൈദികര്‍ക്കും പ്രമുഖര്‍ക്കും നല്‍കി അവരില്‍ സമാധാനത്തിനും ഐക്യത്തിനും അടിത്തറയിടുക എന്നതായിരുന്നു ലക്ഷ്യം. ഒരുപടി കൂടെ കടന്ന്, 1958-ലെ സഭാസമാധാനത്തിനുശേഷം ആദ്യം മലങ്കര അസോസിയേഷന്‍ കൂടിയ തന്‍റെ മാതൃഇടവകയായ പുത്തന്‍കാവില്‍ പള്ളിയില്‍ ഏകീകൃത സഭയുടെ അസോസിയേഷന്‍ കൂടണമെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ അവസാനകാലത്ത് അദ്ദേഹം തികച്ചും ദുഃഖിതനായിരുന്നു. സഭൈക്യശ്രമങ്ങളോട് ചില കേന്ദ്രങ്ങള്‍ മുഖം തിരിച്ചത് അദ്ദേഹത്തെ ഖിന്നനാക്കി. ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്വയം നോമ്പു സ്വീകരിച്ചതും മരണപര്യന്തം അതു പാലിച്ചതും.

എറണാകുളത്ത് ട്രെയിനില്‍ നിന്നും വീണ് അദ്ദേഹം ഇഹലോകവാസം വിട്ടത് ഒരു ദുരന്തമായി ഈ ലേഖകന്‍ കണക്കാക്കുന്നില്ല. കാരണം, ബാത്ത്റൂമില്‍ തെന്നിവീണാലും ഇതു തന്നെ സംഭവിക്കും. ഇടിവെട്ടേറ്റും അപകടങ്ങളിലും മലങ്കരസഭയിലെ മെത്രാപ്പോലീത്താമാര്‍ കാലംചെയ്ത സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അത്ര വിദൂരമല്ലാത്ത കാലത്ത്, സഭാകേന്ദ്രത്തിനടുത്തുള്ള ആശുപത്രിയില്‍ വിശ്വാസപ്രമാണം ചൊല്ലിക്കൊടുക്കാന്‍ പോലും ഒരു സത്യവിശ്വാസി സമീപത്തില്ലാതെ കാലംചെയ്ത ഒരു പിതാവും നമുക്കുണ്ട്. പ. സുന്നഹദോസിനിടയില്‍ അദ്ദേഹം ബറോഡയ്ക്കു പോയതിനെയും ആര്‍ക്കും കുറ്റപ്പെടുത്താനാവില്ല. അതിനുള്ള സാദ്ധ്യത അദ്ദേഹം ഒരു മാസം മുമ്പ് ഈ ലേഖകനോട് നേരിട്ടു പറഞ്ഞതാണ്. ഒരു സഭാ സ്ഥാപനത്തെ നിയമപരമായ ഒരപകടത്തില്‍ നിന്നും രക്ഷിക്കാനുള്ള ആ ശ്രമത്തിന്‍റെ ചരിത്രം തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല. അവിടെ നിന്നും പ്രളയത്തില്‍ ദുരന്തഭൂമിയായ തന്‍റെ സ്വന്തം ചെങ്ങന്നൂരിലേക്ക് മടങ്ങിയെത്താനാവാത്തതിന്‍റെ ആകുലത ഒരാഴ്ച മുമ്പ് ഈ ലേഖകനോട് ടെലിഫോണില്‍ പങ്കുവെച്ചതുമാണ്. ആ ആകാംക്ഷയാവാം ട്രെയിന്‍ നിര്‍ത്തുന്നതിനു മുമ്പ് പ്രവേശന കവാടത്തിലെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഈ ലേഖകന്‍ അവസാനം നേരിട്ടു കാണുന്നത് 2018 ഓഗസ്റ്റ് സുന്നഹദോസ് തുടങ്ങുന്ന ദിവസമാണ്. ഒരു പ്രത്യേക കാര്യം സംസാരിക്കാന്‍ അന്നു രാവിലെ ദേവലോകത്തു കാണണമെന്നു പറഞ്ഞു. ചെന്നു. ഒരു മിനിട്ടുകൊണ്ട് പറയാനുള്ള കാര്യം പറഞ്ഞു. അതിനുശേഷം പറഞ്ഞു; എടാ എന്നെ ആ ലിഫ്റ്റിന്‍റെ അടുത്താക്കിത്താ. ഈ ലേഖകന്‍റെ കയ്യില്‍ പിടിച്ച് ലിഫ്റ്റു വരെ നടന്നു. ഇത്രയും ശാരീരിക വിഷമതകളുള്ള അദ്ദേഹം ട്രെയിന്‍ നിര്‍ത്തുന്നതിനു മുമ്പ് പരസഹായമില്ലാതെ പ്രവേശന കവാടത്തിലെത്തിയത് ചെങ്ങന്നൂരിനെപ്പറ്റിയുള്ള ആകാംക്ഷ മൂലമാണെന്നു വ്യക്തം.

അദ്ദേഹത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്തതും സ്ഥാപിതതാല്പര്യക്കാര്‍ക്ക് അനിഷ്ടമാകുന്ന നിലപാടുകള്‍ മൂലം ലഭിച്ച ശിക്ഷയാണ് ഈ അപകട മരണം എന്നു ചിലര്‍ വ്യാഖ്യാനിക്കാന്‍ സാദ്ധ്യതയുണ്ട്. പക്ഷേ അത്തരം നിലപാടുകള്‍ വ്യക്തിപരമായ ഒരു നേട്ടത്തിനും വേണ്ടിയായിരുന്നില്ല. മറിച്ച് സഭയുടെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനുംവേണ്ടി മാത്രമായിരുന്നു എന്ന് നിശ്ചയമായും ചരിത്രം വിധിയെഴുതും. തന്‍റെ സഭാജീവിതകാലം മുഴുവന്‍ മാര്‍ അത്താനാസ്യോസ് സഭയ്ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചത്. ഒരു അപവാദവും ഉണ്ടാക്കിയില്ല. ഒരു പക്ഷേ മലങ്കരസഭയിലെ മാതൃകാ ഭദ്രാസനമാക്കി താന്‍ വളര്‍ത്തിയെടുത്ത ചെങ്ങന്നൂരിനെ ഇന്നത്തെ ദുരന്ത ഭൂമിയായി അദ്ദേഹത്തിന്‍റെ ഭൗതിക കണ്ണുകളാല്‍ കാണേണ്ടെന്ന് യഹോവാ തീരുമാനിച്ചു കാണും. മിസ്രേം അടിമത്വത്തില്‍ നിന്നും വാഗ്ദത്ത കനാനിന്‍റെ പ്രാന്തത്തെത്തിച്ച മോശയ്ക്ക് അവിടെ കാല്‍ ചവിട്ടാനാവാഞ്ഞതുപോലെ.

മാര്‍ അത്താനാസ്യോസ് സഭയുടെ ഇന്നത്തെ പോക്കില്‍ അസ്വസ്ഥനും തീര്‍ത്തും നിരാശനും ആയിരുന്നു എന്നതു സത്യമാണ്. അതിനു പ്രധാന കാരണം സഭൈക്യത്തോടു ചിലര്‍ പുലര്‍ത്തുന്ന പിന്തിരിപ്പന്‍ നിലപാടായിരുന്നു. അതദ്ദേഹം വേദികളില്‍ വിളിച്ചുപറയാതെ ഉചിതമായ സമതികളില്‍ മാത്രം വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ അത്താനാസ്യോസ് ഒരിക്കലും സഭയ്ക്കോ സഭാകേന്ദ്രത്തിനോ എതിരായിരുന്നില്ല. പക്ഷേ കിഴക്കേതലയ്ക്കല്‍ തോമ്മാ കത്തനാരുടെ കൊച്ചുമകന്, കാതോലിക്കേറ്റിന്‍റെ കാവല്‍ഭടനായ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയുടെ സഹോദരപുത്രന്, ചെങ്ങന്നൂരിന്‍റെ മാര്‍ അത്താനാസ്യോസിന്, സഭയുടെ നന്മയ്ക്കുവേണ്ടി സത്യം തുറന്നു പറയാതിരിക്കാനാവുമായിരുന്നില്ല. പക്ഷേ അത് അനര്‍ഹമായ വേദികളിലായിരുന്നില്ല. ഉത്തരവാദിത്വപ്പെട്ട സമിതികളില്‍ മാത്രം അദ്ദേഹം ശക്തമായി പ്രതികരിച്ചു. അതാണ് ആഭിജാത്യത്തിന്‍റെയും സഭാസ്നേഹത്തിന്‍റെയും ലക്ഷണം. അതാണ് കണ്ടു പഠിക്കേണ്ടത്. അദ്ദേഹത്തിന്‍റെ ഇത്തരം നയങ്ങളെ സഭാവിരുദ്ധമെന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. സത്യം പറയേണ്ടിടത്തു തുറന്നു പറയുന്നത് എങ്ങിനെ സഭാവിരുദ്ധമാകും?

മാര്‍ അത്താനാസ്യോസ് ഭൗതിക സഭയില്‍ നിന്നും മാത്രമാണ് വേര്‍പെട്ടത്. അതോടെ അനശ്വരമായ ദൈവികസഭയില്‍ അദ്ദേഹം ചേര്‍ക്കപ്പെട്ടു. ഒരു പക്ഷേ ഈ ലോകത്തില്‍ ഇനിയുള്ള കാലം അദ്ദേഹത്തിനു പ്രവര്‍ത്തിക്കാനാവുന്നതില്‍ അനേകമിരട്ടി ദൈവികസഭയില്‍ അദ്ദേഹത്തിനു ചെയ്യാനാവും എന്നു സര്‍വശക്തന്‍ കണ്ടു കാണും.

സഭയെ സേവിച്ചജപാലകനായി ആണ് അദ്ദേഹം ഉലകം വിട്ടത്. പക്ഷേ അത് മറ്റ് പലരേയുംപോലെ ഉരുട്ടി സേവിക്കുക അല്ലായിരുന്നു. യഥാര്‍ത്ഥത്തിലുള്ള ഇടയനടുത്ത സേവനം. 2017 നവംബര്‍ 2 മുതല്‍ അദ്ദേഹം അസസ്യഭക്ഷണം സ്വയം ഉപേക്ഷിച്ചു. കാരണം? മലങ്കരയില്‍ ഏകീകൃതസഭ ഉണ്ടായിട്ടു മാത്രമേ ഇനി അവ ഉപയോഗിക്കൂ എന്ന ദൃഢനിശ്ചയം. ആരും പ്രേരിപ്പിച്ചതല്ല. സ്വന്തം നിശ്ചയം. കുറെ പ്രസംഗങ്ങളും അപദാന കീര്‍ത്തനങ്ങളുമല്ല ഇപ്പോള്‍ വേണ്ടത്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ സ്വപ്നം; അദ്ദേഹത്തിന്‍റെ അവസാനകാല ജീവിതവൃതം ആയ മലങ്കരസഭയിലെ ഐക്യം സാധിതപ്രായമാക്കുകയാണ് വേണ്ടത്.