സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ…


കോട്ടയം: ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു വിശ്വസിച്ച് അതിനു വേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്ന തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പൊലീത്താ സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ വിടവാങ്ങുന്നു.

“1958-ലെ പോലെ യോജിച്ച സഭയുടെ അസോസിയേഷന്‍ പുത്തന്‍കാവില്‍ നടത്തണം. അതാണെന്‍റെ ആഗ്രഹം. ഇക്കാര്യം ഞാന്‍ കാലംചെയ്യുന്നതിനു മുമ്പ് നടക്കും എന്നതാണ് എന്‍റെ വിശ്വാസം.”
തന്‍റെ എണ്‍പതാം ജന്മദിനം പ്രമാണിച്ച് ബഥേല്‍ പത്രികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മെത്രാപ്പൊലീത്താ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

“സ്നേഹത്തില്‍ക്കൂടി ഇക്കാര്യം നേടിയെടുക്കണമെന്നു തന്നെയാണ് എന്‍റെ അഭിപ്രായം. ഈ വിധി വന്നശേഷം ഞാന്‍ സ്ഥലത്തില്ലാതിരുന്നപ്പോള്‍ മാന്തളിര്‍ പള്ളിയിലെ ഒരു കുടുംബം സഭയിലേക്ക് വന്നു. മടങ്ങിവന്ന ഞാന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പോയത് അയാളുടെ വീട്ടിലേക്കാണ്. ആ സന്ദേശം പലയിടത്തും പ്രചരിച്ചു. അതിനു മുമ്പ് അതേ പള്ളിയിലെ മറുവിഭാഗത്തിലെ ഒരാള്‍ മരിച്ചു. അദ്ദേഹത്തിന്‍റെ മകന്‍ ബാഹ്യകേരളത്തില്‍ നമ്മുടെ പള്ളി അംഗമാണ്. വികാരി വന്ന് വിവരം എന്നോട് പറഞ്ഞതനുസരിച്ച് ഞാനാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്കിയത്. അവന്‍ എന്നെങ്കിലും നമ്മുടെ സഭ വിട്ടുപോകുമോ? ഇതുപോലെ മുഴുവന്‍ പേരേയും സ്നേഹത്തില്‍ കൂടെ നേടിയെടുക്കണം.”

ചോ: സഭയില്‍ സമാധാനവും ഐക്യവും ഉണ്ടാകുമെന്നു തിരുമേനിക്ക് തോന്നുന്നുണ്ടോ?

ഉ: എനിക്ക് ഉറപ്പാണ്.

ചോ: എന്താണ് ഇത്ര ഉറപ്പ്?

ഉ: അതിനു പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി, എന്നെ വഴിനടത്തുന്നത് നമ്മുടെ കര്‍ത്താവിന്‍റെ അമ്മ വചനിപ്പു സമയത്തു പറഞ്ഞ “ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ” (ലൂക്കൊസ് 1:37) എന്ന വചനമാണ്. അത് ഇവിടെയും പ്രാവര്‍ത്തികമാണ്. രണ്ടാമതായി, സുന്നഹദോസിന്‍റെ പത്രപ്രസ്താവന തയ്യാറാക്കിയശേഷം ആദ്യം ഞാന്‍ പോയത് പരുമലയ്ക്കാണ്. അവിടെ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാല്‍ അസാധ്യമായി ഒന്നുമില്ല. ഞാന്‍ സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന രണ്ടു മെത്രാന്‍ തിരഞ്ഞെടുപ്പിലും അവിടെ പ്രാര്‍ത്ഥിച്ച ശേഷമാണ് ബന്ധപ്പെട്ട ഫയലുകള്‍ തുറന്നത്. അവ രണ്ടും ഭംഗിയായി നടന്നു.

ചോ: സഭാ സമാധാനത്തിനായി തിരുമേനി ഇപ്പോള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?

ഉ: ജൂലൈ മൂന്നു മുതല്‍ നവംബര്‍ രണ്ടുവരെ ഞാന്‍ കാത്തിരുന്നു. ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ പരുമല പെരുന്നാളിന് സഭൈക്യത്തിനായി ഞാന്‍ നോമ്പാരംഭിച്ചു. നോമ്പാരംഭിച്ചത് ആരും പറഞ്ഞിട്ടല്ല. എന്‍റെ സഭ യോജിച്ചു കാണണം എന്ന വലിയ ആഗ്രഹം കൊണ്ടാണ് ഞാന്‍ നോമ്പ് ആരംഭിച്ചത്. സഭയില്‍ സമാധാനം ഉണ്ടാകുന്നതുവരെ ഞാന്‍ നോമ്പിലായിരിക്കും. കണ്ണീരോടെ പ്രാര്‍ത്ഥിച്ചാല്‍ ദൈവം ഫലം തരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മെത്രാപ്പോലീത്താ അശീതിയോട് അനുബന്ധിച്ച് പറഞ്ഞ ഈ വാക്കുകള്‍ക്കു ശേഷം 80 വയസ്സായതിനാല്‍ സഭയിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായി പ. കാതോലിക്കാ ബാവായ്ക്കു കത്ത് നല്‍കി. ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാക്കണമെന്ന ആവശ്യത്തോടെയാണ് രാജിക്കത്ത് നല്‍കിയത്.

എണ്‍പതാം വയസില്‍ റിട്ടയര്‍ ചെയ്യാന്‍ സ്വയം തയാറായിരുന്ന താന്‍ 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം പ്രഖ്യാപിക്കാതിരുന്നതെന്നും, അത് യോജിച്ച സഭയില്‍ ഒരു ദിവസമെങ്കിലും മെത്രാപ്പോലീത്താ ആയിരിക്കണമെന്ന ആഗ്രഹംകൊണ്ടു മാത്രമാണെന്നും ഇനിയും സഭ യോജിക്കുമെന്നു പ്രതീക്ഷയില്ലെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജി സഭാ നേതൃത്വം സ്വീകരിക്കാഞ്ഞതിനാല്‍ പ്രാബല്യത്തില്‍ വന്നില്ല.