അബുദാബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിനെ അന്ത്യം വരെയും മാറോടു ചേര്‍ത്തുവെച്ച പിതാവായിരുന്നു കാലം ചെയ്ത അത്താനാസിയോസ് തിരുമേനി. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ട് – എണ്‍പത് കാലത്തു രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമേ ഇടവക വികാരി ആയിരുന്നുള്ളുവെങ്കിലും ഇടവകയ്ക്ക് അച്ചടക്കത്തോടു കൂടിയ ക്രമീകൃതമായ ആരാധന രീതിയും സാമൂഹ്യ പ്രതിബദ്ധതയോടു കൂടിയ ബന്ധങ്ങളും സ്ഥാപിച്ചെടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗുജറാത്തിലെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നു ലഭിച്ച പരിചയസമ്പത്തു വിജയകരമായി പ്രാവര്‍ത്തികമാക്കി. ഖാലിദിയയില്‍ അന്ന് ഉണ്ടായിരുന്ന പള്ളിയില്‍ പരുമല തിരുമേനിയുടെ മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും പാരിഷ് ബുള്ളറ്റിനും ആരംഭം കുറിക്കുന്നതും അക്കാലത്താണ്. തിരുമേനിയുടെ ഒട്ടുമിക്ക പ്രസംഗങ്ങളിലും അബുദാബി പള്ളിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെയും, അംഗങ്ങളുടെ ഒത്തൊരുമയെയും കുറിച്ച് എടുത്തു പറയുമായിരുന്നു. മെത്രാപ്പോലീത്താ ആയതിനു ശേഷം പല തവണ അബുദാബി പള്ളിയില്‍ എത്തിയിട്ടുള്ള തിരുമേനി രണ്ടായിരത്തി പതിനഞ്ചില്‍ കോട്ടയം പഴയസെമിനാരിയില്‍ വച്ചു നടത്തിയ കുടുംബ സംഗമത്തില്‍ ആണ് അവസാനമായി ഇടവകയുടെ ഒരു പൊതുപരിപാടിയില്‍ സംബന്ധിച്ചത്.
അബുദാബി പള്ളിയെ എന്‍റെ ഇടവക എന്നായിരുന്നു അദ്ദേഹം എപ്പോഴും പറയുമായിരുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനേകം ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും അദ്ദേഹത്തിന്‍റെ ശ്രമഫലമായി ഉണ്ടായി. സഹജീവികളില്‍ ദൈവമഹത്വം കണ്ടെത്തിയ പിതാവായിരുന്നു അദ്ദേഹം. തിരുമേനിയുടെ വേര്‍പാട് മൂലം സഭയ്ക്കും സമൂഹത്തിനും ഒരു നല്ല ഇടയനെയും നേതാവിനെയും ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തിയും പറുദീസയില്‍ സ്ഥാനവും ഉണ്ടാകട്ടെ.