എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ ഔദ്യോഗിക വിഭാഗവും (ആഡിസ് അബാബാ സിനഡ്) ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ രാജ്യത്തിനു പുറത്തുള്ള വിഭാഗവും (എക്സൈല്‍ സിനഡ്) തമ്മില്‍ സമ്പൂര്‍ണ യോജിപ്പിലെത്തി. ഇതേ തുടര്‍ന്ന് അമേരിക്കയില്‍ പ്രവാസിയായി കഴിഞ്ഞ ആബൂനാ മെര്‍ക്കോറിയോസ് എത്യോപ്യയില്‍ മടങ്ങിയെത്തി. എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. അബി അഹമദ് അലിയുടെ ശക്തമായ ഇടപെടലാണ് 27 വര്‍ഷത്തെ ഭിന്നിപ്പ് അവസാനിപ്പിച്ചത്.
പരസ്പര മുടക്കുകള്‍ പിന്‍വലിച്ചതോടെ ഇനിയും ഒരു സഭയും ഒരു സുന്നഹദോസും മാത്രമായിരിക്കും. രണ്ടു പാത്രിയര്‍ക്കീസുമാരും സഭാ തലവന്മാരായിരിക്കും. ഭരണച്ചുമതല ആബൂനാ മത്ഥിയാസ് നിര്‍വഹിക്കും.
എത്യോപ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ കീഴില്‍ 1988-ല്‍ പാത്രിയര്‍ക്കീസായി വാഴിക്കപ്പെടുകയും കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് അവരുമായി സഹകരിച്ചതിന്‍റെ പേരില്‍ 1991-ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും 1993ല്‍ ഒരു കാര്‍ഗോ ട്രക്കില്‍ കയറി കെനിയന്‍ അതിര്‍ത്തി വഴി പലായനം ചെയ്യുകയും പിന്നീട് അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുകയും ചെയ്ത ആബൂനാ മെര്‍ക്കോറിയോസിനെ പിന്തുണച്ചവരാണ് എക്സൈല്‍ സിനഡ് എന്നറിയപ്പെട്ടിരുന്നത്. ഈ വിഭാഗം കൂടുതല്‍ മെത്രാന്മാരെ വാഴിച്ചതോടെ പരസ്പരം മുടക്കി. എത്യോപ്യയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരോ ഭാഗത്തെ പിന്തുണച്ചത് യോജിപ്പിനു തടസ്സമായി. സഭയുടെ ഐക്യത്തിനു രാഷ്ട്രീയ നേതൃത്വം വലിയ പ്രോത്സാഹനം നല്‍കിയിരുന്നുമില്ല. സഭ ഒരു സമ്മര്‍ദ്ദ ശക്തിയാകരുതെന്നായിരുന്നു അവരുടെ ആഗ്രഹം. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ രാഷ്ട്രീയ നേതൃത്വം പലപ്പോഴും കൈകടത്താന്‍ ശ്രമിച്ചിരുന്നു.
അനുരഞ്ജന പ്രക്രിയ
മറുഭാഗത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ആബൂനാ പൗലോസ് പാത്രിയര്‍ക്കീസ് (1992 – 2012) ശ്രമിച്ചിരുന്നു. 2012ല്‍ വാഷിംഗ്ടണ്‍ നഗരത്തില്‍ ഇരു വിഭാഗത്തിലെയും മേല്‍പ്പട്ടക്കാര്‍ ഒരുമിച്ചു ചേര്‍ന്ന് ആരാധന നടത്തിയത് പ്രതീക്ഷ വളര്‍ത്തിയെങ്കിലും ഐക്യ നീക്കങ്ങള്‍ മുമ്പോട്ടു പോയില്ല. അക്കൊല്ലം ഓഗസ്റ്റ് 16ന് ആബൂനാ പൗലോസ് കാലം ചെയ്തതിനെ തുടര്‍ന്ന് ആബൂനാ മെര്‍ക്കോറിയോസിനെ പാത്രിയര്‍ക്കാ സ്ഥാനത്തേക്കു മടക്കിക്കൊണ്ടുവരണമെന്ന് എക്സൈല്‍ സിനഡ് ആവശ്യപ്പെട്ടെങ്കിലും ഭരണകൂടത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് അതു നടന്നില്ല. 2013 മാര്‍ച്ച് മൂന്നിന് ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കിസ് സ്ഥാനാരോഹണം ചെയ്തതോടെ ഐക്യശ്രമങ്ങള്‍ അവസാനിച്ചു.
സഭയില്‍ ഇരുകക്ഷികള്‍ക്കും ഭീഷണിയായിരുന്ന പ്രൊട്ടസ്റ്റന്‍റ് നവീകരണ ചിന്താഗതിയാണ് പുതിയ അനുരഞ്ജന നീക്കം അനിവാര്യമാക്കിയത്. വിദേശത്തു താമസിക്കുന്ന സഭാംഗങ്ങള്‍ രൂപീകരിച്ച അനുരഞ്ജന സമിതി ഇരു കക്ഷികളുമായി ചര്‍ച്ച നടത്തി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്തു. എത്യോപ്യന്‍ സഭാ സുന്നഹദോസിന്‍റെ 2017 ഒക്ടോബര്‍ യോഗം ഐക്യത്തിന് ആഹ്വാനം ചെയ്യുകയും 2018 മാര്‍ച്ച് യോഗം മൂന്നു മെത്രാന്മാര്‍ ഉള്‍പ്പെടുന്ന അനുരഞ്ജന സമിതി രൂപീകരിക്കുകയും ചെയ്തു.
ഡോ. അബി അഹമദ് അലി (41) 2018 ഏപ്രില്‍ രണ്ടിനു പ്രധാനമന്ത്രിയായതോടെ ഐക്യനീക്കം ശക്തിപ്പെട്ടു. സഭയുടെ ഐക്യം രാജ്യത്തിന്‍റെ ഐക്യം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇരു കക്ഷികളുമായി ചര്‍ച്ച നടത്തി. അനുരഞ്ജന ചര്‍ച്ചയ്ക്കായി 2018 ജൂലൈ 19ന് ആഡിസ് അബാബാ സിനഡ് പ്രതിനിധികള്‍ വാഷിംഗ്ടണ്‍ നഗരത്തിലെത്തിയപ്പോള്‍ എക്സൈല്‍ സിനഡ് വന്‍സ്വീകരണമാണ് നല്‍കിയത്. ജൂലൈ 22 ഞായറാഴ്ച സെന്‍റ് ഗബ്രിയേല്‍ കത്തീഡ്രലില്‍ സംയുക്ത ആരാധന നടന്നു. പിറ്റേന്ന് ആരംഭിച്ച അനുരഞ്ജന ചര്‍ച്ച തുടക്കത്തില്‍ തന്നെ വിജയിച്ചു. ജൂലൈ 26 ചര്‍ച്ച പൂര്‍ത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. ഐക്യ കരാറിന് http://theorthodoxchurch.info/blog/news/the-ethiopian-orthodox-church-formally-declares-an-end-to-the-27-year-old-schism/ കാണുക.
ഔദ്യോഗിക വിഭാഗം പ്രവാസിവിഭാഗത്തിനെതിരായുള്ള മുടക്ക് ജൂലൈ 31ന് ഔപചാരികമായി പിന്‍വലിച്ചു. …യഥാര്‍ത്ഥ കക്ഷികള്‍ ജീവിച്ചിരിക്കെത്തന്നെ ഈ വിഭാഗീയത അവസാനിപ്പിച്ചില്ലങ്കില്‍ ഈ ശീശ്മ തലമുറകളിലേയ്ക്കു കൈമാറുകയും അതു ശാശ്വതമാവുകയും ചെയ്യും… എന്ന് ആബൂനാ മത്ഥിയാസ് പ്രസ്താവിച്ചു. നോര്‍ത്ത് അമേരിക്കയില്‍ ആര്‍ച്ചുബിഷപ്പായിരിക്കെ താന്‍ നടത്തിയ ഐക്യശ്രമങ്ങള്‍ അനുസ്മരിക്കുകയും ചെയ്തു.
പിറ്റേന്ന് ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസും 16 മെത്രാന്മാരും മാതൃരാജ്യത്ത് മടങ്ങിയെത്തി. പ്രധാനമന്ത്രിയോടൊപ്പം ആഡിസ് അബാബാ വിമാനത്താവളത്തിലെത്തിയ ആബൂനാ മെര്‍ക്കോറിയോസിനെ ഔദ്യോഗികമായി സ്വീകരിച്ച് സഭാ ആസ്ഥാനമായ ഹോളി ട്രിനിറ്റി കത്തീഡ്രലിലേക്ക് ആനയിച്ചു. ആബൂനാ മത്ഥിയാസ് അവിടെയും സ്വീകരണം നല്‍കി. ആബൂനാ മെര്‍ക്കോറിയോസും (80) താനും ഉള്‍പ്പെടെ 14 പേര്‍ ഒരുമിച്ച് 1979 ജനുവരി 21ന് ഈ കത്തീഡ്രലില്‍ ബിഷപ്പുമാരായി വാഴിക്കപ്പെട്ട സംഭവവും ഒരുമിച്ച് സേവനമനുഷ്ടിച്ച കാര്യവും ആബൂനാ മത്ഥിയാസ് (77) അനുസ്മരിച്ചു.
ഹൃദയസ്പര്‍ശിയായ ഒരു രംഗം അടുത്ത ദിവസം അരങ്ങേറി. ആബൂനാ മെര്‍ക്കോറിയോസിനെ 1991ല്‍ പാത്രിയര്‍ക്കാ സ്ഥാനത്തു നിന്നു പുറത്താക്കുന്നതിന് നേതൃത്വം നല്‍കിയ അന്നത്തെ ഇടക്കാല പ്രധാനമന്ത്രി ഠമാശൃമേ ഘമ്യില അദ്ദേഹത്തെ സന്ദര്‍ശിച്ച് മാപ്പിരന്നു. പില്‍ക്കാലത്ത് സഭയുടെ യോജിപ്പിന് അദ്ദേഹവും ശ്രമം നടത്തിയിരുന്നു.
എത്യോപ്യയിലെ ഏറ്റവും വലിയ മതവിഭാഗമാണ് ഓര്‍ത്തഡോക്സ് സഭ. ആകെയുള്ള പത്തു കോടിയിളധികം ജനങ്ങളില്‍ 43 % സഭാംഗങ്ങളാണ്. അമ്പതിലധികം മെത്രാന്മാരുണ്ട്. എക്സൈല്‍ സിനഡ് വിഭാഗത്തിന് പാത്രിയര്‍ക്കീസ് ഉള്‍പ്പെടെ 21 മെത്രാന്മാരും അമേരിക്ക, കാനഡ, യൂറോപ്പ്, ആസ്ട്രേലിയാ, കരീബിയന്‍ രാജ്യങ്ങള്‍, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മെത്രാസനങ്ങളുമുണ്ടായിരുന്നു. ന്യൂജേഴ്സിയിലായിരുന്നു പാത്രിയര്‍ക്കീസ് താമസിച്ചിരുന്നത്. ആനുപാതികമായി പരിഗണിക്കുമ്പോള്‍ എക്സൈല്‍ സിനഡ് മെത്രാന്മാരുടെ എണ്ണം വളരെ കൂടുതലാണ്.
എറിത്രിയന്‍ സഭ
എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭയിലും വിഭാഗിയതയുണ്ട്. 2004ല്‍ പാത്രിയര്‍ക്കീസായ ആബൂനാ അന്തോനിയോസിനെ 2006ല്‍ സര്‍ക്കാര്‍ സ്വാധീനത്തില്‍ സുന്നഹദോസ് സ്ഥാനഭ്രഷ്ടനാക്കുകയും തടവിലാക്കുകയും ചെയ്തു. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ രാഷ്ട്രീയ നേതൃത്വം കൈകടത്താന്‍ ശ്രമിച്ചതിനെ എതിര്‍ത്തതാണ് കാരണം. 2007ല്‍ ആബൂനാ ദീയസ്കോറോസിനെ പാത്രിയര്‍ക്കീസാക്കിയെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിച്ചിരുന്നില്ല. 2015ല്‍ അദ്ദേഹം കാലം ചെയ്തു. പ്രശ്ന പരിഹാരത്തിന് മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമദ് അലിയും എത്യോപ്യന്‍ സഭയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ യോജിപ്പിനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. എത്യോപ്യയും എറിത്രിയയും തമ്മില്‍ 17 വര്‍ഷമായി നിലനിന്ന യുദ്ധ സമാന അവസ്ഥ ജൂലൈ 10ന് സമാധാന കരാറില്‍ ഒപ്പുവച്ചതോടെ അവസാനിച്ചു.
കോപ്റ്റിക് – എത്യോപ്യന്‍ സഭകള്‍
ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടു മുതലുള്ള ചരിത്രം അവകാശപ്പെടുന്നുണ്ടെങ്കിലും നാലാം നൂറ്റാണ്ടിലാണ് എത്യോപ്യന്‍ സഭയുടെ ഔദ്യോഗിക ആരംഭം. എഡി 330 മുതല്‍ 1951 വരെ അലക്സാന്ത്രിയായിലെ പോപ്പ് എന്ന സ്ഥാനനാമമുള്ള കോപ്റ്റിക് പാത്രിയര്‍ക്കീസുമാര്‍ വാഴിച്ചയയ്ക്കുന്ന ഈജിപ്റ്റുകാരായ ആബൂനാ എന്ന മെത്രാന്മാരാണ് എത്യോപ്യന്‍ സഭയ്ക്ക് ആത്മിയ നേതൃത്വം നല്‍കി വന്നിരുന്നത്.
കോപ്റ്റിക് പാത്രിയര്‍ക്കീസ്, 1951-ല്‍ എതോപ്യക്കാരനായ ഒരു ആബൂനായെ വാഴിച്ചതോടെ സ്വയം ഭരണാവകാശവും 1959-ല്‍ അദ്ദേഹത്തെ പാത്രിയര്‍ക്കീസായി വാഴിച്ചതോടെ സ്വയം ശീര്‍ഷകത്വവും എത്യോപ്യന്‍ സഭ കൈവരിച്ചു. അതുപോലെ എറിത്രിയ, എത്യോപ്യയില്‍ നിന്ന് സ്വതന്ത്രമായതോടെ 1993ല്‍ അവിടത്തെ സഭയ്ക്ക് കോപ്റ്റിക് പോപ്പ് ഉള്‍ഭരണസ്വാതന്ത്യം നല്‍കി. 1998ല്‍ എറിത്രിയാക്കാരനെ പാത്രിയര്‍ക്കീസായി വാഴിച്ചതോടെ എറിത്രിയന്‍ സഭ പൂര്‍ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു.
ചുരുക്കത്തില്‍ അലക്സന്ത്രിയാ പാത്രിയര്‍ക്കീസിന്‍റെ (കോപ്റ്റിക് പോപ്പ്) പ്രഥമ സ്ഥാനം അംഗീകരിച്ചുകൊണ്ടുതന്നെ കോപ്റ്റിക് സഭ എത്യോപ്യന്‍ സഭയ്ക്കും (ഇരുസഭകളും ചേര്‍ന്ന്) എറിത്രിയന്‍ സഭയ്ക്കും ഘട്ടംഘട്ടമായി സ്വയംശീര്‍ഷകത്വം നല്‍കിയിരിക്കുകയാണ്. സഭകള്‍ തമ്മിലുള്ള ബന്ധം സുദൃഢവും വ്യവസ്ഥാപിതവുമാക്കുന്നതിന് കോപ്റ്റിക് – എത്യോപ്യന്‍ സഭകള്‍ തമ്മിലും (1994 ഏപ്രില്‍) കോപ്റ്റിക് – എറിത്രിയന്‍ സഭകള്‍ തമ്മിലും (1998 മേയ്) സമാനമായ ഉഭയകക്ഷി ഉടമ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. (രാഷ്ട്രീയ കാരണങ്ങളാല്‍ എത്യോപ്യന്‍-എറിത്രിയന്‍ സഭകള്‍ തമ്മില്‍ ഇപ്രകാരം ഉഭയകക്ഷി ഉടമ്പടി ഉണ്ടാക്കിയിട്ടില്ല). അലക്സന്ത്രിയാ പാത്രിയര്‍ക്കീസിന് ആദരവിന്‍റെ ഒന്നാം സ്ഥാനം (വേല ളശൃെേ ുീശെശേീി ീള വീിീൗൃ), എത്യോപ്യന്‍-എറിത്രിയന്‍ സഭകളുടെ പൂര്‍ണ സ്വാതന്ത്യവും സ്വയംശീര്‍ഷകത്വവും, സഭാതലവന്മാരുടെ തെരഞ്ഞെടുപ്പിലും സ്ഥാനാരോഹണത്തിലും പരസ്പര പങ്കാളിത്തം, സുന്നഹദോസിന്‍റെ സംയുക്ത സമ്മേളനങ്ങള്‍, പരസ്പര സന്ദര്‍ശനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ഈ സഭാ ഉടമ്പടികള്‍.
1994-ല്‍ ഉടമ്പടിയുണ്ടായെങ്കിലും കോപ്റ്റിക്-എത്യോപ്യന്‍ സഭകള്‍ തമ്മിലുള്ള ബന്ധം 1976 – 2007 കാലഘട്ടത്തില്‍ അത്ര നല്ല നിലയിലായിരുന്നില്ല. 2007ല്‍ സഭാതലവന്മാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലൂടെയും പിന്നീടു നടത്തിയ പരസ്പര സന്ദര്‍ശനങ്ങളിലൂടെയും ബന്ധം കൂടുതല്‍ മെച്ചപ്പെട്ടു. കോപ്റ്റിക് പാത്രിയര്‍ക്കീസ് പോപ്പ് തെവദ്രോസ് കക, എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ് എന്നിവരുടെ തെരഞ്ഞെടുപ്പിലും സ്ഥാനാരോഹണത്തിലും (2012 നവംബര്‍, 2013 മാര്‍ച്ച്) ഈ സഭകള്‍ തമ്മിലുള്ള ഉഭയകക്ഷി ഉടമ്പടി പ്രകാരമുള്ള പരസ്പര പങ്കാളിത്തം ശ്രദ്ധേയമായി.
മലങ്കര സഭാ യോജിപ്പിന് മാതൃക
മലങ്കരസഭയുമായി ഏറ്റവും ബന്ധമുള്ള ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭയാണ് എത്യോപ്യന്‍ സഭ . ഇരു സഭാതലവന്മാരും നിരന്തരമായി പരസ്പര സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. ഇരു സഭകളുടെയും ചരിത്രം പഠിച്ചാല്‍ ഒട്ടേറെ സമാനതകള്‍ കണ്ടെത്താനാകും. എത്യോപ്യന്‍ സഭയുടെ ഐക്യം മലങ്കരസഭയ്ക്ക് ഒരു പാഠമാകേണ്ടതാണ്.
എത്യോപ്യന്‍ സഭയിലെ ഭിന്നിപ്പ് ഒറ്റ ദിവസത്തെ (2018 ജൂലൈ 23) ചര്‍ച്ച കൊണ്ടു തന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. ആറ് ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ എറിത്രിയന്‍ സഭയിലെ പിളര്‍പ്പും ഉടനെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും വിഭാഗിയത അവശേഷിക്കുന്നത് മലങ്കര സഭയില്‍ മാത്രം. 45 വര്‍ഷമായി നിലനില്‍ക്കുന്ന ഇപ്പോഴത്തെ വിഭാഗിയത എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ശാശ്വതമാകുകയും ചെയ്യും. കേരളത്തിലെ കല്‍ദായ സഭയിലും (1995) ഇവാന്‍ജലിക്കല്‍ സഭയിലും (2007) ഇപ്പോള്‍ എത്യോപ്യന്‍ സഭയിലും ഉണ്ടായ യോജിപ്പ് മലങ്കര സഭയുടെ യോജിപ്പിന് മാതൃകയായി സ്വീകരിക്കാവുന്നതാണ്.
അതുപോലെ അലക്സന്ത്രിയന്‍ ഉടമ്പടികള്‍ (1994, 1998) സുദൃഢവും വ്യവസ്ഥാപിതവും സഭാഭരണഘടനാപരവുമായ അന്ത്യോഖ്യന്‍-മലങ്കര ബന്ധത്തിനും ഒരു മാതൃകയാക്കാവുന്നതാണ്. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അവകാശങ്ങളും മലങ്കര സഭയുടെ സ്വാതന്ത്യവും സഭാഭരണഘടനപ്രകാരം ഒരുപോലെ സംരക്ഷിക്കാവുന്നതാണ്. കോപ്റ്റിക് – എത്യോപ്യന്‍/എറിത്രിയന്‍ സഭകള്‍ തമ്മിലുണ്ടാക്കിയതു പോലുള്ള ഉഭയ കക്ഷി കരാറില്‍ അന്ത്യോഖ്യന്‍-മലങ്കര സഭകള്‍ എത്തിച്ചേര്‍ന്നാല്‍ ഈ സഭകള്‍ തമ്മിലുള്ള പ്രശ്നത്തിനു ശാശ്വത പരിഹാരമാകുമെന്നു ചുരുക്കം. അതിനായി ഈ ലേഖകനടക്കം ഇരു കക്ഷികളിലും ഉള്‍പ്പെടുന്ന ഏതാനും പേര്‍ ചേര്‍ന്ന് അന്ത്യോഖ്യന്‍-മലങ്കര ഉടമ്പടിയുടെ ഒരു കരടുരൂപം തയ്യാറാക്കിയിട്ടുണ്ട്. ഇതു പഠനവിധേയമാക്കേണ്ടതാണ്.
ഇതോടൊപ്പം ബഥേല്‍ പത്രിക പ്രസിദ്ധീകരിച്ച അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും തമ്മിലുള്ള ഉടമ്പടിയ്ക്കു വേണ്ടിയുള്ള കരട് നിര്‍ദേശം (2016 ആഗസ്റ്റ്, സെപ്റ്റംബര്‍), എത്യോപ്യന്‍ സഭ, മലങ്കര – എത്യോപ്യന്‍ സഭകള്‍ (2016 നവംബര്‍) എന്നീ ലേഖനങ്ങള്‍ കൂടി കാണുക.