ചെമ്മനം ചാക്കോ അന്തരിച്ചു
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമാണ്.
പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. ഏതാനും ദിവസങ്ങളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് അന്ത്യം.
ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമർശനം നടത്തിയ കവിയായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയിൽ അതിശക്തമായ സാമൂഹിക വിമർശനം നടത്തിയിരുന്ന ചെമ്മനം കുഞ്ചൻ നമ്പ്യാരുടെയും സഞ്ജയന്റെയും പാതയിൽ ഭാഷാസാഹിത്യ സേവനം നടത്തി ഏറെ ജനപ്രീതി നേടിയ കവിയായിരുന്നു.
കോട്ടയം ജില്ലയിലെ മുളക്കുളത്ത് ചെമ്മനം കുടുംബത്തിൽ വൈദികനായ യോഹന്നാൻ കത്തനാരുടെയും സാറയുടെയും മകനായി 1926 മാർച്ച് 7-നാണ് ജനനം. പിറവം സെയ്‌ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, ആലുവ യു.സി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. മലയാള ഭാഷയിലും സാഹിത്യത്തിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി. പിറവം സെയ്‌ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, പാളയംകോട്ട സെയ്‌ന്റ് ജോൺസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവകലാശാലാ മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കേരള സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
‘ആളില്ലാ കസേരകൾ’ എന്ന കവിത ഏറെ പ്രശസ്തമായിരുന്നു. സർക്കാർ ഓഫീസുകളിലെ ജനവിരുദ്ധ ഇടപെടലുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിന്റെ കാവ്യ വിമർശനങ്ങൾ മർമത്തു തന്നെ കൊള്ളുന്നവയായിരുന്നു.
ഭാര്യ: ബേബി ടീച്ചർ (റിട്ട. പ്രധാനാധ്യാപിക). മക്കൾ: ഡോ. ശോഭ (അമൃത ആശുപത്രി എറണാകുളം), ഡോ. ജയ (യു.കെ.). മരുമക്കൾ: ഡോ. ജോർജ് പോൾ (അമൃത ആശുപത്രി എറണാകുളം), ഡോ. ചെറിയാൻ വർഗീസ് (യു.കെ.)
മൃതദേഹം എറണാകുളം മെഡിക്കൽ സെൻററിലേക്ക് മാറ്റി. യു.കെ.യിൽനിന്ന് മകൾ എത്തിയ ശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുളക്കുളം മണ്ണുക്കുന്നേൽ സെയ്‌ന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിലാണ് ശവസംസ്കാരം.
നമ്പ്യാരുടെ പിന്‍ഗാമി, ജനങ്ങളുടെ കവി
സാധാരണക്കാരുടെ പ്രിയ കവിയായിരുന്നു ചെമ്മനം ചാക്കോ. അതീവ ലളിതമായ ഭാഷ. രൂക്ഷമായ സാമൂഹിക വിമര്‍ശനം. പ്രതിപാദിക്കുന്നതാകട്ടെ ഏറ്റവും പ്രസക്തമായ സാമൂഹിക കാര്യങ്ങളും. സാധാരണക്കാര്‍ പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് ചെമ്മനം ചാക്കോ കവിതകളില്‍ ആവിഷ്‌കരിച്ചത്. കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും പിന്‍ഗാമിയായിട്ടാണ് മലയാളത്തില്‍ ചെമ്മനമെന്ന കവി തന്റെ സിംഹാസനം ഉറപ്പിച്ചത്. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ട കാവ്യസപര്യ. അമ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം.
1946-ല്‍ പി. ദാമോദരന്‍ പിള്ള കോട്ടയത്തുനിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ചക്രവാളം’ മാസികയില്‍ ‘പ്രവചനം’ എന്ന ആദ്യ കവിത പ്രസിദ്ധീകരിച്ചു. സി.ജെ.സി. മുളക്കുളം എന്ന പേരിലാണ് ആദ്യമൊക്കെ എഴുതിയിരുന്നത്. പിന്നീടാണ് ചെമ്മനം ചാക്കോ എന്ന പേര് സ്വീകരിച്ചത്. തന്റെ സാമൂഹിക വിമര്‍ശനത്തിന് ശക്തി പകര്‍ന്നത് എന്‍.വി. കൃഷ്ണവാര്യരുടെ കവിതകളാണെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
1947-ല്‍ ‘വിളംബരം’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ‘ഉദ്ഘാടനം’ ആണ് ആദ്യം പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ കവിത. ജനങ്ങളുടെ ജീവല്‍പ്രധാനങ്ങളായ കാര്യങ്ങള്‍ നോക്കേണ്ട മന്ത്രിമാര്‍, അതു ചെയ്യാതെ പാലം മുതല്‍ മൂത്രപ്പുര വരെ ഉദ്ഘാടനം ചെയ്തു നടക്കുന്നതിലെ പരിഹാസവും പ്രതിഷേധവുമായിരുന്നു ഈ കവിത. ഇന്നും പ്രസക്തമാണ് ഈ കവിത.
‘ആളില്ലാ കസേരകള്‍’, ‘മാധ്യമസൃഷ്ടി’ എന്നീ കവിതകള്‍ ഏറെ പ്രശസ്തമായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ജനവിരുദ്ധ ഇടപെടലുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിന്റെ കാവ്യ വിമര്‍ശനങ്ങള്‍ മര്‍മത്തു തന്നെ കൊള്ളുന്നവയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്ന് പരസ്പരം പോരടിച്ചപ്പോള്‍ അതിനെ പരിഹസിച്ച് എഴുതിയ ‘ഉള്‍പ്പാര്‍ട്ടി യുദ്ധം’ എന്ന കവിത മുതല്‍ ആക്ഷേപഹാസ്യം തന്റെ കവിതയുടെ ജീവവായുവായി അദ്ദേഹം തിരഞ്ഞെടുത്തു. സാധാരണ മനുഷ്യര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെയും അധികാരിവര്‍ഗത്തിന്റെ ഗര്‍വിനെയും അദ്ദേഹം തന്റെ കവിതകളില്‍ ആവാഹിച്ചു.
53 വര്‍ഷം തിരുവനന്തപുരത്തായിരുന്നു താമസം. പിന്നീട് എറണാകുളത്തേക്കു മാറി. ഇപ്പോള്‍ 12 കൊല്ലമായി എറണാകുളത്താണ്. ഇവിടെ അധികം കവികളും സാഹിത്യകാരന്മാരുമില്ലാത്തതുകൊണ്ട് നാട്ടുകാരുടെ ഊഷ്മളമായ സ്‌നേഹം ലഭിക്കുന്നുവെന്നാണ് കവി പറയുന്നത്. തൃക്കാക്കരയില്‍ അദ്ദേഹത്തിന്റെ ശ്രമഫലമായി ഒരു സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. കവിത, ബാലസാഹിത്യം, ലേഖനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി അമ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പി. സ്മാരക അവാര്‍ഡ്, ആശാന്‍ അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ കവിതാ അവാര്‍ഡ്, സഞ്ജയന്‍ അവാര്‍ഡ്, പണ്ഡിറ്റ് കെ.പി. കറുപ്പന്‍ അവാര്‍ഡ്, കുട്ടമത്ത് അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്, എ.ഡി. ഹരിശര്‍മ അവാര്‍ഡ്, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.
സമൂഹത്തെ ഇളക്കിമറിച്ച ‘ആളില്ലാക്കസേരകള്‍
കേരളീയ സമൂഹത്തില്‍ വലിയ ചലനമുണ്ടാക്കിയ കവിതയാണ് ചെമ്മനത്തിന്റെ ‘ആളില്ലാക്കസേരകള്‍’. സര്‍ക്കാര്‍ ഓഫീസുകളുടെ ദുരവസ്ഥയും ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയും ഓഫീസുകളില്‍ ഓരോരോ കാര്യങ്ങള്‍ക്കായി എത്തുന്ന സാധാരണ ജനങ്ങളുടെ നിസ്സഹായതയും അതിശയോക്തിയൊന്നുമില്ലാതെ ആ കവിതയില്‍ കവി പറഞ്ഞുവച്ചു. അതു സൃഷ്ടിച്ച അലയൊലികള്‍ ഇന്നുമുണ്ട്. കുറെയാളുകളുടെ കണ്ണുതുറപ്പിക്കാന്‍ ഈ സൃഷ്ടിക്കായി.
ഭാര്യ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം പ്രോവിഡന്റ് ഫണ്ടിന്റെ ആവശ്യത്തിന് ഏജീസ് ഓഫീസ് കയറിയിറങ്ങേണ്ടി വന്നപ്പോഴാണ് ഈ കവിത അദ്ദേഹമെഴുതിയത്. ആ അര്‍ഥത്തില്‍ അത് അദ്ദേഹത്തിന്റെയും സമാന അനുഭവം ഉണ്ടായവരുടെയും ആത്മ കവിതയായി.
മുപ്പത് തവണയാണ് അദ്ദേഹം ഏജീസ് ഓഫീസിന്റെ പടി കയറിയിറങ്ങിയത്. സാധാരണ ഓരോ ആവശ്യത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ ആള്‍ക്കാര്‍ ചെല്ലുമ്പോള്‍ കിട്ടുന്ന അനുഭവം തന്നെയാണ് ഓരോ തവണയും അദ്ദേഹത്തിനും കിട്ടിയത്. ഈ അവസ്ഥയില്‍ ശാരീരികവും മാനസികവുമായി തളര്‍ന്ന അദ്ദേഹം ഓഫീസിന്റെ ഇടനാഴിയിലെ സ്റ്റൂളില്‍ ഇരുന്ന് എഴുതിയത് ഇങ്ങനെ:
‘കൈയിലെ കാശും കൊടുത്തീവിധം തേരാപ്പാരാ വയ്യെനിക്കെജീസ് ഓഫീസ് കയറുവാന്‍ ഭഗവാനേ…’
പിന്നീട് അത് വലിയ കവിതയായി പ്രസിദ്ധീകരിച്ചു. അത് ശ്രദ്ധയില്‍ പെട്ട അന്നത്തെ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് ജോസഫ് തന്റെ കീഴുദ്യോഗസ്ഥര്‍ക്കായി ഒരു സര്‍ക്കുലര്‍ തയ്യാറാക്കി അയച്ചു. അതിന്റെ മറുപുറത്ത് ആളില്ലാക്കസേരകള്‍ എന്ന കവിതയും അച്ചടിച്ചിട്ടുണ്ടായിരുന്നു. ജീവനക്കാരുടെ ഹാജര്‍ കര്‍ശനമാക്കിയായിരുന്നു സര്‍ക്കുലര്‍. അപേക്ഷകള്‍ കൃത്യസമയത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു, ഒരുപാടാളുകളുടെ പ്രശ്‌നങ്ങള്‍ക്ക് അതോടെ പരിഹാരമാവുകയും ചെയ്തു. പക്ഷേ, ചില ജീവനക്കാരുടെ യൂണിയനുകള്‍ അദ്ദേഹത്തെ ശത്രുപക്ഷത്താണ് നിര്‍ത്തിയത്. എന്നാല്‍ ചെമ്മനം കുലുങ്ങിയില്ല. അതാണ് ചെമ്മനം. പിന്നെ, സാധാരണ ജനങ്ങളുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഓഫീസുകളുടെ ദുരവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകളിലും മറ്റും ആളില്ലാക്കസേരകളെന്ന പ്രയോഗം സാധാരണമായി.
കേരളീയ സമൂഹത്തെ ഗ്രസിച്ച അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നിസ്സംഗതയുടെയും ഇരുട്ടിനെ കീറിമുറിച്ച് പ്രകാശം പരത്തിയ വജ്രസൂചി തന്നെയായിരുന്നു ചെമ്മനത്തിന്റെ കവിതകള്‍. ‘കാലത്തിനൊത്ത് നീ മാറേണ്ട തൂലികേ… കാലത്തെ മാറ്റുവാന്‍ നോക്കൂ…’ എന്നാണ് ചെമ്മനം സ്വന്തം തൂലികയ്ക്ക് നല്‍കുന്ന ഉപദേശം.
ചെമ്മനത്തിന്റെ കൃതികള്‍
വിളംബരം, കനകാക്ഷരങ്ങള്‍, നെല്ല്, കാര്‍ട്ടൂണ്‍, കവിത, ഇന്ന്, പുത്തരി, അസ്ത്രം, ആഗ്നേയാസ്ത്രം, ദുഃഖത്തിന്റെ ചിരി, ആവനാഴി, ജൈത്രയാത്ര, രാജപാത, ദാഹജലം, ഭൂമികുലുക്കം, അമ്പും വില്ലും, രാജാവിന് വസ്ത്രമില്ല, ആളില്ലാക്കസേരകള്‍, ചിന്തേര്, നര്‍മസങ്കടം ബഹുമതികളും മറ്റും, ഒന്ന് ഒന്ന് രണ്ടായിരം, ഒറ്റയാള്‍ പട്ടാളം, ഒറ്റയാന്റെ ചൂണ്ടുവിരല്‍, അക്ഷരപ്പോരാട്ടം, കുടുംബസംവിധാനം, തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങള്‍, ചെമ്മനം കവിതകള്‍, വര്‍ഷമേഘം, അക്ഷരശിക്ഷ, പത്രങ്ങളെ നിങ്ങള്‍, ചെമ്മനം കവിത സമ്പൂര്‍ണം, ചിരിക്കാം ചിന്തിക്കാം, ഇരുട്ടുകൊട്ടാരം, ചക്കരമാമ്പഴം, രാത്രിവിളക്കുകള്‍, നെറ്റിപ്പട്ടം, ഇന്ത്യന്‍ കഴുത, കിഞ്ചനവര്‍ത്തമാനം, കാണാമാണിക്യം, ചിരിമധുരം, ചിരിമധുരതരം, ചിരിമധുരതമം, പുളിയും മധുരവും, ഭാഷാതിലകം, അറിവിന്റെ കനികള്‍, വള്ളത്തോള്‍ കവിയും വ്യക്തിയും, തോമസ് 28 വയസ്സ് (കഥാ സമാഹാരം).
ചെമ്മനം തന്നെക്കുറിച്ച്
‘ഞാന്‍ മരിച്ചാല്‍ ആരും റീത്തു സമര്‍പ്പിക്കണ്ട, പിന്നെ പണം ചെലവു ചെയ്യണമെന്നുണ്ടെങ്കില്‍ എന്റെ എല്ലാ കവിതകളും സമാഹരിച്ച ‘ചെമ്മനം സമ്പൂര്‍ണം’ എന്ന ഗ്രന്ഥത്തിന്റെ ഒരു കോപ്പി വാങ്ങിയാല്‍ മതി. ഒരു ഹാസ്യകവിയല്ല ഞാന്‍; വിമര്‍ശന ഹാസ്യ കവിയാകുന്നു.
ചിരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലുമെഴുതാന്‍ എനിക്കു താത്പര്യം തോന്നിയിട്ടില്ല. ഏതെങ്കിലും ഒരു സാമൂഹിക പ്രശ്‌നമായിട്ടാണ് കവിത എന്റെയുള്ളില്‍ ജനിക്കുന്നതുതന്നെ. നാം ഓര്‍ത്തോര്‍ത്ത് ദുഃഖിക്കുകയും നെടുവീര്‍പ്പിടുകയും പരിഹരിക്കാന്‍ പാടുപെടുകയും ചെയ്യേണ്ട വസ്തുതകള്‍. അവയുടെ ആവിഷ്‌കാരത്തിന് ഹാസ്യത്തെ മാധ്യമമാക്കുന്നു എന്നു മാത്രം.