ഈജിപ്തില്‍ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ടു

കെയ്റോ: ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിൽ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ടു. തീരപ്രദേശമായ ബഹിറ പ്രവിശ്യയിലെ അൻബ മകർ ആശ്രമത്തിന്റെ അധ്യക്ഷനായ ബിഷപ്പ് എപ്പിഫാനിയൂസാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ശിരസ്സില്‍ നിന്നു രക്തം വാര്‍ന്ന നിലയിലാണ് ബിഷപ്പിനെ കണ്ടെത്തിയതെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടില്ല. രാജ്യത്ത് തുടരുന്ന ക്രൈസ്തവ നരഹത്യയുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പിന്റെ മരണം.

പോലീസ് അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവുമായി ഈജിപ്ഷ്യൻ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ നേതൃത്വം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിന്റെ സംസ്കാര ശുശ്രൂഷകൾ പിന്നീട് തീരുമാനിക്കും. മുസ്ളിം രാഷ്ട്രമായ ഈജിപ്തിൽ പത്ത് ശതമാനത്തോളമാണ് ക്രൈസ്തവ ജനസംഖ്യ. വിഭാഗീയ അക്രമണങ്ങൾക്ക് സ്ഥിരം വേദിയാകുന്ന രാജ്യത്ത് തീവ്ര ഇസ്ളാമിക വാദികൾ ക്രൈസ്തവ വിശ്വാസികളെയും സഭാനേതൃത്വത്തിന് നേരെയും ആക്രമണം അഴിച്ചുവിടുന്നത് പതിവാണ്. 2016- ഡിസംബര്‍ മുതല്‍ രൂക്ഷമായ ആക്രമണത്തില്‍ നൂറോളം ക്രൈസ്തവരാണ് ഇതുവരെ കൊല്ലപ്പെട്ടത്.