ഓര്‍ത്തഡോക്സ് സഭ പ്രതിഷേധദിനം ആചരിക്കും.

ക്രൈസ്തവ വിശ്വാസത്തിന്‍റെയും കൂദാശാധിഷ്ഠിതവും മതാധിഷ്ഠിതവുമായ ജീവിതത്തിന്‍റെയും അവിഭാജ്യ ഘടകമായ കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷയുടെ നിര്‍ദ്ദേശത്തിനെതിരെ മലങ്കര ഓര്‍ത്തഡോക്സ് സഭ ആഗസ്റ്റ് 5 ഞായര്‍ പ്രതിഷേധദിനമായി ആചരിക്കുമെന്ന് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്തായും, സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും അറിയിച്ചു. നിക്ഷിപ്ത താല്പര്യങ്ങളോടെ മതസ്പര്‍ദ്ധ വളര്‍ത്താനുളള തന്ത്രത്തിന്‍റെ ഭാഗമാണോ ഈ നീക്കം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ ആകുലതയ്ക്ക് ആശ്വാസം നല്‍കുന്നതും ആത്മബലം വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്നതുമായ ഒരു മതാനുഷ്ഠാനം നിരോധിക്കണമെന്ന വികലവും വിചിത്രവുമായ ശുപാര്‍ശ വേണ്ടത്ര അന്വേഷണമോ പഠനമോ വിശകലനമോ നടത്താതെയാണ് സമര്‍പ്പിച്ചിട്ടുളളതെന്നതിന്‍റെ തെളിവാണ് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നുളള ഭിന്നാഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മതേതരത്വവും ബഹുസ്വരതയുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്ത് എന്നത് തിരിച്ചറിഞ്ഞ് മതസൗഹാര്‍ദ്ദം തകര്‍ക്കാനിടയുളള നീക്കങ്ങളില്‍ നിന്ന് അതിന് തുനിയുന്നവര്‍ പിന്മാറണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. .