കല്ലിനടിയില്‍ വളര്‍ത്തുന്ന പുല്ലുകള്‍ / ഡോ. എം. കുര്യന്‍ തോമസ്

പുല്‍ത്തകിടികളില്‍ വീണ കല്ലോ അതുപോലുള്ള വസ്തുക്കളോ ഏതാനും ദിവസങ്ങള്‍ക്കു ശേഷം എടുത്തുമാറ്റിയാല്‍ അതിന്റെ അടിയിലും പുല്ലു വളരുന്നതു കാണാം. പക്ഷേ അവ പച്ചപ്പ് നഷ്ടപ്പെട്ട് വിളറി ദുര്‍ബലമായിരിക്കുമെന്നു മാത്രം. കേരളത്തിലെ സ്‌കൂളുകളില്‍നിന്നും ഇന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ വിശേഷിപ്പിക്കാവുന്നത് ‘കല്ലിനടിയില്‍ വളര്‍ത്തുന്ന പുല്ല്’ എന്നു മാത്രമാണ്.

കഴിഞ്ഞദിവസങ്ങളില്‍ സമീപനഗരത്തിലെ കോളേജില്‍ പോകുവാന്‍ പരസഹായം തേടുന്ന ഒരു വിദ്യാര്‍ത്ഥിയെ കണ്ടതാണ് ഈ കുറിപ്പെഴുതാന്‍ പ്രേരകമായത്. ഈ വര്‍ഷം പ്ലസ്ടു പാസായ വിദ്വാന് 15 കിലോമീറ്റര്‍മാത്രം അകലെ നഗരമദ്ധ്യത്തിലുള്ള പ്രശസ്തമായ കലാലയത്തില്‍ എത്തിച്ചേരുവാന്‍ കൂട്ടുവേണം! കുട്ടിയേക്കാള്‍ വെപ്രാളം ഇക്കാര്യത്തില്‍ അവന്റെ മാതാപിതാക്കള്‍ക്കാണന്നതാണ് പരിതാപകരം. അവന് തന്നെ പോകാന്‍ അറിയില്ലപോലും!

പ്ലസ്ടു വരെ കുറഞ്ഞതു പന്ത്രണ്ടു വര്‍ഷം ഇവരൊക്കെ സ്‌കൂളില്‍പോയി പഠിച്ചതല്ലേ എന്നു സംശയിച്ചേക്കാം. ശരിയാണ്. പക്ഷേ അവ പൂര്‍ണ്ണമായും സ്‌കൂള്‍ബസുകളെ ആശ്രയിച്ചായിരുന്നു. ചുരുക്കത്തില്‍ സ്വയം പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ചു യാത്ര ചെയ്യാന്‍ പതിനേഴുകാരന് അറിയില്ല. ഇത് ഒരാളുടെ മാത്രം കാര്യമല്ല, കേരളത്തിലെ സമവയ്‌സ്‌കരായ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടേയും പ്രശ്‌നമാണന്നു അന്വേഷിച്ചാല്‍ അറിയാന്‍ സാധിക്കും. അതിനു കാരണമാകട്ടെ വിദ്യാഭ്യാസത്തെ കുറിച്ചു മലയാളി ഇന്നു വെച്ചുപുലര്‍ത്തുന്ന വികലമായ ധാരണകളും.

തീര്‍ച്ചയായും കഴിഞ്ഞ മൂന്നു ദശകത്തിനിടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ‘നിലവാരം’ ഉയര്‍ന്നിട്ടുണ്ട്. പക്ഷേ അക്കദമിക്ക് മേഖലയില്‍ ഉണ്ടായ വളര്‍ച്ചപോലും നിസാരമാണന്നാണ് ഈ ലേഖകന്റെ പക്ഷം. കാരണം കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി എക്കാലത്തും മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. വാര്‍ത്താ മായാജാലങ്ങളൊഴികെ കേരളത്തില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നിട്ടില്ല എന്നു വാദിക്കുന്നവരുമുണ്ട്. പക്ഷേ മറ്റു രംഗങ്ങളില്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം കുത്തനെ ഇടിഞ്ഞു എന്നാണ് ഈ ലേഖകന്റെ പക്ഷം.

‘സ്‌കൂള്‍ വിദ്യാഭ്യാസം എന്നത് കേവലം അക്ഷരങ്ങളുടേയും അക്കങ്ങളുടേയും പഠനമല്ല; അത് കൂടുതല്‍ വിശാലമായ ഒരു രംഗമാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ ഏറ്റവും പ്രധാന ഘടകം സ്‌കൂളിംഗ് ആണ്.’ ഈ ലേഖകന്റെ ഹൈസ്‌കൂള്‍ പഠനകാലത്ത് ഹെഡ്മാസ്റ്റര്‍ ആവര്‍ത്തിക്കാറുള്ള ഒരു വാചകമാണിത്. ഈറ്റണില്‍ പഠിച്ചു എന്നൊക്കെ ബ്രിട്ടീഷ് വരേണ്യവര്‍ഗ്ഗം ഊറ്റം കൊള്ളുന്നത് അവിടെ ലഭിക്കുന്ന സ്‌കൂളിംഗിന്റെ മികവുകൊണ്ടാണ്. ഇന്നു കേരളത്തിനു നഷ്ടപ്പെട്ടത് ‘സ്‌കൂളിംഗ്’ ആണ്. അതുമൂലമാണ് പ്ലസ്ടുക്കാരന് ബസ്‌യാത്ര അപ്രാപ്യമാകുന്നത്.

എന്താണ് ‘സ്‌കൂളിംഗ്’?. ഒരു സമൂഹമായി ഒരേ ലക്ഷ്യത്തില്‍ ചരിക്കുന്ന, ഒരേ പാഠ്യപദ്ധതിയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ സാംസ്‌കാരിക വികസനമാണ് ‘സ്‌കൂളിംഗ്’എന്ന് മൊത്തത്തില്‍ പറയാം. അതിനേക്കാള്‍ ഉപരി, പറക്കമുറ്റാത്ത ഒരു പൈതലിനെ സ്വന്തം കാലില്‍ നില്‍ക്കുവാനും താന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചു മനസിലാക്കി അതിനോടു സംവേദിക്കുവാനും പ്രാപ്തനാക്കുന്ന പ്രക്രിയയാണ് യഥാര്‍ത്ഥത്തിലുള്ള ‘സ്‌കൂളിംഗ്.’അച്ചടക്കം, സഹജീവിസ്‌നേഹം ഇതൊക്കെ സ്വാഭാവികമായി ഉരുത്തിരിയുന്ന സ്വഭാവ വിശേഷങ്ങളാണ്.

പരിണിതപ്രജ്ഞനായ ഒരു മലയാളി വിദ്യാഭ്യാസ വിചക്ഷണന്‍ വിദ്യാഭ്യാസത്തിനു നല്‍കിയ നിര്‍വചനം ഇവിടെ പ്രസക്തമാണ്. ‘…വിദ്യാഭ്യാസം ഒരു പരിശീലനപരിപാടി എന്നതിനേക്കാളുപരി വ്യക്തിത്വരൂപീകരണപ്രക്രിയയാണെന്ന് മനസ്സിലാക്കുക. അക്ഷരങ്ങള്‍ കൊണ്ടോ വാക്യങ്ങള്‍ കൊണ്ടോ പകര്‍ത്താവുന്നതിനപ്പുറമായ ബൗദ്ധികവും സാസ്‌കാരികവും ആത്മീയവും ധാര്‍മ്മികവുമായ രൂപീകരണമാണത്. ബാഹ്യമായ പ്രവര്‍ത്തനങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയും വിദ്യാഭ്യാസം ആന്തരികമായി സ്വാംശീകരിക്കപ്പെടണം…’

മലയാളി ശരിക്കും സ്‌കൂളിംഗിന്റെ ഗുണഭോക്താക്കളാണ്. സാസ്‌കാരിക പ്രബുദ്ധത നേടി വിശ്വപൗരരായി അവരെ വളര്‍ത്തിയത് കേരളത്തിന്റെ വിദ്യാഭ്യാസ സംസ്‌കാരമാണ്. ജാതിവിവേചനത്തിന്റെയും മതവെറിയുടേയും നീരാളിപ്പിടുത്തത്തില്‍നിന്നും കേരളത്തെ മോചിപ്പിച്ചതും പ്രധാനമായും പൊതുവിദ്യാലയങ്ങളിലെ സഹവാസമാണ്. ഉടമസ്ഥതയും നടത്തിപ്പും വിവിധ സര്‍ക്കാര്‍/സര്‍ക്കാതിര സമൂഹങ്ങള്‍ക്ക് ആയിരുന്നെങ്കിലും. അവ വെച്ചു പുലര്‍ത്തിയിരുന്നത് ഒരേ സംസ്‌കാരം ആയിരുന്നു. ഗാന്ധിജയന്തിയോടനുബന്ധിച്ചു നടത്തിയിരുന്ന ‘കിളയും ക്ലീനിംഗും’ കഴിഞ്ഞ് ഒരുമിച്ചിരുന്നു കപ്പയും ചമ്മന്തിയും കഴിക്കാനും, സഹപാഠിയുടെ ചോറ്റുപാത്രത്തില്‍ ഒളിഞ്ഞുനോക്കി വിമര്‍ശിക്കാതിരിക്കാനും മലയാളിയെ പഠിപ്പിച്ചത് ഈ പൊതുവിദ്യാലയങ്ങളാണ്.

മൂന്നു ദശാബ്ദം മുമ്പിലെ സ്ഥിതിയെടുക്കാം. വിദ്യാര്‍ത്ഥികളില്‍ ഭുരിപക്ഷവും പ്രാദേശികര്‍. കാല്‍നടയായോ ബസില്‍ 10, 25 പൈസാ ‘എസ്റ്റി അടിച്ചോ’ സ്‌കൂളിലെത്തുന്നവര്‍. സ്‌കൂളിംഗ് അവിടെ ആരംഭിക്കുന്നു. അവര്‍ക്ക് നാടറിയാം, പൊതുഗതാഗതം അറിയാം, യോഗമുണ്ടെങ്കില്‍ കൂട്ടത്തില്‍ സ്വല്‍പ്പം ‘മാവേലേറും’ പഠിക്കാം. പകരം ഇന്നോ? പഠനം പ്രാദേശികം എന്ന സംസ്‌കാരമൊക്കെ പൊയ്‌പ്പോയി. യാത്രയ്ക്ക് ഭൂരിപക്ഷവും ആശ്രയിക്കുന്നത് സ്‌കൂള്‍ ബസുകളെ. നാട്ടിന്‍പുറത്തെ ദാരിദ്യം പിടിച്ച സര്‍ക്കാര്‍/ഐഡഡ് സ്‌കൂളുകളില്‍ പോലും കുട്ടികളെ ചേര്‍ക്കാന്‍ കൊണ്ടുചെല്ലുന്നവര്‍ ആദ്യം ചോദിക്കുന്നത് സ്‌കൂള്‍വാഹനത്തിന്റെ ലഭ്യതയാണ്!

ആത്യന്തികമായി ഇത് നഷ്ടമാക്കുന്നത് പൊതുവാഹനങ്ങള്‍ ഉപയോഗിക്കുവാനും പൊതു ഇടങ്ങള്‍ പരിചയപ്പെടുവാനുമുള്ള വിദ്യാര്‍ത്ഥികളുടെ അവസരമാണ്. ‘വ്യക്തിപരമായ സുരക്ഷ’ എന്ന മുടന്തന്‍ന്യായം ഉയര്‍ത്തിയിട്ടൊന്നും കാര്യമില്ല. ഗതാതഗത-വാര്‍ത്തവിനിമയ സൗകര്യങ്ങള്‍ പരിമിതമായിരുന്നകാലത്തും തൊട്ടു മുമ്പുള്ള തലമുറവരെ ഇങ്ങിനെയൊക്കയാണ് യാത്രചെയ്തിരുന്നത്. മനോഭാവത്തിലെ മാറ്റം ഒഴികെ ഈ പരിണാമത്തിനു മറ്റു കാരണങ്ങളില്ല.

ഒന്നു പറയാതിരിക്കാന്‍ വയ്യ. മൂന്നു ദശാബ്ദം മുമ്പ് ഉണ്ടായ അണ്‍ഐയിഡഡ് സ്‌കൂളുകളുടെ തള്ളിക്കയറ്റമാണ് കേരളത്തിന്റെ വിദ്യാഭ്യാസസംസ്‌കാരം അട്ടിമറിച്ചത്. കൂണുപോലെ മുളച്ച ഇത്തരം സ്ഥാപനങ്ങള്‍ സമ്മാനിച്ച അനഭിമിത പ്രവണതകളിലൊന്നാണ് സ്‌കൂള്‍ബസ് സംസ്‌കാരം. ഇവയുടെ ഇതിനേക്കാള്‍ അപകടംപിടിച്ച മറ്റൊരു സംഭാവനയാണ് മനഃപാഠമാക്കലാണ് വിദ്യാഭ്യാസം എന്ന വികലമായ കാഴ്ച്ചപ്പാട്. വിദ്യാര്‍ത്ഥിയുടെ ‘ഹോംവര്‍ക്ക്’ കൂടുന്നതനുസരിച്ചു സ്‌കൂളിന്റെ ‘നിലവാരം വര്‍ദ്ധിക്കുന്നു’ എന്നാണ് പാവപ്പെട്ട രക്ഷകര്‍ത്താക്കളുടെ വിശ്വാസം. ഇമ്പോസിഷനും ഫൈനും ശിക്ഷയും കൂടിയായയാല്‍ ‘ക്ഷ അയി.’

ആത്യന്തികഫലം: കല്ലെടുത്ത് തുമ്പികള്‍ തളരുന്നു. അര്‍ത്ഥമറിയാതെ എന്തൊക്കയോ ചൊല്ലിക്കൂട്ടുന്നു. അതിജീവനത്തിനായി പൊതുവിദ്യാലയങ്ങളും ഈ പ്രവണത പകര്‍ത്തുന്നതോടെ ദുരന്തം പൂര്‍ണ്ണമാവുന്നു. കൂട്ടത്തില്‍ ഇത്തരം ചില അണ്‍ഐയിഡഡ് സ്‌കൂളുകള്‍ വിശിഷ്യാ ഭക്ഷണകാര്യത്തില്‍ പുലര്‍ത്തുന്ന അതിവര്‍ഗ്ഗീയത വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്ന വിഭാഗീയത വേറയും.

വിദ്യാഭ്യാസം എന്‍ട്രന്‍സ് അധിഷ്ഠിതമാക്കിയതാണ് മറ്റൊരു ദുരന്തം. ഇത് ഇന്ന് ഇന്ത്യ മുഴുവന്‍ വ്യാപിച്ച ഒരു പ്രതിഭാസമായി വേണമെങ്കില്‍ നിസാരവത്കരിക്കാം. പക്ഷേ അത് സമ്മാനിക്കുന്നത് നഷ്ടബാല്യങ്ങളെയാണ് എന്ന് അംഗീകരിച്ചേ തീരു. ശാസ്ത്രവിഷയങ്ങളില്‍ അടിസ്ഥാനമുറപ്പിക്കാതെ എന്‍ട്രന്‍സിനു ഉപയുക്തമാകുന്ന ഒറ്റവാക്കില്‍ ഉത്തരമെഴുതുന്ന ഓബ്ജക്ടീവ് ടൈപ്പ് ചോദ്യോത്തരങ്ങളുടെ പഠനം മാത്രമായി പലയിടത്തും ചുരുങ്ങിയിരിക്കുന്നു. ഇതിന്റെ ഫലമാണ് ‘പ്ലയറും സ്പാനറും തിരിച്ചറിയാനാവാത്ത’ മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ ഉടലെടുക്കുന്നത്. ഭൗതീകശാസ്ത്രം പഠിച്ച ഒരു വ്യക്തി എന്ന നിലയില്‍ അടിസ്ഥാനമുറപ്പിക്കാത്ത ശാസ്ത്രപഠനം നിരര്‍ത്ഥകമാണ് എന്ന് ഈ ലേഖകന് ഉറപ്പിച്ചു പറയാന്‍ കഴിയും.

ഗ്രേസ് മാര്‍ക്കിനോടുള്ള ത്വര സഹപാഠ്യവിഷയങ്ങളെ നിരര്‍ത്ഥകമാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. കലാമേളകള്‍ വെറും ‘കാശുമേള’കളായി. പേരെടുക്കാനുള്ള ചില സ്‌കൂളുകളുടെ ത്വരയും ഇതിനു ചാലകശക്തിയായി. ശാസ്ത്രമേളകള്‍ പോലും ഇന്നു പണത്തിന്റെ കളിയാണ്. ഏതാനും വര്‍ഷം മുമ്പ് ഈ ലേഖകന്‍ ഒരു സംസ്ഥാന ശാസ്ത്രമേള സന്ദര്‍ശിക്കാന്‍ ഇടയായി. ഒരു പ്രത്യേക വിഭാഗത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേതായി പ്രദര്‍ശിപ്പിച്ചിരിക്കുന്നവയില്‍ കേവലം രണ്ടെണ്ണം മാത്രമാണ് പ്ലസ്ടു നിലവാരത്തില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മ്മിക്കാന്‍ സാധിക്കുന്നത്! മുന്ന് അദ്ധ്യാപകരും മുന്ന് വിദ്യാര്‍ത്ഥികളും നാലുമണിക്കുര്‍ പരിശ്രമിച്ചാണ് പതിനായിരങ്ങള്‍ ചിലവുവന്ന ഒരു പ്രോജക്ട് കൂട്ടച്ചേര്‍ത്ത് പ്രദര്‍ശനയോഗ്യമാക്കിയത്. ആ സമയമൊക്കയും നാടകം പഠിക്കുന്നതുപോലെ അതിന്റെ ‘നിര്‍മ്മാതക്കളായ’ രണ്ടു കുട്ടികള്‍ വിധികര്‍ത്താക്കളുടെ മുമ്പില്‍ അവതരിപ്പിക്കേണ്ടുന്ന പാഠം ഉരുവിട്ടു പഠിക്കുകയായിരുന്നു. തര്‍ച്ചയായും ആ കുട്ടികള്‍ക്കോ, ഏതെങ്കിലും ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്കോ നിര്‍മ്മിക്കാവുന്ന ഒന്നല്ല അത്. തികച്ചും അനാശാസ്യമായ ഒരു പ്രവണത. എന്തിനു വേണ്ടി? അപൂര്‍വം കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നേടാനും സ്‌കൂളിന്റെ പ്രശസ്തിക്ക് ‘ഫ്‌ളക്‌സ് അടിക്കാനും!’ അത്രതന്നെ.

കേരളത്തിന്റെ സാസ്‌കാരിക ഉന്നമനത്തിനു കളമൊരുക്കിയ പൊതുവിദ്യാലയങ്ങളേയും അവ നിര്‍മ്മിച്ചെടുത്ത സാര്‍വജനീന സംസ്‌കാരത്തേയും തകര്‍ത്തത് അണ്‍ഐയിഡഡ് സ്‌കൂളുകള്‍ക്ക് പൊതുവിദ്യാലങ്ങളോടൊപ്പം കലാ/ശാസ്ത്രമേളകളില്‍ പങ്കെടുക്കാനും ഗ്രേസ്മാര്‍ക്ക് നേടാനും അവസരം ഒരുക്കി എന്നതാണ് ഈ ലേഖകന്റെ ഉറച്ച വിശ്വാസം. കേരളത്തിന്റെ അഭിമാനമായ ‘കുട്ടിപ്പോലീസ്’ എന്ന എസ്.പി.സി. വരെ ഇന്നു വിലയ്ക്കുകിട്ടും!
മൊത്തക്കച്ചവടവമായി സ്‌കൂളുകള്‍ അതു വാങ്ങി റീട്ടയിലായി വിദ്യാര്‍ത്ഥികള്‍ക്കു വില്‍ക്കുന്നു! ഗ്രേസ്മാര്‍ക്കിനുവേണ്ടി! ചപ്രംചിപ്രം വളര്‍ത്തിയ തലമുടിക്കുമുകളില്‍ തൊപ്പിവെച്ച് പരേഡ് നടത്തുന്ന എന്‍.സി.സി. കേഡറ്റുകളേയും ഈയിടെ ഈ ലേഖകന്‍ കണ്ടു. അതും ഇന്നു വെറുമൊരു ഗ്രേസ്മാര്‍ക്ക് ഉത്പാദനകേന്ദ്രം!

കേരളസമൂഹത്തില്‍ ധനഞെരുക്കം നന്നായി ഉണ്ടായിരുന്ന ഒരു കാലത്താണ് ഈ ലേഖകന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. അന്ന് റബര്‍ ഉത്പാദനകേന്ദ്രങ്ങളായ കോട്ടയം മുതലായ ജില്ലകളിലെ ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായ ഒരു അവധിക്കാല വരുമാന മാര്‍ഗ്ഗം ഉണ്ടായിരുന്നു. റബര്‍ക്കുരു പെറുക്കല്‍! മദ്ധ്യവേനല്‍ അവധിക്കാലത്തു പൊട്ടിവീഴുന്ന റബര്‍ക്കുരു ശേഖരിക്കുക. കുരു വില്‍ക്കുക. അതിന്റെ തോട് വീട്ടിലേയ്ക്കു നല്ല വിറകും. മിക്കവരും വീട്ടില്‍നിന്നും ‘ഫിനാന്‍സ് അനുവദിക്കാന്‍’ ബുദ്ധിമുട്ടുള്ള സ്‌കൂള്‍ വിനോദസഞ്ചാരത്തിനാണ് ഇത്തരത്തില്‍ അന്നു പണം ഉണ്ടാക്കിയിരുന്നത്. ഇത്തരത്തില്‍ അന്നത്തെ വിദ്യാര്‍ത്ഥികളുടെ ആര്‍ഭാട വാഹനമായ സൈക്കിള്‍ വാങ്ങിച്ച വീരന്മാരും ഈ ലേഖകന്റെ സഹപാഠികളായുണ്ട്. ഇന്നോ? ഇതര ജില്ലകളിലും സമാനമായ സമാന്തര വരുമാനമാര്‍ഗ്ഗങ്ങള്‍ അക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഈ സ്വാശ്രയത്വം ഇനി മടങ്ങിവരുമോ?

സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ വരേണ്യവര്‍ഗ്ഗ അധിനിവേശം നശിപ്പിച്ചത് ഇവ മാത്രമല്ല, കേരളത്തിന്റെ തനത് കായിക മേഖലയേയുമാണ്. മുമ്പ് സ്‌കൂളില്‍ ഇന്റര്‍വെല്ലിനു ബെല്ലടിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ ഓടുന്നത് മുമ്പുകൂട്ടി വരച്ചിട്ട ‘കിളിത്തട്ട്’കളിലേയ്ക്കും ‘വട്ട്’ (ഗോട്ടി-ഗോലി) കളിക്കാനുള്ള കുഴികളിലേയ്ക്കുമായിരുന്നു. പെണ്‍കുട്ടികള്‍ ‘അക്ക്’ കളിക്കാനുള്ള കളങ്ങളിലേയ്ക്കും. ഇവയൊക്കെ എന്തെന്നുപോലും ഇന്നത്തെ കുട്ടികള്‍ക്കു അറിയില്ല. എല്ലാം ദൃശ്യമാദ്ധ്യമങ്ങള്‍ വാണ്ജ്യലക്ഷ്യങ്ങളോടെമാത്രം പ്രോല്‍സാഹിപ്പിച്ച ക്രിക്കറ്റിനു മുമ്പില്‍ പൊലിഞ്ഞുവീണു. ഭാഗ്യത്തിനു ഏതാനും വര്‍ഷം മുമ്പുണ്ടായ ക്രിക്കറ്റ് വാതുവയ്പ്പിന്റെ നാണംകെട്ട കഥകള്‍ കേരളത്തിലെങ്കിലും ആ ഭ്രാന്തിനു ശമനം വരുത്തുകയും കുറഞ്ഞപക്ഷം ഫുഡ്‌ബോള്‍ എങ്കിലും പുന്‍ജനിക്കുകയും ചെയ്തു. പക്ഷേ ക്രിക്കറ്റിനുമുമ്പില്‍ പൊലിഞ്ഞ നാടന്‍ കായികരംഗം ഉയര്‍ത്തെഴുനേറ്റില്ല. നാടന്‍ കലാരൂപങ്ങള്‍പോലെ അവയെ സംസ്ഥാന മത്സരങ്ങളില്‍ ഉള്‍പ്പെടുത്താനോ ‘ഗ്രേസ് മാര്‍ക്ക്’ നല്‍കാനോ സര്‍ക്കാര്‍ തയാറായിട്ടുമില്ല. മലബാറില്‍ മരിക്കാതിരുന്ന വോളീബോളിനെ വിസ്മരിച്ചല്ല ഇതു പറയുന്നത്.

ഇതൊരു ഗ്രഹാതുരത്വ (Nostalgic) ലേഖനമായി ആരും കുതരുത്. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ജീര്‍ണ്ണതയെ വിമര്‍ശിക്കുന്നതായും വ്യാഖ്യാനിക്കരുത്. മറിച്ച് മത്സരാധിഷ്ഠത സാമൂഹ്യ വ്യവസ്ഥിതിയുടെ പുറകെ ഓടുന്ന രക്ഷകര്‍ത്താക്കളോടുള്ള പ്രതികരണമാണ്. അതിനിരയാവുന്ന കുട്ടികളോടുള്ള സഹതാപവും. ഈ ലേഖകന്റെ പ്രസക്തമായ ചോദ്യം വീണ്ടും ഉന്നയിക്കുന്നു: എന്തിനുവേണ്ടി; ആര്‍ക്കുവേണ്ടി ഇത്തരം ‘ബ്രോയിലര്‍ കോഴി’കളെപ്പോലുള്ള കുട്ടികളെ രൂപീകരിക്കുന്നു?

ആത്യന്തികമായി വിദ്യാഭ്യാസരംഗത്തെ ഈ അപചയം കേരളത്തിനു സമ്മാനിച്ചിരിക്കുന്നത് സ്വാശ്രയത്വം നഷ്ടപ്പെട്ട, സാഹചര്യങ്ങളെ നേരിടുവാന്‍ അശക്തരായി അവയ്ക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്ന ഒരു തലമുറയെ ആണ്. നിസാരസംഭവങ്ങള്‍ക്കുമുമ്പില്‍ തളര്‍ന്നുവിഴുന്ന കല്ലിനടിയിലെ പുല്ലുകളായി അവര്‍ മാറ്റപ്പെടുന്നു. വര്‍ദ്ധിക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ക്ക് വേറെ കാരണം അന്വേഷിക്കേണ്ടതില്ല.

വാല്‍ക്കഷണം – വര്‍ഷങ്ങളായി വിദേശത്ത് ഉന്നതനിലയില്‍ ജീവിക്കുന്ന ഒരു സഹപാഠി ഏതാനും വര്‍ഷംമുമ്പ് ആരുംകാണാതെ പള്ളിമുറ്റത്തെ മാവില്‍ എറിയുന്നതു കണ്ടു. ഏതാനും ഫലശൂന്യമായ ഏറുകള്‍ക്കുശേഷം ഒരു അത്മഗതം. ‘പള്ളിക്കൂടത്തില്‍നിന്നു പോന്നശേഷം ഇന്നാ ഒന്നു മനസറിഞ്ഞ് മാവിലെറിയാന്‍ പറ്റിയത്. മോശം. അന്ന് ഒറ്റ ഏറിനു മൂന്നു കുലവരെ വീഴ്ത്തുമായിരുന്നു. ഇപ്പോള്‍ ഉന്നം പോര. പ്രാക്ടീസിന്റെ കുറവാ. എന്നാലും സന്തോഷം. ഒന്ന് എറിയാന്‍ പറ്റിയല്ലോ.’ ഇത്തിള്‍പിടിച്ചു നാശമായ ആ മാവ് പിന്നീട് പള്ളിക്കാര്യത്തില്‍നിന്നു മറിച്ചുമാറ്റി. അടുത്ത അവധിക്കുവന്ന ടിയാന്‍ പോട്ടിത്തെറിച്ചു. ‘അവധിക്കു വരുമ്പോള്‍ എറിയാന്‍ ശേഷിച്ച മാവാ. ഏതവനാ അതു വെട്ടിച്ചത്?’ എന്തു മറുപടി പറയാന്‍?

(സാമൂഹ്യനീതി മാസിക, ജൂണ്‍ 2018)