ശിഷ്യാ, നീ ആകുന്നു ഗുരു

ജോര്‍ജ് തുമ്പയില്‍

കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: കോണ്‍ഫറന്‍സ് നാലാം ദിവസം. സമാപനസമ്മേളനം. വേദിയില്‍ നിക്കോളോവോസ് തിരുമേനിയും കോണ്‍ഫറന്‍സ് ഭാരവാഹികളും കൗണ്‍സില്‍ അംഗങ്ങളും. കോണ്‍ഫറന്‍സിന്‍റെ വിലയിരുത്തലുകള്‍ നല്‍കാന്‍ മുഖ്യാതിഥിയായ റവ.ഡോ. ജേക്കബ് കുര്യന്‍ പോഡിയത്തില്‍, മൈക്കിനു മുന്നില്‍. ഇതപര്യന്തമുള്ള തന്‍റെ ജീവിതയാത്രയില്‍ ഇതുപോലെയൊരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞു തുടങ്ങിയ ജേക്കബ് കുര്യന്‍ അച്ചന്‍ ഇതൊരു തീര്‍ത്ഥാടനമായിരുന്നു; വിനോദസഞ്ചാരമായിരുന്നില്ല, അതിലെ ആത്മീയധന്യതയില്‍ മുങ്ങുകയായിരുന്നു എന്നും പറഞ്ഞു. ഈ നാലു ദിവസങ്ങളും ഒരു പ്രത്യേക അനുഭവമായിരുന്നു. വിശ്വാസത്തിന്‍റെ ഈ വിശുദ്ധദീപ്തി ഇത്ര മനോഹരമായി സൃഷ്ടിച്ചത് സെമിനാരിയില്‍ തന്‍റെ ശിഷ്യനായിരുന്ന റവ.ഡോ വറുഗീസ് എം. ഡാനിയലായിരുന്നുവെന്നത് തന്‍റെ ഹൃദയത്തില്‍ സ്പര്‍ശിച്ചുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഒ.വി. വിജയന്‍റെ ‘ഗുരുസാഗരം’ എന്ന കൃതി പരാമര്‍ശിച്ച് ‘ശിഷ്യാ, നീ ആകുന്നു ഗുരു’, എന്നു ജേക്കബ് കുര്യന്‍ ഉച്ചന്‍ ഉപമിച്ചത് നിറക്കണ്ണുകളോടെയാണ് വറുഗീസ് അച്ചന്‍ കേട്ടത്. തന്‍റെ ഗുരുവിന്‍റെ അഭിനന്ദത്തില്‍ നമ്രശിരസ്കനായി ഏറെ നേരം അദ്ദേഹം വേദിയിലിരുന്നു പോയി.

വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു അത്. ജേക്കബ് കുര്യന്‍ അച്ചന്‍ മനസ്സില്‍ തട്ടി പറഞ്ഞതു അത്രമേല്‍ ഹൃദ്യമായി സ്വീകരിച്ച ഒരു ശിഷ്യന്‍റെ വൈകാരികപ്രകടനത്തിനു കൂടിയാണ് സദസ്സ് സാക്ഷിയായത്. ഒരു ഗുരു തന്‍റെ ശിഷ്യനെ ഇത്രമേല്‍ പ്രശംസിക്കുന്നതിനും കോണ്‍ഫറന്‍സ് വേദിയായി. കലഹാരി കണ്‍വന്‍ഷന്‍ സെന്‍ററില്‍ നാലു ദിവസങ്ങളായി നടന്ന ഫാമിലി കോണ്‍ഫറന്‍സിന് കിട്ടിയ ഏറ്റവും വലിയ പ്രശംസയായിരുന്നു ‘ശിഷ്യാ, നീ ആകുന്നു ഗുരു’ എന്ന റവ.ഡോ. ജേക്കബ് കുര്യന്‍റെ പരാമര്‍ശം. തന്‍റെ ഗുരുവില്‍ നിന്നും ഇത്തരമൊരു അഭിനന്ദനം ഒരു ശിഷ്യന്‍ ഏറ്റുവാങ്ങുന്നതും ഒരുപക്ഷേ കോണ്‍ഫറന്‍സ് ചരിത്രത്തില്‍ ഇതാദ്യമായിരുന്നിരിക്കണം. കോണ്‍ഫറസ് കോര്‍ഡിനേറ്ററായിരുന്നു റവ. ഡോ വറുഗീസ് എം. ഡാനിയല്‍.