പ. വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്കും അനന്തര സംഭവങ്ങളും / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്

212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു അവിടത്തെ കാലില്‍ പതിവായി വരാറുള്ള വാതം പിടിപെടുകയാല്‍ നാലു മാസത്തോളം ആ പള്ളിയില്‍ താമസിച്ചശേഷം ആലുവായ്ക്കു നീങ്ങുകയും അവിടെനിന്നു അയ്യമ്പള്ളിക്കു എഴുന്നള്ളുകയും ചെയ്തു. അയ്യമ്പള്ളില്‍ നിന്നു നീലംപേരൂര്‍ പള്ളിയിലേക്കു പോരണമെന്നു മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കു കല്പന വരികയാല്‍ 1086 മകരം 29-നു ശനിയാഴ്ച അയ്യമ്പള്ളില്‍ നിന്നു പ്രത്യേക തീബോട്ടില്‍ കയറി നീലംപേരൂര്‍ കൊണ്ടുവരികയും അവിടെ ഒരാഴ്ച താമസിച്ചശേഷം കുംഭം 7-നു വെളിയനാട്ടിനു എഴുന്നള്ളുകയും അവിടെ നിന്നും 14-നു പരുമലയ്ക്കു നീങ്ങുകയും ചെയ്തു. നീലംപേരൂര്‍ വച്ച് കോലത്തു മരിച്ചുപോയ കുറിയാക്കോസ് കത്തനാരുടെ മകന്‍ ഗീവര്‍ഗീസ് എന്ന കൊച്ചനും വെളിയനാട്ടു വച്ചു ചിങ്ങോനത്തു കേളച്ചന്ത്ര ചാക്കോയുടെ മകന്‍ മര്‍ക്കോസ് എന്ന കൊച്ചനും മ്സമ്രോനോ പട്ടം ബാവാ കൊടുത്തു. നീലംപേരൂര്‍ നിന്നും പള്ളിയില്‍ നിന്നും ജനത്തില്‍ നിന്നും കൂടി 187 രൂപായും വെളിയനാട്ടു നിന്നു 250 രൂപായും ചിങ്ങോനത്തു പഴയപള്ളിയില്‍ നിന്നും 90 രൂപായും ടി പുത്തന്‍പള്ളിയില്‍ നിന്നും 40 രൂപായും ബാവായ്ക്കു കൊടുത്തു. മുമ്പ് കോട്ടയത്തു വലിയപള്ളിയില്‍ വന്നപ്പോള്‍ അവിടെ നിന്നു 100 രൂപാ കൈമുത്തു കൊടുത്തു. തെക്കുള്ള വടക്കുംഭാഗ പള്ളിക്കാരില്‍ ആരും ബാവായെ അവരുടെ പള്ളികളില്‍ കൊണ്ടുപോകയില്ലെന്നു ശാഠ്യം പിടിച്ചിരിക്കുകയാണ്. പാത്രിയര്‍ക്കീസ് ബാവാ പരുമല നിന്നും അടുത്ത ആഴ്ചയില്‍ കല്ലിശ്ശേരി പള്ളിയിലേക്കു നീങ്ങി. അവിടെ ഒരാഴ്ച താമസിച്ചശേഷം അവിടെ നിന്നും 210 രൂപാ കൈമുത്തു കൊടുത്തു. കല്ലിശ്ശേരില്‍ നിന്നു തിരുവല്ലായ്ക്കാണു നീങ്ങിയത്. ആ ഇടവകക്കാര്‍ ആരും ബാവായെ സ്വീകരിച്ചില്ല. കോടിയാട്ടു കത്തനാരും ചുരുക്കം ചിലരും കൂടെ ബാവായെ തിരുവല്ലായ്ക്കു കൊണ്ടുപോയി അവിടെ പഴയ പള്ളി പൂട്ടിക്കളഞ്ഞതിനാല്‍ കട്ടപ്പുറത്തു പള്ളിയില്‍ ഒരാഴ്ച താമസിച്ചശേഷം ചെറിയപള്ളിയില്‍ വീണ്ടും വന്നു അവിടെ നിന്നും പാണമ്പടിക്കും പിന്നീട് കുമരകത്തിനും എഴുന്നള്ളി. ഹാശാആഴ്ച കുമരകത്തു കഴിച്ചശേഷം പുതുഞായറാഴ്ചയ്ക്കു ……. പുത്തനങ്ങാടിയില്‍ നീങ്ങി. അവിടെ നിന്നു വീണ്ടും ചെറിയപള്ളിയില്‍ എത്തി കുറച്ചു താമസിച്ചിട്ടു സെമിനാരിക്കു പോയിരിക്കുന്നു. ഇതിനിടയില്‍ പാമ്പാക്കുട മല്പാന്‍, ഇ. ജെ. ജോണ്‍ വക്കീല്‍, കുന്നുംപുറത്തു കോര കുര്യന്‍ മുതല്‍പേര്‍ കൂടി ബാവായും ദീവന്നാസ്യോസ് മെത്രാനും തമ്മില്‍ രാജിപ്പെടുത്തുന്നതിനു മാര്‍ഗ്ഗം ആലോചിച്ചു. ബാവായ്ക്കു സര്‍വമേലധികാരവും സമ്മതിച്ചു മെത്രാപ്പോലീത്താ ഉടമ്പടി എഴുതി കൊടുക്കണമെന്നു ബാവായുടെ പക്ഷക്കാര്‍ ആവശ്യപ്പെട്ടതു മെത്രാപ്പോലീത്താ ഇതുവരെ സമ്മതിച്ചിട്ടില്ല.

213. മേല്‍ 188-ാം വകുപ്പില്‍ പറയുന്ന മാര്‍ ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായെ മെത്രാപ്പോലീത്താ സ്ഥാനത്തില്‍ നിന്നും കഹനൂസായില്‍ നിന്നും ഭ്രഷ്ടാക്കിയിരിക്കുന്നതായി പ്രസ്താവിച്ചു അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ 1911 ഇടവം 18-നു വച്ചു മലങ്കരയുള്ള എല്ലാ പള്ളികള്‍ക്കും ഒരു കല്പന പുറപ്പെടുവിക്കയും അത് ഇടവം 29-നു ജൂണ്‍ 11-നു പെന്തിക്കുസ്തി ഞായറാഴ്ച ചില പള്ളികളില്‍ ആദ്യം വായിക്കയും ചെയ്തിരിക്കുന്നു. മുടക്കിനു കാരണങ്ങള്‍ ആ കല്പനയില്‍ പറഞ്ഞിരിക്കുന്നത്.

“1. പൊതു മുതലുകള്‍ നമ്മുടെ ജാതിയുടെ ഉത്തമമായ ഗുണത്തിനു ഉതകത്തക്കവണ്ണം ശരിയായിട്ടും പക്ഷപ്രതി കൂടാതെയും നടത്തുന്നില്ല.

2. വിശുദ്ധ സഭയുടെ നന്മയ്ക്കു എതിരായും തന്നിഷ്ടം പോലെ സകലവും പ്രവൃത്തിപ്പാന്‍ ഏറ്റം ശ്രമിച്ചുകൊണ്ടു സര്‍വ്വസ്വാതന്ത്ര്യത്തോടു കൂടെ തന്‍റെ അധികാരത്തെ നടത്തുന്നു.

3. വിശുദ്ധ സഭയില്‍ സ്വാതന്ത്ര്യാധികാരം ലഭിപ്പാനായിട്ടു ന്യായമല്ലാത്ത മാര്‍ഗ്ഗത്തില്‍ കൂടി നടക്കുന്നു.

4. മേല്പറഞ്ഞ അധികാരം ലഭിപ്പാനായിട്ടു ദൈവത്തിന്‍റെ വിശുദ്ധ സഭയില്‍ ഛിദ്രങ്ങളും വിവദുകളും കലഹങ്ങളും ഉണ്ടാക്കുന്നു.

5. തന്‍റെ ദുരുദ്ദേശത്തെ ആശ്രയിച്ചുകൊണ്ടു തനിക്കുമേല്‍ വേറെ അധികാരി ഇല്ലാത്തവണ്ണം സര്‍വ്വാധികാരം ലഭിപ്പാന്‍ ശ്രമിക്കുന്നു.

6. ന്യായമായി തന്‍റെ മേലാവിനെ അനുസരിക്കുന്നില്ല.

7. ദൈവത്തിന്‍റെ വിശുദ്ധ സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പാത്രിയര്‍ക്കീസിനോടും പത്രോസിനടുത്ത അദ്ദേഹത്തിന്‍റെ സിംഹാസനത്തോടും ജനങ്ങള്‍ക്കുള്ള ആദരവിനും വിശ്വാസത്തിനും കുറവ് വരുത്തത്തക്കവണ്ണവും തന്‍റെ ……. പെയ്തു മാനക്കുറവും വെറുപ്പും ഉണ്ടാകത്തക്കവണ്ണവും അടിസ്ഥാനമില്ലാത്ത വ്യാജമായ ദുര്‍വര്‍ത്തമാനങ്ങളെ ഉണ്ടാക്കുകയും പ്രചരിപ്പിക്കയും അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കയും ചെയ്യുന്നു.

8. തന്‍റെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ദുരുദ്ദേശങ്ങളുടെ നിവൃത്തിക്കുവേണ്ടി കാതോലിക്കായ്ക്കടുത്തതും ശ്ലീഹായ്ക്കടുത്തതുമായ വിശുദ്ധ സഭയുടെ സത്യവിശ്വാസത്തിനും പൂര്‍വാചാരങ്ങള്‍ക്കും കാനോനാകള്‍ക്കും എതിരായി ഓരോന്നു പ്രവൃത്തിക്കയും ദുരുപദേശങ്ങളെ പുറപ്പെടുവിക്കയും അങ്ങനെയുള്ള ദുരുപദേശങ്ങളെ പ്രസംഗിക്കുന്നവര്‍ക്കു സഹായിക്കയും ചെയ്യുന്നു.

9. മേല്‍പ്പറഞ്ഞ പ്രവൃത്തികളെല്ലാം തന്‍റെ വാഴ്ചസമയത്തു പിതൃപുത്ര പരിശുദ്ധാത്മാം സത്യേകദൈവത്തിന്‍റെ മുമ്പാകെയും വിശുദ്ധ മാലാഖമാരുടെ മുമ്പാകെയും ….. പരസ്യമായി വായിച്ചു സത്യം ചെയ്തിട്ടുള്ള ശല്‍മൂസായ്ക്കു വിപരീതമായ സത്യലംഘനമാകുന്നു.”

10. ഇതു കൂടാതെ അവന്‍റെ കൈയ്ക്കു വിറയല്‍ ഉള്ളതുകൊണ്ടു കുര്‍ബാന ചൊല്ലാന്‍ അവനു പാടില്ല. “മേല്പട്ടക്കാരനോ പട്ടക്കാരനോ ആയ ഒരുവനു അന്യസഹായത്തോടും താങ്ങലോടും കൂടി കുര്‍ബാന ചൊല്ലാന്‍ അധികാരവും അനുവാദവും ഇല്ല….” “ഇവന്‍റെ വാഴ്ചയ്ക്കു മുന്നായി ഇവന്‍റെ കൈവിറയല്‍ സംബന്ധിച്ചു നാം മനസ്സിലാക്കിയിരുന്നില്ല. നാം അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇവന്‍റെമേല്‍ നാം കൈവയ്ക്കുകയില്ലായിരുന്നു.”

ഈ വക കാരണങ്ങളെ പറഞ്ഞാണ് മുടക്കിയിരിക്കുന്നത്. മുടക്ക് കേവലം സസ്പെണ്ടല്ല. “മേല്പട്ടസ്ഥാനത്തില്‍ നിന്നും പട്ടത്വത്തില്‍ നിന്നും സ്ഥാനഭ്രംശം ചെയ്തിരിക്കുന്നു.” “മേല്പട്ടസ്ഥാനത്തിനടുത്തതും പട്ടത്വത്തിനടുത്തതുമായ പ്രവൃത്തികള്‍ ചെയ്യാന്‍ ദൈവത്തില്‍ നിന്നും നമ്മുടെ ബലഹീനതയില്‍ നിന്നും ഇവനു അധികാരവും അനുവാദവുമില്ല.” “മേല്പട്ടത്വത്തിലും പട്ടത്വത്തിലും സ്ഥാനഭ്രംശം ചെയ്തും ഉരിഞ്ഞും നീക്കം ചെയ്തും ഇരിക്കുന്നു.”

ഈ വിധത്തിലാണ് മുടക്കിന്‍റെ വാചകം. മുടക്കു കല്പന 1911 ഇടവം 18-നു കോട്ടയത്തു സെമിനാരിയില്‍ നിന്നും എഴുതിയതായിട്ടാണു പറയുന്നത്. പാമ്പാക്കുട മാര്‍ യൂലിയോസ് പ്രസ്സില്‍ അച്ചടിച്ചതാണ്.

214. മേല്‍ വകുപ്പില്‍ പറഞ്ഞ മുടക്കു കല്പന 1911 ഇടവം 19-നു ആണ് വെളിക്കിറക്കിയത്. പെന്തിക്കുസ്തിയായ അന്നേ ദിവസം ഈ കല്പന സെമിനാരി പള്ളിയില്‍ വായിക്കാന്‍ വിചാരിച്ചു എങ്കിലും ബഹുജനങ്ങള്‍ ഇതില്‍ എതിരായി നിന്നതുകൊണ്ടു അവിടെ വായിച്ചില്ല. കോട്ടയത്തു ചെറിയപള്ളിയിലും വായിക്കാന്‍ ഇടവകജനങ്ങള്‍ സമ്മതിച്ചില്ല. പുത്തനങ്ങാടി കുരിശുപള്ളിയില്‍ ഇത് വായിക്കാതിരിക്കാന്‍വേണ്ടി അന്നേ ദിവസം പള്ളി പൂട്ടി കുര്‍ബാന ഉണ്ടായില്ല. അന്ന് സെമിനാരി പള്ളിയില്‍ നിന്നു കുര്‍ബാന കഴിഞ്ഞു ബാവാ മുറിയിലേക്കു പുറപ്പെട്ടപ്പോള്‍ ബഹുജനം ബാവായുടെ മുമ്പിലും പിമ്പിലുമായി നിന്നു ദീവന്നാസ്യോസ് മെത്രാച്ചനു ചീയര്‍ കൊടുക്കയും ആര്‍പ്പിടുകയും ചെയ്തു. ചെറിയപള്ളിയിലും ഈവിധം ചീയര്‍ പറയുകയുണ്ടായി.

കോട്ടയത്തു കുന്നുംപുറത്തു ഉലഹന്നന്‍ കുര്യന്‍, കോനാട്ടു മല്പാന്‍, മാര്‍ ഒസ്താത്യോസ് ഇവരാണ് മുടക്കിനു പ്രധാന കാരണഭൂതന്മാര്‍. മുടക്കില്‍ പറയുന്ന കാരണങ്ങളെ സംബന്ധിച്ചു ദീവന്നാസ്യോസിനോടു സമാധാനം ചോദിക്കയോ അദ്ദേഹത്തെ കൂടെ നിര്‍ത്തി തെളിവ് വാങ്ങുകയോ ചെയ്തിട്ടില്ല. കാരണമുണ്ടായിട്ടു മുടക്കിയതല്ല. ബാവായ്ക്കു ലൗകികാധികാരം സമ്മതിച്ചു മെത്രാന്‍ ഉടമ്പടി കൊടുക്കാത്ത കാരണത്താല്‍ മുടക്കണമെന്നു നിശ്ചയിച്ചിട്ടു മുടക്കാന്‍ കാരണം സൃഷ്ടിച്ചിരിക്കുകയാണ്. മുടക്കില്‍ പറയുന്ന കാരണങ്ങളില്‍ വല്ലതെങ്കിലും വാസ്തവമുണ്ടെന്നു പറവാന്‍ പാടില്ല. യഥാര്‍ത്ഥത്തില്‍ മുടക്കിന്‍റെ കാരണം ഉടമ്പടി കൊടുക്കാഞ്ഞതു മാത്രമാണ്. കൈവിറ സ്ഥാനം കൊടുക്കുന്നതിനു മുമ്പ് ഊര്‍ശ്ലേമില്‍ വച്ചു ബാവാ കണ്ടതാണ്. അത് കണ്ടില്ലെന്നു ഇപ്പോള്‍ ഭാവിക്കുന്നു. വ്യാജം പറയുന്നതിനു ഈ ബാവായ്ക്കു ലവലേശം ഭയവും മടിയും ഇല്ല. കോട്ടയം മുതല്‍ തെക്കോട്ടുള്ള വടക്കുംഭാഗരുടെ പള്ളികളില്‍ ഒന്നുപോലും ഈ മുടക്കിനെ സ്വീകരിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല.

215. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ 1911 ചിങ്ങം 6-നു 1687 ചിങ്ങം 3-നു ശനിയാഴ്ച മറുരൂപ പെരുന്നാള്‍ ദിവസം മുളന്തുരുത്തിപ്പള്ളിയില്‍ വച്ചു മൂറോന്‍ കൂദാശ ചെയ്തു. ആ സന്ദര്‍ഭത്തില്‍ മാര്‍ ഈവാനിയോസ്, മാര്‍ ഒസ്താത്യോസ്, മാര്‍ കൂറിലോസ്, മാര്‍ സേവേറിയോസ്, മാര്‍ അത്താനാസ്യോസ് ഈ മെത്രാപ്പോലീത്തന്മാരും ഹാജരുണ്ടായിരുന്നു.

216. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുടക്കിനെക്കുറിച്ചും മറ്റും ആലോചിക്കുവാന്‍ അദ്ദേഹത്തിന്‍റെ കല്പനപ്രകാരം 1911 മിഥുനം 14-നു 1086 മിഥുനം 13-നു കോട്ടയത്തു മാര്‍ ദീവന്നാസ്യോസ് സെമിനാരിയില്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ ഒരു യോഗം കൂടുകയുണ്ടായി. ഈ യോഗത്തില്‍ മാനേജിംഗ് കമ്മിറ്റിയിലെ 24 മെമ്പറന്മാരില്‍ ഇ. എം. ഫീലിപ്പോസ്, വാഴയില്‍ തൊമ്മി, കോടിയാട്ടു യാക്കോബ് കത്തനാര്‍, വേങ്കടത്തു കത്തനാര്‍, കോനാട്ട് മല്പാന്‍, കുന്നുംപുറത്തു കുര്യന്‍, മുറന്തൂക്കില്‍ കത്തനാര്‍, തുകലന്‍ പൗലോസ്, പുതുക്കയില്‍ ശീമോന്‍, പനയ്ക്കല്‍ പാത്തപ്പന്‍ ഈ പത്തുപേര്‍ ഒഴികെ ശേഷം എല്ലാവരും ഹാജരുണ്ടായിരുന്നു. ഇവരിലും വേങ്കടത്തു കത്തനാര്‍, മുറന്തൂക്കില്‍ കത്തനാര്‍ ഇവര്‍ കമ്മിറ്റി നിശ്ചയത്തിനു സമ്മതിച്ചു എഴുതി അയച്ചു. പാത്രിയര്‍ക്കീസ് ബാവാ പ്രസിദ്ധപ്പെടുത്തിയ മുടക്ക് സ്വീകരിക്കാന്‍ പാടില്ലെന്നും 1087 ചിങ്ങം 22-നു ട്രസ്റ്റികളെ നീക്കാനും മറ്റും ഒരു പൊതുയോഗം കൂടണമെന്നും മറ്റും നിശ്ചയിച്ചു.

217. മേല്‍വിവരിച്ച മാനേജിംഗ് കമ്മിറ്റിയുടെ നിശ്ചയപ്രകാരം 1911 ചിങ്ങം 25-നു 1087 ചിങ്ങം 22-നു വ്യാഴാഴ്ച മാര്‍ ദീവന്നാസ്യോസ് സെമിനാരിയില്‍ എല്ലാ പള്ളികളിലെയും പ്രതിനിധികള്‍ ചേര്‍ന്ന ഒരു പൊതുയോഗം കൂടണമെന്നു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ഒരു കല്പന അയച്ചിരിക്കുന്നു.

218. 1911 ചിങ്ങം 17-നു 1087 ചിങ്ങം 14-നു ബുധനാഴ്ച എല്ലാ പള്ളികളിലെയും പ്രതിനിധികള്‍ ചേര്‍ന്ന ഒരു പൊതുയോഗം ആലുവാ സെമിനാരിയില്‍ കൂടണമെന്നു പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും ഒരു കല്പന എല്ലാ പള്ളികള്‍ക്കും അയച്ചിരിക്കുന്നു. എന്നാല്‍ ഈ കല്പനയില്‍ മുടക്കപ്പെട്ട ദീവന്നാസ്യോസ് മെത്രാനോടു ചേര്‍ന്നവരാരും യോഗത്തില്‍ വരികയോ അങ്ങനെയുള്ളവര്‍ പ്രതിനിധികളാകയോ അധികാരപത്രത്തില്‍ അവരെക്കൊണ്ടു ഒപ്പിടുവിക്കയോ ചെയ്യരുതെന്നു കൂടെ പ്രസ്താവിച്ചിട്ടുണ്ട്.

219. കല്ലിശ്ശേരി താമരപ്പള്ളില്‍ കൊച്ചുതൊമ്മന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു മുഴുവന്‍ ആനക്കൊമ്പു കൊണ്ടു ഒരു അംശവടി കൊടുക്കാമെന്നു പറഞ്ഞിരുന്നു എങ്കിലും ടി കൊച്ചുതൊമ്മന്‍ മരിച്ചുപോകയാല്‍ അദ്ദേഹത്തിന്‍റെ മക്കള്‍ ഇരട്ട നാഗത്തലയായി മുഴുവന്‍ ദന്തംകൊണ്ടു വളരെ ഭംഗിയായി ഒരു അംശവടി പണിയിച്ചു 1911 ചിങ്ങം 5-നു 1047 ചിങ്ങം 2-നു മുളന്തുരുത്തിയില്‍ വച്ചു ബാവായ്ക്കു സമ്മാനമായി കൊടുത്തു. ടി കൊച്ചുതൊമ്മന്‍റെ മകന്‍ അബ്രഹാം കത്തനാരും ഞാനും കൂടി ചെന്നാണ് ഈ വടി ബാവായ്ക്കു കൊടുത്തത്. ഈ വടിമേല്‍ ڇുൃലലെിലേറ ീേ ലെമ ീള അിശേീരവ ശി മ ാലാീൃശമഹ ീള വേല ഹമലേ ഠവമാമൃമുുമഹഹശഹ ഗൗൃൗ്ശഹഹമ ഗീരവൗവേീാാമി ീള ഗമഹഹശലൈൃൃ്യ, …… യ്യ വശെ ീിെ, 1911ڈ എന്ന് ഇംഗ്ലീഷില്‍ കൊത്തിയിട്ടുണ്ട്. ഈ വടിക്കു എഴുനൂറു രൂപായില്‍ അധികം വില വരുന്നതാണ്.

220. മേല്‍ 213-ാം വകുപ്പില്‍ പറയുന്ന മുടക്ക് പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പ് സെമിനാരി ട്രസ്റ്റികളായ കുന്നുംപുറത്തു ഉലഹന്നന്‍ കുര്യനും കോനാട്ട് മാത്തന്‍ മല്പാനും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുമായി വിരുദ്ധപ്പെടുകയും സെമിനാരിയുടെ കൈവശം കൈക്കലാക്കാന്‍ വേണ്ടി ഇവര്‍ സെമിനാരിയിലെ റൈട്ടരില്‍ നിന്നു നെല്‍പ്പുരയുടെയും മറ്റും താക്കോല്‍ കൈക്കലാക്കിക്കൊണ്ടു സെമിനാരിയുടെ കൈവശത്തെക്കുറിച്ചു ഒരു തര്‍ക്കം പുറപ്പെടുവിക്കയാല്‍ പോലീസ് റിപ്പോര്‍ട്ടിന്മേല്‍ കോട്ടയം ഡിവിഷന്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോര്‍ട്ടില്‍ 1086-ല്‍ സമരി 58-ാം നമ്പ്രായി വിചാരണ തുടങ്ങി ഉലഹന്നന്‍ കുര്യനും മാത്തന്‍ മല്പാനും ഹര്‍ജിക്കാരും ദീവന്നാസ്യോസ് മെത്രാനും സെമിനാരി മാനേജര്‍ മട്ടയ്ക്കല്‍ അലക്സന്ത്രയോസ് കത്തനാരും എതിര്‍ ഹര്‍ജിക്കാരായും വിസ്താരം നടന്നു വരുന്നു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)