കടവില്‍ മാര്‍ പൗലോസ് അത്താനാസ്യോസ് കാലം ചെയ്തു (1907)

185. മേല്‍ 27-ാം വകുപ്പില്‍ പറയുന്ന കടവില്‍ മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ രണ്ടു മൂന്നു വര്‍ഷത്തോളം രോഗത്തില്‍ കിടന്നശേഷം 1907-മാണ്ടു തുലാം 20-നു 1083 തുലാം 17-നു ശനിയാഴ്ച ആലുവാ പള്ളിയില്‍ വച്ചു കാലം ചെയ്കയും അടുത്ത ദിവസം അവിടെ തന്നെ അടക്കപ്പെടുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പേ തന്നെ ഇദ്ദേഹം രോഗിയായി സ്ഥിരബുദ്ധിയില്ലാതെ തീര്‍ന്നു. ഈ സ്ഥിതിയില്‍ അകപ്പറമ്പ് പള്ളിയിലും ആലുവായിലുമൊക്കെ താമസിച്ചുംകൊണ്ടിരിക്കുമ്പോള്‍ കന്നി മാസത്തില്‍ ദീനം കലശലായി. ആലുവായില്‍ അടക്കണമെന്നു നിശ്ചയമുണ്ടായിരുന്നതിനാല്‍ ആലുവായ്ക്കു കൊണ്ടുവന്നു. മരിക്കുമ്പോള്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ കൂടെ ഹാജരുണ്ടായിരുന്നു. ശവസംസ്കാര ശുശ്രൂഷ അദ്ദേഹം കഴിച്ചു. ആലുവാ പള്ളിയുടെ പണി പൂര്‍ത്തീകരിക്കയും അവിടെ ഒരു സെമിനാരി പണി നടത്തുകയും ചെയ്തത് ഈ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ താല്‍പര്യവും ഉത്സാഹവും കൊണ്ടായിരുന്നു. ഇദ്ദേഹം സ്വന്ത സ്വത്തുക്കളെല്ലാം ആലുവാ സെമിനാരിക്കു മരണപത്രത്താല്‍ വിട്ടുകൊടുത്തിരിക്കുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)