പത്രോസ് പാത്രിയര്‍ക്കീസ് ബാവാ ലണ്ടനില്‍ (1874)

78. മേല്‍ 70 മത് ലക്കത്തില്‍ പറയുന്നതുപോലെ പാത്രിയര്‍ക്കീസ് ബാവാ കുസ്തന്തീനോപോലീസില്‍ താമസിച്ച് ആ രാജ്യത്തുള്ള സകലമാന പേര്‍ക്കും നല്ല സ്വാതന്ത്ര്യമായി തുര്‍ക്കി സുല്‍ത്താനില്‍ നിന്നും  ഒരു കല്പന വാങ്ങിച്ച് പ്രസിദ്ധം ചെയ്തുംവച്ച് മലയാളത്തെ കാര്യത്തിനായിട്ട് ലണ്ടനിലേക്കു എഴുന്നള്ളുകയും ചെയ്തു………

പാത്രിയര്‍ക്കീസ് ബാവാ ലണ്ടനിലെത്തിയതിന്‍റെശേഷം ആര്‍ച്ച് ബിഷപ്പ് മുതലായി സകലമാനപേരും തന്നെ സന്തോഷത്തോടെ കൈക്കൊള്ളുകയും ചെയ്തു. എങ്കിലും ആര്‍ച്ച് ബിഷപ്പ് ആദ്യം പാത്രിയര്‍ക്കീസ് ബാവായ്ക്കു ………… തൊട്ടു അയച്ച ഒരു എഴുത്തില്‍ പാലക്കുന്നനെ ഒരു താല്‍പര്യം കണ്ടതിനാല്‍ അതിനു പാത്രിയര്‍ക്കീസ് ബാവാ ആര്‍ച്ച് ബിഷപ്പിനു അയച്ച മറുപടിക്കു പകര്‍പ്പ് അച്ചടിച്ചത് ചുവടെ ചേര്‍ത്തിരിക്കുന്നു.

79. പാലക്കുന്നന്‍ രണ്ടാമതും ചര്‍ച്ച് മിഷന്‍കാരോടു രമ്യപ്പെടുന്നതിനു മുമ്പു സ്കോച്ച് മിഷന്‍കാരോടു ചേരണമെന്നു വിചാരിച്ചു നക്ഷത്രബംഗ്ലാവില്‍ ഈതര്‍ ബ്രൗണ്‍ സായിപ്പുമായിട്ടു പറഞ്ഞു ബോധിച്ചു. തമ്മില്‍ ചേര്‍ന്ന് സെമിനാരിയില്‍ പഠിപ്പിക്കുന്നതിന് അവരില്‍ നിന്ന് ഒരു സായ്പിനെ എഡിന്‍ബര്‍ഗില്‍ നിന്നു അയക്കണമെന്നു സ്കോച്ച് മിഷന്‍ സൊസൈറ്റിയുടെ ഡഫ് സായിപ്പിനു എഴുതിയാറെ അയാള്‍ ഒവും കമ്മിറ്റിക്കു എഴുതി അയച്ചു. അവര്‍ ആലോചിച്ചതില്‍ പാലക്കുന്നനെ മുമ്പു ചര്‍ച്ച് മിഷനറികള്‍ തള്ളിയവനും കൃത്രിമങ്ങള്‍ക്കു ഒരുങ്ങി നടക്കുന്നവനും ആകയാല്‍ വേണ്ടയെന്നു നിശ്ചയിച്ചു എഴുതി വരികയും ചേരാതെ ഇരിക്കയും ആകുന്നു. അന്ന് അവര്‍ സമ്മതിച്ചിരുന്നു എങ്കില്‍ അങ്ങനെയും ചേര്‍ന്നു കൃത്രിമങ്ങള്‍ ഉണ്ടാക്കിയേനേ.

80. പാത്രിയര്‍ക്കീസ് ബാവായും ആര്‍ച്ച് ബിഷപ്പും തമ്മില്‍ കൂടിക്കാഴ്ച ഉണ്ടായതു 1874 സെപ്റ്റംബര്‍ 15-നു ചൊവ്വാഴ്ച ആഡിംഗറ്റന്‍ പാര്‍ക്ക് എന്ന സ്ഥലത്തു വച്ചായിരുന്നു. പാത്രിയര്‍ക്കീസ് ബാവായോടുകൂടെ അബ്ദുള്ളാ എന്നു പേരായ ഊര്‍ശ്ലേമിന്‍റെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ഉണ്ടായിരുന്നതു കൂടാതെ രണ്ടു മൂന്നു ഇംഗ്ലീഷ് പാതിരിമാരും യെറുശലേമിന്‍റെ കോണ്‍സല്‍ ആയിരുന്ന മിസ്റ്റര്‍ പൂയീസ് സായ്പിന്‍റെ വിധവയും അവിടെ എത്തിയിരുന്നു.

പാത്രിയര്‍ക്കീസ് ബാവായ്ക്കു ആര്‍ച്ച് ബിഷപ്പ് എഴുതിയ എഴുത്ത് ഗാര്‍ഡിയന്‍ എന്ന വര്‍ത്തമാന കടലാസില്‍ 1186-ാം പുറത്തും സെപ്റ്റംബര്‍ 16-നു അത്രെ അച്ചടിച്ചിരിക്കുന്നത്. പാത്രിയര്‍ക്കീസ് ബാവായുടെ മറുപടി സെപ്റ്റംബര്‍ 30-നു മേല്‍പടി വര്‍ത്തമാന കടലാസില്‍ അടിച്ചിരിക്കുന്നു. പാത്രിയര്‍ക്കീസ് ബാവാ വൃദ്ധനെന്നും താന്‍ എളിമയും പുതുമയും മാനവുമുള്ള ആളാകുന്നു എന്നും ആ ദേഹത്തിന്‍റെ സകല വര്‍ത്തമാനങ്ങളും വേദപുസ്തകത്തിലെ സകല ഭാഗങ്ങളോടും ……………. രിക്കുന്നു. റാണി മഹാരാജാവ് അവര്‍കളും പാത്രിയര്‍ക്കീസ് ബാവായും തമ്മില്‍ പിന്‍റെന്നേര്‍ കൊട്ടാരത്തില്‍ വച്ച് ഒരു അടക്ക കൂടിക്കാഴ്ച ഉണ്ടായി എന്നും പിന്നീട് ഉടനെതന്നെ പാത്രിയര്‍ക്കീസ് ബാവായെ ഒരു രാജവിരുന്നിനു ക്ഷണിച്ച് വളരെ മാന്യന്മാരോടും കൂടി ബഹുമാനിച്ചിരിക്കുന്നു എന്നും 1875 മാര്‍ച്ച് 13-നു ഗ്രാഫിക്ക വര്‍ത്തമാന കടലാസില്‍ കണ്ടിരിക്കുന്നു.

രാജകുമാരിയായ ബ്രിയാറ്റ്രിസ് മകളോടുകൂടി റാണി അവര്‍കള്‍ മാര്‍ച്ച് 5-നു വെള്ളിയാഴ്ച പാത്രിയര്‍ക്കീസ് ബാവായെ കൊട്ടാരത്തില്‍ വരുത്തി കൂടിക്കാഴ്ച കഴിഞ്ഞിരിക്കുന്നു എന്നും കൂടിക്കാഴ്ചയ്ക്കു പാത്രിയര്‍ക്കീസ് ബാവായെ ക്ഷണിപ്പാന്‍ പോയതു ലിന്‍റെനോറിലെ ഡീന്‍ ആയിരുന്നു എന്നും ഭാഷ തിരിച്ചതു മിസ്റ്റര്‍ അലക്സന്തര്‍ ഫീന്‍ സായ്പ് ആയിരുന്നു എന്നും മാര്‍ച്ച് 5-നു ലണ്ടന്‍ ന്യൂസ് എന്ന വര്‍ത്തമാന കടലാസില്‍ കാണുന്നു. ഡീന്‍ എന്നു വച്ചാല്‍ പട്ടക്കാരുടെ മീതെ ബിഷപ്പിനു താഴെയുള്ള ഒരു സ്ഥാനക്കാരനാണ്.

81. 1874 മത് തുലാ മാസം 15-നു ലണ്ടനില്‍ നിന്നും പാത്രിയര്‍ക്കീസ് ബാവാ അയച്ച കമ്പി വര്‍ത്തമാനത്തില്‍ 500 പൗണ്ട് റശീസാ കൊടുത്തയയ്ക്കണമെന്നു കാണുകയാല്‍ ഒന്നാമതു 100 പൗണ്ടും രണ്ടാമതു 200 പൗണ്ടും മൂന്നാമത് 100 പൗണ്ടും ആയി 400 പൗണ്ട് ജനങ്ങളില്‍ നിന്നു പിരിച്ച് അയച്ചിരിക്കുന്നു.

82. പാലക്കുന്നനെ തള്ളി ശപിച്ചിരിക്കുന്നു എന്നും മാര്‍ ദീവന്നാസ്യോസിനെ മെത്രാപ്പോലീത്താ ആയിട്ടു സ്ഥിരപ്പെടുത്തിയിരിക്കുന്നു എന്നും അതിനാല്‍ മുന്‍ ഉണ്ടായിട്ടുള്ള വിളംബരത്തെ അസ്ഥിരപ്പെടുത്തി മാര്‍ ദീവന്നാസ്യോസിനു വിളംബരം ചെയ്യണമെന്നും മറ്റും 1875 മകരം 14-നു ജനുവരി 26-നു ലണ്ടനില്‍ നിന്നും ഇംഗ്ലീഷില്‍ പാത്രിയര്‍ക്കീസ് ബാവാ തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ പേര്‍ക്കു കല്പന എഴുതി മാര്‍ ദീവന്നാസ്യോസിനു കൊടുത്തയച്ചത് തപാല്‍ വഴി മഹാരാജാവിനു അയച്ചിരിക്കുന്നു. ഇതു കൂടാതെ വിളംബരവും സര്‍ക്കുലര്‍ ഉത്തരവും കൊടുക്കേണ്ട സംഗതിയെപ്പറ്റി ഇന്ത്യാ ഒക്കെയുടെയും പ്രധാന സെക്രട്ടറിയായ സാലിസ്ബറി സായ്പിനു ധനു മാസം ……………. പകര്‍പ്പുകളോടും കൂടെ പാത്രിയര്‍ക്കീസ് ……… ച്ചാറെ തിരുവിതാംകൂര്‍ മഹാരാജാവിനു കല്പന അയച്ചിരിക്കകൊണ്ട് …….. ചെയ്യാമെന്ന മറുപടി കിട്ടിയിരിക്കുന്നു.

 83. 1875 മേട മാസം 13-നു ഞായറാഴ്ച ഉയിര്‍പ്പിന്‍റെ പെരുനാള്‍ ദിവസം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കോട്ടയത്തു പുത്തന്‍ പള്ളിയില്‍ വച്ചു എന്‍റെ അനുജന്‍ കുര്യന്‍ ശെമ്മാശിനു കശീശ എന്ന കുര്‍ബാനപട്ടം കൊടുക്കയും ചെയ്തു.
84. മേല്‍ 81 മത് ലക്കത്തില്‍ പറയുന്നപ്രകാരം മൂന്നാമത് അയച്ച 100 പൗണ്ട് പാത്രിയര്‍ക്കീസ് ബാവായ്ക്കു കിട്ടുന്നതിനു മുമ്പ് ബാവാ ലണ്ടനില്‍ നിന്നും പുറപ്പെട്ടു പോയതിനാല്‍ ആയതു തിരികെ വന്നു മെത്രാപ്പോലീത്താ വശം കിട്ടിയിരിക്കുന്നു. ഈ രൂപാ അയപ്പാന്‍ സംഗതി വന്നത് കോട്ടയത്ത് എറികാട്ട് അയിപ്പ് മാത്തുവിന്‍റെ താല്‍പര്യത്തുംപേരില്‍ ആകുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)