പ്രദക്ഷിണം ടീം
സോഷ്യല്‍ മീഡിയയുടെ ഇന്നത്തെ കാലത്ത് ഓര്‍ത്തഡോക്സ്കാരായി തല ഉയര്‍ത്തി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ തലമുറയ്ക്ക് മറ്റുള്ളവരില്‍ നിന്നും ഒരിക്കലും തീരാത്ത പള്ളി വഴക്കു സംബന്ധിച്ച ചോദ്യങ്ങള്‍ മാത്രമേ നേരിടേണ്ടി വന്നിരുന്നുള്ളു. എന്നാല്‍ ഇന്നാകട്ടെ നമ്മെ അസ്വസ്ഥരാക്കുവാനും നമ്മുടെ വിശ്വാസത്തെ തന്നെ ഇല്ലാതാക്കുവാനും വരെ ശേഷിയുള്ള ദൃശ്യങ്ങളും സന്ദേശങ്ങളുമാണ് ഓരോ ദിവസവും ഓരോരുത്തരുടെയും കൈകളിലെത്തുന്നത്. എല്ലാവര്‍ക്കും ഉത്തരം കിട്ടേണ്ട നൂറു കണക്കിനു ചോദ്യങ്ങളുണ്ട്. ഞങ്ങളുടെ മുന്നേ നടന്നവര്‍ നടന്നു നീങ്ങിയ പ്രദക്ഷിണത്തിന്‍റെ വഴികളിലൂടെ ചുറ്റിത്തിരിയാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത് ഈ പുതിയ മീഡിയകളിലൂടെ എത്തിച്ചേരുന്ന പേടിപ്പെടുത്തുന്ന, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തന്നെയാണ്.
ചോദ്യങ്ങള്‍ക്കുത്തരം ആരില്‍ നിന്നു ലഭിക്കും? പ്രദക്ഷിണത്തിന്‍റെ എഡിറ്റോറിയല്‍ ബോര്‍ഡ് ചേര്‍ന്നപ്പോള്‍ ഈ ചോദ്യത്തിനായിരുന്ന ആദ്യം ഉത്തരം കണ്ടെത്തേണ്ടി വന്നത്. അപ്പോള്‍ ആല്‍ബിന്‍ പറഞ്ഞു “തീര്‍ച്ചയായും നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത്, അതിനു യോഗ്യത ഉള്ള ആള്‍ ആയിരിക്കണം. അയാള്‍ സാധാരണക്കാരനായിരിക്കരുത്. ഇടി വെട്ടുമ്പോള്‍ സുരക്ഷാകവചങ്ങളൊന്നും കൂടാതെ, ഭൂമിക്കും ആകാശത്തിനും മധ്യേ നിന്ന് ഇടിമിന്നലിനെ കൈകളില്‍ പിടിച്ച് വാക്കുകള്‍കൊണ്ട് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒരാളായിരിക്കണം. അങ്ങനെയുള്ള ഒരാളിനോടേ നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കാവൂ. അങ്ങനെയൊരാളിന്‍റെ ഉത്തരങ്ങളേ നമുക്കാവശ്യമുള്ളു.”
അപ്പോള്‍ റിജോ പറഞ്ഞു, “അങ്ങനെയൊരാളിനെ എനിക്കറിയാം. അത് മറ്റാരുമല്ല വൈദിക സെമിനാരിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ഡോക്ടര്‍ കെ.എം. ജോര്‍ജ്. സാഹിത്യ ദൈവശാസ്ത്രരംഗങ്ങളില്‍ അദ്ദേഹത്തോളം അറിവും യോഗ്യതയും ഉള്ള മറ്റോരാള്‍ ഇന്ന് നമ്മുടെ സഭയിലില്ല.” അച്ചന്‍റെ സൗകര്യവും അനുവാദവും വാങ്ങാന്‍ റിജോയെ തന്നെ ചുമതലപ്പെടുത്തി. ഇനിയാണു പ്രശ്നം എന്തെല്ലാമാണു ഈ രംഗങ്ങളിലൊക്കെയും ശിശുക്കളായ നമ്മള്‍ അദ്ദേഹത്തോടു ചോദിക്കുക? യുവജനപ്രസ്ഥാനം പ്രവര്‍ത്തകരുടെ ഒരു യോഗം അടിയന്തിരമായി വിളിച്ചുകൂട്ടി. ഇന്നത്തെ സഭാന്തരീക്ഷത്തില്‍ ഉയരുന്ന ചോദ്യങ്ങളെ ഒന്നു സമാഹരിക്കണമല്ലോ. പെട്ടെന്നു വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച ചോദ്യങ്ങളെ 10 എണ്ണമാക്കി ആല്‍ബിന്‍ ചുരുക്കിയെഴുതി. എന്തായാലും വാട്സ് ആപ്പിലൂടെ വരുന്ന, നമ്മുടെ നാണവും സ്വൈരവും കെടുത്തുന്ന കാര്യങ്ങള്‍ താല്‍ക്കാലം ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട എന്നു തീരുമാനവുമായി. കാരണം അവയുടെ നിജസ്ഥിതി പുറത്തു വരാതിരിക്കില്ല. കേള്‍ക്കുന്നതൊക്കെ സത്യമാണെങ്കില്‍, അങ്ങനെ ആവാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥനയോടെ, സഭയുടെ നാഥന്‍ ക്രിസ്തുവാണല്ലോ എന്ന വിശ്വാസത്തോടെ എല്ലാം കര്‍ത്താവിന്‍റെ മുന്നില്‍ സമര്‍പ്പിച്ച് ചോദ്യങ്ങളുമായി മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ചു.
ഈ ചോദ്യങ്ങള്‍ക്ക് മാര്‍ദ്ദവമില്ലെങ്കില്‍ ഉദ്ദേശശുദ്ധിയാല്‍ മാപ്പ് നല്‍കട്ടെ എന്ന ക്ഷമാപണത്തോടെ ഞങ്ങള്‍ ബഹുമാനപ്പെട്ട ജോര്‍ജ്ജ് അച്ചനെ സമീപിച്ചു. അച്ചന്‍ ആദ്യം തന്നെ പറഞ്ഞു “നിങ്ങള്‍ വിചാരിക്കുന്നതുപോലെ സ്ഥാനമൊന്നും എനിക്കില്ല. ഞാന്‍ യാതൊരു അധികാരവുമില്ലാത്ത ഒരു സീനിയര്‍ വൈദികന്‍. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞെന്നുവരില്ല, നിങ്ങള്‍ യുവാക്കളാണ്, നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടെയിരിക്കണം. എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ലഭിക്കും.”
അച്ചനോട് ഞങ്ങള്‍ പറഞ്ഞു. ഞങ്ങളുടെ ചോദ്യങ്ങള്‍ വിചാരത്തില്‍നിന്നോ വിവേകത്തില്‍നിന്നോ രൂപപ്പെട്ടതാവില്ല. ഇന്നത്തെ ഈ അന്തരീക്ഷത്തില്‍ വികാരത്തില്‍ നിന്നു രൂപപ്പെട്ടതാണ്. വികാരം വിവേകത്തിനും വിചാരത്തിനും വഴി മാറിക്കൊടുക്കുന്ന ഒരു നാളെ, നമ്മുടെ സഭയിലും ഉണ്ടാവാതിരിക്കില്ല. അതുവരെ നമുക്ക് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കാം.
സോഷ്യല്‍ മീഡിയയിലും മറ്റും ഒരുതരം ഓര്‍ത്തഡോക്സ് തീവ്രവാദം പ്രചരിപ്പിക്കുന്നവരെ കാണാം. ഓര്‍ത്തഡോക്സ് സഭാ നിലപാടുകളോട് അന്ധമായ വിധേയത്വം പ്രകടിപ്പിക്കാത്തവര്‍ക്കെതിരെ ആക്രോശവും അശ്ലീലഭാഷയും ഉപയോഗിക്കുന്ന ഇവരുടെ പ്രവര്‍ത്തനത്തെ ‘സഭാസ്നേഹം’ എന്നു വിളിക്കാനാവുമോ? യഥാര്‍ത്ഥത്തിലുള്ള സഭാസ്നേഹികള്‍ ആരാണ്?
വൈദികരെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ ആണ് നിങ്ങള്‍ ചോദിക്കുന്നത് എന്നായിരുന്നു ആദ്യ പ്രതികരണം.
ഒരു തരത്തിലുള്ള തീവ്രവാദവും ക്രിസ്തീയ സഭയ്ക്ക് ചേരുകയില്ല. യേശുക്രിസ്തുവിലുള്ള വിശ്വാസം ആണ് സഭയുടെ അടിസ്ഥാനം. ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ സുവിശേഷം എന്താണ് എന്ന് സഭ അറിയുകയും സഭയുടെ മക്കളായ നമ്മള്‍ പഠിക്കുകയും ചെയ്യുന്നു എന്നാണ് നമ്മുടെ സങ്കല്‍പം. യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ സാരാംശം എന്താണ് എന്ന് നിങ്ങളോട് ഒരു ഹിന്ദുവോ, മുസ്ലീമോ, മതമില്ലാത്ത ഒരാളോ ചോദിച്ചാല്‍ നിങ്ങള്‍ എന്തു പറയും? എനിക്ക് ആ ചോദ്യം നേരിടേണ്ടിയതായി വന്നിട്ടുണ്ട്. രണ്ടായിരം വര്‍ഷമായിട്ട് സഭകളെല്ലാം സ്ഥാപനവല്‍ക്കരിക്കപെടുന്നുണ്ട്. സ്ഥാപനവല്‍ക്കരണം ഒരളവുവരെ ആവശ്യമാണ്. എന്നാല്‍ സഭയുടെ ബാഹ്യഘടനകള്‍ക്കും സുവിശേഷത്തിന്‍റെ ആര്‍ദ്രതയ്ക്കും ഇടയ്ക്ക് ഒരു ബാലന്‍സ് ആവശ്യമാണ്. ദൈവത്തിന്‍റെ ആര്‍ദ്രസ്നേഹത്തിന് അതീതമായി ഒരു സഭയും സ്ഥാപനവും നില്‍ക്കരുത്.
20-ാം നൂറ്റാണ്ടില്‍ ലോകത്തിന്‍റെ പല ഭാഗത്തും പലതരത്തിലുള്ള തീവ്രവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. Religious Fundamentalism, Nationalist Fundamentalism, Ideological extremism, ഭാഷാപരമായ മൗലികവാദങ്ങള്‍ എന്നിവ ഉണ്ട് ഒരു വശത്ത്. മറുവശത്ത് നമ്മള്‍ ഏവരും ആഗോളവല്‍ക്കരണം ആഗ്രഹിക്കുന്നു. ഏകലോക സങ്കല്‍പം ആണ് ഏവര്‍ക്കും. ഭക്ഷണംപോലും Standardise ചെയ്യുന്നു. ഭക്ഷണം, വസ്ത്രം, മനുഷ്യന്‍റെ ചില കാഴ്ചപ്പാടുകള്‍ എല്ലാം Globalised ആകുന്നു. എന്നാല്‍ അതിന്‍റെ മറുവശത്ത് ഈ Fundamentalism മുഖേന ആളുകള്‍ ചെറിയ ‘വട്ടങ്ങളിലേയ്ക്ക്” ഒതുങ്ങുന്നു. നമ്മുടെ മലയാള ഭാഷയിലെ ഒരു അക്ഷരം എഴുതുവാന്‍ എളുപ്പമുള്ളതാണ് ‘ഠ’ (ഇഠാവട്ടം). ‘ഠ’ ഇട്ടാവട്ടം എന്ന പ്രയോഗം നമുക്കുണ്ട്. നമ്മുടെ ലോകത്തെ ഈ ‘ഠ’ വട്ടത്തില്‍ ഒതുക്കുകയാണ് പലരും ചെയ്യുന്നത്. അവര്‍ വിചാരിക്കുന്നത് അതാണ് ശ്രേഷ്ടം. വേറെ ആരും അതിലേയ്ക്ക് പ്രവേശിക്കരുത് എന്നുള്ളതാണ് അവരുടെ ചിന്ത. തങ്ങള്‍ സുരക്ഷിതരാണെന്ന് അവര്‍ കരുതുന്നു. ഒരുവശത്ത് ഗ്ലോബലിസവും മറുവശത്ത് സങ്കുചിതമായ ‘ഠ’വല്‍ക്കരണവും. ഇവ തമ്മിലുള്ള സംഘര്‍ഷമായിരിക്കും ഇനി ഭാവിയില്‍.
സോഷ്യല്‍ മീഡിയ എല്ലാം ദ്രുതഗതിയിലാക്കി. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഓരോ വ്യക്തിയുടെയും പ്രതികരണങ്ങളും ഉടനുടന്‍ അറിയാന്‍ സഹായകരമാകുന്നു. സോഷ്യല്‍ മീഡിയ എന്തെന്ന് അറിഞ്ഞ് പ്രവര്‍ത്തിക്കണം. ഫണ്ടമെന്‍റലിസത്തില്‍ അസഹിഷ്ണുത ഉണ്ട്. അതിനാല്‍ സമൂഹത്തിന്‍റെ ഒരുമയ്ക്കും നിലനില്‍പ്പിനും ഭംഗം വരുവാന്‍ ഇടയാകുന്നു. വ്യക്തിപരമായ സങ്കല്‍പങ്ങളും, ധാരണകളും സമൂഹത്തിനു കുഴപ്പങ്ങള്‍ ഉണ്ടാക്കരുത് എന്നതാണ് എന്‍റെ അഭിപ്രായം. ഒരു അളവുവരെ ആളുകള്‍ക്ക് സംഘബോധം ആവശ്യമാണ്. ഒരു അളവില്‍ കഴിഞ്ഞാല്‍ അതും പ്രശ്നമാണ്.
ഓരോരുത്തരുടെയും സഭാസ്നേഹത്തെ വിലയിരുത്തുവാന്‍ എനിക്ക് സാധിക്കുകയില്ല. ജഡ്ജ്മെന്‍റിനുള്ള പ്രത്യേക അധികാരമോ കഴിവോ ഇല്ല.
സുവിശേഷത്തിന്‍റെ സ്നേഹതത്വത്തിന് വിരുദ്ധമാകുന്നുണ്ടോ നമ്മുടെ വിശ്വാസവും പ്രവൃത്തികളും എന്നതാണ് സ്വയം പരിശോധിക്കേണ്ടത്.
ഓര്‍ത്തഡോക്സ് സഭയിലെ വൈദികരും നേതൃത്വവും കൂപമണ്ഡൂകങ്ങളാണ് എന്ന് മറ്റൊരു സഭയിലെ പ്രസിദ്ധീകരണത്തിന്‍റെ എഡിറ്റോറിയലില്‍ ഒരു പരാമര്‍ശം കണ്ടു. ഇതേപ്പറ്റി പ്രതികരിക്കുന്നതിനായി നമ്മുടെ സഭയിലെ പല വിഭാഗം ആളുകളെ സമീപിച്ചപ്പോള്‍ ‘അതു ശരിയല്ലേ’ എന്നായിരുന്നു പ്രതികരണം. ലോകസഭാകൗണ്‍സിലിനും മറ്റും ഒരു കാലത്ത് നേതൃത്വം കൊടുത്തിരുന്നത് നമ്മുടെ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും മറ്റുമായിരുന്നു എന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അതിനുശേഷം പെട്ടെന്ന് മറ്റു സഭകളുടെ ഇടയിലും മറ്റും അവമതിപ്പുണ്ടാക്കാന്‍ ഇടയായത് എങ്ങനെയാണ്? ശരിക്കും നമ്മുടെ നിലവാരം കുറഞ്ഞുപോയോ?
എനിക്ക് ആ പരാമര്‍ശത്തോട് പ്രതികരിക്കുവാന്‍ സാധിക്കുകയില്ല. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആളുകള്‍ ഇങ്ങനെ പലതും പറയും. അതിനെല്ലാം പ്രതികരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല.
നമ്മുടെ സഭയ്ക്ക് ഒരു ശ്രേഷ്ഠമായ നേതൃത്വനിര ഉണ്ടായിരുന്നു. അത് ഇപ്പോള്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ പല ആളുകളും അതില്‍ സംശയാലുക്കള്‍ ആണ് എന്ന് മാത്രമേ ഞാന്‍ പറയുകയുള്ളൂ.
ഒരു സമൂഹത്തിന്‍റെ നേതൃത്വത്തെ നമ്മള്‍ ആദരിക്കുന്നത്, ആ സമൂഹത്തിന് മുഴുവനുമായി ഒരു ദിശാബോധം കൊടുക്കുമ്പോള്‍ ആണ്. കാലം ചെയ്ത ഒസ്താത്തിയോസ് തിരുമേനിയും പൗലോസ് ഗ്രീഗോറിയോസ് തിരുമേനിയും ജനങ്ങളില്‍ വ്യക്തമായ ദിശാബോധവും പ്രത്യാശയും ഉളവാക്കിയിരുന്നു, അത് ആത്മീയ നേതൃത്വമാണ്. നേതൃത്വം ജനങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതാണ്. അതു പുറത്തുനിന്നു മാത്രം ഉണ്ടാകേണ്ടതല്ല.
പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി അന്താരാഷ്ട്ര വേദികളില്‍ അതിശക്തമായി സംസാരിക്കുന്ന ആള്‍ ആയിരുന്നു. ധാരാളം ആരാധകരും ശിഷ്യന്മാരും സഭയില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ സഭയ്ക്കു വെളിയില്‍ ഉണ്ടായിരുന്നു.
ഇവര്‍ രണ്ടുപേരും പറയുന്നത് ‘ഠ’വല്‍ക്കരണം’ അല്ല, പകരം അവര്‍ ചോദിക്കുന്നത് ലോകത്തിന്‍റെ ഭാവി, സഭയുടെ ഭാവി എന്താണ് എന്ന ചിന്തയാണ്.
ജനങ്ങളുടെ ആഗ്രഹം കലഹം കൂടാതെ, സംഘര്‍ഷം കൂടാതെ മുമ്പോട്ടു പോകണം എന്നാണ്. ജീവന്‍റെ നിയമം അതാണ്. മൃഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ ക്ഷണനേരത്തേയ്ക്കേയുള്ളു. സമൂഹത്തിന്‍റെ ഭാവിയെയും ദീര്‍ഘകാലയളവിലുള്ള ജീവനേയും കണക്കിലെടുത്തുകൊണ്ടാവണം സംഘര്‍ഷം പരിഹരിക്കേണ്ടത്. കര്‍ത്താവിന്‍റെ ഉപദേശം എന്നത് നിങ്ങള്‍ പ്രതിയോഗിയോടു കൂടി ന്യായധിപന്‍റെ അടുക്കലേയ്ക്ക് പോകുമ്പോള്‍ വഴിയില്‍ വെച്ചു തന്നെ തന്‍റെ പ്രതിയോഗിയോടു അനുരഞ്ജനപ്പെട്ടുകൊള്ളണം എന്നാണ്.
വാസ്തവത്തില്‍ നമ്മള്‍ ഓര്‍ത്തഡോക്സ് ആരാധനയുടെയും വിശ്വാസത്തിന്‍റെയും മഹത്വം കൂടെക്കൂടെ എടുത്തു പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് നമുക്ക് മറ്റുള്ളവരേക്കാള്‍ അവകാശപ്പെടാവുന്ന മഹത്വം?
ഈ കാര്യങ്ങള്‍ എല്ലാംതന്നെ വളരെ ആത്മനിഷ്ഠമാണ്, ഒരു അളവ് വരെ. തിയോളജിയും ആരാധനചരിത്രവും പഠിക്കുന്ന ആളുകള്‍, നമ്മുടെ ആരാധനാസാഹിത്യം വളരെ സമ്പുഷ്ടമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. വേദപുസ്തകത്തെ സംബന്ധിച്ചും അതിന്‍റെ വ്യാഖ്യാനത്തെ സംബന്ധിച്ചും നമ്മള്‍ പ്രത്യേകിച്ച് എടുത്തുപറയുന്നില്ലെങ്കിലും ആരാധനയില്‍ അതെല്ലാം സമ്പന്നമായി വരുന്നുണ്ട്. എന്നാല്‍ നമ്മള്‍ ഒരിക്കലും താരതമ്യം ചെയ്യുവാന്‍ ശ്രമിക്കേണ്ട. അതു നമ്മുടെ മേന്മ കാണിക്കുവാന്‍ മാത്രമാണെന്നേ ആളുകള്‍ കരുതുകയുള്ളൂ. മറ്റു പാരമ്പര്യങ്ങളെ നാം ചോദ്യം ചെയ്യുന്നത് ആവശ്യമില്ല.
ഓര്‍ത്തഡോക്സ് എന്ന വാക്കിന്‍റെ അര്‍ത്ഥം ശരിയായ ദൈവസ്തുതി എന്നതാണ്. ശരിയായി ദൈവത്തെ സ്തുതിച്ചാല്‍ നമ്മള്‍ ശരിയായി കര്‍ത്താവിന്‍റെ വചനത്തിന്‍റെ അനുഗാമികളാകും. നന്നായി പ്രാര്‍ത്ഥിക്കുകയും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് പറയണം.
ഒരിക്കലും തമ്മില്‍ കാണുമെന്നു വിചാരിക്കാന്‍ ഒരു സാധ്യതയുമില്ലാതിരുന്ന ഉത്തരകൊറിയയുടെയും അമേരിക്കയുടെയും പ്രസിഡന്‍റുമാര്‍, ഒരു മേശയ്ക്കു അഭിമുഖമിരുന്നു ചര്‍ച്ച നടത്തി. തലതിരിഞ്ഞവര്‍ എന്നായിരുന്നു ഇവരെ പലരും അതുവരെ വിശേഷിപ്പിച്ചിരുന്നത്. ലോകത്തില്‍ സംഭവിക്കുന്ന ഈ നയതന്ത്ര മുന്നേറ്റങ്ങള്‍ നമ്മുടെ സഭയ്ക്കും പ്രചോദനം നല്കേണ്ടതല്ലേ? മറു വിഭാഗവുമായി ചര്‍ച്ചയ്ക്ക് തയാറല്ല എന്ന നിലപാട് പരിഹാസ്യമല്ലേ?
ഞാന്‍ അതിന് ഉത്തരം പറയേണ്ടതില്ലല്ലോ. നിങ്ങള്‍ക്ക് അതു വ്യക്തമാണ്. ലോകത്തില്‍ അസാധ്യമെന്നു കരുതുന്നത് പലതും സാധ്യമാണ്. ഈ രാഷ്ട്രതലവന്മാരുടെ ചര്‍ച്ച ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്നുണ്ട്. വലിയ ആയുധവില്‍പനക്കാര്‍ ഇതില്‍ സന്തോഷിക്കുന്നില്ല. സാധാരണ ജനങ്ങള്‍ ആണു സന്തോഷിക്കുന്നത്. ക്രിസ്തീയ സഭകളിലും വഴക്കുകള്‍ ഉടലെടുക്കുമ്പോള്‍ ജനങ്ങള്‍ക്കു ദുഃഖമാണ്. നേതൃസ്ഥാനങ്ങളിലുള്ള കുറെ വ്യക്തികള്‍ എന്തിനും തയ്യാറായി കൊമ്പുകോര്‍ത്ത് നില്‍ക്കുമ്പോള്‍ സാധാരണ ആളുകള്‍ക്ക് അതില്‍ വളരെ ദുഃഖമാണ് ഉള്ളത്. ഈ ശ്ലീഹാ നോമ്പിന്‍റെ കാലയളവില്‍ ശ്ലീഹന്മാരോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, ‘സഭയില്‍ സമാധാനം ഉണ്ടാകുവാന്‍ ശ്ലീഹന്മാരെ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമേ’ എന്നതാണ് അത്. സുവിശേഷം പഠിപ്പിക്കുന്ന ദൈവരാജ്യത്തിന്‍റെ മൂല്യങ്ങളാണ് നമ്മുടെ അന്തിമ മാനദണ്ഡം. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അന്തിമമായ പ്രയോജനം ആര്‍ക്കാണ്? മെത്രാച്ചനോ, വൈദികര്‍ക്കോ മാത്രം അല്ല, സാധാരണക്കാരായ ജനങ്ങള്‍ക്കാണ് അതിന്‍റെ ആത്മിക പ്രയോജനം ലഭിക്കേണ്ടത്. ദൈവത്തിന്‍റെ ഇഷ്ടം നടക്കണം. ദൈവത്തിന്‍റെ ഇഷ്ടം നീതിയും സമാധാനവുമാണ്. അതു നടത്തുവാന്‍ നാം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ക്രിസ്തീയസഭയ്ക്ക് പ്രസക്തിയില്ല.
സുറിയാനി സഭകള്‍ ഏതെല്ലാമാണ്? സുറിയാനി എന്ന പേരിലാണ് നമ്മള്‍ അഭിമാനിക്കുന്നത്. അതിനെ നമ്മുടെ ജാതിപ്പേരായി പരിഗണിക്കാമോ? സുറിയാനി – ലത്തീന്‍ – പരിവര്‍ത്തിതര്‍ എന്നിങ്ങനെ നാലായി ഒരു ഗോത്രവിഭജനം സാധുവാണോ?
സുറിയാനി ആരാധനാ ഭാഷയായി ഉപയോഗിക്കുന്ന സഭകളെയാണ് സുറിയാനി സഭകള്‍ എന്നു വിളിക്കുന്നത്. 17-ാം നൂറ്റാണ്ടില്‍ ആണ് നമുക്ക് അന്ത്യോഖ്യന്‍ സുറിയാനി ഭാഷ കൂടുതല്‍ പരിചിതമാകുന്നത്. 1665-ല്‍ യെരുശലേമിലെ അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രീഗോറിയോസിന്‍റെ ആഗമനത്തോടുകൂടിയാണിത്. ക്രമേണ 19-ാം നൂറ്റാണ്ടാകുമ്പോളാണ് അന്ത്യോഖ്യന്‍ സുറിയാനി പാരമ്പര്യത്തില്‍ ഉറയ്ക്കുന്നത്. കേരളത്തില്‍ സീറോ മലബാര്‍ കത്തോലിക്ക സഭയും മാര്‍ത്തോമ്മാ സഭയും സുറിയാനി പാരമ്പര്യമാണ് അവകാശപ്പെടുന്നത്. മാര്‍ത്തോമ്മ സഭയുടെ സുറിയാനി പാരമ്പര്യം നവീകരണം മൂലം മിക്കവാറും ഇല്ലതായെങ്കിലും ഇപ്പോള്‍ അവര്‍ അതിലേയ്ക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നുണ്ട്. സീറോമലബാര്‍ സഭ പോര്‍ട്ടുഗീസുകാരുടെ ലത്തീന്‍ സ്വാധീനം മൂലം അവരുടെ സുറിയാനി പാരമ്പര്യം നഷ്ടപ്പെടുത്തിയെങ്കിലും ഇപ്പോള്‍ അവരില്‍ ഒരു വിഭാഗം അതിലേയ്ക്ക് തിരിച്ചുവരുകയാണ്. സുറിയാനി എന്നു പറയുന്നത് നമ്മുടെ സമൂഹത്തിന്‍റെ മേന്മ കാണിക്കുവാന്‍ ഉള്ള ഒരു ഉപകരണമായി ഉപയോഗിക്കരുതെന്ന് മാത്രമേ പറയാനുള്ളൂ. പഴയ ക്രിസ്ത്യാനികള്‍ മറ്റുള്ളവരെക്കാളും ശ്രേഷ്ഠരാണ് എന്നു മേനി നടിക്കരുത്. സുറിയാനി ആരാധനാ പാരമ്പര്യം വളരെ സമ്പുഷ്ടമാണ്. നമ്മുടെ ആരാധനയുടെ മഹത്വത്തിനു കാരണം സുറിയാനി പാരമ്പര്യം തന്നെ ആണ്. ലത്തീന്‍ പാരമ്പര്യത്തില്‍ അതു കാണണമെന്നില്ല. ആംഗ്ലിക്കന്‍ പാരമ്പര്യത്തിലും ഇല്ല. അതു നല്ല അര്‍ത്ഥത്തില്‍ നാം മനസ്സിലാക്കണം. സുറിയാനി ഭാഷ നന്നായി പഠിച്ചവര്‍ നമ്മുടെ സഭയിലുണ്ട്. നല്ലതാണ്. എന്നാല്‍ ആ മൃതഭാഷയില്‍ പുതിയ ആരാധനാ സാഹിത്യമോ വേദശാസ്ത്ര കൃതികളോ ഇവിടെ ഉണ്ടായിട്ടില്ല.
എപ്പിസ്കോപ്പസി എന്നാല്‍ ചോദ്യം ചെയ്യപ്പെടാനാവാത്തത് എന്ന അര്‍ത്ഥത്തിലേക്ക് കാര്യങ്ങള്‍ മാറേണ്ടതുണ്ടോ? കോടതിവിധികള്‍ ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യാം. സഭാ നിലപാടുകളില്‍ മാത്രം അപ്രമാദിത്വം ആവശ്യമുണ്ടോ?
ഞാന്‍ സഭയില്‍ യാതൊരു അധികാരവും ഇല്ലാത്ത ഒരു വൃദ്ധ വൈദികനാണ്. എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് പറയുവാന്‍ യോഗ്യതയില്ല. അധികാരമുള്ള വ്യക്തികളാണ് പറയേണ്ടത്. ‘അപ്രമാദിത്വം മനുഷ്യര്‍ക്ക് ആര്‍ക്കുമില്ല. ദൈവത്തിനു മാത്രമേ അപ്രമാദിത്വം ഉള്ളൂ’ എന്നാണ് ഞങ്ങളുടെ ഗുരുവായിരുന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി പഠിപ്പിച്ചത് എന്നോര്‍ക്കുന്നു. ഓര്‍ത്തഡോക്സ് സഭയില്‍ അങ്ങനെ ഒരു പ്രയോഗം ഇല്ല. റോമന്‍ കത്തോലിക്കാ സഭ 19-ാം നൂറ്റാണ്ടില്‍ മാര്‍പാപ്പായുടെ അപ്രമാദിത്വം ഒന്നാം വത്തിക്കാന്‍ സുന്നഹദോസില്‍ തീരുമാനിച്ചു. അതിനു മുമ്പും അവര്‍ക്ക് ആ ചിന്ത ഉണ്ടായിരുന്നു. മനുഷ്യനോ മനുഷ്യന്‍റെ ചിന്തകള്‍ക്കോ സുന്നഹദോസിനോ അപ്രമാദിത്വം ഇല്ല. പരസ്പരം സ്നേഹപൂര്‍വ്വം ഉള്ള ധാരണ, ചര്‍ച്ച, സമ്പര്‍ക്കം, സമവായം എന്നിവയിലൂടെ സത്യം നമ്മള്‍ ഉരുത്തിരിച്ചെടുക്കണം.
ലോകക്രൈസ്തവ സഭകളെ കത്തോലിക്ക – ഓര്‍ത്തഡോക്സ് – പ്രൊട്ടസ്റ്റന്‍റ് – പെന്തക്കോസ്തല്‍ എന്നിങ്ങനെ നാലായി തരംതിരിച്ചാല്‍ ജനസംഖ്യാപരമായ സ്റ്റാറ്റസ് എപ്രകാരമായിരിക്കും? ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതി എന്തായിരിക്കും?
ജനസംഖ്യാപരമായ കണക്കുകള്‍ കുറെയൊക്കെ ഇന്‍റര്‍നെറ്റ് മുഖേന ലഭ്യമാകും. പക്ഷേ പ്രശ്നമുണ്ട്. കത്തോലിക്കാ സഭയുടെ മെമ്പര്‍ഷിപ്പ് നോക്കുകയാണെങ്കില്‍ ഫ്രഞ്ചുകാര്‍ മുഴുവന്‍ കത്തോലിക്ക വിശ്വാസികള്‍ ആണെന്നു അവര്‍ പറയും. സ്പെയിനിലും പോര്‍ട്ടുഗീസിലും മറ്റും എല്ലാവരും കത്തോലിക്കരാണെന്നും പറയും. ഞാന്‍ ഈ രാജ്യങ്ങളില്‍ ഒക്കെ പോയിട്ടുണ്ട്. അവിടെ ഒരു 10% ആളുകള്‍പോലും പള്ളിയില്‍ പോകാറില്ല. പക്ഷേ പാരമ്പര്യമായി അവരെല്ലാം കത്തോലിക്കാ പാരമ്പര്യത്തില്‍ ആയതുകൊണ്ട് സഭയുടെ കണക്കില്‍ ഒരുപക്ഷേ 100% വിശ്വാസികള്‍ ആണെന്നു പറയും. എപ്പോഴും എല്ലായിടത്തും യഥാര്‍ത്ഥ വിശ്വാസികള്‍ ന്യൂനപക്ഷം ആയിരിക്കും.
ഇന്ത്യയില്‍ ജനസംഖ്യാപരമായിത്തന്നെ ക്രിസ്ത്യാനികള്‍ അതിന്യൂനപക്ഷമാണല്ലോ. അതില്‍തന്നെ ന്യൂന ന്യൂനപക്ഷമാണ് നാം.
കര്‍ത്താവ് പറഞ്ഞ വാക്ക് ഒരിക്കലും നിങ്ങള്‍ മറക്കരുത്, “ചെറിയ ആട്ടിന്‍കൂട്ടമേ നിങ്ങള്‍ ഭയപ്പെടേണ്ട.”
ഞങ്ങള്‍, ഓര്‍ത്തഡോക്സ് സ്വത്വത്തിന്‍റെ പേരില്‍ അഭിമാനിക്കാന്‍ ആഗ്രഹമുള്ളവരായിരുന്നു. എന്നാല്‍ പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവുന്ന ഓര്‍ത്തഡോക്സ് അസഹിഷ്ണുത ഞങ്ങളെ അസ്വസ്ഥരാക്കുകയാണ്. എന്താണ് നമ്മുടെ വിശ്വാസപരവും, ചരിത്രപരവുമായ തനിമ? അത് പാത്രിയര്‍ക്കീസ് വിഭാഗവുമായി എത്ര മാത്രം വിഭിന്നമാണ്?
യാക്കോബായ, ഓര്‍ത്തഡോക്സ് എന്നത് ഒരു ഒറ്റ സമൂഹമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഒരേ വിശ്വാസം, ഒരേ രക്തം, ഒരേ കുടുംബം. ഞാന്‍ സെമിനാരിയില്‍ പഠിക്കുമ്പോള്‍ സഭ ഒന്നായിരുന്നു. ഞാന്‍ ഏതു സമയത്താണോ വൈദിക സെമിനാരിയില്‍ ചേര്‍ന്നത്, എന്ത് മൂല്യങ്ങള്‍ മനസ്സില്‍ കരുതികൊണ്ടാണോ അന്നവിടെ പഠിച്ചത് അതെല്ലാം ഞാന്‍ ഇപ്പോഴും മുറുകെ പിടിക്കുന്നു. പിന്നെ ഉണ്ടായ വിഭജനങ്ങള്‍ക്ക് കാരണക്കാര്‍ ചില വ്യക്തികളാണ്. സാധാരണ ജനങ്ങള്‍ അല്ല ഭിന്നത ഉണ്ടാക്കിയത്. മറിച്ച് ചില വ്യക്തികളും നേതൃസ്ഥാനത്തുള്ള അവരുടെ ചില താല്പര്യങ്ങളും ആണ്. അന്നും ഇന്നും എന്‍റെ പ്രാര്‍ത്ഥനയില്‍ ഒരു മലങ്കരസഭയേ ഉള്ളു. ഞാന്‍ സ്വപ്നാടകന്‍ ആണെന്നു ചിലര്‍ പറയുമായിരിക്കും. പക്ഷേ, യോജിച്ച സഭയെ ഭിന്നിപ്പിക്കാന്‍ ചിലരൊക്കെ പറഞ്ഞ കാരണങ്ങളോടും അതിന് അവര്‍ കൈക്കൊണ്ട നടപടികളോടും ഞാന്‍ ശക്തിയായി വിയോജിക്കുന്നു. ഇക്കാര്യങ്ങളൊക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അതിരുകടക്കുന്ന രാഷ്ട്രീയനിലപാടുകളും പ്രഖ്യാപനങ്ങളും സഭയോടു ബന്ധപ്പെടുത്തി ഉണ്ടാവുകയും വീണ്ടുവിചാരമില്ലാത്തവര്‍ അതിനു പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ ഇതുവരെ പിന്തുടര്‍ന്നുവന്ന നല്ല മാതൃകകള്‍ നഷ്ടപ്പെടുകയും വിനാശകരമായ കീഴ്വഴക്കങ്ങള്‍ ഉണ്ടാവുകയും ചെയ്യില്ലേ? അത് സഭയുടെ സ്വാതന്ത്ര്യവും സഭാംഗങ്ങളുടെ അവകാശങ്ങളും നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കില്ലേ?
സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം ഇന്ത്യയില്‍ നമുക്ക് ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. നല്ല പൗരന്മാരായി രാഷ്ട്രനിര്‍മ്മിതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നാം. എന്നാല്‍ സഭ ഭൂരിപക്ഷമാകുന്നത് ലോകത്തിലെ പല രാജ്യങ്ങളിലും വലിയ പ്രശ്നമാണ്. രാഷ്ട്രത്തിന്‍റെ ഭാഗമായിട്ട് സഭ തീരുന്ന അവസ്ഥയാണ് കുസ്തന്തിനോസ് ചക്രവര്‍ത്തിയുടെ മാനസാന്തരത്തിനുശേഷം റോമാ സാമ്രാജ്യത്തില്‍ ഉണ്ടായത്. യൂറോപ്പില്‍ അടുത്തകാലം വരെയും അതായിരുന്നു സ്ഥിതി. പില്‍ക്കാലത്ത് രാഷ്ട്രവും സഭയും രണ്ടാകുന്നതാണ് നല്ലതെന്ന് വിവരമുള്ള നേതാക്കന്മാര്‍ പഠിപ്പിച്ചു. പലപ്പോഴും ക്രിസ്തീയ മൂല്യങ്ങള്‍ അടിയറ വെയ്ക്കേണ്ടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നു. സഭയും രാഷ്ട്രവും രണ്ടാണ്. സമൂഹത്തിനു പരിവര്‍ത്തനം ഉണ്ടാകുവാനുള്ള ഒരു പുളിപ്പ് ആയി സഭ നിലകൊളളണം.
കക്ഷി രാഷ്ട്രീയ തല്പര്യങ്ങളുടെ കൂടെ സഭ നില്‍ക്കരുത്. മെത്രാന്മാരും അച്ചന്മാരും രാഷ്ട്രീയ ഗോദയില്‍ ഇറങ്ങരുത്. സഭാ വിശ്വാസികള്‍ പൗരന്മാരാണ.് വോട്ടവകാശം അവര്‍ക്കുണ്ട്. രാഷ്ട്രത്തിന്‍റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടിയും നീതിയ്ക്കുവേണ്ടിയും നിലകൊള്ളാന്‍ അവരെ പ്രോത്സാഹിപ്പിക്കണം.
ഞങ്ങളുടെ അമ്മവീടുകളുടെ സഭാനിലപാടിനെപ്പറ്റി ഞങ്ങള്‍ തന്നെ ഒരു കണക്കെടുത്തപ്പോള്‍ നാലില്‍ മൂന്നും യാക്കോബായ വിഭാഗക്കാരാണ്. ഇത് ഒരുപക്ഷേ, കോട്ടയം ജില്ലയിലെ മാത്രം സ്ഥിതിയാവാം. നമ്മുടെ പിതാക്കന്മാരുടെ പ്രായോഗികബുദ്ധിയാവാം അതിനിട യാക്കിയത്. തെക്കും വടക്കുമുള്ളവര്‍ തീവ്രനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കോട്ടയം ഭദ്രാസനത്തില്‍ നിലനില്‍ക്കുന്ന സൗഹൃദം നിലനിര്‍ത്താന്‍ നാം ഏതറ്റം വരെയും പോകണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. കോട്ടയത്തിന്‍റെ ഈ സംസ്കാരം വെല്ലുവിളികള്‍ നേരിട്ടാല്‍ ഞങ്ങള്‍ എങ്ങനെ പ്രതികരിക്കണം?
നാം ക്രിസ്തീയ വിശ്വാസികള്‍ ആണെന്നു കരുതുന്നുണ്ടെങ്കില്‍ യേശുക്രിസ്തുവിന്‍റെ അനുഗാമികള്‍ ആകണം. നൂറു ശതമാനം അങ്ങനെ ആകുവാന്‍ സാധിക്കും എന്ന് ഞാന്‍ പറയുന്നില്ല, നാം ഏവരും കുറവുള്ളവരാണ് . കഴിയുന്നിടത്തോളം കര്‍ത്താവ് പഠിപ്പിച്ച സ്നേഹം, ത്യാഗം എന്നിവ അനുവര്‍ത്തിക്കുവാന്‍ ശ്രമിക്കണം.
നമ്മുടെ അയല്‍ക്കാരുമായുള്ള നീതിപൂര്‍വ്വകമായ സ്നേഹബന്ധമാണ് കര്‍ത്താവിന്‍റെ ഇഷ്ടം. നമ്മുടെ ആളുകളുടെ മനസ്സില്‍ വിഷം കയറ്റുന്ന വ്യക്തികള്‍ ഉണ്ട്. അത്തരം വിഷവലകള്‍ക്ക് അകത്തുപെടാതിരിക്കുകയാണ് യുവജനങ്ങളായ നിങ്ങള്‍ ചെയ്യേണ്ടത്. അയല്‍ക്കാരനെയും ശത്രുവിനെയും സ്നേഹിക്കാന്‍ പഠിപ്പിച്ച കര്‍ത്താവിനോട് നമുക്ക് ഇന്നുള്ള ബന്ധം എന്താണെന്ന് നിങ്ങള്‍തന്നെ ചിന്തിക്കുക.
ഇന്ത്യന്‍ പാരമ്പര്യത്തില്‍ ‘കലി എന്നൊരു സങ്കല്‍പം ഉണ്ട്’ കലി വരുമ്പോള്‍ ചിലര്‍ക്ക് അന്നുവരെ പഠിച്ച പല നല്ല കാര്യങ്ങളും മറന്നുപോകും. കലി ഒരു താമസശക്തി ആണ്, ഇരുട്ട് പരത്തുകയാണ് അതിന്‍റെ ജോലി. ഓര്‍ത്തഡോക്സ്, യാക്കോബായ എന്ന പേരില്‍ കലി ബാധിക്കുന്നവര്‍ മനുഷ്യജീവന്‍റെ എല്ലാ സൗന്ദര്യത്തെയും എല്ലാ സൗരഭ്യത്തെയും നശിപ്പിക്കുന്നു.
സഭയില്‍ സമാധാനം എന്നത് സാധ്യമാണോ?
മനുഷ്യന്‍റെ ബന്ധങ്ങളില്‍ അസാധ്യമായതൊന്നും ഇല്ല. നമ്മുടെ സഭയില്‍ അനുതാപം എന്നതിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. നോമ്പു മുഴുവന്‍ അനുതാപത്തിന്‍റേതാണ്. വലിയ നോമ്പിന്‍റെ ആരംഭം അനുതാപത്തിലൂടെ ആണ് (ശുബ്കോനോ ശുശ്രൂഷ). പരസ്പരം ഉള്ള അനുരഞ്ജനത്തിന്‍റെ ശുശ്രൂഷയാണ് അത്. ഇത് ഇല്ലാതെ ലോകം മുമ്പോട്ടു പോകുകയില്ല. സഭയില്‍ തീര്‍ച്ചയായും അത് ഉണ്ടാകണം. അനുതാപം ഉണ്ടെങ്കിലെ ഇവയെല്ലാം സാധ്യമാവുകയുള്ളൂ. കത്തോലിക്ക സഭ മധ്യനൂറ്റാണ്ടുകളില്‍ ഒത്തിരി തെറ്റുകള്‍ മനുഷ്യരാശിക്കെതിരായി ചെയ്തിട്ടുണ്ട്. പക്ഷേ ആധുനിക കാലത്ത് മാര്‍പാപ്പാമാര്‍ പലതവണ തെറ്റുകള്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. ഇത് അനുതാപമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പാ നല്ല ഉദാഹരണമാണ്.
കല്‍ക്കട്ടായില്‍ കാലം ചെയ്ത തേവോദോസിയോസ് തിരുമേനി, പുന്നൂസ് അച്ചന്‍ ആയിരുന്നപ്പോള്‍, അന്നു ഞാന്‍ സെമിനാരിയില്‍ ചേര്‍ന്ന സമയത്ത് പരുമലയില്‍ വച്ച് ഉണ്ടായ ഒരു സംഭവം ഓര്‍ക്കുന്നു. അന്നു പരുമലയില്‍ ‘ഊട്ടുപുര’ എന്ന ചെറിയ പഴയ ഒരു കെട്ടിടം ഉണ്ടായിരുന്നു. അച്ചന്‍മാര്‍ക്കെല്ലാം പെരുന്നാളിന് അവിടെ ഭക്ഷണം ഉണ്ട്. ഞാന്‍ ആദ്യമായി പരുമല പെരുന്നാളിനു പോയ സമയം ആയിരുന്നു. സെമിനാരിയില്‍ നിന്ന് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും ഊട്ടുപുരയില്‍ ഭക്ഷണം കഴിക്കാനുള്ള അനുവാദം ഉണ്ടായിരുന്നു. ഭക്ഷണം സമയം ആയപ്പോള്‍ അവിടെ ഭയങ്കരമായ തിരക്ക്, ഞാന്‍ നോക്കുമ്പോള്‍ ഒരു അച്ചന്‍ മാത്രം കയ്യും കെട്ടി ശാന്തനായി മാറി നില്‍ക്കുന്നു. മറ്റുള്ളവര്‍ തിരക്കുണ്ടാക്കുമ്പോള്‍ ഒരു വൈദികന്‍ മാത്രം ശാന്തനായി കാത്തുനില്‍ക്കുന്നത് ആദ്യ വര്‍ഷക്കാരായ സെമിനാരി വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പെട്ടു. ആ വൈദികന്‍ ആരെന്നു തിരക്കിയപ്പോള്‍ ബോംബയിലെ പുന്നൂസ് അച്ചനാണ് എന്നറിഞ്ഞു. അന്നു വെറുതെ നിന്ന ആ വൈദികനു വെറും 20 വയസ്സുള്ള എന്നെ ആഴമായി സ്പര്‍ശിക്കാന്‍ കഴിഞ്ഞു.
സഭയുടെ മിഷന്‍ എന്നാല്‍ വഴക്ക് ഉണ്ടാക്കുക എന്നതല്ല. നേരായ ദിശാബോധം ഇടയന്മാര്‍ പകര്‍ന്നു നല്‍കണം. ഇടയന്‍ മുമ്പേ നടന്ന് ആടുകളെ പച്ചയായ മേച്ചില്‍പുറങ്ങളിലേയ്ക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികത്തേയ്ക്കും നയിക്കണം. നമ്മുടെ സഭയുടെ ജോലിയും ഇതുതന്നെയാണ്. ജനങ്ങളെ പച്ചയായ മേച്ചില്‍പുറങ്ങളിലേയ്ക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികത്തേയ്ക്കും നയിക്കുക എന്നത് ഞാനുള്‍പ്പെടെയുള്ള വൈദികനേതൃത്വത്തിന്‍റെ ചുമതലയാണ്. ഞങ്ങള്‍ക്കു തെറ്റുപറ്റിയാല്‍ നിങ്ങള്‍ സ്നേഹപൂര്‍വ്വം തിരുത്തണം. അതുപോലെ നിങ്ങളുടെ തിരുത്തലിനു വിധേയരാകാന്‍ അച്ചന്മാരും മെത്രാന്മാരുമായ ഞങ്ങളും വിനയപൂര്‍വ്വം തയ്യാറാകണം. എല്ലാറ്റിലും ഉപരി, നമ്മുടെ പിതാവാം ദൈവത്തിന്‍റെ ആര്‍ദ്രകരുണയും മനുഷ്യസ്നേഹവും യേശുക്രിസ്തുവിലൂടെ നമുക്കു ലഭിച്ചതിനെ നന്ദിപൂര്‍വ്വം ഓര്‍ക്കയും വേണം.
(പ്രദക്ഷിണം, ജൂലൈ 2018)