സീറോ മലബാര്‍ സഭയ്ക്കു പുതിയ രൂപതകള്‍ (1887)

82. മലയാളത്തുള്ള റോമ്മാ സുറിയാനിക്കാരെ മുഴുവനും മേല്‍ 38-ാം ലക്കത്തില്‍ പറയുന്ന വരാപ്പുഴ മര്‍സലീനോസ് മെത്രാന്‍ തന്നെ ഭരിച്ചു വരുമ്പോള്‍ സ്വജാതിയില്‍ മെത്രാനെ കിട്ടണമെന്നുള്ള ഇവരുടെ അപേക്ഷ കൊണ്ടും ഇതിനു കുറെ മുമ്പില്‍ ഇവിടങ്ങളില്‍ വന്നുപോയ ദലഹാദ് അപ്പോസ്തോലിക്കാ എന്ന ഒരു മെത്രാന്‍റെ ശുപാര്‍ശകൊണ്ടും റോമ്മാ സുറിയാനിക്കാരുടെ ഭരിപ്പില്‍ ഒരു ഭേദം വരുത്തി. 1887-ാം ആണ്ടില്‍ പാപ്പായും പോര്‍ച്ചുഗല്‍ രാജാവും തമ്മില്‍ കൊന്‍ക്രദാത്തു എന്ന ഒരു ഉടമ്പടി എഴുതിയതില്‍ പാപ്പായുടെ കീഴുരാജാവിന്‍റെ കീഴിലുള്ള പള്ളികളുടെ ഭരണത്തില്‍ ചില ഭേദങ്ങള്‍ വരുത്തിയ ശേഖരത്തില്‍ മലയാളത്തുള്ള സകല റോമ്മാ സുറിയാനി പള്ളികളെയും രണ്ട് ഇടവകയായി തിരിക്കയും ആലുവാ ആറിനു വടക്കോട്ടുള്ള പള്ളികളെ തൃശൂര്‍ ഇടവകയായും തെക്കോട്ടുള്ള പള്ളികളെ കോട്ടയം ഇടവകയായും നിശ്ചയിക്കുകയും ഓരോ ഇടവകയ്ക്കും ഓരോ യൂറോപ്യന്‍ മെത്രാനെയും നാട്ടുകാരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നതും മെത്രാന്‍റെ വേഷങ്ങള്‍ എല്ലാം ധരിക്കുന്നതുമായ ഓരോ വിഗാരി ജനറാളന്മാരെയും നാട്ടു പട്ടക്കാരില്‍ നിന്നു തന്നെ നന്നാലു ആലോചനക്കാരെയും നിശ്ചയിക്കണമെന്നും നിശ്ചയിച്ചു റോമ്മായില്‍ നിന്നും കല്പന വന്നു. അതുംപ്രകാരം തൃശൂര്‍ക്കു നിയമിക്കപ്പെട്ട ആദ്യ മെത്രാന്‍ വടക്കേ ഇന്ത്യയില്‍ പട്ടാളത്തില്‍ പാദ്രിയായിരുന്ന ആള്‍ ആണ്. ഇദ്ദേഹത്തിന്‍റെ പേര് അദോള്‍ഫ്സ മെദലിക്കോട്ട് എന്നാകുന്നു. ഈ ദേഹം 1887-മാണ്ട് …….. മാസം 9-നു നീലഗിരിയില്‍ വച്ച് ദെലഗാദ് മെത്രാനോടു സ്ഥാനം ഏല്ക്കുകയും ഡിസംബര്‍ മാസം 18-നു തൃശൂര്‍ വന്നിറങ്ങുകയും ചെയ്തു. കോട്ടയത്തേക്കുള്ള മെത്രാന്‍ ഒരു ഫ്രഞ്ചുകാരന്‍ ആണ്. അയാള്‍ യൂറോപ്പില്‍ നിന്നും ഉടനെ പുറപ്പെടും. തൃശിവപേരൂര്‍ മെത്രാനെ ത്രികൊമ്മിയുടെ മെത്രാനും തൃശിവപേരൂര്‍ വിഗാരി അപ്പോസ്തോലിക്കായും എന്നാണ് സ്ഥാനപ്പേര്‍. വരാപ്പുഴക്കാര്‍ക്കു ചില ലത്തീന്‍ പള്ളിയല്ലാതെ സുറിയാനിപള്ളി ഒന്നും ഇല്ല.

…………..

86. മേല്‍ 82-ാം വകുപ്പില്‍ പറയുന്നപ്രകാരം റോമ്മാ സുറിയാനികള്‍ക്കായി കോട്ടയം ഇടവകയ്ക്കു നിയമിച്ച മെത്രാന്‍ നീലഗിരിയില്‍ വന്ന ഉടന്‍ നിധീരി കത്തനാര്‍ മുതല്‍പേര്‍ ചെന്നു എതിരേല്‍ക്കയും പള്ളിക്കാര്‍ ഘോഷമായി എതിരേറ്റു 1888 മെയ് 2-നു 1063 മേടം 21-നു മാന്നാനത്തു കൊവേന്തയില്‍ വന്നുചേരുകയും ചെയ്തു. പിന്നീട് ഈ മെത്രാന്‍ 1888 മെയ് 10-നു 1063 മേടം 29-നു വ്യാഴാഴ്ച ഘോഷത്തോടുകൂടെ കോട്ടയത്ത് എടയ്ക്കാട്ടുപള്ളിയില്‍ വരികയും അവിടെ വച്ചു റോമ്മായില്‍ നിന്നും ഇയാള്‍ക്കു കിട്ടിയിട്ടുള്ള ബൂളാ വായിക്കുകയും ചെയ്തു. അന്ന് മൂന്ന് മണിക്കു തന്നെ കൊവേന്തയിലേക്കു മടങ്ങിപ്പോയി. ഈ മെത്രാന്‍റെ പേര്‍ മെലിത്തന്‍സി എന്ന ദിക്കിന്‍റെ മെത്രാനും കോട്ടയം വികാരിയത്തിന്‍റെ വിഗാരി അപ്പോസ്തോലിക്കായുമായ കാര്‍ലോസ് ലവീഞ്ഞ് എന്നാകുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)