ത്രീയേക ദൈവം എല്ലാവര്‍ക്കും ദൈവം
ഹിന്ദുവിനും മുസല്‍മാനും
ശ്രീയാര്‍ന്ന ദൈവം സ്നേഹാദ്രി തന്നെ
നിത്യ സത്യ സ്നേഹരൂപി (ത്രീയേക…)
വേര്‍പാടു മാറ്റും ഭിന്നതകള്‍ നീക്കും
ലോകമാകെയേകമാക്കും
ദുര്‍മോഹം മാറ്റി സ്വാര്‍ത്ഥതകള്‍ നീക്കി
ധര്‍മ്മമെല്ലാം ഒന്നായ് തീരും (ത്രീയേക…)
എല്ലാ ജാതിയേയും ശിഷ്യരാക്കും ലോഗോസ്
യേശുവായ് രൂപപ്പെട്ടു
ദുര്‍ലോഭമോഹം കൂടാതെ ത്യാഗം
ലോകം കാണ്‍മാന്‍ കേന്ദ്രമാക്കി (ത്രീയേക…)
റൂഹായിന്‍ ശക്തി ലോകമാകെയുണ്ട്
ശത്രുവിനെ തോല്‍പ്പിച്ചീടാന്‍
ശ്ലീഹാമാരായി ദൂതുഘോഷിക്കുന്ന
സ്നേഹിതരായ് തീര്‍ന്നിടേണം (ത്രീയേക…)
മാറ്റമില്ലാതെ ദൈവം മാറ്റമുള്ള ലോകേ
സ്നേഹമാര്‍ന്ന നീതിയത്രേ
കാറ്റുപോലെ വീശി സ്നേഹാഗ്നി കൂട്ടി
ലോകമാകേ സ്വര്‍ഗ്ഗമാക്കും (ത്രീയേക…)
2
ജീവിച്ചാലും മരിച്ചാലും ദൈവം മാത്രം മതിയെനിക്ക്
ജീവനും മരണവും ഒരുപോലെ കാല്‍വരി തന്നൊരു വന്‍ധൈര്യം
1. ജീവന്‍ നല്‍കി ജീവന്‍ തന്ന, ജീവാരംഭമായവനേ
ജീവന്‍, മരണം, ജീവനെന്ന പാവനവൃത്തം ഞാന്‍ തേടും
2. നീയല്ലാതെ ആരെനിക്ക് മായ മാറ്റും ജീവനാകും
തായും താതനും സോദരനും പായും പടകും നീ തന്നെ
3. കാറ്റും കോളുമേറിവന്നാല്‍ മരണം മാറ്റും ജീവന്‍ നീ
തോറ്റാലും നീ ജയിച്ചീടും കാറ്റും കടലും താണ്ടിടും
4. ക്രൂശിനു നാശം ഭാരമല്ല ക്രൂശിന്‍ പൈതലായവന്
നാശം നീക്കും ഞായര്‍ ദിനേ യേശു വീണ്ടും ജീവന്‍ തരും
5. ലോകമാകെ നേടിയാലും ചാകും ജീവന്‍ പോലെനിക്ക്
ശോകം നീക്കും നിത്യജീവന്‍ ലോകര്‍ക്കെല്ലാമേകീടണം.