പത്രോസ് പാത്രിയര്‍ക്കീസ് സ്ഥാനമേല്ക്കുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

62. മേല്‍ 48, 56 ഈ ലക്കങ്ങളില്‍ പറയുന്നതുപോലെ രണ്ടാമത്തെ യാക്കോബ് പാത്രിയര്‍ക്കീസ് ബാവാ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന്‍റെ ശേഷം ആ സിംഹാസനത്തുമ്മേല്‍ വേറെ ആളെ നിയമിക്കേണ്ടുന്നതിനു സുന്നഹദോസ് കൂടി ആലോചിച്ച് സൂറിയായുടെ പുനിക്കി എന്ന സ്ഥലത്തെ മേല്‍പട്ടക്കാരനായിരുന്ന പത്രോസ് എന്ന ദേഹത്തെ 1872 മത് മിഥുന മാസം 4-നു ആകുന്ന പെന്തക്കുസ്താ ഞായറാഴ്ച പാത്രിയര്‍ക്കീസായിട്ടു അഭിഷേകം ചെയ്കയും ചെയ്തു. അന്ത്യോഖ്യായുടെ മൂന്നാമത്തെ പത്രോസ് എന്ന മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് എന്ന് ഈ ദേഹത്തിനു പേര്. ഈ വിവരത്തിനു ഈ ദേഹം കര്‍ക്കടക മാസം 14-നു എനിക്കു അയച്ച തിരുവെഴുത്ത് ചിങ്ങം 30-നു വന്നുചേരുകയും കന്നി 4-നു മറുപടി അയയ്ക്കയും ചെയ്തിരിക്കുന്നു.

68. മേല്‍ 62 മത് ലക്കത്തില്‍ പറഞ്ഞിരിക്കുന്ന പാത്രിയര്‍ക്കീസ് ബാവാ വാണ വിവരത്തിനും മറ്റും പള്ളിക്കാര്‍ക്കും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കും കൂടി ഒരു കല്പനയും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കും പള്ളിക്കാര്‍ക്കും കൂടി ഒരു കല്പനയും ഇങ്ങനെ രണ്ടു കല്പന വന്നു ചേര്‍ന്നതു കൂടാതെ പാലക്കുന്നനെക്കുറിച്ച് പള്ളിക്കാര്‍ക്കും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കും കല്പന വരികയും അതോടുകൂടെ 1872 മീനം 20-നു റസിഡണ്ട് സായിപ്പിനും കല്പന വരികയും ചെയ്തു. സായ്പിനു വന്നിട്ടുള്ള കല്പനയിലെ താല്‍പര്യം പാലക്കുന്നനെ മുമ്പ് ഇരുന്ന രണ്ടു പിതാക്കന്മാര്‍ ശപിച്ചതുപോലെ ഈ പാത്രിയര്‍ക്കീസ് ബാവായും ശപിച്ചരിക്കുന്നതിനാല്‍ പാലക്കുന്നന്‍ സുറിയാനി പള്ളി എടപെട്ടും ജാതി ഇടപെട്ടും ഒരു കാര്യവും നടത്തുവാന്‍ സമ്മതിക്കരുത് എന്നാകുന്നു.

69. ഈ കല്പന റസിഡണ്ട് ബല്ലാര്‍ഡ് സായ്പിനു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ഒരു കത്തോടുകൂടെ കൊടുത്തയച്ചാറെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അത്താനാസ്യോസിനെ മെത്രാനായിട്ടു സമ്മതിച്ചിരിക്കുന്നതിനാല്‍ ഞാന്‍ എന്തു ചെയ്യേണ്ടൂ എന്നും എങ്കിലും പിന്നീട് ആലോചിച്ചു മറുപടി കൊടുത്തയക്കാമെന്നുമത്രെ ഒരു മറുപടി വരികയും ചെയ്തത്.

70. പിന്നീട് പാലക്കുന്നനെ മഹറോന്‍ ചൊല്ലിയിരിക്കുന്നു എന്നും മറ്റും തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ പേര്‍ക്കും മദ്രാസ് ഗവര്‍ണരുടെ പേര്‍ക്കും റസിഡണ്ടിന്‍റെ പേര്‍ക്കും പാത്രിയര്‍ക്കീസ് ബാവാ 1873 ചിങ്ങം 2-നു കുസ്തന്തീനോപോലീസില്‍ നിന്നും എഴുതിയ കല്പനകള്‍ മാര്‍ ദീവന്നാസ്യോസിന്‍റെ പക്കല്‍ വന്നുചേര്‍ന്നതില്‍ മഹാരാജാവിന്‍റെ പേര്‍ക്കുള്ളതു മാത്രം കൊടുത്തു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)