പതിനാലാമത് വേനൽശിബിരത്തിനു ഊഷ്മളമായ വരവേൽപ്പ് 

ദുബായ്: ജൂബിലി നിറവിൽ പരിലസിക്കുന്ന ദുബായ് സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ  ജൂലൈ 13, 20 തീയതികളിൽ നടക്കുന്ന വേനൽശിബിരത്തിൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു. യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ എല്ലാ വേനൽ അവധിക്കാലത്തും കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽശിബിരം പതിനാലാം വർഷത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്.
കേരള സംസ്ക്കാരവും പാരമ്പര്യവും ഭാഷാമാധുര്യവും വൈവിധ്യമാർന്ന നാട്ടറിവുകളും കലകളും ഗൾഫിലെ പുതു തലമുറക്ക് പകർന്നു നൽകുകയാണ് ഇതിന്റെ ലക്ഷ്യം. പഠനമുറികളിലെ വിരസത ഒഴിവാക്കി കഥ-കവിതകളിലൂടെയും, കളികളിലൂടെയും കുട്ടികളിലേക്ക് സാംസ്‌കാരിക തനിമ പകർന്ന് നൽകുന്ന ശിബിരത്തിൻ്റെ പ്രവർത്തനം മലയാള ലോകത്തിനാകമാനം അഭിമാനാർഹമാണ്.
വെള്ളിയാഴ്ച വി.കുർബാനാനന്തരം പള്ളിയങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പ്രതലത്തിൽ കുട്ടികൾ അവരുടെ മുൻ വർഷങ്ങളിലെ വേനൽശിബിരനുഭവം പങ്കുവച്ചും ചിത്രങ്ങൾ വരച്ചും വേനൽശിബിരത്തിൻറെ രജിസ്‌ട്രേഷനു തുടക്കം കുറിച്ചു. മാനവീകതയെയും സഹിഷ്ണതയേയും മുൻനിർത്തി ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം “മാനവസ്നേഹത്തിൻ കൂടു കൂട്ടാം” എന്നുള്ളതാണ്.