191. 152 മത ലക്കത്തില്‍ പറയുന്ന കാരാപ്പുഴ കുരുവിള, ചാലിപലത്തു ഉലഹന്നാന്‍ മുതല്‍പേരെ സ്വാധീനപ്പെടുത്തിക്കൊണ്ട് 1861 മത വൃശ്ചിക മാസത്തില്‍ പള്ളിയില്‍ കടന്ന് ബലമായി കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. അങ്ങനെ രണ്ടു ഞായറാഴ്ച ചൊല്ലിയതില്‍ പിന്നെ മൂന്നാം ഞായറാഴ്ച ചൊല്ലി നിന്ന സമയത്ത് ബാവാ വരികയും അവനെ ഇറക്കിവിടുകയും പിന്നെയും കൂദാശ ചെയ്തശേഷം കത്തങ്ങള്‍ ചൊല്ലി വരികയും ചെയ്യുന്നു. ഈ സമയത്ത് തന്നെ മൂന്നുമ്മേല്‍ കുര്‍ബ്ബാന വേണ്ടായെന്നു നിശ്ചയിച്ച് പുതുപ്പള്ളി പള്ളിയിലെയും വാകത്താനത്തു പള്ളിയിലെയും ചെറിയ ത്രോണോസുകള്‍ ബാവാ പൊളിപ്പിച്ചു കളകയും ചെയ്തു.