സുറിയാനി കത്തോലിക്കരുടെ ഇടയിലെ തര്‍ക്കങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും (1861)

169. മലയാളത്തു നിന്നും ബഗദാദിനു പോയിരുന്ന കലല്‍ദായക്കാരായ അന്തോന്‍ കത്തനാരു മുതല്‍പേരും മാര്‍തോമ്മാ മെത്രാപ്പോലീത്താ ഒരുമിച്ചു 1861 മത മേട മാസം 21-നു കൊച്ചിയില്‍ വന്നു ഇറങ്ങികൊള്‍കയും ചെയ്തു. ആ മെത്രാന്‍ മൂസലല്‍കാരന്‍ ആകുന്നു. മേലെഴുതിയ പാലാ പള്ളിയില്‍ കുടക്കച്ചറെ അന്തോനി കത്തനാരും ഭരണങ്ങാനത്തു പള്ളിയില്‍ തൊണ്ടനാട്ടു അന്തോനി കത്തനാരും കൂടെ ബഗദാദില്‍ നിന്നു അവരുടെ സ്വന്ത ഒരു കല്‍ദായ സുറിയാനി മെത്രാനെ കൊണ്ടുവരണമെന്നു വിചാരിച്ച് അഞ്ചു വര്‍ഷം മുമ്പേ കപ്പല്‍ കയറി ചെന്നു ബഗദാദിലെ കല്‍ദായ പാത്രിയര്‍ക്കീസെന്നു പേരായിരിക്കുന്ന യൗസേപ്പ് പാത്രിയര്‍ക്കീസിനെ കണ്ടതിന്‍റെ ശേഷം ഉറപ്പായിട്ടു പള്ളിക്കാരുടെ എഴുത്തു കൊണ്ടുചെന്നാല്‍ മെത്രാനെ അയയ്ക്കാമെന്നു പറയുക കൊണ്ട് തൊണ്ടനാട്ടു കത്തനാരെ അവിടെ പാര്‍പ്പിച്ചുംവച്ച് കുടക്കച്ചറെ കത്തനാരു മലയാളത്ത് തിരികെ വന്നു എഴുത്തുകളും വാങ്ങി പല ദിക്കുകാരായിട്ടും ശെമ്മാശന്മാരായിട്ടും പിള്ളേരായിട്ടും ശേഖരിച്ച് രണ്ടാമതു കപ്പല്‍ കയറി ബഗദാദില്‍ എത്തിയ ഉടന്‍ കുടക്കച്ചറെ കത്തനാര്‍ക്കു ദീനമായി മരിക്കയും ഏതാനും പിള്ളേരും മരിക്കയും ചെയ്തു. പാത്രിയര്‍ക്കീസിന്‍റെയും അവിടെയുള്ള ജനങ്ങളുടെയും സഹായത്തോടുകൂടി അവിടെ മൂസലില്‍ ഇവര്‍ പാര്‍ക്കയും മൂസലിന്‍റെ കല്‍ദായ പള്ളിയില്‍ ചെന്നു യൗസേപ്പ് ശെമ്മാശിന്‍റെയും ആ ദേഹത്തിന്‍റെ സഹോദരനും ചെറുപ്പത്തിലേ ഇംഗ്ലണ്ടില്‍ പോയി പഠിച്ച് മൂസലിന്‍റെ ബ്രിട്ടീഷ് കോണ്‍സലായി വന്നു പാര്‍ക്കുന്നവനും ആകുന്ന സായിപ്പിന്‍റെയും ജനങ്ങളുടെയും സഹായത്താല്‍ മേലെഴുതിയ മാര്‍ തോമ്മാ മെത്രാപ്പോലീത്തായെ അയക്കയും ആ ദേഹവും ആ ദേഹത്തിന്‍റെ ശുശ്രൂഷക്കാരായ രണ്ട് ആളുകളും മരിച്ചതു നീക്കി തൊണ്ടനാട്ടു കത്തനാര്‍ മുതലായി പതിനൊന്നു മലയാളത്തുകാരും ഒരുമിച്ച് മേലെഴുതിയ മേട മാസം 27-നു വ്യാഴാഴ്ച കൊച്ചിയില്‍ വന്ന് ഇറങ്ങിയിരിക്കുന്നു. എന്നാല്‍ അവര്‍ അങ്ങുനിന്നു പുറപ്പെടുന്നതിനു മുമ്പേ തന്നെ വഴിച്ചിലവു വകയ്ക്കു 2000 രൂപ വരുത്തണമെന്നു പറഞ്ഞു ഇവരോടു 2000 രൂപായ്ക്കു കച്ചീട്ടു വാങ്ങി രൂപാ മുന്നമേ കൊടുത്തുംവച്ച് ബോംബെയില്‍ കച്ചവടം മോന്‍ ജിതാന്‍ജി വശം ആലപ്പുഴ കച്ചവടം ബന്യാന്‍ തുരുസിയാ മുഖാന്തിരം ഉണ്ടിയല്‍ അയയ്ക്കയും ആ ഉണ്ടിയല്‍ പാലായില്‍ എത്തി അവിടെയുള്ള ചില ആളുകളുടെ സഹായത്താല്‍ 1500 രൂപ കൊടുത്തയയ്ക്കയും ചെയ്തു. ആ വക രൂപ എത്തുന്നതിനു മുമ്പായിട്ടു വാങ്ങിയ രൂപായും കൊണ്ടു ഇവര്‍ പോന്നിരിക്കുന്നു. ഈ സമയത്ത് മലയാളത്തുള്ള കല്‍ദായ പള്ളികളും ലത്തീന്‍ പള്ളികളും ഉള്‍പ്പെട്ട റോമാപള്ളികള്‍ ഭരിച്ചുവരുന്നത് 114 മത ലക്കത്തില്‍ പ്രൊവിഗാരി അപ്പോസ്തോലിക്കായെന്നു എഴുതിയിരിക്കുന്ന പ്രനെദീനോസ് എന്നുള്ള …….. ന്‍കാരന്‍ മെത്രാപ്പോലീത്താ ആകുന്നു. ഇയാള്‍ ഈ സമയത്ത് കന്യാസ്ത്രീ മഠമെന്നു പേരായി ഒരു വല്യ മതില്‍ക്കെട്ടു വരാപ്പിഴെ പണിയിച്ചു വരുന്നു. പാപ്പായ്ക്കു രാജിതവും പട്ടസുഖവും കൂടെ ഉള്ളതു ശരിയല്ലെന്ന് ഇത്തല്യാന്‍ എന്ന റോമ്മാക്കാര്‍ തന്നെ പറഞ്ഞു കുറെ ആണ്ടു മുമ്പ് ജനങ്ങള്‍ മത്സരിച്ചു ശണ്ഠ തുടങ്ങുകയാല്‍ പാപ്പാ അവിടെ നിന്നും മാറി നെയിപ്പീള്‍സ് രാജ്യത്തു പോയി പാര്‍ക്കയാല്‍ ഫ്രാന്‍സ് രാജാവ് നെപ്പോളിയന്‍ കൂടെ സഹായം ചെയ്തു മത്സരക്കാരെ ഒതുക്കി പാപ്പായെ തിരികെ പാര്‍പ്പിച്ചു എങ്കിലും ആ മത്സരം ഈ സമയത്തും മുതിരുകയും സാര്‍ടിനിയാ രാജാവ് പുറപ്പെടുകയും കൊണ്ടു ഫ്രാന്‍സ് മുതലായ രാജാക്കന്മാര്‍ക്കും സമ്മതം വരിക കൊണ്ടും സാര്‍ടിനിയാ രാജാവ് മുതിര്‍ന്ന് നെയിപ്പള്‍സ് മുതലായ രാജ്യങ്ങള്‍ പിടിക്കയും റോമ്മാ മുതലായി ഇത്തലിയാ ഒക്കെയുടെയും രാജാവെന്നു ജനങ്ങള്‍ സാര്‍ടിനിയാ രാജാവിനെ പേരു വിളിക്കയും കൊണ്ടും റോമ്മായില്‍ എത്തി രാജിതം ഒഴിഞ്ഞും വച്ചു പട്ടസുഖം മാത്രം പാപ്പാ നടത്തിക്കൊള്ളണമെന്നു മുറുക്കം തുടങ്ങിയിരിക്കകൊണ്ടും അതിനു മറുതലിപ്പാന്‍ പാപ്പായ്ക്കു ശക്തിയും സഹായക്കാരും ഇല്ലാഴിക കൊണ്ടും പാപ്പായ്ക്കു ഞെരുക്കം വന്നിരിക്കുന്നതിനാല്‍ ജനങ്ങള്‍ കഴിയുന്ന സഹായം ചെയ്യണമെന്നു പറഞ്ഞു ഈ വരാപ്പിഴെ മെത്രാപ്പോലീത്താ ജനങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും രൂപാ പിരിച്ചും വരുന്നു. എങ്കിലും ഫ്രാന്‍സ് സഹായിച്ച് പാപ്പായെ മുന്‍പോലെ ഇരുത്തുകയും സാര്‍ടിനിയാ എന്ന ഇത്താല്യക്കാര്‍ വിടവാങ്ങുകയും ചെയ്തു.

171. മാര്‍ത്തോമ്മാ മെത്രാന്‍റെ വകയ്ക്കു വന്ന ഉത്തരവിനു പകര്‍പ്പ്.

നമ്പ്ര് 5152 മത.
റെവനിയൂര

കോട്ടയത്തു മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ കൃഷ്ണമേനവനു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍ മലയാളത്തില്‍ പാര്‍ക്കുന്ന റോമ്മന്‍ കാതോലിക്കാക്കാരായ സുറിയാനികളുടെ മെത്രാനായിട്ടു കാലടിയാ ദേശത്തുള്ള മാര്‍ തോമ്മസ് കൊച്ചിയില്‍ വന്നുചേര്‍ന്നിരിക്കുന്നപ്രകാരവും തിരുവിതാംകൂര്‍, കൊച്ചി രണ്ടു സര്‍ക്കാരില്‍ നിന്നും വേണ്ടുന്ന ഒത്താശകള്‍ ചെയ്തുകൊടുപ്പാന്‍ നിദാനം വരണമെന്നും മാര്‍ തോമ്മാസ് മഹാ രാജശ്രീ റസിഡണ്ട് സായ്പ് അവര്‍കളുടെ പേര്‍ക്കു എഴുതിയ ലെറ്ററിനും മതസംബന്ധമായ കാര്യത്തില്‍ അവരവരുടെ മനസുപോലെ നടപ്പാന്‍ തക്കവണ്ണം ബ്രിട്ടീഷ് ഗവര്‍മെന്‍റിലെ അനുവാദം ഉണ്ട് എന്നു വരികിലും സമാധാനത്തിന് വിരോധമായി നടക്കുന്ന ഏതൊരു കക്ഷിക്കാരെയും നെയിറ്റിയൂര്‍ ഗവര്‍മെന്‍റില്‍ നിന്നും ശിക്ഷിക്കുന്നതിലേക്കു ബ്രിട്ടീഷ് ഗവര്‍മെന്‍റിലെ അനുകൂലമുണ്ടാകുമെന്നും മറ്റും മാര്‍ തോമസിനു അയച്ചിട്ടുള്ള മറുപടിക്കും പകര്‍പ്പുകള്‍ സായ്പ് അവര്‍കളുടെ അടുക്കല്‍ നിന്നും വന്നിട്ടുള്ളതിനും പകര്‍പ്പുകള്‍ എഴുതിച്ചു കൊടുത്തയയ്ക്കുന്ന പ്രകാരവും ഈ മെത്രാന്‍ വന്നിരിക്കുന്ന നിമിത്തം മതസംബന്ധമായ കാര്യത്തില്‍ യാതൊരുത്തരും സമാധാനത്തിനു വിരോധമായി നടന്നു ശല്യങ്ങള്‍ക്കും കലശലിനും ഇടയുണ്ടാകാതെയിരിപ്പാന്‍ തക്കവണ്ണവും അങ്ങനെ അല്ലാതെ വിപരീതമായി ഏതൊരു പക്ഷക്കാര്‍ എങ്കിലും നടന്നു കലശലുകള്‍ക്കും മറ്റും ഇടയുണ്ടാകുന്നുയെങ്കില്‍ അവരെ പോലീസ് കുറ്റത്തില്‍ ഏര്‍പ്പെടുത്തുന്നതിനും നിഷ്കര്‍ഷ ആയി ചട്ടം ചട്ടം കെട്ടി നടത്തിക്കണമെന്നും രായസം വക 4059 മത നമ്പ്രില്‍ എഴുതിവന്നിരിക്ക കൊണ്ടു അപ്രകാരം നടത്തിച്ചുകൊള്‍കയും വേണം. ഇച്ചെയ്തിക്കു എഴുതിയ ദിവാന്‍ പേഷ്ക്കാര്‍ ആദിച്ചന്‍ രാമന്‍.
1036 മാണ്ടു വൈകാശി മാസം 12-നു ചേര്‍ത്തല.

181. 171 മത ലക്കപ്രകാരമുള്ള മാര്‍ തോമ്മാസ് മെത്രാപ്പോലീത്തായെ കാരക്കുന്നത്തു മല്‍പാന്‍ മുതലായ 100 കല്‍ദായ പള്ളിക്കാര്‍ വരെ അനുസരിക്കയും മാന്നാനത്തു കൊവേന്തയില്‍ പാര്‍ക്കുന്ന ചാവറ കുറിയാക്കോസ് കത്തനാര്‍ മുതലായവര്‍ വിവദായിട്ടു നില്‍ക്കയും കടുത്തുരുത്തി വലിയപള്ളിയില്‍ വച്ചു വളരെപേര്‍ക്കു ശെമ്മാശുപട്ടവും കത്തനാരു പട്ടവും കൊടുക്കയും ചെയ്തു. ശേഷം 221-ല്‍ കാണും. പിന്നീട് ഏതാനും പള്ളികളില്‍ ചില ആളുകള്‍ മാര്‍ തോമ്മാസ് മെത്രാപ്പോലീത്തായുടെ കൂടെ ചേര്‍ന്നു ശല്യങ്ങള്‍ ചെയ്തുവരുന്നപ്രകാരം ഈ കുറിയാക്കോസ് കത്തനാര്‍ മുതലായി ചില ആളുകളുടെ ഹര്‍ജിയും വരാപ്പുഴ മെത്രാന്‍റെ എഴുത്തുംകൂടെ ഹജൂരില്‍ ചെന്നശേഷം പള്ളിക്കാരുടെ മനസുപോലെയുള്ള മെത്രാനെ അനുസരിച്ചുകൊള്ളണമെന്നും ശല്യങ്ങള്‍ ഉണ്ടാക്കിയാല്‍ ആ വക ആളുകളെ പോലീസ് നമ്പ്രില്‍ ചേര്‍ത്ത് കുറ്റം കൊടുക്കണമെന്നും 1036 മാണ്ടു ആടി മാസം 21-നു പോലീസ് വക 2890 മത നമ്പ്രില്‍ ഉത്തരവു വന്നിട്ടുള്ളതു കൂടാതെ പിന്നീടും ഉത്തരവു വരികയും ചെയ്തു. ആയതിനു പകര്‍പ്പ്.

നമ്പ്ര 324 മത.
പോലീസ്.

കോട്ടയം മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ കൃഷ്ണമേനവന് എഴുതുന്ന ഉത്തരവ് എന്തെന്നാല്‍ ഈ മലയാളത്തില്‍ പാര്‍ക്കുന്ന റോമ്മന്‍ കാതോലിക്കാക്കാരായ സുറിയാനികളുടെ മെത്രാനായിട്ടു ഇപ്പോള്‍ വന്നിരിക്കുന്ന മാര്‍ തോമ്മാസ് എന്ന ആളും വരാപ്പിഴ പാര്‍ക്കുന്ന മെത്രാനും രണ്ടു കക്ഷിയായിട്ടു തീര്‍ന്നു ഹര്‍ജികള്‍ ബോധിപ്പിച്ചു വരുന്നതിനെപ്പറ്റി ഇതിനു മുമ്പില്‍ ഹജൂരില്‍ നിന്നും എഴുതിവന്നു ഉത്തരവു കൊടുത്തയച്ചിട്ടുണ്ടല്ലോ. ആ ഉത്തരവിലെ താല്‍പര്യപ്രകാരമല്ലാതെ സ്ഥലത്തുള്ള പാര്‍വത്യക്കാരന്മാര്‍ മുതലായതില്‍ ചില ചില്ലറ ജീവനക്കാര്‍ ഓരോ കക്ഷിക്കാര്‍ക്കു ചില സഹായങ്ങള്‍ ചെയ്തുവരുന്നതായി കേട്ടിരിക്കുന്നപ്രകാരവും ഉത്തരവിനു വിപരീതമായി പ്രവൃത്തിക്കുന്നവരെ നമ്പ്രില്‍ ചേര്‍ത്തു വിസ്തരിച്ചു തക്കകുറ്റം നിശ്ചയിക്കേണ്ട സംഗതിയെക്കുറിച്ചും രാസയം വക 231 മത നമ്പ്രില്‍ ആവണി മാസം 31-നു എഴുതിയ സാധനം വന്നിരിക്കുന്നു. മതസംബന്ധമായ കാര്യത്തില്‍ ആ ഉത്തരവിലെ താല്‍പര്യംപോലെ ജനങ്ങള്‍ അവനവന്‍റെ മനസുംപ്രകാരം നടപ്പാനുള്ളതല്ലാതെ ഇന്ന ആളിന്‍റെ കീഴ്വഴങ്ങി നടന്നുകൊള്ളണമെന്നു നിര്‍ബന്ധം ചെയ്വാന്‍ പാടില്ലാഴികയാല്‍ വരാപ്പിഴ മെത്രാനു കീഴ്വഴങ്ങി നടപ്പാന്‍ മനസുള്ള ആളുകള്‍ അങ്ങനെയും ഇപ്പോള്‍ വന്നിരിക്കുന്ന മാര്‍ തോമ്മാസ് മെത്രാനെ ആദരിച്ചു നടക്കണമെന്നു ഇഷ്ടം ഉള്ളവര്‍ അപ്രകാരവും നടക്കാവുന്നതും ഈ രണ്ട് വകയ്ക്കും സര്‍ക്കാര്‍ ആളുകള്‍ പ്രവേശിച്ചു യാതൊരു സഹായവും വിരോധവും ചെയ്യാവുന്നതല്ലാത്തതും ആകകൊണ്ട് അങ്ങനെ ശരിയായി ചട്ടംകെട്ടി നടക്കയും നടത്തിക്കയും ചെയ്യുന്നതുമല്ലാതെ ഈ വക തര്‍ക്കം ഹേതുവാല്‍ ജനങ്ങളുടെ സൗഖ്യത്തിനും സമാധാനവിരോധത്തിനും ഇടവരുത്തുന്ന ആളുകളുടെ പേരിലുള്ള കാര്യം പോലീസ് നമ്പ്രില്‍ ചേര്‍ത്തു വിസ്തരിച്ചു ഉത്തരവിലെ നിബന്ധന പോലെയും റിഗലേഷ നിയമപ്രകാരവും തീര്‍ച്ചയാക്കിക്കൊള്ളുകയും വേണം. ഈ ഉത്തരവിലെയും ഇതിനു മുമ്പില്‍ ഇതു സംബന്ധന്ധമായി വന്നിട്ടുള്ള ഉത്തരവുകളിലെയും താല്‍പര്യം ആ മണ്ടപത്തുംവാതുക്കല്‍ ചേര്‍ന്ന സുറിയാനി റോമ്മന്‍ കാതോലിക്കാ പള്ളിക്കാരെ ഒക്കെയും കൂടെ തെര്യപ്പെടുത്തി കൊള്ളുവാനുള്ളതും ആകുന്നു. ഇച്ചെയ്തികള്‍ക്ക് എഴുതിയ ടിപ്പാടി പെഷ്ക്കാരു രാമന്‍ ശങ്കരന്‍. 137 മാണ്ടു പുരട്ടാതി മാസം 8-നു.

183. പിന്നീട് വന്ന ഉത്തരവിനു പകര്‍പ്പ്. നമ്പ്ര് 649 മത.
പോലീസ്.

കോട്ടയം മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ കൃഷ്ണമേനവനു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍.

വരാപ്പിഴ മെത്രാന്‍റെ കീഴില്‍ ഉള്‍പ്പെട്ടു നടന്നുവരുന്ന റോമ്മന്‍ കാതോലിക്കാ പള്ളികളില്‍ ഇപ്പോള്‍ ബഗദാദില്‍ നിന്നും വന്നിരിക്കുന്ന മാര്‍ തോമ്മാസ് മെത്രാന്‍ എന്ന ആളും അതില്‍ ഉള്‍പ്പെട്ടവരും കൂടി പ്രവേശിച്ച് ശല്യങ്ങള്‍ ചെയ്തുവരുന്നതായും ഇരുഭാഗമായി നിന്നുവരുന്ന പള്ളികളില്‍ ബലമായി കയറി സങ്കടങ്ങള്‍ ഉണ്ടാക്കിവരുന്നപ്രകാരവും മറ്റും വരാപ്പിഴ മെത്രാന്‍ ഈ ഒക്ടോബര്‍ മാസം 19-നു എഴുതിയ കായിതം വന്നിരിക്കുന്നതു കൂടാതെയും മാന്നാനത്തു കൊവേന്തയില്‍ മേലെഴുതിയ മാര്‍ തോമ്മാസ് മെത്രാന്‍ ചെല്ലുവാന്‍ ഭാവിച്ചിരിക്കുന്നതായും അങ്ങനെയുള്ള ശല്യങ്ങള്‍ക്കും മറ്റും ഇടവരാതെ ചട്ടംകെട്ടി കൊടുക്കണമെന്നും ആ കൊവേന്തയില്‍ പാര്‍ക്കുന്ന മല്പാന്‍ മുതല്‍പേരും അതിന്മണ്ണം തന്നെ ളാലം പള്ളിയില്‍ വികാരി മുതലായി ചിലരും എഴുതിയ ഹര്‍ജികളും വന്നിരിക്കുന്നു. ഇപ്പോള്‍ പുത്തനായിട്ടു വന്നിരിക്കുന്ന മാര്‍ തോമ്മാസ് മെത്രാന്‍ നിമിത്തമായി റോമ്മന്‍ കാതോലിക്കാ ക്രിസ്ത്യാനികളില്‍ കലഹത്തിനും ശല്യങ്ങള്‍ക്കും ഇടവരാതെയിരിപ്പാന്‍ തക്കവണ്ണം ചട്ടംകെട്ടേണ്ടതും ജനങ്ങളുടെ സൗഖ്യത്തിലേക്കും സമാധാനത്തിന്‍റെ രക്ഷയ്ക്കും എത്രയും ആവശ്യപ്പെടുന്നതും ഈ കാര്യത്തില്‍ സര്‍ക്കാരിലെ അഭിപ്രായവും സ്ഥലത്തു ഉദ്യോഗസ്ഥന്മാര്‍ നടത്തുവാനുള്ള ക്രമവും ഈ കച്ചേരില്‍ നിന്നും പോയാണ്ട് റെവനിയൂര വക 5512 പോലീസ് വക 334-ഉം നമ്പ്രുകളാല്‍ വിവസ്ഥയായും വിവശതപ്പെടുത്തിയും കാണിച്ചിട്ടുള്ളതും ആകയാല്‍ മേല്‍പറഞ്ഞതുപോലെ പള്ളികളില്‍ ബലമായി പ്രവേശിച്ച് കലശലുണ്ടാക്കുന്നുയെന്നു കാണുന്നതിന്‍റെ നിവൃത്തിക്കു വേണ്ടി വീണ്ടും ഇപ്പോള്‍ ഉത്തരവയയ്ക്കുന്നു. ഓരോ പള്ളിക്കാര്‍ അവനവന്‍റെ മനസുപോലെ വരാപ്പിഴ മെത്രാനെയോ ഇപ്പോള്‍ വന്നിട്ടുള്ള മാര്‍ തോമ്മാസ് മെത്രാനെയോ അനുസരിച്ചു കീഴ്വഴങ്ങി നടക്കുന്നതില്‍ സര്‍ക്കാരില്‍ നിന്നും പ്രവേശിച്ച് യാതൊരു നിബന്ധനയും ഉണ്ടാകുന്നതല്ല. എന്നാല്‍ ഒരു പള്ളിയില്‍ ഉള്ള ആളുകള്‍ തന്നെ രണ്ട് ഭാഗമായി തിരിഞ്ഞു ഇരുകുറ്റുകാരും പ്രവേശിക്കുമ്പോള്‍ ശല്യത്തിനും കലഹത്തിനും ഇടയുണ്ടാകുമെന്നുള്ളതിലേക്കു യാതൊരു സംശയവും ഇല്ലാഴികയാല്‍ അങ്ങനെയുണ്ടാകുന്നതില്‍ സര്‍ക്കാരില്‍ നിന്നും പ്രവേശിക്കാതെയിരിപ്പാന്‍ പാടില്ലാഴികകൊണ്ട് മുമ്പ് ഒരു ആളിന്‍റെ കീഴില്‍ അടങ്ങി നടന്നുവന്ന ഒരു പള്ളി യില്‍ ചേര്‍ന്ന വികാരി, കൈക്കാര്‍, ജനങ്ങള്‍ മുതലായവര്‍ എല്ലാവരും സമ്മതപ്പെട്ടു സ്വാധീനത്തില്‍ വന്നല്ലാതെ അങ്ങനെയുള്ളതില്‍ ഏതാനും ആളുകള്‍ സമ്മതപ്പെട്ടു വന്നിരിക്കുന്നുയെന്നുള്ളതിനെ മാത്രം പ്രമാണിച്ച് ശേഷമുള്ളവരുടെ സമ്മതം കൂടാതെ പുത്തനായിട്ടുള്ള ആള്‍ പള്ളിയില്‍ ബലമായി പ്രവേശിപ്പാന്‍ സംഗതിയില്ലെന്നും അങ്ങനെ പ്രവേശിച്ച് കലശലുണ്ടാക്കി ആവലാതി വരുത്തിയാല്‍ ആയതു സമാധാനവിരോധമാകകൊണ്ടു കുറ്റമായി തീരുമെന്നു എല്ലാവരെയും തെര്യപ്പെടുത്തുകയും ആയത് അനുസരിക്കാതെയും മേലെഴുതിയ ക്രമം വിട്ടും ആരെങ്കിലും നടന്നു ശല്യവും ആവലാതിയും ഉണ്ടാക്കിയാല്‍ അങ്ങനെ ചെയ്യുന്നവരുടെ മേല്‍ ഉള്ള കാര്യം പോലീസ് നമ്പ്രില്‍ ചേര്‍ത്ത് വിസ്തരിച്ച് റിഗലേഷ നിയമപ്രകാരം തീര്‍ച്ച വരുത്തുകയും ഇങ്ങനെ ഉത്തരവ് വന്നിട്ടുള്ള വിവരം രണ്ടു കക്ഷിയിലും ഉള്ള ആളുകളെ വിവരമായി തെര്യപ്പെടുത്തുകയും വേണം. ഇച്ചെയ്തിക്കു എഴുതിയ ടിപ്പിടി പേഷ്കാര്‍ രാമന്‍ ശങ്കരന്‍. 1037 മാണ്ടു തുലാ മാസം 11-നു.

186. 183 മത ലക്കത്തില്‍ കാണുന്ന ഉത്തരവിനു വിരോധമായി റസിഡണ്ട് സായ്പ് എഴുതിയ മെമ്മോറാണ്ടത്തിനു പകര്‍പ്പ്.

ഇപ്പോള്‍ വന്നിരിക്കുന്ന മാര്‍ തോമ്മാസ് മെത്രാന്‍റെയും വരാപ്പിഴ ബിഷപ്പിന്‍റെയും അധികാരത്തെക്കുറിച്ചുള്ള തര്‍ക്കം ഇടപെട്ടു പല റോമ്മാ സുറിയാനി പള്ളികളിലെ കത്തങ്ങള്‍ മുതലായവരില്‍ നിന്നും പല പല ആവലാധികളും എഴുത്തുകളും റസിഡണ്ട് സായ്പ് അവര്‍കള്‍ക്കു വന്നിരിക്കുന്നു.

ഇതു കൂടാതെ കൊച്ചിയിലെ ദിവാനും ചേര്‍ത്തല ടിപ്പുടി പേഷ്ക്കാര്‍ ശങ്കുണ്ണി മേനവനും കൊടുത്ത ഉത്തരവുകളുടെ പകര്‍പ്പുകളും റസിഡണ്ട് സായ്പ് അവര്‍കള്‍ക്കു കിട്ടിയിരിക്കുന്നു.

പക്ഷേ ഭേദംകൂടാതെ നടക്കണമെന്നുള്ള ഗവര്‍മെന്‍റ് കല്‍പനയെ ഈ ഉത്തരവുകള്‍ കൊണ്ടു ലംഘിച്ചിരിക്കുന്നു എന്നു പലര്‍ സങ്കടഹര്‍ജികള്‍ ബോധിപ്പിച്ചുമിരിക്കുന്നു. ഈ ആവലാധികള്‍ക്കു എല്ലാം താഴെ പറയുന്ന പ്രകാരം റസിഡണ്ട് സായ്പ് അവര്‍കള്‍ ഉത്തരവു കൊടുക്കുന്നു.

1. ഇപ്രകാരമുള്ള ആവലാധികള്‍ ബ്രിട്ടീഷ് റസിഡണ്ട് സായ്പ് അവര്‍കളുടെ മുമ്പാകെ ബോധിപ്പിക്കേണ്ടതല്ല. ഇങ്ങനത്തെ തര്‍ക്കങ്ങള്‍ രാശി ആകുവാന്‍ കഴികയില്ലെങ്കില്‍ കോര്‍ട്ടില്‍ ബോധിപ്പിപ്പാനുള്ളതാകുന്നു.
ഒരു ഭാഗത്തില്‍ ജനങ്ങള്‍ അധികമുണ്ടാകകൊണ്ടു ഇന്നാര്‍ക്കു പള്ളി നടപ്പാക്കി കൊടുക്കുവാന്‍ ന്യായമെന്നു തീര്‍പ്പാക്കുന്നത് റസിഡണ്ട് സായ്പ് അവര്‍കളുടെ മുറയല്ല. ഈ കാര്യങ്ങള്‍ മുറപ്രകാരം കോര്‍ട്ടില്‍ ബോധിപ്പിച്ചു തീര്‍ച്ച വരുത്തുവാനുള്ളതാകുന്നു.

2. അടിപിടി, അക്രമങ്ങള്‍ വരാതെയിരിപ്പാന്‍ ചട്ടംകെട്ടുന്നതിലല്ലാതെ പോലീസുകാര്‍ക്കു ഏര്‍പ്പെടുവാന്‍ മുറയില്ല.

ഒരു പള്ളിക്കാരില്‍ ഏതാനുംപേര്‍ ആ പള്ളി തങ്ങളുടെ വകയെന്നു നിശ്ചയിച്ചിരിക്കുമ്പോള്‍ മറുഭാഗക്കാര്‍ എങ്കിലും പോലീസുകാര്‍ എങ്കിലും വിരോധിക്കുന്നുയെങ്കില്‍ ചെയ്വാനുള്ളത് എന്തെന്നാല്‍, അവര്‍ സിവില്‍ കോര്‍ട്ടില്‍ ആവലാധി ബോധിപ്പിച്ച് ന്യായം തെളിയിച്ച് കല്പന വാങ്ങിക്കയും വേണം.

3. കൊച്ചിയിലെ ദിവാന്‍റെയും ചേര്‍ത്തല ടിപ്പുടി പേഷ്ക്കാരുടെയും ഉത്തരവുകള്‍ റസിഡണ്ട് സായ്പ് അവര്‍കള്‍ വായിച്ച് മനസ്സിലാക്കി. ആ ഉത്തരവുകളിലെ താല്‍പര്യം ഇത്രെയുള്ളു. തല്‍ക്കാല സ്ഥിതി പ്രബലപ്പെടുത്തണമെന്നും അതിനു സമ്മതമില്ലാത്തവരെ വാദികളാക്കണമെന്നും തന്നെ. പോലീസുകാര്‍ക്ക് എപ്പോഴെങ്കിലും ഈ സംഗതികളില്‍ ഏര്‍പ്പെടുവാന്‍ ആവശ്യമുണ്ടാകുമ്പോള്‍ ഇങ്ങനെ ഉത്തരവ് കൊടുപ്പാനേയുള്ളു.

മേല്‍പറഞ്ഞ ഉദ്യോഗസ്ഥന്മാര്‍ സമാധാന രക്ഷയ്ക്കായിട്ടു മാത്രം ഈ ഉത്തരവുകള്‍ കൊടുത്തു എന്നു റസിഡണ്ട് സായ്പ് അവര്‍കള്‍ക്കു തോന്നുന്നതുകൊണ്ട് അവയില്‍ ഏര്‍പ്പെടുവാന്‍ ആവശ്യം കാണുന്നില്ല.

4. എന്നാല്‍ ഒരു പള്ളിക്കാര്‍ എല്ലാവരും കൂടി പുതിയ മെത്രാനെ ക്കൈൊള്‍വാന്‍ സമ്മതിക്കുന്നതു വരെ അവര്‍ ആ മെത്രാനെ സ്വീകരിച്ചു കൂടായെന്നു ചേര്‍ത്തല ടിപ്പടി പേഷ്ക്കാര്‍ ഉത്തരവ് കൊടുത്തത് ന്യായമല്ലെന്നു റസിഡണ്ട് സായ്പ് അവര്‍കള്‍ നശ്ചയിച്ചിരിക്കുന്നു. പൊതുവിലുള്ള ചട്ടമായിട്ടു ഇങ്ങനെ കല്‍പിച്ചു കൂടാ. പള്ളിയുടെ താക്കോല്‍ ആരുടെ പക്കല്‍ ആകുന്നുയെന്നും മറ്റും കൂടെ വിചാരിപ്പാനുള്ളതാകുന്നു. പിന്നെയും സമാധാന ഭംഗം സംഭവിപ്പാറായി എന്നു കാണുവോളത്തിനു യാതൊരു കല്പനയും കൊടുപ്പാന്‍ പോലീസുകാര്‍ക്ക് ആവശ്യമില്ല. തല്‍ക്കാല സ്ഥിതിയെ സമ്മതിക്കാത്തവന്‍ പള്ളി മുതലായ ഏതു സ്ഥലത്തെങ്കിലും കയറുന്നതുകൊണ്ട് സമാധാനഭംഗം സംഭവിക്കുന്നുയെങ്കില്‍ ഉത്തരം പറയേണ്ടി വരും. ആയതുകൊണ്ട് ഇങ്ങനെ ചെയ്യുന്നതിനു പകരം സിവില്‍ കോര്‍ട്ടില്‍ ആവലാധി ബോധിപ്പിക്കയാകുന്നു വേണ്ടുന്നത്.

5. ഓരോരോ പള്ളിക്കാര്‍ തങ്ങളുടെ അസഹ്യ തര്‍ക്കങ്ങള്‍ രാശി ആകുന്നതില്‍ വച്ചു കഴിയുന്ന സഹായങ്ങള്‍ ചെയ്വാന്‍ റസിഡണ്ട് ആഗ്രഹിക്കുന്നു. അതല്ലാതെ ഡിവിഷന്‍ പേഷ്ക്കാര്‍മാരും തഹസീല്‍ദാരന്മാരും കൂടെ കഴിയുന്നിടത്തോളം ഇങ്ങനെ ആക്കുവാന്‍ നോക്കുകയും വേണം. ഈ സംഗതി ഇടപെട്ടു വാദികള്‍ സിവില്‍ കോര്‍ട്ടില്‍ ആവലാധി ബോധിപ്പിക്കുമ്പോള്‍ വേഗത്തില്‍ വിസ്തരിക്കുന്നതിനും തടസ്സരെകൊണ്ടു വിധിപ്പിക്കുന്നതിനുമായിട്ടു സിഡണ്ട് സായ്പ് അവര്‍കള്‍ മഹാരാജാവ് അവര്‍കളോടു ആലോചന പറയുകയും ചെയ്തു.

6. എല്ലാവര്‍ക്കും അവരവരുടെ മനസാക്ഷിപ്രകാരം നടപ്പാനായിട്ടും പള്ളിയില്‍ നിന്നെങ്കിലും സഭയില്‍ നിന്നെങ്കിലും പിരിഞ്ഞുപോകുവാനായിട്ടും അവരവര്‍ക്കു ബോധിക്കുന്ന സ്ഥലത്തില്‍ ആരാധിപ്പാനായിട്ടും ബോധിക്കുന്ന അധികാരത്തിന്‍കീഴില്‍ ഇരിപ്പാനായിട്ടും പൂര്‍ണ്ണ അനുവാദം ഉണ്ട് എന്ന് എല്ലാവര്‍ക്കും മനസിലായിരിക്കട്ടെ.

എന്ന് 1861 വര്‍ഷം ഡിസംബര്‍ മാസം 21-നു 1037-മാണ്ട് ധനു മാസം 18-നു കോട്ടയത്ത് റസിഡണ്ട് ആപ്പീസില്‍ നിന്നും.

ഹര്‍ജിക്കാര്‍ക്കു.

റസിഡണ്ട് ഒപ്പ്
എന്‍. മാല്‍റ്റബി

192. 171 മത ലക്കപ്രകാരമുള്ള തോമ്മാസ് മെത്രാപ്പോലീത്താ തെക്കും വടക്കുമുള്ള കല്‍ദായ പള്ളികളില്‍ സഞ്ചരിക്കയും പാറായില്‍ കൊച്ചവിരാ വെള്ളി കൊണ്ട് ഒരു അംശവടിയും കുറവലങ്ങാട്ടു പള്ളിക്കാര്‍ ഒരു പൊന്‍ സ്ലീബായും കൊടുത്തത് ഉള്‍പ്പെടെ പള്ളികളില്‍ നിന്നു 3000 രൂപാ വരെ കിട്ടിയശേഷം കൊച്ചിയില്‍ ചെന്നു പാര്‍ത്തുംകൊണ്ട് വരാപ്പുഴ മെത്രാനോടും അയാളുടെ ശേഖരക്കാരോടും ഉള്ളു ചേര്‍ന്ന് തിരികെ പോകണമെന്നു തുടങ്ങുകയും അന്തോനി കത്തനാര്‍ മുതല്‍പേരോടു ഈ മെത്രാനു വളരെ ഉപകാരം ചെയ്ത തൈക്കാട്ടുശേരില്‍ പാറായില്‍ അവിരായോടും മുഴിച്ചിലാകയും ചാവറ കുറിയാക്കോസ് കത്തനാര്‍ മുതല്‍പേര്‍ ചെന്നു കാണുകയും ചെയ്കയാലും പള്ളിക്കാര്‍ കൂടിപോകരുതെന്ന് വിരോധിച്ചാറെ അനുസരിക്കാഴികയാലും അന്തോനി കത്തനാര്‍ ബഗദാദിനു ഒന്നു കൂടെ പോയി വേറെ ഒരു മെത്രാനെ കൊണ്ടുവരണമെന്നു അവിരാ മുതലായ ആളുകള്‍ നിശ്ചയിച്ചു ചിലവിനു വേണ്ടുന്ന രൂപായും കൊടുത്ത് 1037 നു 1862 മത കുംഭ മാസം 21-നു ഉച്ചയ്ക്കു മുമ്പ് അന്തോനി കത്തനാരെയും രണ്ടു ശെമ്മാശന്മാരെയും കൊച്ചിയില്‍ നിന്നും തീകപ്പലില്‍ കയറ്റുകയും അന്ന് ഉച്ചകഴിഞ്ഞശേഷം മെത്രാനും ആ കപ്പലില്‍  തന്നെ കയറുകയും രണ്ടു കൂട്ടരും ഒരു കപ്പലില്‍ തന്നെ പോകയും ചെയ്തു. വരാപ്പുഴ മെത്രാനില്‍ നിന്നും ഉള്ളായിട്ടു ഏതാനും രൂപാ ഈ മെത്രാന്‍ വാങ്ങിച്ചുംകൊണ്ടു ഇയാളെ അനുസരിക്കയും പട്ടം ഏല്‍ക്കുകയും ചെയ്ത പള്ളിക്കാരെ ചതിച്ചുംവച്ച് അത്രെ അയാള്‍ പോയത്. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)