സുറിയാനി ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട ചില പഴയ സര്‍ക്കാര്‍ ഉത്തരവുകള്‍

100. ബാവാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം മണ്ടപത്തുംവാതിലുകള്‍ തോറും എഴുതിയ ഉത്തരവിനു പകര്‍പ്പ്:

നമ്പ്ര് 1612-മത്.

ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ ശെമ്മാശ് മുതലായ സ്ഥാനത്തിനു ആക്കുകയും പള്ളിവക മുതലെടുത്ത് അഴിമതികള്‍ ചെയ്കയും ചെയ്തുവരുന്ന സംഗതി ഇടപെട്ട് ആവലാതികള്‍ ഉണ്ടായി കൂറിലോസ് മുതല്‍പേരെ രകതാരി കൂടാതെ ഈ സംസ്ഥാനത്തു ചേര്‍ന്ന പ്രദേശങ്ങളില്‍ പാര്‍പ്പിച്ചു കൂടായെന്നു ഇതിനു മുമ്പില്‍ ഉത്തരവ് കൊടുത്തയച്ചിട്ടുണ്ടല്ലോ. ഇപ്പോള്‍ ആയതിനു വിരോധമായിട്ടു മാര്‍ കൂറിലോസും സ്തേപ്പാനോസും മെത്രാന്‍റെ സ്ഥാനം ഒഴിഞ്ഞിട്ടുള്ള ദീവന്നാസ്യോസും ഓരോ പള്ളികളില്‍ ചെന്നു പലര്‍ക്കും ശെമ്മാശ് മുതലായ പട്ടങ്ങള്‍ കൊടുക്കയും ദുര്‍വഴക്കുകള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്നതായി പല ആവലാതികളും വന്നിരിക്കുന്നതും ആയതു സംഗതിയുള്ളതല്ലാത്തതും ആക കൊണ്ട് മേലുള്ളതിനു മാര്‍ കൂറിലോസും മാര്‍ സ്തേപ്പാനോസും മതിയായ രകതാരി മുതലായ ആധാരങ്ങള്‍ കൂടാതെ ആ മണ്ടപത്തുംവാതുക്കല്‍ ചേര്‍ന്ന പ്രദേശങ്ങളില്‍ വന്ന് സഞ്ചരിക്കുന്നതായിരുന്നാല്‍ അവരെ പിടിപ്പിച്ച് ഈ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടത്തി അയയ്ക്കയും സ്ഥാനം ഒഴിഞ്ഞിട്ടുള്ള മാര്‍ ദീവന്നാസ്യോസ് മുതലായി യാതൊരുത്തരും പള്ളികളില്‍ കടന്നു മേലെഴുതിയപ്രകാരമുള്ള മുറകേടുകള്‍ നടത്താതെയിരിക്കത്തക്കവിധം ചട്ടംകെട്ടുകള്‍ ചെയ്തുകൊള്‍കയും വേണം. ഈ ചെയ്തിക്കു എഴുതിയ ദിവാന്‍ കൃഷ്ണരായര്‍ 127-മാണ്ട് മാര്‍ഗഴി മാസം 3-നു.

101. പകര്‍പ്പ്.

നമ്പ്ര് 249-മത്.

രായസം

ശ്രീപത്മനാഭദാസ വഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജ രാജ്യെ ഭാഗ്യോദയ രാമരാജാ ബഹാദര്‍ഷം ഷെര്‍ജംഗ മഹാരാജാ അവര്‍കള്‍ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.

എന്തെന്നാല്‍ കോട്ടയത്തു പാര്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു വയസു കാലമായി സ്ഥാനം ഒഴിഞ്ഞിരിക്കകൊണ്ടും ആ സ്ഥാനത്തേക്കു അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കകൊണ്ടും ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂറ്റില്‍ സുറിയാനിക്കാര്‍ ഉള്‍പ്പെട്ട എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ച് കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം.

എന്ന് 1027-മാണ്ട് കര്‍ക്കടകമാസം 15-നു.

എന്നാല്‍ അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കുന്നപ്രകാരം വിളംബരത്തില്‍ എഴുതി കാണുന്നതും മാര്‍ അത്താനാസ്യോസ് കൊണ്ടുവന്നതായി കൊടുത്തയച്ച പാത്രിയര്‍ക്കീസ് ബാവായുടെ കത്തും കൊട്ടാരത്തില്‍ ഏല്‍പിച്ചിരിക്കുന്നപ്രകാരം 99-ാമതു ലക്കത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയിരിക്കുന്ന മറുപടിയില്‍ കാണുന്നതുംകൊണ്ട് നിരൂപിച്ചാല്‍ മാര്‍ അത്താനാസ്യോസ് എസ്തപ്പാനോസ് ബാവായ്ക്കു ഈ വിളംബരം ഉപയോഗമായിരിക്കുന്നു. എന്നാല്‍ ഈ വിളംബരം മാര്‍ അത്താനാസ്യോസ് മത്തിയൂസിന്‍റെ പേര്‍ക്കു ആകുന്നുവെങ്കില്‍ വലിയ അത്ഭുതം തന്നെ.
102. മുന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിളംബരത്തിന്‍റെയും ഉത്തരവിന്‍റെയും പകര്‍പ്പുകള്‍ താഴെ എഴുതുന്നു.

നമ്പ്ര 306-മത

ഉത്തരവ് എന്തെന്നാല്‍

എത്രയും ബഹുമാനപ്പെട്ടതും സ്ഥലപ്പെട്ടതും ആയ റോമ്മായില്‍ പാപ്പായുടെ നിയോഗത്താല്‍ അമ്മാത്ത എന്ന നാട്ടിലേക്കു വാഴിച്ചിരിക്കുന്ന ബിഷപ്പിനെ 1840 പരുഷം ജൂലൈ മാസം 8-നു ചാടതികാ എന്ന നാട്ടിലേക്കും മലയാളമൊക്കെയുടെയും ആയി ബിഷപ്പായിട്ടും വരാപ്പിഴെയ്ക്കു വിഗാരി അപ്പസ്തോലിക്കാ ആയിട്ടും വാഴിച്ചിരിക്കുന്നപ്രകാരം ബഹുമാനപ്പെട്ട ഗവര്‍മെന്‍റില്‍ തെര്യപ്പെടുത്തിയിരിക്കുന്നതിനാല്‍ മേലെഴുതിയ വിവരം എല്ലാ ദിശികളിലും തെര്യപ്പെടുത്തേണ്ടുന്നതിനു ബഹുമാനപ്പെട്ട ഗവര്‍മെന്‍റില്‍ നിന്നും റസിഡണ്ട് ഓഫീസില്‍ എഴുതി വന്നിരിക്കയാല്‍ മേലെഴുതിയ വിവരം എല്ലാ മണ്ടപത്തുംവാതുക്കലും തെര്യപ്പെടുത്തിയിരിക്കുന്നതിനാല്‍ ആ മണ്ടപത്തും വാതുക്കലുള്ള പാര്‍വത്യക്കാരന്മാരെ അഞ്ചു ദിവസത്തിനകം തെര്യപ്പെടുത്തിക്കൊള്ളണം. ഈ ചെയ്തിക്കു ഉത്തരവെഴുതിയ ദിവാന്‍ സുബ്ബാരായര്‍.

എന്ന് 1016-മാണ്ട് ആവണി മാസം 16-നു.

ഈ മെത്രാപ്പോലീത്താ വരാപ്പിഴെ തന്നെ മരിച്ച് അടക്കുകയും ചെയ്തു.

നമ്പ്ര 158 മത

വിളംബരം എന്തെന്നാല്‍.

വരാപ്പിഴെ രൂപതയില്‍ ചേര്‍ന്നിരിക്കുന്ന ക്രൈസ്തവരുള്‍പ്പെട്ട ആളുകള്‍ക്കു വിഗാരി അപ്പോസ്തോലിക്കായും സാദ്രിസില്‍ ആര്‍ച്ച് ബിഷപ്പും ആയിരുന്ന പ്രഞ്ചീസ്ക്ക തവിയേര്‍ എന്ന ആള്‍ കഴിഞ്ഞുപോയതിന്‍റെ ശേഷം റോമ്മായിലെ എഴുത്തുംപ്രകാരം ഇറോപ്പ് ബിഷപ്പ് പ്രളുദൂവിക്കോസദെസാന്തത്രവിയാ എന്ന ആള്‍ വരാപ്പിഴെ വിഗാരി അപ്പോസ്തോലിക്കാ ആയിരിക്കുന്നതല്ലാതെയും പിന്നത്തേതില്‍ ശീറില്‍ ആര്‍ച്ച് ബിഷപ്പിന്‍റെ സ്ഥാനമായിട്ടും അവിടെ നിന്നും നിശ്ചയിച്ച് എഴുതി ചെന്നിരിക്കുന്നപ്രകാരം ആയാളിന്‍റെ എഴുത്ത് വന്നിരിക്കുന്നതിനാല്‍ ആയതു മാമ്മൂല്‍പ്രകാരം പ്രസിദ്ധപ്പെടുത്തുവാനുള്ളതാകുന്നു എന്ന റസിഡണ്ട് ജനറല്‍ കല്ലന്‍ സായിപ്പ് 1846-ാം പരുഷം ഫെബ്രുവരി മാസം 18-നു എഴുതിയ കായിതം വന്നിരിക്കുന്നുയെന്ന് നമ്മെ ബോധിപ്പിച്ചിരിക്കകൊണ്ട് മേലെഴുതിയ വിവരം എല്ലാവരും അറിഞ്ഞുകൊള്‍കയും വേണം.

എന്ന് 1022 മാണ്ട് മീനമാസം 27-നു.

റോമ്മന്‍ ക്രൈസ്തവര്‍ തമ്മില്‍ സമാധാന വിരോധവും അക്രമങ്ങളും ഉണ്ടായാല്‍ ആയതു വിസ്തരിച്ചു തീര്‍ച്ച വരുത്തുന്നതല്ലാതെ പള്ളി ഇടപെട്ടു വേദകാര്യങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഏര്‍പ്പെടരുതെന്നും 1014 മാണ്ട തുലാമാസം 23-നു 800-മത നമ്പ്രില്‍ ഉത്തരവു എല്ലാ മണ്ടപത്തുംവാതുക്കലും അയച്ചിട്ടുണ്ട്.

….

107 മത. പകര്‍പ്പ്. ഇസ്ത്യാര്‍ നാമാബനാമെആങ്കി എല്ലാവര്‍ക്കും പരസ്യമായി അറിയിക്കുന്ന വിളംബരം എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂര്‍ സുറിയാനിക്കാരുടെ മെത്രാപ്പോലീത്താ ആയിരുന്ന മാര്‍ ദീവന്നാസ്യോസിനു വയസുകാലമായതിനാല്‍ ആ സ്ഥാനത്തില്‍ നിന്നും ഒഴികകൊണ്ട് അന്ത്യോഖ്യായില്‍ നിന്നും മേലെഴുതിയ സ്ഥാനത്തിനു പിടിപാടും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അപ്രകാരം തന്നെ നമ്മുടെ സംസ്ഥാനത്തും സ്വീകരിച്ചിരിക്ക കൊണ്ടു ഇതിനാല്‍ കല്‍പിക്കുന്നത് എന്തെന്നാല്‍ കൊച്ചി സംസ്ഥാനത്ത് മലങ്കര ഇടവകയില്‍ പുത്തന്‍കൂര്‍ സുറിയാനിക്കാര്‍ എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ചു വഴങ്ങി കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം എന്ന് 1029-മാണ്ട് കന്നി മാസം 20-ാം തീയതിക്കു 1853 മത ഒക്ടോബര്‍ മാസം 4-നു തൃപ്പൂണിത്തുറ നിന്നും.

സുറിയാനി കത്തോലിക്കരുടെ പുതിയ മെത്രാന് വിളംബരം

114. 102-ാമതു ലക്കത്തില്‍ 158-ാമതു ……. നമ്പ്രിലെ പടി വരാപ്പിഴെ ഇരുന്ന പ്രളുദുവിക്കേസ ദേസാന്ത ത്രിസിയാ എന്ന മെത്രാപ്പോലീത്താ റോമ്മായ്ക്കു പോയതിന്‍റെ ശേഷം കൊല്ലത്തു പാര്‍ത്തിരുന്ന മെത്രാന്‍ പ്രൊ വിഗാരി അപ്പസ്തോലിക്കാ ആയിട്ടു വരാപ്പിഴെ പോയിരുന്ന് പള്ളികള്‍ വിചാരിച്ചുവരുമ്പോള്‍ കൊല്ലത്തു രൂപത വിചാരിച്ചിരുന്ന ആള്‍ കഴിഞ്ഞുപോകകൊണ്ട് വരാപ്പിഴെ സെമിനാരിയില്‍ ഇരുന്ന ഒരു ആളിനെ കൊല്ലത്തു രൂപതയ്ക്കു നിയമിക്കയും ആയതിനു വിളംബരം വരികയും ചെയ്തു. 

നമ്പ്ര 1027-മത

വിളംബരം

രായസം 

എന്തെന്നാല്‍ കൊല്ലത്തെ പ്രൊ വിഗാരി അപ്പസ്തോലിക്കാ ആയിട്ടു നിയമിച്ചിരുന്ന മാരീശ എന്ന ആള്‍ കഴിഞ്ഞുപോകകൊണ്ട് അതിനു പകരം റോമ്മായിലെ എഴുത്തിന്‍പ്രകാരം വരാപ്പിഴെ സിമ്മനാരിയില്‍ സെക്രട്ടറി ആയിരുന്ന റവറണ്ട് പ്രെകാളെ  സദെസാന്ത എന്ന ആളിനെ നിശ്ചയിച്ചിരിക്കുന്നു എന്നും വരാപ്പിഴെ ബിഷപ്പിന്‍റെ എഴുത്തു വന്നിരിക്കുന്ന സംഗതി ഇടപെട്ടു ബ്രിട്ടീഷ് റസിഡണ്ട് 1854-ാം പരുഷം ഡിസംബര്‍ മാസം 5-നു എഴുതിയ കായസം വന്നിരിക്കകൊണ്ടും പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ ഈ രാജ്യത്ത്  പാര്‍ക്കുന്നതില്‍ കൊല്ലത്തു രൂപതയില്‍ ചേര്‍ന്നു നടക്കുന്ന ആളുകള്‍ ഒക്കെയും മതസംബന്ധമായുള്ള കാര്യങ്ങള്‍ക്കു മേലെഴുതിയ റവറണ്ട് പ്രെകാളെര്‍സ ദെസാന്ത എന്ന ആളിന്‍റെ ആജ്ഞയില്‍ ഉള്‍പ്പെട്ടു കീഴുമര്യാദ പോലെ നടന്നുകൊള്‍കയും വേണം. 

എന്ന് 1020-മാണ്ട് തുലാ മാസം 24-നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)