1905-ലാണ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്‍റെ ചരിത്രം തുടങ്ങുന്നത്. 1922ല്‍ ചെങ്ങന്നൂര്‍ താലൂക്ക് നിര്‍ത്തലാക്കിയതോടെ ഈ പേരിലുള്ള നിയോജകമണ്ഡലം 1925ല്‍ ഇല്ലാതായി. ഇന്ത്യയിലെ പ്രഥമ പൊതുതെരഞ്ഞെടുപ്പോടെ (1951 – 1952) നിയോജകമണ്ഡലവും കേരളപ്പിറവിയോടെ (1956) താലൂക്കും പുനഃസ്ഥാപിക്കപ്പെട്ടു.
തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍
ശ്രീമൂലം തിരുനാള്‍ രാമ വര്‍മ മഹാരാജാവ് 1888ല്‍ രൂപീകരിച്ചതാണ് തിരുവിതാംകൂര്‍ നിയമനിര്‍മാണ സമിതി. നിയമനിര്‍മാണ സമിതിയില്‍ ചെങ്ങന്നൂർ, പത്തനംതിട്ട താലൂക്കുകള്‍ ചേര്‍ന്നുള്ള ‘ചെങ്ങന്നൂര്‍ – പത്തനംതിട്ട’ എന്നു പേരുള്ള സാമാന്യ നിയോജകമണ്ഡലം 1921ല്‍ രൂപീകൃതമായി. 1922ല്‍ എം.ആര്‍. മാധവവാര്യര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1925 വരെ അദ്ദേഹം ആയിരുന്നു എം.എല്‍.സി . ചെങ്ങന്നൂര്‍ പേരിശ്ശേരിയില്‍ ജനിച്ച ഇദ്ദേഹം (1893 – 1952) സ്വാതന്ത്ര്യ സമരസേനാനി, പത്രാധിപര്‍, ഗ്രന്ഥകാരന്‍, അഭിഭാഷകന്‍ തുടങ്ങി നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. 1922 ഓഗസ്റ്റ് 17ന് ചെങ്ങന്നൂര്‍ താലൂക്ക് ഇല്ലാതായെങ്കിലും അതിനു മുന്‍പു തന്നെ (1922 ഏപ്രില്‍ 27) തെരഞ്ഞെടുപ്പു നടന്നിരുന്നു. അതുകൊണ്ട് 1925 വരെ ‘ചെങ്ങന്നൂര്‍ – പത്തനംതിട്ട’ നിയോജകമണ്ഡലത്തിന്‍റെ പ്രാതിനിധ്യം ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിലനിന്നിരുന്നു.
തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭ (1904 – 1932)
ജനാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കാനും അവരുടെ അടിയന്തിര പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും അര്‍ഥവത്തായ ചര്‍ച്ചകളിലൂടെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള സുപ്രധാന വേദിയാണ് നിയമസഭ എന്ന വസ്തുത പരിഗണിച്ചാണ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവ് 1904 ല്‍ രണ്ടാമതൊരു നിയമസഭാവേദിക്കു – ‘ശ്രീമൂലം പ്രജാസഭ’ – രൂപം നല്‍കിയത്. നിയമ നിര്‍മാണാധികാരമോ ഭരണപങ്കാളിത്തമോ ഇല്ലാത്ത പ്രജാസഭയെ ജനപ്രാതിനിധ്യ സ്വഭാവമുള്ള ജനകീയ നിയമസഭയായി കരുതാം. 1932 ല്‍ നിര്‍ത്തലാക്കുന്നതുവരെ ശ്രീമൂലം പ്രജാസഭ 28 യോഗങ്ങള്‍ കൂടി.
‘ശ്രീമൂലം പ്രജാസഭ’യിലെ ചെങ്ങന്നൂര്‍ താലൂക്ക് പ്രതിനിധികള്‍
രണ്ടു മുതല്‍ 18 വരെ വരെയുള്ള 17 സമ്മേളനങ്ങളില്‍ ചെങ്ങന്നൂര്‍ താലൂക്കിന് ഒന്നോ രണ്ടോ പ്രതിനിധികള്‍ വീതമുണ്ടായിരുന്നു. സമ്മേളനം, കൊല്ലവര്‍ഷം, തെരഞ്ഞെടുപ്പു നടന്ന ഇംഗ്ലീഷ് വര്‍ഷം, സമ്മേളനം നടന്ന ഇംഗ്ലീഷ് വര്‍ഷം, പ്രതിനിധികള്‍ എന്ന ക്രമത്തില്‍
രണ്ടാം (1081) : 1905, 1905 – എന്‍. പദ്മനാഭ പിള്ള, ചാണ്ടി ജോസഫ്
മൂന്നാം (1082) : 1906, 1907 – നീലകണ്ഠന്‍ പദ്മനാഭന്‍, കുരുവിള കൊച്ചുതൊമ്മന്‍
നാലാം (1083) : 1907, 1907 – ശങ്കരന്‍ കൃഷ്ണന്‍, ആര്‍. നീലകണ്ഠന്‍ തമ്പി
അഞ്ചാം (1084) : 1908, 1908 – പി.ജി. ഗോവിന്ദപിള്ള, ഗീവര്‍ഗീസ് കത്തനാര്‍ ഗീവര്‍ഗീസ്
ആറാം (1085) : 1909, 1910 – ദേവന്‍ കൃഷ്ണന്‍, അയ്യപ്പന്‍ അയ്യപ്പന്‍
ഏഴാം (1086) : 1910, 1911 – അയ്യപ്പന്‍ അയ്യപ്പന്‍
എട്ടാം (1087) : 1911, 1912 – പരമേശ്വരന്‍ നാരായണന്‍
ഒന്‍പതാം (1088) : 1912, 1913 – പരമേശ്വരന്‍ പിള്ള നാരായണ പിള്ള
പത്താം (1089) : 1913, 1914 – കോശി തോമസ് (ഗ്രൂപ്പ് 1), കൊച്ചുതൊമ്മന്‍ കുരുവിള (ഗ്രൂപ്പ് 2)
പതിനൊന്നാം (1090) : 1914, 1915 – പദ്മനാഭ പിള്ള കൃഷ്ണ പിള്ള (ഗ്രൂപ്പ് 1), പരമേശ്വരന്‍ പിള്ള നാരായണ പിള്ള (ഗ്രൂപ്പ് 2)
പന്ത്രണ്ടാം (1091) : 1915, 1916 – അയ്യപ്പന്‍ അയ്യപ്പന്‍ (ഗ്രൂപ്പ് 1), കെ.ടി. തോമസ് (ഗ്രൂപ്പ് 2)
പതിമൂന്നാം (1092) : 1916, 1917 – വര്‍ഗീസ് കത്തനാര്‍ (ഗ്രൂപ്പ് 1), കെ.പി. നാരായണ പിള്ള (ഗ്രൂപ്പ് 2)
പതിനാലാം (1093) : 1917, 1918 – ചാക്കോ ചാക്കോ (ഗ്രൂപ്പ് 1), ശാസ്താവ് പെരുമാന്‍ (ഗ്രൂപ്പ് 2)
പതിനഞ്ചാം (1094) : 1918, 1919 – അയ്യപ്പന്‍ നാരായണന്‍ (ഗ്രൂപ്പ് 1), കൊച്ചുകോര ഇട്ടിയവിര (ഗ്രൂപ്പ് 2)
പതിനാറാം (1095) : 1919, 1920 – പരമേശ്വരന്‍ പിള്ള നാരായണ പിള്ള
പതിനേഴാം (1096) : 1920, 1921 – പദ്മനാഭ പിള്ള കൃഷ്ണ പിള്ള
പതിനെട്ടാം (1097) : 1921, 1922 – കെ.പി. നാരായണ പിള്ള
ചില അംഗങ്ങളുടെ പേര് പല വിധത്തില്‍ നിയമസഭാ രേഖകളില്‍ കാണുന്നുണ്ട്. ‘ഗീവര്‍ഗീസ് കത്തനാര്‍ ഗീവര്‍ഗീസ്’, ‘വര്‍ഗീസ് കത്തനാര്‍’ എന്നിങ്ങനെ പേരു കാണുന്നത് (5, 13 സമ്മേളനങ്ങള്‍) ഓമല്ലൂര്‍ വടക്കേടത്ത് ഗീവര്‍ഗീസ് കത്തനാര്‍ (1875 – 1944) ആണ്.
അഞ്ചു സമ്മേളനങ്ങളിലേക്ക് (2, 3, 4, 5, 6) രണ്ടു പ്രതിനിധികളെ ഒരുമിച്ചു തെരഞ്ഞെടുക്കുകയായിരുന്നു. താലൂക്ക് പ്രതിനിധികളുടെ എണ്ണം 66ല്‍ നിന്ന് 42/43 ആയി കുറച്ചതോടെ അടുത്ത മൂന്നു സമ്മേളനങ്ങളില്‍ (7, 8, 9) പ്രാതിനിധ്യം ഒന്ന് ആയിരുന്നു. തുടര്‍ന്നുള്ള ആറു സമ്മേളനങ്ങളിലേക്ക് (10, 11, 12, 13, 14, 15) പ്രതിനിധ്യം വീണ്ടും രണ്ടാക്കുകയും പകുതികളെ രണ്ടു ഗ്രൂപ്പ് ആയി തിരിച്ച് തെരഞ്ഞെടുപ്പു നടത്തുകയും ചെയ്തു. 1913ലും 1916ലും പരിഷ്കരിച്ച ചട്ടപ്രകാരം ഗ്രൂപ്പുകളുടെ പരിധിയ്ക്ക് വ്യത്യാസമുണ്ടായിരുന്നു.
ചെങ്ങന്നൂര്‍ താലൂക്ക് വിഭജിച്ച് പത്തനംതിട്ട താലൂക്ക് രൂപീകരിച്ചതോടെ (1919 ഓഗസ്റ്റ് 17) ഈ താലൂക്കുകളുടെ പ്രാതിനിധ്യം ഒന്നു വീതമായി. മൂന്നു സമ്മേളനങ്ങളിലെ (16, 17, 18) പ്രാതിനിധ്യം ഇപ്രകാരമായിരുന്നു. ഭരണച്ചെലെവുചുരുക്കല്‍ പരിപാടിയുടെ ഭാഗമായി ദേവസ്വം വിഭജനക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ചെങ്ങന്നൂര്‍ താലൂക്ക് 1922 ഓഗസ്റ്റ് 17ന് നിര്‍ത്തലാക്കി; തിരുവല്ല താലൂക്കിനോട് ചേര്‍ത്തു.
കൊല്ലം ഡിവിഷനിലുള്‍പ്പെട്ട ചെങ്ങന്നൂര്‍ (758 ചതുരശ്ര മൈല്‍) തിരുവിതാംകൂറിലെ ഏറ്റവും വലിയ താലൂക്കായിരുന്നു. പത്തനംതിട്ട താലൂക്ക് രൂപീകരിച്ചതോടെ തിരുവിതാംകൂറിലെ ചെറിയ താലൂക്കുകളിലൊന്നായി ചെങ്ങന്നൂര്‍. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂര്‍ – കൊച്ചിയും 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനവും നിലവില്‍ വന്നു. ചെങ്ങന്നൂര്‍, തിരുവല്ല താലൂക്കുകള്‍ 1957 ഓഗസ്റ്റ് 17ന് പുതിയതായി രൂപീകരിച്ച ആലപ്പുഴ ജില്ലയുടെ ഭാഗമായി.
ഇന്ത്യയിലെ പ്രഥമ പൊതുതെരഞ്ഞെടുപ്പോടെ (1951 – 1952) യാണ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. തിരുവിതാംകൂര്‍ – കൊച്ചി, കേരള നിയമസഭകളില്‍ തുടര്‍ച്ചയായി ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന് പ്രാതിനിധ്യമുണ്ടായിരുന്നു.
കേരള നിയമസഭയിലേക്ക് ചെങ്ങന്നൂരിന്റെ പ്രതിനിധിയായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സിപിഐയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി
തിരുവിതാംകൂര്‍ – കൊച്ചി നിയമസഭ
തിരു-കൊച്ചി നിയമസഭയില്‍ ചെങ്ങന്നൂര്‍ ദ്വയാംഗ നിയോജകമണ്ഡലമായിരുന്നു. ഈ ദ്വയാംഗ നിയോജകമണ്ഡലത്തില്‍ ഒരാളെ പട്ടികജാതി സംവരണ (റിസര്‍വേഷന്‍) സീറ്റിലേക്കും അപരനെ സംവരണമല്ലാത്ത (ജനറല്‍) സീറ്റിലേക്കും തെരഞ്ഞെടുക്കുകയായിരുന്നു.
1951 – പി.കെ. രാമചന്ദ്രദാസ് (കോണ്‍ഗ്രസ്) (സംവരണം), ഡോ. എം. ശിവരാമന്‍ നായര്‍ (സോഷ്യലിസ്റ്റ്) (ജനറല്‍)
1953 (ഉപതെരഞ്ഞെടുപ്പ്) – പി.കെ. രാമചന്ദ്രദാസ് (കോണ്‍ഗ്രസ്), ഡോ. എം. ശിവരാമന്‍ നായര്‍ (കോണ്‍ഗ്രസ്) (ജനറല്‍)
1954 – സി.കെ. രാമചന്ദ്രന്‍ നായര്‍ (പിഎസ്പി) (ജനറല്‍), പി.കെ. കുഞ്ഞച്ചന്‍ (സിപിഐ) (സംവരണം)
കേരള നിയമസഭ
1957 – ആര്‍. ശങ്കരനാരായണന്‍ തമ്പി (സിപിഐ)
1960 – കെ.ആര്‍. സരസ്വതിയമ്മ (കോണ്‍ഗ്രസ്)
1965 – കെ.ആര്‍. സരസ്വതിയമ്മ (കേരളാ കോണ്‍ഗ്രസ്)
1967 – പി.ജി. പുരുഷോത്തമന്‍ പിള്ള (സിപിഎം)
1970 – പി.ജി. പുരുഷോത്തമന്‍ പിള്ള (സിപിഎം)
1977 – എസ്. തങ്കപ്പന്‍ പിള്ള (എന്‍ഡിപി)
1980 – കെ.ആര്‍. സരസ്വതിയമ്മ (എന്‍ഡിപി)
1982 – എസ്. രാമചന്ദ്രന്‍ പിള്ള (എന്‍ഡിപി)
1987 – മാമ്മന്‍ ഐപ്പ് (കോണ്‍ഗ്രസ് എസ്)
1991 – ശോഭനാ ജോര്‍ജ് (കോണ്‍ഗ്രസ്)
1996 – ശോഭനാ ജോര്‍ജ് (കോണ്‍ഗ്രസ്)
2001 – ശോഭനാ ജോര്‍ജ് (കോണ്‍ഗ്രസ്)
2006 – പി.സി. വിഷ്ണുനാഥ് (കോണ്‍ഗ്രസ്)
2011 – പി.സി. വിഷ്ണുനാഥ് (കോണ്‍ഗ്രസ്)
2016 – കെ.കെ. രാമചന്ദ്രന്‍ നായര്‍ (സിപിഎം)
എണ്ണയ്ക്കാട് സ്വദേശിയായിരുന്ന ആര്‍. ശങ്കരനാരായണന്‍ തമ്പി കേരള നിയമസഭയുടെ പ്രഥമ സ്പീക്കര്‍ (1957 ഏപ്രില്‍ 27 – 1959 ജൂലൈ 31) ആയിരുന്നു. നിയമസഭയോ മന്ത്രിസഭയോ രൂപീകരിക്കപ്പെടാതെ പോയതിനാല്‍ 1965ല്‍ കെ.ആര്‍. സരസ്വതിയമ്മയ്ക്ക് എംഎല്‍എ ആകാന്‍ കഴിഞ്ഞില്ല.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലം അതിര്‍ത്തി നിര്‍ണയം വിവിധ കാലഘട്ടങ്ങളില്‍
തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭ
1905 – (2, 3, 4, 5, 6, 7, 8, 9 സമ്മേളനങ്ങള്‍)
ചെങ്ങന്നൂര്‍ താലൂക്ക് (തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, വടക്കേക്കര, പുത്തന്‍കാവ്, വെണ്മണി, പന്തളം വടക്കേക്കര, ഇലന്തൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട, റാന്നി, കുമ്പഴ പകുതികള്‍).
1913 – (10, 11, 12, 13 സമ്മേളനങ്ങള്‍)
ഗ്രൂപ്പ് 1 – ചെറിയനാട്, പുത്തന്‍കാവ്, പന്തളം വടക്കേക്കര, വെണ്മണി, പത്തനംതിട്ട, കുമ്പഴ, ഓമല്ലൂര്‍ പകുതികള്‍.
ഗ്രൂപ്പ് 2 – റാന്നി, ഇലന്തൂര്‍, ആലാ, ചെങ്ങന്നൂര്‍, പുലിയൂര്‍, പാണ്ടനാട്, വടക്കേക്കര, തിരുവന്‍വണ്ടൂര്‍ പകുതികള്‍.
1916 – (14, 15 സമ്മേളനങ്ങള്‍)
ഗ്രൂപ്പ് 1 – ചെങ്ങന്നൂര്‍, പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, വടക്കേക്കര, ആലാ, പുത്തന്‍കാവ്, ചെറിയനാട്, വെണ്മണി പകുതികള്‍.
ഗ്രൂപ്പ് 2 – പന്തളം വടക്കേക്കര, ഓമല്ലൂര്‍, ഇലന്തൂര്‍, പത്തനംതിട്ട, കുമ്പഴ, റാന്നി പകുതികള്‍.
1919 – (16, 17, 18 സമ്മേളനങ്ങള്‍)
ചെങ്ങന്നൂര്‍ താലൂക്ക് (തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, വടക്കേക്കര, പുത്തന്‍കാവ്, വെണ്മണി, പന്തളം വടക്കേക്കര, ആറന്മുള, മല്ലപ്പുഴശേരി പകുതികള്‍).
തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍
1921 – (തെരഞ്ഞെടുപ്പ് 1922; ഒന്നാം കൗണ്‍സില്‍ 1922 – 1925)
ചെങ്ങന്നൂര്‍ – പത്തനംതിട്ട സാമാന്യ നിയോജകമണ്ഡലം : – ചെങ്ങന്നൂര്‍ (തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍, പുലിയൂര്‍, ചെറിയനാട്, ആലാ, വടക്കേക്കര, പുത്തന്‍കാവ്, വെണ്മണി, പന്തളം വടക്കേക്കര, ആറന്മുള, മല്ലപ്പുഴശേരി പകുതികള്‍), പത്തനംതിട്ട (പത്തനംതിട്ട, ഓമല്ലൂര്‍, ഇലന്തൂര്‍, റാന്നി, കുമ്പഴ, ചെറുകോല്‍ പകുതികള്‍) തലൂക്കുകള്‍
തിരുവിതാംകൂര്‍ – കൊച്ചി നിയമസഭ
1951 – (തെരഞ്ഞെടുപ്പ് 1951)
തിരുവല്ലാ താലൂക്കിലെ ചെങ്ങന്നൂര്‍, ചെറിയനാട്, പുലിയൂര്‍, ആലാ, വെണ്മണി, പുത്തന്‍കാവ്, പന്തളം വടക്ക്, ആറന്മുള, തോട്ടപ്പുഴശ്ശേരി, കോയിപ്പുറം, വടക്കേക്കര പകുതികള്‍ (ദ്വയാംഗ നിയോജകമണ്ഡലം)
1953 – (തെരഞ്ഞെടുപ്പ് 1954)
തിരുവല്ലാ താലൂക്കിലെ ചെങ്ങന്നൂര്‍, പാണ്ടനാട്, വടക്കേക്കര, ആറന്മുള, പന്തളം വടക്കേക്കര, വെണ്മണി, ചെറിയനാട്, ആലാ, പുത്തന്‍കാവ് വില്ലേജുകള്‍ (ദ്വയാംഗ നിയോജകമണ്ഡലം)
കേരള നിയമസഭ
1956 – (തെരഞ്ഞെടുപ്പ് 1957, 1960)
ചെങ്ങന്നൂര്‍ താലൂക്കിലെ ചെറിയനാട്, പുലിയൂര്‍, ചെങ്ങന്നൂര്‍, മാന്നാര്‍, കുരട്ടിശേരി, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, വടക്കേക്കര, ആലാ വില്ലേജുകള്‍
1961 – (തെരഞ്ഞെടുപ്പ് നടന്നില്ല)
ചെങ്ങന്നൂര്‍ താലൂക്കിലെ ചെറിയനാട്, പുലിയൂര്‍, ചെങ്ങന്നൂര്‍, മാന്നാര്‍, കുരട്ടിശേരി, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, വടക്കേക്കര, ആലാ വില്ലേജുകള്‍
1964 – (തെരഞ്ഞെടുപ്പ് 1965, 1967, 1970)
ചെങ്ങന്നൂര്‍ താലൂക്കിലെ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍, ആലാ, പുലിയൂര്‍, ബുധനൂര്‍, മാന്നാര്‍, ചെറിയനാട്, വെണ്മണി പഞ്ചായത്തുകള്‍
1976 – (തെരഞ്ഞെടുപ്പ് 1977, 1980, 1982, 1987, 1991, 1996, 2001, 2006)
ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്മണി, ആലാ, ബുധനൂര്‍, ചെങ്ങന്നൂര്‍, ചെറിയനാട്, മാന്നാര്‍, പാണ്ടനാട്, പുലിയൂര്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകള്‍
2008 – (തെരഞ്ഞെടുപ്പ് 2011, 2016)
ചെങ്ങന്നൂര്‍ താലൂക്കിലെ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, ആലാ, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, മുളക്കുഴ, പാണ്ടനാട്, പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, വെണ്മണി, മാവേലിക്കര താലൂക്കിലെ ചെന്നിത്തല – തൃപ്പെരുന്തുറ പഞ്ചായത്തുകള്‍
ചെങ്ങന്നൂര്‍ നിയമസഭാ നിയോജകമണ്ഡലം ഉള്‍പ്പെട്ട ലോക്സഭാ നിയോജകമണ്ഡലങ്ങള്‍
(അതിര്‍ത്തിനിര്‍ണയം, ലോക്സഭാ നിയോജകമണ്ഡലം, തെരഞ്ഞെടുപ്പ് എന്നീ ക്രമത്തില്‍)
1951 : കൊല്ലം – മാവേലിക്കര (ദ്വയാംഗം); 1951
1953 : തിരുവല്ല; തെരഞ്ഞെടുപ്പ് നടന്നില്ല
1956 : കൊല്ലം (ദ്വയാംഗം); 1957
1961 : മാവേലിക്കര (സംവരണം); 1962
1964 : മാവേലിക്കര; 1967, 1971
1976 : മാവേലിക്കര; 1977, 1980, 1984, 1989, 1991, 1996, 1998, 1999, 2004
2008 : മാവേലിക്കര (സംവരണം); 2009, 2014
ഉപതെരഞ്ഞെടുപ്പ് മുമ്പും
തിരുവിതാംകൂര്‍ – കൊച്ചി നിയമസഭയിലേക്ക് 1953 ഫെബ്രുവരി 10നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 1951 – 52 ലെ പൊതുതെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ ദ്വയാംഗ നിയോജകമണ്ഡലത്തില്‍ വിജയിച്ച പി.കെ. രാമചന്ദ്രദാസ് (സംവരണം), ഡോ. എം. ശിവരാമന്‍ നായര്‍ (ജനറല്‍) എന്നിവരുടെ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ ട്രിബ്യൂണല്‍ 1952 ഒക്ടോബര്‍ 31ന് അസാധുവാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഉപതെരഞ്ഞെടുപ്പില്‍ അവര്‍ തന്നെ വിജയിച്ചു.