സൗഖ്യദാന ശുശ്രൂഷ ദൈവീകനിയോഗമായി കരുതണം: പ. കാതോലിക്കാ ബാവാ

നഴ്സ്മാരുള്‍പ്പെടെ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം ചെയ്യുന്ന സൗഖ്യദാനശുശ്രൂഷ ദൈവീക നിയോഗമായി കരുതണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

കോലഞ്ചേരി മെഡിക്കല്‍ കോളജ് ഫൈനല്‍ ഇയര്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. രോഗസൗഖ്യം നല്‍കുക എന്ന അത്ഭുതം തുടര്‍ന്ന് നടത്താനുളള ചുമതലയാണ് യേശുക്രിസ്തു ഏല്പിച്ചിരിക്കുന്നതെന്ന ബോദ്ധ്യത്തോടെ ക്ഷമയോടും സ്നേഹത്തോടും രോഗികളോട് പെരുമാറണം. സ്വന്തം വേദനകള്‍ മറന്നും പ്രശ്നങ്ങള്‍ അതിജീവിച്ചും ചെറുപുഞ്ചിരിയോടെ രോഗികളെ ശുശ്രൂഷിക്കാന്‍ കഴിയണം. സഭയുടെ അഭിമാനമായ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതി ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോളജ് ചാപ്ലെയിന്‍ ഫാ. ജോണ്‍ കുര്യാക്കോസ്, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷീലാ ഷെനോയി എന്നിവര്‍ പ്രസംഗിച്ചു.