യേശുക്രിസ്തുവിന്‍റെ തോട്ടത്തിലെ ശോഭയുളള പൂക്കളാണ് ബാലസമാജം അംഗങ്ങള്‍ : മാര്‍ നിക്കോദീമോസ്


റാന്നി : യേശുക്രിസ്തുവിന്‍റെ തോട്ടത്തിലെ ശോഭയുളള പൂക്കളാണ് ബാലസമാജം അംഗങ്ങളായ ഓരോരുത്തരും എന്നും ഒരു തോട്ടത്തില്‍ വിവിധ വര്‍ണ്ണങ്ങളില്‍ വിരിഞ്ഞു നില്ക്കുന്ന പൂക്കള്‍ എല്ലാം തന്നെ ഒരു പോലെ പ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത. വിവിധ വര്‍ണ്ണങ്ങളിലുളള പൂക്കള്‍ യഥായോഗ്യം ക്രമീകരിക്കുമ്പോള്‍ കാഴ്ചയ്ക്കു ഭംഗിയുളളതായിത്തീരുന്നതുപോലെ വിവിധങ്ങളായ കഴിവുകളും താലന്തുകളും ഉളള കുട്ടികളുടെ കൂട്ടായ പ്രവര്‍ത്തനം ഭംഗിയായി ക്രമീകരിക്കപ്പെടേണ്ടത് ബാല്യകാലത്തിന്‍റെ ആവശ്യമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുമേനി.

ബാലസമാജം ഭദ്രാസന വൈസ്പ്രസിഡന്‍റ് ഫാ.സോബിന്‍ സാമുവേലിന്‍റെ അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ഷൈജു കുര്യന്‍, സണ്ടേസ്കൂള്‍ ഭദ്രാസന ഡയറക്ടര്‍ ഒ.എം.ഫിലിപ്പോസ്, പത്തനംതിട്ട പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ബിജു കുര്യന്‍, മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം അഡ്വ. അനില്‍ വര്‍ഗീസ്, ബാലസമാജം ഭദ്രാസന ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ്, ഭദ്രാസന വികസന കേന്ദ്ര കമ്മറ്റിയംഗം ജഗന്‍ തേവര്‍വേലില്‍, ഇടവക കൈസ്ഥാനി റ്റി.എസ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും യൂണിറ്റ് വൈസ് പ്രസിഡന്‍റ്, യൂണിറ്റ് സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നിവരും ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാരും ക്യാമ്പില്‍ പങ്കെടുത്തു. അനീഷ് ജോര്‍ജ്ജ്, ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ ക്ലാസ്സ് നയിച്ചു.