ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂരില്‍ ഇടതിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല; തോമസ് മാര്‍ അത്തനാസിയോസ്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇല്ലെന്ന സഭയിലെ ചില ബിഷപ്പുമാരുടെ വാദങ്ങളെ ചെങ്ങന്നൂര്‍ ഭദ്രാസന ബിഷപ്പ് പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു. സഭ ഇത്തരത്തില്‍ യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ല. സഭയുടെ സിനഡ് ഈ മാസം 23ന് ചേരാന്‍ ഇരിക്കുകയാണ്.

ഓര്‍ത്തഡോക്‌സ് സഭ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന മട്ടില്‍ ചില ചാനലുകളില്‍ വാര്‍ത്തകള്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ സഭ ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു. മുഖ്യമന്ത്രിയെകണ്ടശേഷം ബിഷപ്പുമാര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ അഭിപ്രായം. സഭയുടെ തീരുമാനം അല്ല. ഇങ്ങനെയൊരു രാഷ്ട്രീയ തീരുമാനം പറയാന്‍ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ഇതുവരെ അത്തരമൊരു തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. താന്‍ ഇപ്പോള്‍ ബറോഡയിലാണ്. 23 ന് നടക്കുന്ന സിനഡ് യോഗത്തില്‍ സംബന്ധിക്കുമെന്ന് അദ്ദേഹം ബറോഡയില്‍ നിന്ന് ടെലിഫോണ്‍ അഭിമുഖത്തില്‍ ന്യൂസ് സ്‌കൂപ്പ് ഡോട്ട്‌കോമിനോട് പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന ബിഷപ്പ് തോമസ് മാര്‍ അത്തനാസിയോസ്, സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, തിരുവനന്തപുരം ഭദ്രാസന ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, വൈദിക ട്രസ്റ്റി ഫാ. എം.ഒ.ജോണ്‍, സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിറവം പള്ളി സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്. വിധിപകര്‍പ്പ് പഠിച്ചശേഷം നിയമനടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത് സഭാപ്രതിനിധി സംഘം പറഞ്ഞു.

Source