സ്ലീബാ വന്ദനവ് വിഗ്രഹാരാധനയോ? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്


നമ്മുടെ കര്‍ത്താവ് ലോകരക്ഷയ്ക്കു വേണ്ടി സ്വയം ക്രൂശില്‍ വരിച്ച് തന്നെത്തന്നെ പാപപരിഹാര ബലിയായി അര്‍പ്പിച്ചു. ആ ക്രൂശിനോട് നാം ബഹുമാനം കാണിയ്ക്കുന്നത് വിഗ്രഹാരാധനയാണെന്ന് ഒരു മിത്ഥ്യാവാദം ചില അമേരിക്കന്‍ മതാനുയായികള്‍ നമ്മുടെ സഭയിലും പ്രചരിപ്പിച്ചു വരുന്നതായി കാണുന്നു.

ക്രൂശിന്‍റെ പശ്ചാത്തലത്തേയും സ്ലീബാ വന്ദന ശുശ്രൂഷയുടെ ആരംഭത്തേയും കുറിച്ച് ഏതാനും വാക്കുകള്‍ വിശ്വാസികളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് അസ്ഥാനത്തായിരിക്കയില്ലല്ലോ.
ക്രൂശ് ക്രിസ്ത്യാനികളുടെ ഒരു പൊതുസംജ്ഞയായിത്തീരുന്നത് കോണ്‍സ്റ്റന്‍റീന്‍ ചക്രവര്‍ത്തിയുടെ മാതാവായ ഹെല്ലേനി രാജ്ഞി ക്രിസ്താബ്ദം 330-ാമാണ്ടോടടുത്ത് കാല്‍വറിയിലെ യഥാര്‍ത്ഥ ക്രൂശ് കണ്ടുപിടിച്ചതിനെത്തുടര്‍ന്നാണെന്നുള്ളതിന് സംശയമില്ല. ക്രിസ്താബ്ദം 350-ാ മാണ്ടില്‍ ഊര്‍ശ്ലേമിലെ മെത്രാപ്പോലീത്തായായിരുന്ന കൂറിലോസ് നമ്മുടെ കര്‍ത്താവിനെ ക്രൂശിച്ച യഥാര്‍ത്ഥ സ്ലീബാ ഊര്‍ശ്ലേമില്‍ ഉള്ളതായും അതിന്‍റെ ശകലങ്ങള്‍ പലരും പല സ്ഥലങ്ങളില്‍ കൊണ്ടുപോയിട്ടുള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ദിവ്യസ്ലീബായുടെ ശകലങ്ങള്‍ 359-ാമാണ്ടില്‍ ഉത്തരാഫ്രിക്കയിലും (അള്‍ജീറിയയില്‍) 370-ാമാണ്ടില്‍ കപ്പദോക്യയിലും വന്ദിയ്ക്കപ്പെട്ടു പോന്നിരുന്നതായി രേഖകളുണ്ട്. സ്വര്‍ണ്ണനാവുകാരന്‍ ഈവാനിയോസ്, സ്ലീബായുടെ ശകലങ്ങള്‍ അന്തോഖ്യായില്‍ വന്ദിയ്ക്കപ്പെട്ടു വരുന്നതായി 387-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ക്രിസ്തുവിന്‍റെ ക്രൂശ് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോയിരിയ്ക്കയാണ്. രണ്ടാമത് വരുമ്പോള്‍ കുരിശോടു കൂടെയായിരിക്കും പ്രത്യക്ഷപ്പെടുക.

നാലാം ശതാബ്ദത്തില്‍ ഊര്‍ശ്ലേം സന്ദര്‍ശിച്ച സ്പാനിഷ് തീര്‍ത്ഥാടകയായ എഹേറിയാ ഊര്‍ശ്ലേം ദേവാലയത്തിലെ ദുഃഖവെള്ളിയാഴ്ചയിലെ ആരാധനയില്‍ സ്ലീബാ വന്ദനവിന്‍റെ ക്രമമുള്ളതായും ആ സമയത്ത് കര്‍ത്താവിന്‍റെ യഥാര്‍ത്ഥ സ്ലീബായെ മുട്ടുകുത്തി വന്ദിക്കുന്നവര്‍ അതിന്‍റെ ശകലങ്ങള്‍ കടിച്ചു വേര്‍പെടുത്തിക്കൊണ്ടു പോകാതിരിപ്പാന്‍ വേണ്ടി ശെമ്മാശന്മാര്‍ അവിടെ കാവല്‍ നില്‍ക്കുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു.

നാലാം ശതാബ്ദത്തില്‍ കുസ്തന്തീനോസ് രാജാവ് ആകാശത്തില്‍ സ്ലീബായുടെ അടയാളം കണ്ടതായും അതുമൂലം യുദ്ധത്തില്‍ ജയം പ്രാപിച്ചതായും ഐതിഹ്യം പറയുന്നു.

അഞ്ചാം ശതാബ്ദത്തില്‍ സിറിയയില്‍ കുര്‍ബ്ബാനസമയത്തു ഒരു സ്ലീബാ ത്രോണോസിന്മേല്‍ വയ്ക്കുന്നതായി രേഖയുണ്ട്. പാശ്ചാത്യസഭയില്‍ ഈ പതിവ് സിറിയയില്‍ നിന്നു പകര്‍ത്തിയതാണെന്നു തോന്നുന്നു.

ആറാം ശതാബ്ദത്തില്‍ പാശ്ചാത്യസഭയുടെ പല ഭാഗങ്ങളിലും സ്ലീബാ ഘോഷയാത്രയില്‍ വഹിച്ചിരുന്നതായി തെളിവുണ്ട്.

എന്നാല്‍ കുരിശു വരയ്ക്കുന്ന പതിവ് ഇതിനൊക്കെ വളരെ മുന്‍പേയുള്ളതാണ്. രണ്ടാം ശതാബ്ദത്തില്‍ ക്രിസ്ത്യാനികള്‍ കുരിശു വരയ്ക്കുക പതിവായിരുന്നു. നാലാം ശതാബ്ദത്തോടെ പരസ്യാരാധനയില്‍ സ്വയം കുരിശു വരയ്ക്കുകയെന്നതു സാധാരണയായിത്തീര്‍ന്നു.

“തൂങ്ങപ്പെട്ടരൂപം” ഇല്ലാത്ത കുരിശാണ് പൊതുവെ എല്ലാവരും ഉപയോഗിച്ചിരുന്നത്. കര്‍ത്താവിന്‍റെ ക്രൂശിത ശരീരത്തെ ക്രൂശില്‍ കാണിക്കുന്ന പതിവ് എട്ടാം ശതാബ്ദത്തിനുശേഷമാണെന്നു തോന്നുന്നു പാശ്ചാത്യസഭയില്‍ പോലും ആരംഭിച്ചത്. ക്രിസ്തു ക്രൂശിതനായിക്കിടക്കുകയല്ല, ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞു എന്നുള്ളതിന്‍റെ പ്രതീകമായിട്ടാണ് പൗരസ്ത്യസഭകള്‍ ഇപ്പോഴും “ഒഴിഞ്ഞ കുരിശ്” (ഋാു്യേ ഇൃീൈ)പള്ളിയില്‍ സ്ഥാപിക്കുന്നത്. സ്ലീബാ ജയത്തിന്‍റെ അടയാളമാകുന്നു. ക്രിസ്തു മരണത്തെ ചവുട്ടിത്തകര്‍ത്തു പാതാളത്തെ വെന്ന് ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗാരോഹണം ചെയ്തു പിതൃസവിധത്തില്‍ സര്‍വ്വാധിപതിയായി ആരൂഢനായിരിക്കുന്നു എന്നുള്ള യാഥാര്‍ത്ഥ്യത്തെയാണ് നാം സ്ലീബാ പ്രതീകം കൊണ്ട് അനുസ്മരിക്കുന്നത്.

സ്പാനിഷ് തീര്‍ത്ഥാടകയായ എഹേറിയായുടെ കാര്യം മുമ്പു പറഞ്ഞല്ലോ. നാലാം ശതകത്തില്‍ ഊര്‍ശ്ലേം ദേവാലയത്തിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയുടെ ഒരു പൂര്‍ണ്ണവിവരണമാണ് ഈ ഭക്ത നമുക്ക് നല്‍കിയിട്ടുള്ളത്. ദുഃഖവെള്ളിയാഴ്ച രാവിലെ അടുത്തുള്ള എല്ലാ ക്രിസ്ത്യാനികളും ഗോല്‍ഗോഥായിലെ ദേവാലയത്തില്‍ വന്നുചേരുന്നു. മെത്രാപ്പോലീത്താ സഭാ മദ്ധ്യത്തില്‍ ഗുരുപീഠത്തില്‍ ആരൂഢനായിരിക്കുന്നു. ശെമ്മാശന്മാര്‍ ചുറ്റും നില്‍ക്കുന്നു. ബിഷപ്പിന്‍റെ മുമ്പില്‍ വെള്ള വിരിച്ച ഒരു മേശയിന്മേല്‍ യഥാര്‍ത്ഥ സ്ലീബാ വച്ചിരിക്കുന്നു (അതിന്‍റെ ഒരു ഭാഗം മാത്രമേ അവശേഷിച്ചിട്ടുള്ളു. ബാക്കിയൊക്കെ പടിഞ്ഞാറന്‍ രാജ്യങ്ങളിലോട്ട് പോയിക്കഴിഞ്ഞെന്നു തോന്നുന്നു). മെത്രാപ്പോലീത്താ സ്ലീബായുടെ ഒരറ്റത്ത് ഉറപ്പിച്ചുപിടിച്ചിരിക്കുന്നു. പള്ളിയിലുള്ള ഓരോരുത്തരും വന്ന് സ്ലീബായെ വന്ദിച്ചിട്ടു കടന്നുപോകുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പതിവ് എല്ലാ പള്ളികളിലും പരന്നു. ഇത് വിഗ്രഹാരാധനയായിരിയ്ക്കാമെന്ന ഒരു സംശയമേ അന്നവര്‍ക്കാര്‍ക്കും തോന്നിയില്ല. ദൈവത്തിന്‍റെ സ്ഥാനത്തല്ല അവര്‍ സ്ലീബായെ വന്ദിച്ചിരുന്നത്. എന്നാല്‍ സ്ലീബായാല്‍ മനുഷ്യവര്‍ഗ്ഗത്തിന് രക്ഷയുണ്ടായി എന്നുള്ളതുകൊണ്ട് ആ സ്ലീബായില്‍ ക്രൂശിതനായി നമ്മെ രക്ഷിച്ച കര്‍ത്താവിന്‍റെ രക്ഷാപ്രവൃത്തിയെയാണ് നാം വന്ദിയ്ക്കുന്നത്.
ഏഴാം ശതാബ്ദത്തിന്‍റെ അവസാനത്തിലാണ് രണ്ടാം കല്പനയുടെ അജ്ഞാനമായി സ്ലീബാ വന്ദനവിനെ കരുതുവാനുള്ള ശ്രമം ഗ്രീക്കുസഭയിലും കത്തോലിക്കാസഭയിലും ഉണ്ടായത്. എന്നാല്‍ അവര്‍ നിഖ്യായില്‍ കൂടിയ രണ്ടാം സുന്നഹദോസില്‍ (അവരുടെ കണക്കനുസരിച്ച് ഏഴാമത്തെ സാര്‍വ്വത്രിക സുന്നഹദോസ് നിഖ്യാ 747 എ.ഡി.) സ്ലീബായുടെയും ഐക്കോണുകളുടെയും ആരാധന ദൈവത്തിനു നല്‍കുന്ന ആരാധനയാണെന്നും അതില്‍ തെറ്റൊന്നുമില്ലെന്നു മാത്രമല്ല യഥാര്‍ത്ഥ ക്രിസ്തീയ ആരാധനയ്ക്കു സ്ലീബായുടെയും പരിശുദ്ധന്മാരുടെയും രൂപങ്ങള്‍ക്ക് നല്‍കുന്ന വന്ദനവ് (ആരാധനയല്ല) സഹായകവും അത്യന്താപേക്ഷിതവുമാണെന്നും തീരുമാനിച്ചു.

വിഗ്രഹാരാധനയെന്നു പറയുന്നത് സൃഷ്ടിയിലുള്ള എന്തിനെയെങ്കിലും സ്രഷ്ടാവായിക്കരുതി ആരാധിക്കുന്നതിനെയാണ്. മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിനെയല്ലാതെ സൃഷ്ടിയിലുള്ള മറ്റു യാതൊന്നിനെയും നമുക്ക് ദൈവമായി ആരാധിപ്പാന്‍ സാദ്ധ്യമല്ല. എന്നാല്‍ കര്‍ത്താവിന്‍റെ ക്രൂശും കബറിടവും ഒക്കെ നമ്മുടെ രക്ഷയ്ക്കായി കര്‍ത്താവ് നിര്‍വ്വഹിച്ച പ്രവര്‍ത്തിയുടെ അവിഭാജ്യ ഘടകങ്ങളായതുകൊണ്ട് അവയ്ക്ക് നാം നല്‍കുന്ന വന്ദനവ് ക്രിസ്തുവിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനു നാം നല്‍കുന്ന വന്ദനവാണ്. ക്രൂശിനെ വന്ദിക്കുന്നതില്‍ ആരാധനയുണ്ടെങ്കില്‍ ആ ആരാധന ക്രൂശിനല്ല ക്രൂശിതനായ ക്രിസ്തുവിനാണ് നല്‍കപ്പെടുന്നത്. പരിശുദ്ധന്മാരെ വന്ദിക്കുന്നതിലും അടങ്ങിയിട്ടുള്ളത് അവരില്‍കൂടെ കാണപ്പെടുന്ന ദൈവത്വത്തെയുള്ള വന്ദനയാണ്. പരിശുദ്ധ പിതാക്കന്മാര്‍ ദൈവവാഹികളായിരുന്നതുകൊണ്ടാണ് അവരെയും അവരുടെ ചിത്രങ്ങളെയും നാം വന്ദിക്കുന്നത്.

ആരാധന എപ്പോഴും പിതാവും പുത്രനും പരിശുദ്ധ റൂഹായുമാകുന്ന ഏക ദൈവത്തിനാണ് സമര്‍പ്പിയ്ക്കപ്പെടുന്നത്. എന്നാല്‍ വന്ദനവ് ദൈവസിംഹാസനമായ ത്രോണോസിനും രക്ഷായുധമായ സ്ലീബായ്ക്കും ദൈവബന്ധമുള്ള മറ്റു പലതിനോടുമാകാം.