33-ാമത്. വിശുദ്ധ പിതാവാകുന്ന മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ ഈ മലയാളത്തില്‍ എത്തിയ നാള്‍ മുതല്‍ തന്നെ മൂറോന്‍ ഇവിടെ നന്നാ ദുര്‍ല്ലഭം എന്നറിഞ്ഞ് ആയത് കൂദാശ ചെയ്യുന്നതിന് വിചാരിച്ചാറെ ആ വകയ്ക്ക് വേണ്ടപ്പെടുന്ന മരുന്നുകള്‍ കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് മുതലായ സ്ഥലങ്ങളില്‍ അന്വേഷിച്ചാറെ ഇല്ലാഞ്ഞതിനാല്‍ ആ വിവരത്തിനു ബാവായുടെ സ്നേഹിതന്‍ ആകുന്ന യഹൂദന്‍ ദാവീദ് ദോസോന്‍റെ പേര്‍ക്കും മിസ്രയിനില്‍ ഈഗുപ്തായ പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്കും എഴുതി അയച്ചു. മേല്‍പ്പറഞ്ഞ യഹൂദനും പാത്രിയര്‍ക്കീസും കല്പനപ്രകാരം ഉള്ള മരുന്നുകള്‍ ഒക്കെയും കൊടുത്തയച്ചു. പാത്രിയര്‍ക്കീസ് ബാവായുടെ പേര്‍ക്ക് മേല്‍വിലാസം വച്ച് ഒരു പെട്ടിയില്‍ അത്രേ അയച്ചത്. ആ വകയ്ക്ക് 40 രൂപാ വരെ ചിലവ് വന്നു. പിന്നീട് യഹൂദന്‍ അയച്ചത് ബാവായുടെ അടുക്കല്‍ എത്തിപ്പാന്‍ വേണ്ടി കൊച്ചിയില്‍ ഏലിയാ റാബി എന്ന യഹൂദന്‍റെ പേര്‍ക്ക് വിലാസവും വച്ച് ഒരു പെട്ടിയില്‍ അത്രേ ആയത് അയച്ചത്. ആ വകയ്ക്ക് 70-ല്‍ ചില്വാനം രൂപാ വരെ ചെലവ് വന്നു. ഈ മരുന്നുകള്‍ രണ്ട് കൂട്ടവും കരിങ്ങാശ്ര പള്ളിയില്‍ എഴുന്നള്ളി ഇരിക്കുമ്പോള്‍ തന്നെ വന്നുചേര്‍ന്നു എങ്കിലും സുന്നഹദോസിന്‍റെ ശേഷം അത്രേ മൂറോന്‍ കൂദാശ ചെയ്യണമെന്ന് ഉറച്ചു.
ആ വകയ്ക്ക് വേണ്ടപ്പെടുന്ന പച്ച സൈത്തുകള്‍ പള്ളികളില്‍ നിന്ന് വരുത്തുവാന്‍19 കല്പിച്ചപ്രകാരം റമ്പാന്മാര്‍ വടക്കേ ദിക്കിലുള്ള എല്ലാ പള്ളിക്കാര്‍ക്കും 20-ല്‍ കൂടാതെയും 5-ല്‍ കുറയാതെയും പള്ളികളുടെ യഥാശക്തിക്ക് തക്കവണ്ണം സൈത്തുംകുപ്പി വാങ്ങിച്ച് കൊടുത്തയപ്പാന്‍ എഴുതി അയച്ചു. അതുപ്രകാരം പള്ളിക്കാര്‍ കൊടുത്തയച്ച സൈത്തുകള്‍ വന്നുചേര്‍ന്ന ഉടനെ ആ സൈത്തുകള്‍ ഒക്കെയും ഒരു പാത്രത്തില്‍ ആക്കി. മുന്‍പറഞ്ഞ മരുന്നുകളും ഈ രാജ്യത്തുള്ളതില്‍ സുഗന്ധവാസനയുള്ളതുമായ പലതും മേല്പറഞ്ഞ സൈത്തില്‍ പൊടിച്ചിട്ടു. ഏകദേശം 15 നാഴിക വരെ തിളപ്പിച്ച് അരിച്ചെടുത്തു. മദ്ബഹായില്‍ വടക്കേ ചുമരിന്മേല്‍ ഒരു അലമാരി പോലെ വെട്ടി ഉണ്ടാക്കി കതകും മറ്റും വച്ച് മേല്‍പ്പറഞ്ഞ സൈത്ത് പാത്രങ്ങളില്‍ ആക്കി ഈ മാസം 27-ാം തീയതി അവിടെ വച്ച് സൂക്ഷിച്ചിരിക്കുന്നു. കൂദാശ ഇന്നപ്പോള്‍ എന്ന് നിശ്ചയിച്ചില്ല. എങ്കിലും താമസം അധികം ഇല്ലെന്ന് തോന്നുന്നു. ഇതിനിടയില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മെത്രാന്‍റെ സ്ഥാനം കൊടുക്കണമെന്ന് കല്പിക്കുന്നുണ്ട്. ആയത് നിശ്ചയമായി ഉറച്ചില്ല.
മൂറോന്‍ കൂദാശ നിശ്ചയിച്ച് വടക്കും തെക്കുമുള്ള എല്ലാ പള്ളിക്കാര്‍ക്കും റമ്പാന്മാരുടെ പേര്‍ക്ക് കല്പനയായി എഴുതി അയച്ചു. ആയതിന്‍റെ പകര്‍പ്പ്: കണ്ടനാട്ട് പള്ളിക്കാര്‍ക്ക്:
ശുദ്ധ മൂറോന്‍ കൂദാശ ഈ പള്ളിയില്‍ വച്ച് ചിങ്ങം 15-ന് ഞായറാഴ്ച കഴിക്കണമെന്നും വിവരം പള്ളിക്കാരെ അറിയിക്കണമെന്നും വിശുദ്ധ പിതാവ് കല്പിച്ചിരിക്കുന്നു. കൂദാശയ്ക്ക് എല്ലാ ജനങ്ങളും കൂടി സംബന്ധപ്പെട്ട് വാഴ്വ് കൈക്കൊള്ളുന്നതു കൂടാതെ ജനങ്ങള്‍ താന്താങ്ങളുടെ യഥാശക്തിപ്രകാരം കൈമുത്തു വയ്ക്കയും പതിവാണ്. നിങ്ങളും ഒരുങ്ങപ്പെട്ട് വന്നുചേര്‍ന്നുകൊള്ളണം. വിശേഷിച്ചും കൂദാശയ്ക്ക് 12 ധൂപക്കുറ്റി വേണ്ടപ്പെട്ടിരിക്കുന്നതിനാല്‍ ആ പള്ളിയിലെ വെള്ളിധൂപക്കുറ്റി ശനിയാഴ്ച അസ്തമിക്കുമ്പോഴേക്ക് ഇവിടെ എത്തിക്കുന്നത് കൂടാതെ പട്ടക്കാര്‍, ശെമ്മാശന്മാര്‍ മുതല്‍പേര്‍ക്ക് കാപ്പ മുതലായ സ്ഥാന ഉടുപ്പുകള്‍ കൂടി ഉണ്ടായിരിക്കയും വേണം. എന്ന് കല്പനപ്പടി ദയറോയോ ഗീവറുഗീസ്. 1876 കര്‍ക്കിടകം 31-ന് മുളന്തുരുത്തിപ്പള്ളിയില്‍ നിന്നും.
… 35-ാമത് ലക്കം. മൂറോന്‍ കൂദാശയെക്കുറിച്ച് 33-ാം ലക്കത്തില്‍ പറഞ്ഞിരിക്കുംവണ്ണം കൂദാശയ്ക്ക് മുമ്പ് 13-ാം തീയതി വെള്ളിയാഴ്ച മാര്‍ ഗ്രീഗോറിയോസ് ബാവാ കുര്‍ബ്ബാന ചൊല്ലി. ബസ്മല്‍ക്കോക്കു ശേഷം വിശുദ്ധ പിതാവും ഗ്രീഗോറിയോസ് ബാവായും ശേഷം റമ്പാന്മാര്‍, പട്ടക്കാര്‍ മുതലായവര്‍ ഒക്കെയും അവരുടെ സ്ഥാന ഉടുപ്പാകുന്ന കാപ്പാ മുതലായത് ധരിച്ചുംകൊണ്ട് കൊട, കുരിശ്, കൊടി, ധൂപക്കുറ്റി, മറുവഹസാ മുതലായത് എടുത്ത് രണ്ട് പന്തിയായിട്ടും അണിനിരന്നായിട്ടും പള്ളിയില്‍ നിന്ന് വടക്കേ വാതില്‍ കടന്ന് ഇറങ്ങി. വാതുക്കല്‍ പുറത്തു വച്ച് വിശുദ്ധ പിതാവാകുന്ന മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ ഏവന്‍ഗേലിയോനില്‍ വായിച്ചു. പിന്നീട് അവിടെനിന്നും പുറപ്പെട്ട് പടിഞ്ഞാറേ വാതില്ക്കല്‍ പുറത്തുനിന്ന് അനുവാദത്തോടു കൂടി ഗ്രീഗോറിയോസ് ബാവാ ഏവന്‍ഗേലിയോന്‍ നിന്ന് വായിച്ചു. പിന്നീട് മേല്‍പ്പറഞ്ഞപ്രകാരം തെക്കേ വാതില്ക്കല്‍ വച്ചും ഏവന്‍ഗേലിയോന്‍ വായിച്ചു. പള്ളിയകത്ത് പ്രവേശിച്ച് മൂറോനായി ഏനപ്പെടുത്തി വച്ചിരിക്കുന്ന സ്ഥലത്ത് ധൂപം വച്ചു. അതിന്‍റെ ശേഷം കുര്‍ബാന ചൊല്ലി തികച്ചത്. ഈ പ്രദക്ഷിണത്തില്‍21 വിശേഷമായ സംഗീതങ്ങള്‍ ചൊല്ലി അത്രേ പ്രദക്ഷിണം ചെയ്തത്.
പിന്നീട് 14-ാം തീയതി ശനിയാഴ്ചയും മേല്‍പ്രകാരം കുര്‍ബാനയുടെ പാതിയില്‍ പുറപ്പെട്ട് പ്രദക്ഷിണം വച്ചു. അതിന്‍റെ ശേഷം കുര്‍ബാനയില്‍ തികച്ചു. 15-ാം തീയതി ഞായറാഴ്ച പുലര്‍ച്ചയില്‍ നമസ്കാരം കഴിഞ്ഞ ശേഷം മാര്‍ ഗ്രീഗോറിയോസ് ബാവായും പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും റമ്പാന്മാര്‍, പട്ടക്കാര്‍, ശെമ്മാശന്മാര്‍ മുതലായവരും ഏറിയ ജനക്കൂട്ടവും കൂടി. പട്ടക്കാരും ബാവായും മെത്രാച്ചനും ശെമ്മാശന്മാരും അവരവരുടെ സ്ഥാന ഉടുപ്പോടു കൂടി, ധൂപക്കുറ്റി, മറുവഹസാ, കുട, കുരിശ് മുതലായതിനോടു കൂടി 13-ാം തീയതി വെള്ളിയാഴ്ച ചുറ്റിയപ്രകാരം പള്ളിക്കു പ്രദക്ഷിണം വച്ചു. മൂന്ന് വാതിലിനു പുറത്തു നിന്നും ഏവന്‍ഗേലിയോന്‍ വായിച്ചു. പള്ളി അകത്തു പ്രവേശിച്ച് പിന്നെയും ഏറിയ സൂഗീസാകളും കോലോകളും ബോവൂസാകളും ചൊല്ലി പഴമയും പുതുമയും വായിച്ചു. അതിന്‍റെശേഷം വിശുദ്ധ മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ കാപ്പ മുതലായ സ്ഥാന ഉടുപ്പുകള്‍ ഇട്ട് വാരി കൊണ്ട് കെട്ടി ഉണ്ടാക്കി വെള്ള ശീലകള്‍ കൊണ്ട് ചുറ്റും മറച്ചിരുന്ന കുബ്സാ എന്നു പേരാകുന്നതിന്‍റെ ഉള്ളില്‍ ഒരു ചെറിയ കുപ്പിയില്‍ ശുദ്ധ മൂറോന്‍റെ സൈത്തും എടുത്ത് ശുദ്ധ മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ കയറി നിന്നു. അതിനെ പട്ടക്കാര്‍ ക്രമമായി എടുത്ത് ഗ്രീഗോറിയോസ് ബാവായും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മുമ്പില്‍ ധൂപക്കുറ്റി ആയിട്ടും ഈ കുബ്സായുടെ മേലില്‍ ശെമ്മാശന്മാര്‍ 12 മറുവഹസാ പിടിച്ചും പട്ടക്കാര്‍ മെഴുകുതിരി കത്തിച്ച് പിടിച്ചും സ്ലീബായും ഏവന്‍ ഗേലിയോന്‍ പുസ്തകവും എടുത്തു പന്തികളായിട്ടും നിരകളായിട്ടും ശുദ്ധ മോറാന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കുബ്സാക്ക് ചുറ്റി നിന്ന് മദ്ബഹായില്‍ നിന്ന് പുറപ്പെട്ട് വടക്കേ വാതില്‍ കടന്ന് പള്ളിക്ക് പ്രദക്ഷിണം വച്ച് തെക്കേ വാതിലില്‍ കൂടെ പ്രവേശിച്ച് മദ്ബഹായില്‍ പൂകി. ശുദ്ധ മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ കയ്യില്‍ ഇരുന്ന ചെറിയ കുപ്പിയിലെ ശു. മൂറോനും ശേഷം ഉണ്ടായിരുന്ന വലിയ കുപ്പിക്കുള്ളിലും ത്രോണോസിന്മേല്‍ എടുത്തുവച്ചു. പിന്നെയും കൂദാശയ്ക്കുള്ള ക്രമങ്ങള്‍ തുടങ്ങി. ഏറിയ ബോവൂസാകളും സംഗീതങ്ങളും കോലോകളും ശ്ലീഹാകളും ഏവന്‍ഗേലിയോനും മറ്റും ചൊല്ലിക്കഴിഞ്ഞ ശേഷം പിന്നെയും വിശുദ്ധ മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ മുമ്പിലത്തെ ചെറിയ കുപ്പിയിലെ മൂറോന്‍ എടുത്തുംകൊണ്ട് അവിടെ നിന്നും ഇറങ്ങി. പള്ളിയുടെ നടയില്‍ വച്ചിരുന്ന സിംഹാസനത്തില്‍ കയറിനിന്ന് കിഴക്കും പടിഞ്ഞാറും തെക്കും വടക്കും തിരിഞ്ഞ് ചില ചൊല്ലുകളും ചൊല്ലി. അവിടെ നിന്നും ഇറങ്ങി തിരികെ മദ്ബഹായില്‍ വന്ന് ത്രോണോസിന്മേല്‍ കുപ്പി വച്ച് പിന്നെയും ഏറിയ സംഗീതങ്ങള്‍ ചൊല്ലിയശേഷം സ്ലീബാ എടുത്തു ശുദ്ധ മൂറോനെ വാഴ്ത്തി പിന്നീട് ഈ കഴിച്ചതിന്‍റെ ക്രമങ്ങളുടെ വിവരവും ശുദ്ധ മൂറോന്‍റെ വലിപ്പവും ജനത്തോട് അറിയിപ്പാന്‍ കല്പിച്ചു. ആയതു അറിയിച്ചു കഴിഞ്ഞതിന്‍റെ ശേഷം മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ കുറുബാനയില്‍ തുടങ്ങി. കഴിഞ്ഞശേഷം കൂദാശ ചെയ്യാതെ ഇതില്‍ നിന്ന് എടുത്തു വച്ചിരുന്ന സൈത്തില്‍ നിന്ന് ജനത്തെ പൂശുവാന്‍ കല്പിച്ചു. അതിന്‍റെ ശേഷം പൂശി ജനമൊക്കെയും വഴിപാടിട്ടു. 120 രൂപാ വരെ ഉണ്ടായിരുന്നു. ആ രൂപാ മുഴുവനും ശുദ്ധ മോറാന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അവകാശം ആയിരുന്നു. അതിനാല്‍ അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു. ഈ ശുദ്ധ മൂറോന്‍ കൂദാശയ്ക്ക് തെക്കു നിന്നും വടക്കു നിന്നും ആയി ഏകദേശം 500-ല്‍ അധികം പട്ടക്കാരും 4000-ല്‍ അധികം ജനങ്ങളും കൂടീട്ടുണ്ടായിരുന്നു.
(ശെമവൂന്‍ മാര്‍ ദീവന്നാസ്യോസിന്‍റെ നാളാഗമത്തില്‍ നിന്നും. കണ്ടനാട് ഗ്രന്ഥവരി, എഡി. ഫാ. ഡോ. ജോസഫ് ചീരന്‍,എം.ജെ.ഡി.എം. പബ്ലിഷേഴ്സ്, കുന്നംകുളം, പേജ് 39-340, 342-344)