മറക്കുവാനാകുമോ ആ പഞ്ചപാണ്ഡവരേ? / ഡോ. സിബി തരകന്‍

മലങ്കര ഓര്‍ത്തഡോക്സ് സഭ ഇന്നൊരു സ്വതന്ത്ര ക്രൈസ്തവ സഭയാണ്. അതിന്‍റെ സ്വാതന്ത്ര്യം അക്ഷീണമായ ആലോചനയാലും സുധീരമായ കര്‍മ്മപദ്ധതിയാലും നേടിയെടുത്ത ഒരു കൂട്ടം നേതാക്കന്മാരെ നമ്മള്‍ മറന്നുകളഞ്ഞിട്ട് ഏറെ നാളായി. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് സംസിദ്ധമായ സ്വാതന്ത്ര്യം ഈ നേതാക്കന്മാരുടെ പ്രവര്‍ത്തനഫലമാണ് എന്നുള്ള സത്യം ഇന്ന്, ചില ചരിത്രപുസ്തകങ്ങളിലും പഴകിപ്പൊടിഞ്ഞു തുടങ്ങിയ ചില പത്രമാസികകളിലുമായി ഒളിഞ്ഞുകിടക്കുന്നു. സഭ അതിന്‍റെ ആത്മീയ നേതാക്കന്മാരെ യഥാകാലം ഓര്‍മ്മിക്കാറുണ്ടെങ്കിലും, അവരുടെ ചിന്തകളെയും പ്രവൃത്തികളെയും സുദൃഢമായി സ്വാധീനിച്ച-എന്നുതന്നെയല്ല നിയന്ത്രിക്കുക തന്നെ ചെയ്ത ഈ അത്മായ നേതാക്കന്മാരെ ഓര്‍മ്മിക്കാതിരിക്കുക എന്നത് ഒരു നിര്‍ബന്ധമോ എന്നു തോന്നത്തക്കവിധത്തില്‍ ആ അവഗണന ഇന്ന് വളര്‍ന്ന് വലുതായിരിക്കുന്നതായും നമ്മള്‍ കാണുന്നു. ചരിത്രം വിസ്മരിക്കപ്പെട്ടാല്‍ സഭയുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടും എന്നത് നാം മറന്നുകൂടാ. ഒരു കാലഘട്ടത്തില്‍ സഭയ്ക്ക് കാവലും തൂണും ആയിരുന്ന ഈ നേതാക്കന്മാര്‍ ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്. ആരൊക്കെയാണ് ചരിത്രാംശങ്ങളായിത്തീര്‍ന്ന, അതുകൊണ്ടുതന്നെ വിസ്മരിക്കപ്പെട്ടുപോയ ആ മഹാരഥന്മാര്‍? ഒരു പശ്ചാത്താപബോധത്തോടുകൂടിത്തന്നെ ഇതിന് മറുപടി പറയട്ടെ; ഇ. ജെ. ജോണ്‍ വക്കീല്‍, കെ. സി. മാമ്മന്‍മാപ്പിള, റാവുസാഹിബ് ഒ. എം. ചെറിയാന്‍, എ. എം. വര്‍ക്കി, എം. എ. ചാക്കോ എന്നിവരായിരുന്നു ഓര്‍ത്താല്‍ നമ്മെ ഞെട്ടിപ്പിക്കുന്നതരത്തില്‍ നേതൃത്വവീര്യവും ധീരതയും പ്രകടിപ്പിച്ച ആ മഹാത്മാക്കള്‍. ഇവരില്‍ ആരാണ് മുമ്പന്‍ എന്ന ചിന്ത പ്രസക്തമല്ലതന്നെ; പ്രസക്തമായത് ഇവര്‍ സഭാജീവിതത്തെ എപ്രകാരം കര്‍മ്മോജ്വലമാക്കി എന്നുള്ളതാണ്. ഇവരുടെ ജീവചരിത്രം സഭാചരിത്രത്തിന്‍റെ ഭാഗമാണ്; സഭയുടെ ആധുനിക ചരിത്രം ഇവരുടെ ജീവിതത്തിന്‍റെ ഭാഗവുമാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നവീനകാല ചരിത്രം – അതിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ ചരിത്രം – ഈ പഞ്ചപാണ്ഡവരുടെ വീരചരിത്രത്തിന്‍റെ ഇഴതിരിയാത്ത സൗന്ദര്യമാണ്. ആ സൗന്ദര്യത്തെ ഇഴതിരിച്ച് കാട്ടുന്നതോ, ഒരിഴ പൊട്ടിച്ച് പ്രദര്‍ശനത്തിനു വയ്ക്കുന്നതോ അനൗചിത്യമായിരിക്കും. അനൗചിത്യം രസഭംഗത്തിനു കാരണമാകുമെന്ന് പുരാതനാചാര്യന്‍ പറയുന്നു. ആചാര്യവചനത്തെ അംഗീകരിച്ചുകൊണ്ടുതന്നെ ഇഴപൊട്ടിക്കല്‍ എന്ന മഹാപരാധത്തിന് (ഉദ്ദേശ്യശുദ്ധിക്ക് മാപ്പുനല്‍കുക) ഈ ലേഖകന്‍ ശ്രമിക്കുകയാണ്.

റാവുസാഹിബ് ഒ. എം. ചെറിയാന്‍ മനുഷ്യരൂപം കൈക്കൊണ്ട പൗരുഷമായിരുന്നു. വാക്കിലും നോക്കിലും ചലനത്തിലും പൗരുഷം പ്രസരിപ്പിച്ച ആ മനുഷ്യന്‍ പാണ്ഡവന്മാരില്‍ വച്ച് അര്‍ജ്ജുനനായിരുന്നു. ആ അര്‍ജ്ജുന തേജസ്വി സഭയ്ക്കുവേണ്ടി ചെയ്തു കൂട്ടിയ കാര്യങ്ങള്‍ മുഴുവന്‍ വിശദീകരിക്കുക ഇത്തരമൊരു ചെറിയ ലേഖനത്തിന്‍റെ ഉദ്ദേശ്യമല്ല. ആ മഹായജ്ഞങ്ങള്‍ ഏതാനും കടലാസുകളില്‍ ഒതുങ്ങുന്നതുമല്ല. അതുകൊണ്ട് ഒരു ദിങ്മാത്ര ദര്‍ശനം മാത്രമാണ് നമുക്കിപ്പോള്‍ സാധിക്കുക. ഒ. എം. ചെറിയാന്‍റെ ജീവിതത്തിന്‍റെ പൂര്‍വ്വാര്‍ദ്ധവും ഉത്തരാര്‍ദ്ധവും സഭയുടെ പ്രവര്‍ത്തനങ്ങളോട് എപ്രകാരം പ്രതികരിച്ചു എന്നുള്ളതിന് ഓരോ ഉദാഹരണം കാണിക്കുക മാത്രമേ ഈ ലേഖനത്തില്‍ ചെയ്യുന്നുള്ളു.

‘മലങ്കര സുറിയാനി മഹാജനസഭ’യുടെ രണ്ടാമത്തെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ഒ. എം. ചെറിയാനെ നമുക്ക് പരിചയപ്പെടാം. ‘സഭ’യുടെ ഒന്നാമതു വാര്‍ഷിക സമ്മേളനം 1081 മേടം 21-ന് (1906 ഏപ്രില്‍) തുമ്പമണ്‍ മാര്‍ ഗ്രിഗോറിയോസ് സ്കൂളില്‍ വെച്ചാണ് നടന്നത്. ‘മലങ്കര സുറിയാനി സാമൂഹ്യ സമ്മേളനം’ എന്ന നാമധേയത്തിലായിരുന്നു അതുവരെയും മേല്‍പ്പറഞ്ഞ പ്രസ്ഥാനം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. കന്നുകുഴിയില്‍ കുരുവിള എന്‍ജിനീയറും (കെ. കെ. കുരുവിള), ഒ. എം. ചെറിയാനും പങ്കെടുത്തതുകൊണ്ടുതന്നെ സഭയുടെ രണ്ടാമതു വാര്‍ഷിക സമ്മേളനം ശ്രദ്ധേയമായിത്തീര്‍ന്നു. 1082 ഇടവം 1 (1907 മെയ് 14) ന് പഴയ സെമിനാരിയില്‍ കൂടിയ ആ സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ കുരുവിള എന്‍ജിനീയറായിരുന്നു. ‘സുറിയാനി സമുദായത്തിന്‍റെ തല്‍ക്കാലാവസ്ഥയെ സംബന്ധിച്ച ചില വിമര്‍ശനങ്ങള്‍’ എന്ന വിഷയം പുരസ്കരിച്ച് ഒ. എം. ചെറിയാന്‍ ആ സമ്മേളനത്തില്‍ പ്രസംഗിച്ചു. “മലയാള ഭാഷാ വിദഗ്ദ്ധനും സൂക്ഷ്മദര്‍ശിയുമായ ചെറിയാന്‍റെ പ്രസംഗം വാചകസൗഷ്ടവംകൊണ്ടും കാര്യസാര പ്രകടനംകൊണ്ടും സവിശേഷം ശ്രവണീയവും സരസ്സവുമായിരുന്നതിനാല്‍ ശ്രോതാക്കളെ എല്ലാം ഒരുപോലെ അപഹൃദചിത്തരാക്കിത്തീര്‍ത്തു” എന്നാണ് മലയാള മനോരമ ആ പ്രഭാഷണത്തെ വിലയിരുത്തിയത്. ഈ വിലയിരുത്തലില്‍ ‘വാചകസൗഷ്ടവം’ ‘കാര്യസാര പ്രകടനം’ എന്നീ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടെങ്കിലും മറ്റു ചില കാരണങ്ങള്‍ കൊണ്ടാണ് ആ പ്രസംഗം സഭയുടെ ചരിത്രത്തില്‍ സ്ഥാനമുള്ളതായിത്തീരുന്നത്. ആ പ്രസംഗം ഒരേ സമയം ഭൂതകാലത്തിന്‍റെ വിമര്‍ശനവും വര്‍ത്തമാനത്തിന്‍റെ വിശകലനവും ഭാവിയിലേയ്ക്കുള്ള വിരല്‍ചൂണ്ടലുമായിരുന്നു. നാല് ആശയങ്ങളാണ് ആ പ്രസംഗത്തില്‍ പ്രധാനമായി ഉണ്ടായിരുന്നത്.

1. ‘സുറിയാനി സമുദായം വകയായി തിരുവിതാംകൂറിലുള്ള എല്ലാ പള്ളിക്കൂടങ്ങളേയും ഏകശരീരാവയവങ്ങളാക്കുന്നതിന് ഒരു കമ്പാരറ്റീവ് പരീക്ഷ ഉണ്ടാകണം.’

2. ‘സുറിയാനി സമുദായ യുവാക്കന്മാരെ ഉയര്‍ന്നതരം വിദ്യാഭ്യാസം ചെയ്യിക്കുന്നതിനായി ഇംഗ്ലണ്ടില്‍ അയയ്ക്കുന്നതിനായി ഒരു പൊതുധനം ഉണ്ടാവണം. സ്കോളര്‍ഷിപ്പു ധനം വാങ്ങുന്ന ആളുകളില്‍നിന്ന് അവരുടെ ശമ്പളത്തുകയുടെ ഒരു അംശമോ ഇന്‍ഷുറന്‍സു ധനാംശമോ മടക്കിവാങ്ങി പൊതുധനത്തെ ശാശ്വതീകരിക്കണം.’

3. ‘സ്ത്രീവിദ്യാഭ്യാസ വര്‍ദ്ധനത്തിനു കന്യകാ മഠങ്ങളുടെ പ്രവൃത്തി നല്ലതാണെങ്കില്‍ ആ പ്രവൃത്തിമാര്‍ഗ്ഗത്തെ സ്വീകരിക്കണം. റോമാസമുദായം ഈ മലയാളരാജ്യത്തില്‍ നടത്തിപ്പോരുന്ന കന്യകാമഠങ്ങളുടെ സല്‍ഫലത്തെ ആലോചിക്കുന്നതായാല്‍ ഈ പ്രവൃത്തിമാര്‍ഗ്ഗം സ്വീകാര്യമാണെന്നു തോന്നും.’

4. ‘സമുദായത്തിന്‍റെ ജീവനായിരിക്കുന്ന ദൈവഭക്തിയെ വര്‍ദ്ധിപ്പിക്കേണ്ടതിന് പരിശ്രമം അത്യാവശ്യമായി ചെയ്യപ്പെടണം. ദൈവഭക്തി വര്‍ദ്ധനത്തിന് ഒരു പ്രത്യക്ഷ ആധാരമായിരുന്ന മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ (പരുമല തിരുമേനി) തിരുമനസ്സിലെ തിരോധാനം സ്മരിക്കുന്നതായാല്‍ ദൈവഭക്തി വര്‍ദ്ധന വിഷയമായി വല്ലതും ചെയ്യേണ്ടതാണെന്ന് നാം പ്രബലമായി ആലോചിക്കും. ദൈവഭക്തി വര്‍ദ്ധനത്തിന് ആവശ്യമായ മാര്‍ഗ്ഗം വൈദിക വിദ്യാഭ്യാസം ശരിയായി നടത്തുന്നതാണെന്നല്ലാതെ മനുഷ്യബുദ്ധിക്കു തോന്നാവുന്നതല്ല.’

സമുദായത്തിന്‍റെ വളര്‍ച്ച സമുദായാംഗങ്ങളുടെ സാംസ്കാരികമായ വളര്‍ച്ചയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ആശയങ്ങളുടെ ലോകത്തെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു എന്നത് ശരി തന്നെ. ആ ആശയങ്ങളെ കര്‍മ്മമായി രൂപാന്തരപ്പെടുത്താനുള്ള പ്രായോഗികബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു എന്നുള്ളത് മറ്റ് സ്വപ്നജീവികളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. അദ്ദേഹം ഒരേസമയം തന്നെ നക്ഷത്രപഥങ്ങള്‍ അന്വേഷിച്ച് പറന്നുയരുന്നവനും യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷിച്ച് കാല്‍നടയായി ഭൂമിയില്‍ യാത്ര ചെയ്യുന്നവനുമായിരുന്നു. അത്തരത്തിലുള്ള ഒരാള്‍ക്കല്ലാതെ മേല്‍പ്പറഞ്ഞ ആശയങ്ങളെ പ്രസംഗരൂപത്തില്‍ അവതരിപ്പിക്കുക സാദ്ധ്യമല്ല. ആ പ്രസംഗം ഇക്കാലത്തു നടക്കുന്ന പതിനായിരക്കണക്കിനു പ്രസംഗങ്ങളെപ്പോലെ കാറ്റില്‍ പറന്ന് ഇല്ലാതാവുകയല്ല ഉണ്ടായത്. അതേ സമ്മേളനം തന്നെ അനുകൂലമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ട് ആ പ്രസംഗത്തെ ആദരിച്ചു. സമുദായം വകയായി എല്ലാ വിദ്യാലയങ്ങളിലും ശിക്ഷാക്രമത്തിന് ഐകരൂപ്യം വരുത്തുന്നതിനും പരീക്ഷകള്‍ നടത്തുന്നതിനും മറ്റുമായി ഇ. എം. പീലിപ്പോസ് രജിസ്ട്രാറായുള്ള ഒരു കമ്മിറ്റിയെ ആ യോഗം തെരഞ്ഞെടുത്തു എന്നുള്ളത് ഒ. എം. ചെറിയാന്‍റെ ആശയങ്ങളുടെ പ്രായോഗികതയെ വ്യക്തമാക്കുന്നു.

ഒ. എം. ചെറിയാന്‍റെ ജീവിതത്തിന്‍റെ ഉത്തരാര്‍ദ്ധം സഭയുടെ പ്രവര്‍ത്തനങ്ങളോട് ഏറ്റവും ശക്തമായി പ്രതികരിച്ചതിന് ഒരു ഉദാഹരണം കാണിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചുകൊള്ളാം.

ഒ. എം. ചെറിയാന്‍റെ ജീവിതത്തെ മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ബന്ധിപ്പിച്ചുകൊണ്ട് പൂര്‍വ്വാനുഭവങ്ങളെ ഓര്‍മ്മിക്കാന്‍ ശ്രമിക്കുന്ന പഴയ ആളുകള്‍ ആദ്യം ഓര്‍ക്കുന്നത് ‘കാതോലിക്കേറ്റ് നിധി’ ഉണ്ടാക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പങ്കിനെ സംബന്ധിച്ചാണ്. സമുദായത്തിന്‍റെ ആവശ്യത്തിന് ധനശേഖരണം നടത്തുന്നത് സംബന്ധിച്ച പ്രമേയം 1934 ഡിസംബര്‍ മാസത്തില്‍ നടന്ന ‘മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷനില്‍’ കെ. സി. മാമ്മന്‍മാപ്പിള അവതരിപ്പിച്ചു. ഒ. എം. ചെറിയാന്‍ ഈ പ്രമേയത്തെ അനുകൂലിച്ച് പ്രസംഗിച്ചു. “പ്രതിമാസം പണമായി വരവുള്ള സമുദായാംഗങ്ങളോട് കഴിയുന്നതും വലിയ സംഖ്യകള്‍ പിരിക്കുന്നതിന്” എ. എം. വര്‍ക്കി, കെ. സി. മാമ്മന്‍മാപ്പിള എന്നിവരെയാണ് അസോസ്യേഷന്‍ ചുമതലപ്പെടുത്തിയത്. പ്രതിമാസ ശമ്പളക്കാരായ സുറിയാനി ക്രിസ്ത്യാനികള്‍ അക്കാലത്ത് എത്രയോ കുറവായിരുന്നു! പ്രതിമാസ ശമ്പളക്കാരെ ഒഴിച്ചുനിറുത്തുമ്പോള്‍ പ്രത്യക്ഷമാവുന്ന പതിനായിരക്കണക്കിന് ആളുകളില്‍ നിന്ന് പണം പിരിക്കുക എന്ന ശ്രമസാദ്ധ്യമായ കൃത്യമാണ് അസോസ്യേഷന്‍ ഒ. എം. ചെറിയാനെ ഏല്‍പ്പിച്ചത്. അദ്ദേഹം അത് ഫലപ്രദമായി ചെയ്തുതീര്‍ത്തു എന്നല്ല, ആരിലും അസൂയ ജനിപ്പിക്കുന്നതരത്തില്‍ അത്ഭുതകരമായ നേതൃത്വശക്തിയോടെ അതു ചെയ്തുതീര്‍ത്തു. മലങ്കരയിലെ ഒന്നാമത്തെ പൗരസ്ത്യ കാതോലിക്കായുടെ ഓര്‍മ്മദിവസമായ മേടം 20-ന് (1110 മേടം 20) രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് നാലു മണി വരെയുള്ള പരിശ്രമം കൊണ്ട്, മലങ്കര സമുദായം അഭിവൃദ്ധിക്കുള്ള ആധാരം പ്രതിഷ്ഠിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. ഒന്നാം ലോകമഹായുദ്ധകാലത്ത് റിക്രൂട്ടിങ്ങ് ഓഫീസറായി പ്രവര്‍ത്തിച്ചപ്പോള്‍ കാട്ടിയ കര്‍മ്മശേഷി അദ്ദേഹം ഒരിക്കല്‍ക്കൂടി പ്രദര്‍ശിപ്പിച്ചത് ഈ സന്ദര്‍ഭത്തിലായിരുന്നു. അദ്ദേഹം ഒന്നിനു പിറകെ ഒന്നായി ജനഹൃദയങ്ങളില്‍ ആവേശം വിതറിക്കൊണ്ട്, വിജ്ഞാപനങ്ങളും ലഘുലേഖകളും എഴുതി പ്രസിദ്ധപ്പെടുത്തി. 1935 ജനുവരി മൂന്നാംതീയതി പ്രഭാതത്തില്‍ ‘മലയാള മനോരമ’ അത്തരത്തിലുള്ള ഒന്നാമത്തെ വിജ്ഞാപനവും വഹിച്ചുകൊണ്ടാണ് വായനക്കാരുടെ മുന്നിലെത്തിയത്. ഒ. എം. ചെറിയാന്‍ ഇപ്രകാരം എഴുതി: “സുറിയാനി രക്തം സിരകളില്‍ ഓടുന്നവരും, സുറിയാനിപ്പെണ്ണുങ്ങളുടെ മുലപ്പാലിന്‍റെ രുചി അറിഞ്ഞവരുമായ സകലന്മാരും വിപുലമായ ഈ ധനസമ്പാദന പരിശ്രമത്തില്‍ പങ്കെടുക്കേണ്ടവരാകുന്നു. തോള്‍ കൊടുക്കാത്തവന്‍ ഭാരം അറിയുകയില്ല. ഭാരം അറിഞ്ഞവന്‍ തോള്‍ കൊടുക്കും. സമ്പാദിക്കേണ്ട ധനത്തിന്‍റെ അളവിനെയും സംബന്ധിക്കേണ്ട ആളുകളുടെ എണ്ണം നിമിത്തം ധരിക്കാവുന്ന ശ്വാസബലത്തെയും മുന്‍നിറുത്തി ആലോചിച്ചാല്‍ ഈ കാതോലിക്കേറ്റു നിധിയിലേക്കു കാശെങ്കിലും കൊടുക്കാതെ, ഒരു ഗൃഹമോ ആളോ മലങ്കരയില്‍ ശേഷിച്ചുകൂടാത്തതാകുന്നു. മലങ്കരത്താമസക്കാര്‍ എന്ന പദംകൊണ്ട് ഇവിടെ നിര്‍ദ്ദേശിക്കുന്നത് ഭാരതത്തിലോ ഇതര ഭൂവിഭാഗത്തിലോ, സൂര്യനു കീഴില്‍ എവിടെയും നസ്രാണി എന്ന ചുണയോടുകൂടി താമസിക്കുന്ന സകലരേയും അത്രെ….”

യുവജനങ്ങളെ അദ്ദേഹം ഇപ്രകാരം ആഹ്വാനം ചെയ്തു. “യുവജനങ്ങള്‍ തീ പിടിച്ചു നില്‍ക്കണം. ഈ പ്രസ്ഥാനത്തിന്‍റെ വിജയത്തിന്‍റെ ജീവനാഡിയായി ഞാന്‍ ആശ്രയിക്കുന്നത്, ദൈവം കഴിഞ്ഞ് യുവജനങ്ങളെയാണ്…..”

“… രാവിലെ നിര്‍ദ്ധനമായിരുന്ന സുറിയാനി സമുദായം വൈകുന്നേരം സധനമാകണം എന്നുള്ള പ്രത്യാശ പരിഹാസകാരണമായി പലര്‍ക്കും തോന്നാവുന്നതാണ്. എന്നാല്‍ ആ പരിഹാസത്തെ വഹിച്ചുകൊള്ളാമെന്ന് അഞ്ചുലക്ഷം ആളുകള്‍ അടങ്ങിയ സുറിയാനി സമുദായത്തില്‍ ചുണയും ദൈവാശ്രയവും ഉള്ള ആയിരം ആണുങ്ങള്‍ ഉണ്ടാകുമെങ്കില്‍ പരിഹസിക്കുന്നവരെത്തന്നെ പരിഹാസം തിരിഞ്ഞുകടിച്ചുകൊള്ളും. വിയര്‍ക്കാത്തവന്‍ രുചി അറിയുകയില്ല. മുള്ളുകൊള്ളുവാന്‍ മടിക്കുന്നവന്‍ പൂ പറിക്കുകയില്ല.”

ഇത്തരത്തിലുള്ള വിജ്ഞാപനങ്ങള്‍ മുഖേന മാത്രമല്ല, നൂറുകണക്കിന് പ്രഭാഷണങ്ങള്‍ വഴിയായും ‘കാതോലിക്കേറ്റു നിധി’ എന്ന ആശയം അദ്ദേഹം സുറിയാനി ക്രിസ്ത്യാനികളുടെ ആലോചനകളുടെയും സംഭാഷണങ്ങളുടെയും പ്രധാന വിഷയമാക്കിത്തീര്‍ത്തു. കുന്നംകുളം മുതല്‍ തിരുവിതാംകോടു വരെയുള്ള നസ്രാണികേന്ദ്രങ്ങളിലെല്ലാം ഒ. എം. ചെറിയാന്‍ സഭയ്ക്കുവേണ്ടി തന്‍റെ നാവിന്‍റെ അജയ്യമായ ശക്തി പ്രയോജനപ്പെടുത്തി. അതിന്‍റെ ഫലം അത്ഭുതകരമായിരുന്നു. അനേകമാളുകള്‍ നിധി സംഭരണത്തില്‍ തങ്ങളുടെ പിന്തുണയും സഹായവും ഒ. എം. ചെറിയാന് വാഗ്ദാനം ചെയ്തു. “… യുവജനങ്ങളുടെയിടയില്‍ നാണം വാരിയെറിയുന്ന മി. ചെറിയാന്‍റെ പ്രസ്താവനകള്‍ സുറിയാനി രക്തം സിരകളില്‍ക്കൂടി ഒഴുകുന്ന ഏതൊരുവനെയാണ് ഉത്സാഹിപ്പിക്കാതിരുന്നത്” എന്നും “ഈ നിധി സംബന്ധിച്ച് എന്തും ചെയ്വാനുള്ള സന്നദ്ധതയോടുകൂടിയവരും, പ്രാപ്തിയും ഉത്സാഹവും ഉള്ളവരും ആയ 50-ല്‍ കുറയാതെ വാളണ്ടിയര്‍മാരെ മി. ചെറിയാന്‍ ആവശ്യപ്പെടുന്ന സമയത്ത് ഇവിടെനിന്ന് യാതൊരു പ്രയാസവും കൂടാതെ കിട്ടുന്നതാണ്” എന്നും മറ്റുമുള്ള നിരവധി അനുകൂല പ്രതികരണങ്ങള്‍ അദ്ദേഹത്തിന്‍റെ ഉത്സാഹത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. പ്രസംഗങ്ങള്‍ക്കായി മാത്രമല്ല, പള്ളികളിലുണ്ടായ ഭിന്നതകള്‍ തീര്‍ക്കാനും അദ്ദേഹത്തിന് നിരവധി യാത്രകള്‍ ചെയ്യേണ്ടിവന്നു. നിധിപിരിവ് വലിയ ഒരു ഉത്സവമാക്കാന്‍ എന്തെല്ലാം വേണമോ, അതെല്ലാം ചെയ്യുന്നതില്‍ അദ്ദേഹം അങ്ങേയറ്റം തല്പരനായി. ‘കാതോലിക്കേറ്റുനിധി’ എന്ന പേരില്‍ ഒരു വഞ്ചിപ്പാട്ടുതന്നെ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു.

ആ വഞ്ചിപ്പാട്ട് ഓരോ നസ്രാണികേന്ദ്രങ്ങളിലും അത്യുച്ചത്തില്‍ മുഴങ്ങി. നിധിപ്പിരിവ് ജനങ്ങള്‍ക്ക് ഒരു ഉത്സവമായി. മലങ്കരസഭ അതിനുമുമ്പ് മറ്റൊന്നിനുവേണ്ടിയും ഇത്രമാത്രം ആവേശം കൊണ്ടതായി കാണുന്നില്ല. ‘മലങ്കര സമുദായത്തില്‍ പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെ വിസ്താരമായ നിധിസംഭരണം ഈ മേടമാസം 20-ന് വെള്ളിയാഴ്ച നടക്കത്തക്കവണ്ണം, പ്രചരണകര്‍മ്മങ്ങളും അവസാന ചടങ്ങുകളും ഊര്‍ജ്ജിതമായി നടന്നുവരുന്നു. ഓര്‍തോദുക്സോ സുറിയാനി സമുദായത്തില്‍പ്പെട്ട വൃദ്ധന്മാര്‍ക്കും ബാലന്മാര്‍ക്കും സ്ത്രീകള്‍ക്കും സര്‍വ്വര്‍ക്കും സംഭാഷണവിഷയം ഇതുതന്നെ. മലങ്കരയുള്ള സര്‍വ്വന്മാരും നിധി, നിധി, നിധി എന്ന ആ ചിന്തയില്‍ വ്യാപൃതന്മാരായിരിക്കുന്നു’ എന്ന പത്രറിപ്പോര്‍ട്ട് ജനങ്ങളില്‍ അനുഭവപ്പെട്ട ആവേശത്തിമിര്‍പ്പിന്‍റെ ഒരംശം മാത്രമായിരിക്കാം.

1110 മേടം 20-ന് രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് നാലു മണി വരെയുള്ള ഒന്‍പതു മണിക്കൂര്‍ സമയത്തെ പരിശ്രമം കൊണ്ട് ‘കാതോലിക്കാ സിംഹാസന വ്യവസ്ഥാപിത നിധി’യിലേക്ക് പതിനെണ്ണായിരത്തോളം രൂപ സഭാംഗങ്ങളില്‍ നിന്ന് പിരിച്ചുണ്ടാക്കുക എന്ന അത്ഭുതം യാഥാര്‍ത്ഥ്യമായത് ഒ. എം. ചെറിയാന്‍ നേതൃസ്ഥാനത്തുണ്ടായിരുന്നതുകൊണ്ടു മാത്രമാണ്. നിധി പിരിവ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഒരു വലിയ പുസ്തകമായി അച്ചടിച്ച് ഓരോ പള്ളിക്കും അയച്ചുകൊടുത്തു. ‘മലങ്കരസഭ’ എന്ന ശീര്‍ഷകത്തില്‍ ഒ. എം. ചെറിയാന്‍ അതില്‍ എഴുതിയിട്ടുള്ള പ്രൗഢമായ ഉപന്യാസം ആ ഗ്രന്ഥത്തെ അവിസ്മരണീയമാക്കുന്നു. ‘മലങ്കരസഭ’ എന്ന പേരിലും ‘കാതോലിക്കാ സിംഹാസനം’ എന്ന പേരിലും ആ ഉപന്യാസം പുസ്തകരൂപത്തില്‍ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഒരു പണപ്പിരിവ് നടത്തി എന്നതല്ല നിധി സംഭരണ പ്രസ്ഥാനം കൊണ്ടുണ്ടായ പ്രധാന പ്രയോജനം, കെ. ഐ. വറുഗീസ് മാപ്പിള ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, സമുദായൈക്യബോധത്തെ സൃഷ്ടിക്കുന്നതിന് ഈ നിധി സംഭരണപ്രസ്ഥാനം ഉപയോഗപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രഥമവും പ്രധാനവുമായ പ്രയോജനം.