വീഡിയോ കോണ്‍ഫറന്‍സിലൂടെ ബാവായുടെ സന്ദേശം
കൊച്ചി: വിശ്വാസികളുടെ പ്രാര്‍ത്ഥനാസ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുമ്പോള്‍ അമര്‍ഷവും നിരാശയും ഉണ്ടാവുക സ്വാഭാവികമാണെങ്കിലും അതിനോടുള്ള വിശ്വാസികളുടെ പ്രതികരണം ക്രൈസ്തവമാര്‍ഗത്തില്‍ അധിഷ്ഠിതമാകണമെന്നു പ. പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവ. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന പ്രത്യാശ കൈവിടരുത്. നമ്മുടെ ശ്രമങ്ങള്‍ ഫലവത്താകുന്നതുവരെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും വേരൂന്നിയ പരിഹാരശ്രമങ്ങള്‍ക്കാകണം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം തന്‍റെ അപ്പസ്തോലിക സന്ദേശത്തില്‍ പറഞ്ഞു. യാക്കോബായ സഭയുടെ പാത്രിയര്‍ക്കാ ദിനാഘോഷത്തിനെത്തിയ വിശ്വാസികള്‍ക്കാണ് ബാവാ സന്ദേശം നല്‍കിയത്.
സഭയില്‍ സമാധാനവും സഹവര്‍ത്തിത്വവും കാംക്ഷിക്കുന്നവരാണ് ഇരുവിഭാഗങ്ങളിലുമുള്ള വിശ്വാസികള്‍. സഭയിലെ അനുരഞ്ജനം നീതിയുടെ പരിപാലനത്തിലൂടെ ഏവരുടെയും മാന്യതയെ ഉള്‍ക്കൊണ്ടേ സംജാതമാകൂ. എന്നാല്‍, നമ്മുടെ സമാധാനശ്രമങ്ങളോടു മറുവിഭാഗം പ്രത്യാശാപൂര്‍ണതയോടെ പ്രതികരിക്കുകയോ ആഗ്രഹിച്ചവണ്ണം പ്രശ്നപരിഹാരത്തിനു മെത്രാന്‍ സമിതിയെ നിയമിക്കുകയോ ഉണ്ടായില്ല. ചര്‍ച്ചയ്ക്കായി എല്ലാവിധ പിന്തുണയും ഉറപ്പു കൊടുത്തിട്ടും ഈ വിഷയത്തില്‍ ‘ദേവലോകം’ കാട്ടിയ വിമുഖത നിരാശപ്പെടുത്തുന്നു.
നമ്മുടെ ദേവാലയങ്ങള്‍ കൈവശപ്പെടുത്തി മറുവിഭാഗം വികാരിമാരെ നിയമിക്കുന്നതിനെതിരെ അമര്‍ഷമോ നിരാശയോ പ്രകടിപ്പിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ ആര്‍ക്കും അവകാശമില്ല. എന്നിരുന്നാലും വിദ്വേഷവും അക്രമവും വെടിഞ്ഞ് ക്രൈസ്തവമാര്‍ഗത്തില്‍ നിയമം അനുശാസിക്കുന്ന സമാധാനപൂര്‍ണമായ മാര്‍ഗങ്ങളാകണം അവലംബിക്കേണ്ടത്. എല്ലാം ശരിയാകുമെന്ന ഉറച്ച വിശ്വാസം കൈവിടരുതെന്നും പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.
കേരളത്തിലെ മാറിവന്ന സര്‍ക്കാരുകള്‍ സഭാതര്‍ക്കത്തില്‍ ക്രിയാത്മകമായ നിലപാടുകളാണ് അതതു ഘട്ടങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്. തര്‍ക്കവിഷയങ്ങളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായ നിലപാട് സ്വീകരിക്കുമെന്ന ഉറപ്പുണ്ട്. വിശ്വാസികള്‍ക്കു സഹായകമായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു വിശ്വാസം. ഇന്ത്യയിലേക്കുള്ള തന്‍റെ ആദ്യ അപ്പസ്തോലിക സന്ദര്‍ശനവേളയില്‍ രാജ്യത്തെ ഓരോ പൗരനും മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിരുന്നു.
സ്വന്തം ആരാധനാലയങ്ങളില്‍ അവകാശം ലംഘിക്കപ്പെടുന്നതും പ്രാര്‍ത്ഥന അര്‍പ്പിക്കാനെത്തുന്ന സഭാമക്കളെ തല്ലിച്ചതയ്ക്കുന്നതും മരണാനന്തര പ്രാര്‍ത്ഥനകള്‍ക്കു സെമിത്തേരിയിലേക്കുള്ള പ്രവേശനം തടയുന്നതും അടക്കമുള്ള വെല്ലുവിളികള്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പാത്രിയര്‍ക്കാ ദിനാഘോഷം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കിയ അപ്പസ്തോലിക സന്ദേശം ഇന്ത്യന്‍ അഫയേഴ്സ് സെക്രട്ടറി മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ മലയാളത്തില്‍ പരിഭാഷപ്പെടുത്തി.
(Deepika Daily, 19-2-2018)