അന്ത്യ സന്ദേശം / ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ

മലങ്കരയുടെ
മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും

പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സംസ്ഥാപിതമായ മലങ്കരസഭയിലെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും ശേഷം ജനങ്ങളുമായി നമ്മുടെ പ്രിയ മക്കളായ എല്ലാവര്‍ക്കും വാഴ്വ്.

നമ്മെ ഭരമേല്പിച്ചിട്ടുള്ള ആത്മീകതൊഴുത്തിലെ കുഞ്ഞാടുകളും നമ്മുടെ പ്രേമഭാജനങ്ങളുമായ പ്രിയ മക്കളെ, അല്‍പ ദിവസങ്ങളായി നാം രോഗശയ്യയെ അവലംബിച്ചിരിക്കുന്ന വിവരം നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുമെന്നു വിശ്വസിക്കുന്നു. എഴുപത്താറുവയസ്സു പ്രായമുള്ള വയോ വൃദ്ധനും ഏതാനും സംവത്സരക്കാലമായി വര്‍ദ്ധമാനങ്ങളായ പലതരം ശരീരാസ്വാസ്ഥ്യങ്ങളാല്‍ പീഡിതനുമായ നമ്മുടെ ഐഹിക ജീവിതം ഇതിലധികമായി ദീര്‍ഘിച്ചു കിട്ടണമെന്നാഗ്രഹിക്കാനൊ ആശിക്കാനൊ നമുക്കവകാശമുള്ളതല്ലല്ലൊ. അതിനാല്‍ അലംഘനീയവും കരുണാസംപൂര്‍ണ്ണവുമായ ദൈവഹിതത്തിനു സസന്തോഷം കീഴ്പ്പെടുകയെന്നുള്ളതല്ലാതെ മറ്റൊന്നും ഇപ്പോള്‍ നാം ചെയ്യേണ്ടതായിട്ടില്ല. മലങ്കര സമുദായചരിത്രത്തില്‍ അത്യധികം വിഷമകരമായ ഒരു ഘട്ടത്തില്‍ ഈ സഭയുടെ ഭരണചുമതല അനേകതരം ബലഹീനതകളോടും അയോഗ്യതകളോടും കൂടിയ നാം വഹിക്കണമെന്നാണ് ദൈവം തിരുമനസ്സായത്. ഈ കഴിഞ്ഞ 25 സംവത്സരക്കാലങ്ങളിലെ സംഭവങ്ങളെല്ലാം ഒരു നിഴല്‍പോലെ ഇപ്പോള്‍ കടന്നുപോയിരിക്കുന്നു എന്നിരുന്നാലും അവയുടെ ഫലങ്ങള്‍ സഭയുടെ ഭാവിയെ സാരമായ വിധത്തില്‍ സ്പര്‍ശിക്കാതിരിക്കുന്നതല്ല. അനേകതരം അത്യാപത്തുകളില്‍കൂടി മലങ്കര സമുദായം കടന്നുകൂടിയതു സര്‍വ്വശക്തനായ ദൈവത്തിന്‍റെ കരുണ ഒന്നുകൊണ്ടു മാത്രമാണ്.

പലവിധത്തിലുള്ള ബലഹീനതകള്‍ക്കു വശംവദനായ നമ്മുടെ കുറവുകളെയും അയോഗ്യതകളെയും വിസ്മരിച്ചു ഈ കാലമെല്ലാം നിങ്ങളില്‍ ഓരോരുത്തരും നമ്മുടെ സമുദായത്തിന്‍റെ അഭ്യുദയത്തിനായി ആശയിലധികമായി നമ്മോടു സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നിട്ടുള്ളതിനെപ്പറ്റിയുള്ള സ്മരണയും കൃതജ്ഞതയും നമ്മുടെ അവസാനശ്വാസംവരെ നമ്മില്‍നിന്നു വിട്ടുമാറുന്നതല്ലെന്നു നിങ്ങള്‍ ഉറപ്പായി വിശ്വസിക്കണം. സമുദായനന്മയെ മാത്രം ലാക്കാക്കി നാം സ്വീകരിച്ച പല പദ്ധതികളെപ്പറ്റിയും പരമാര്‍ത്ഥമായ അഭിപ്രായവ്യത്യാസം നമ്മുടെ പ്രിയമക്കളില്‍ ചിലര്‍ക്കെല്ലാം ഉണ്ടായിട്ടുണ്ടെന്നുള്ള സംഗതിയെപ്പോലെ മര്‍മ്മഭേദകമായ വേറൊരു സ്മരണ ഈ ഘട്ടത്തില്‍ നമുക്കില്ല. പ്രിയമക്കളെ നാമെല്ലാവരും മനുഷ്യസാധാരണങ്ങളായ പലതരം ബലഹീനതകളോടുകൂടിയവരാണെന്നും നമ്മുടെ പിതാക്കന്മാര്‍ വളരെ വാശിയോടും ദണ്ഡത്തോടും കൂടി നടത്തിയ പല വഴക്കുകളും തര്‍ക്കങ്ങളും എത്രയും നിസ്സാരങ്ങളും ബുദ്ധിശൂന്യങ്ങളുമായി നമുക്കിപ്പോള്‍ തോന്നാറുള്ളതുപോലെ എത്രയും ഘനമേറിയവയെന്നു നാം കണക്കാക്കിവരുന്ന മിക്ക സംഗതികളും ഭാവി തലമുറയിലെ ആളുകള്‍ നിസ്സാരങ്ങളും ബുദ്ധിശൂന്യങ്ങളുമായവയെന്നു വിധിക്കാനിടയുണ്ടെന്നും നിങ്ങള്‍ ധരിച്ച്, ചെറിയ ആട്ടിന്‍ കൂട്ടമാകുന്ന നമ്മുടെ പാവപ്പെട്ട സഭ ഛിന്നഭിന്നമായിത്തീരാതിരിക്കാനായി സകല വാശികളും വഴക്കുകളും ഉപേക്ഷിച്ചും സഭയുടെ യോജിപ്പിനായി യഥാര്‍ത്ഥമായ സ്വാര്‍ത്ഥപരിത്യാഗത്തോടുകൂടിയും സര്‍വ്വാത്മനാ പ്രയത്നിക്കണമെന്നുള്ളതു ദൈവസന്നിധിയില്‍ നിങ്ങളുടെ സര്‍വപ്രധാനമായ ചുമതലയായി നമ്മുടെ പ്രിയ മക്കളില്‍ ഓരോരുത്തരും സ്വീകരിക്കണമെന്നു നമ്മുടെ അവസാന ശ്വാസത്തോടുകൂടി നാം പ്രബോധിപ്പിച്ചുകൊള്ളുന്നു. ഫറവോനെപ്പോലെ ഹൃദയകാഠിന്യമുണ്ടാകാതെ നമ്മുടെ കര്‍ത്താവില്‍ നിന്ന് അനുഗ്രഹംപ്രാപിച്ച ചെറിയ ശിശുക്കളെപ്പോലെയുള്ള മാര്‍ദ്ദവഹൃദയത്തോടുകൂടി നമ്മുടെ ഈ അപേക്ഷയെ നിങ്ങള്‍ സ്വീകരിക്കുമെന്നു നാം വിശ്വസിച്ചുകൊള്ളുന്നു. നിങ്ങളെല്ലാവരും അന്യോന്യം കുറ്റങ്ങളെപ്പറ്റി മാപ്പുചോദിക്കയും ക്ഷമിക്കയും സഹിക്കയും ചെയ്യുന്നതായാലല്ലാതെ അവസാന വിധികര്‍ത്താവിന്‍റെ സന്നിധിയില്‍ നിങ്ങള്‍ക്കും കരുണയും പാപമോചനവും ലഭിക്കുന്നതല്ലെന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. നമ്മുടെ അസ്ഥികള്‍ നമ്മുടെ പിതാക്കന്മാരുടെ അസ്ഥികളോടുകൂടി ചേര്‍ന്നശേഷവും നമ്മുടെ എളിയ സഭയുടെ യോജിപ്പിനായി സകല വാദങ്ങളും വഴക്കുകളും മറന്നു പ്രവര്‍ത്തിക്കാനുള്ള സല്‍ബുദ്ധി നിങ്ങളില്‍ നിലനില്‍ക്കണമെന്നുള്ള നമ്മുടെ ബലഹീനമായ പ്രാര്‍ത്ഥന എപ്പോഴും ദൈവസന്നിധിയില്‍ അര്‍പ്പിക്കപ്പെടുന്നതാണെന്നു നിങ്ങള്‍ വിശ്വസിച്ചുകൊള്ളണം. ഒരേ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവുമെങ്കിലും നമ്മുടെ സഭയില്‍ നിന്നു പിരിഞ്ഞുപോയിട്ടുള്ള സഹോദരസമുദായങ്ങളുമായി യോജിപ്പുണ്ടാക്കണമെന്നു നമ്മുടെ ഹൃദയത്തിന്‍റെ അഗാധത്തില്‍ വളരെക്കാലമായി വേരൂന്നിയിരുന്ന ആഗ്രഹം സഫലീഭവിപ്പിക്കാനായി സര്‍വപ്രകാരേണ പരിശ്രമിക്കണമെന്നുള്ളതും നമ്മുടെ അവസാനശ്വാസത്തോടുകൂടി നിങ്ങളെ നാം ഭരമേല്പിക്കുന്ന ഒരു ചുമതലയും ഭാരവുമായി നിങ്ങള്‍ സ്വീകരിക്കണമെന്നു നാം ആഗ്രഹിക്കുന്നു.

നമ്മുടെ സഭയുടെ നിലനില്‍പിനും ക്ഷേമത്തിനും മേല്‍ഗതിക്കും ഒഴിച്ചുകൂടാത്ത അത്യാവശ്യമെന്നു നിങ്ങളില്‍ പലരും നമ്മോടുകൂടി പരമാര്‍ത്ഥമായി വിശ്വസിക്കുന്നതും ഇതേവരെയായി പല പ്രയാസങ്ങള്‍ സഹിച്ചു നാമെല്ലാവരും സംരക്ഷിച്ചുകൊണ്ടിരിക്കുന്നതുമായ കാതോലിക്കാസ്ഥാപനത്തെ പുലര്‍ത്തിക്കൊണ്ടുപോകാനുള്ള ചുമതലയും നാം നിങ്ങളില്‍ ഓരോരുത്തരിലും സമര്‍പ്പിച്ചുകൊള്ളുന്നു.

കടശ്ശി, പ്രിയമക്കളെ! നീതിമാന്‍ ആരുമില്ല ഒരുത്തന്‍പോലുമില്ല. നമ്മുടെ കര്‍ത്താവിന്‍റെ രക്തത്താലല്ലാതെ ഒരു നീതിമാനും നീതീകരിക്കപ്പെടുന്നില്ല. നമ്മുടെ ഭരണകാലത്തു നാം നിങ്ങളില്‍ ആരെയെങ്കിലും വ്യസനിപ്പിക്കയൊ നഷ്ടപ്പെടുത്തുകയൊ മനസ്സോടും മനസ്സു കൂടാതെയും അറിവോടും അറിവു കൂടാതെയും വല്ല ദോഷവും ചെയ്കയൊ ചെയ്തുപോയിട്ടുണ്ടെങ്കില്‍ അവയെല്ലാം പാപികള്‍ക്കുവേണ്ടി തന്‍റെ ജീവനെ ഏല്‍പിച്ചുകൊടുക്കയും തന്നെ കുരിശില്‍ തൂക്കിയവര്‍ക്കുവേണ്ടി തന്‍റെ പിതാവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തവനായ കര്‍ത്താവീശോമ്ശിഹായില്‍ നമ്മോടു ക്ഷമിക്കുമെന്നു നാം ഓരോരുത്തരോടും അപേക്ഷിക്കുന്നു. അപ്രകാരംതന്നെ ആരെങ്കിലും നമ്മോടു വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതു നാം നമ്മുടെ മനസ്സില്‍ അശേഷം ശേഷിപ്പിച്ചിട്ടില്ലെന്നും മ്ശിഹായില്‍ നാം ക്ഷമിച്ചിരിക്കുന്നു എന്നു നിങ്ങളെ നാം അറിയിച്ചുകൊള്ളുന്നു. പിന്നെയും പ്രിയരെ! നിങ്ങള്‍ ഒരുത്തനുവേണ്ടി ഒരുത്തന്‍ പ്രാര്‍ത്ഥിപ്പീന്‍ എന്നു വിശുദ്ധ യാക്കോബ് കല്‍പിച്ചിരിക്കുന്നതുപോലെ നമുക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിപ്പിന്‍. നാം മരിക്കുന്നതായാലും സ്വസ്ഥതപ്രാപിക്കുന്നതായാലും നിങ്ങളുടെ പ്രാര്‍ത്ഥന നമുക്കു വിലയേറിയ സഹായമാകുന്നു. “ഞാന്‍ നല്ല പോര്‍പൊരുതു, ഓട്ടത്തെ തികച്ചു, വിശ്വാസത്തെ കാത്തു, ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു. ആയതു നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവു ആ ദിവസത്തില്‍ എനിക്കു തരും” എന്നു വിശുദ്ധ പൗലൂസ് തന്നെക്കുറിച്ചുതന്നെ പറഞ്ഞ വചനം പാപിയായ നമ്മിലും നിവര്‍ത്തിക്കുന്നതിനായി നമുക്കുവേണ്ടി ഇപ്പോഴും നമ്മുടെ കാലശേഷവും നിങ്ങള്‍ പ്രാര്‍ത്ഥിക്കയും പട്ടക്കാര്‍ വിശുദ്ധ കുര്‍ബാന ചൊല്ലുകയും ചെയ്യണമെന്നു നിങ്ങളുടെ സ്നേഹത്തോടു നാം അപേക്ഷിക്കുന്നു.
നമ്മുടെ കര്‍ത്താവായ യേശുമ്ശിഹാ അദൃശമായിരിക്കുന്ന തന്‍റെ വലത്തു കൈയെ ബലഹീനനും പാപിയുമായ നമ്മുടെ വലത്തുകയ്യോടുകൂടി നിങ്ങളുടെമേല്‍ നീട്ടി നിങ്ങളെയും നിങ്ങളുടെ ഭവനങ്ങളെയും നിങ്ങളുടെ കൈകള്‍ ചെയ്യുന്ന എല്ലാ വേലകളെയും അനുഗ്രഹിക്കയും നമ്മെയും നിങ്ങളെയും വിശ്വാസികളായ നിങ്ങളുടെ എല്ലാ മരിച്ചുപോയവരെയും തന്‍റെ സ്വര്‍ഗ്ഗീയ പറുദൈസായില്‍ ആശ്വസിപ്പിക്കുകയും ചെയ്വാന്‍ നാം പ്രാര്‍ത്ഥിക്കുന്നു.

അതു ദൈവമാതാവായ വി: കന്യകമറിയാമിന്‍റെയും സകല പരിശുദ്ധന്മാരുടെയും പ്രത്യേകം നമ്മുടെ കാവല്‍ക്കാരനായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.
പിതാവായ ദൈവത്തിന്‍റെ സ്നേഹവും ഏകജാതനായ പുത്രന്‍റെ കൃപയും വിശുദ്ധ റൂഹായുടെ സംബന്ധവും സഹവാസവും നമ്മുടെ പ്രിയമക്കളെ! നിങ്ങള്‍ എല്ലാവരോടും എന്നേക്കും ഉണ്ടായിരിക്കട്ടെ ആമ്മീന്‍.

1109 കുംഭം 11 -നു കോട്ടയത്തു പഴയസെമ്മനാരിയില്‍ നിന്നും