സംഘടിത അക്രമത്തിലൂടെ അധികാരം സ്ഥാപിക്കാനുള്ള വ്യാമോഹം നടപ്പില്ല: ഓര്‍ത്തഡോക്സ് സഭ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള ആരാധനാലയങ്ങളും സ്ഥാപനങ്ങളും സംഘടിത അക്രമത്തിലൂടെ പിടിച്ചെടുക്കാമെന്ന യാക്കോബായ വിഭാഗം നേതൃത്വത്തിന്‍റെ വ്യാമോഹം നടപ്പില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശാലേം സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാളില്‍ സംബന്ധിക്കാന്‍ എത്തിയ സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരെ അകാരണമായി തടയുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്ത വിഘടിത വിഭാഗക്കാര്‍ക്ക് ഒത്താശ ചെയ്തതുപോലെയുള്ള പ്രാദേശിക പോലീസ് അധികൃതരുടെ സമീപനം പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ സംവിധാനത്തിന്‍റെ അടിത്തറയായ നീതിന്യായ കോടതികളുടെ സുവ്യക്തവും സുതാര്യവുമായ വിധികള്‍ അവഗണിച്ച് മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് പള്ളികള്‍ പൂട്ടിക്കാനുള്ള ശ്രമം മലങ്കര സഭ ചെറുത്തു തോല്പ്പിക്കും. സഭാ തര്‍ക്കത്തില്‍ ജനാധിപത്യപരമായ പരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സവിസ്തരം പരിശോധിച്ചിട്ട് മുന്‍സിഫ് കോടതി മുതല്‍ സുപ്രീംകോടതി വരെ തീര്‍പ്പ് കല്‍പ്പിച്ചിട്ടുള്ളതുപോലെ 1934-ലെ സഭാ ഭരണഘടന അംഗീകരിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും സഭാ വക പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.

ഭാരതത്തിന്‍റെ ജനാധിപത്യ വ്യവസ്ഥിതിയെ ബഹുമാനിക്കുന്നവര്‍ ബഹുമാനപ്പെട്ട നീതിന്യായക്കോടതികളുടെ വിധിന്യായങ്ങളെ അംഗീകരിക്കേണ്ടതുണ്ട്. ക്രമസമാധാന പാലനത്തിന് ചുമതലപ്പെട്ട പ്രാദേശിക പോലീസധികാരികളുടെ നിഷ്ക്രിയത്വം അങ്ങേയറ്റം അപലപനീയമാണ്. നിയമാനുസൃതവും നിര്‍വ്വചിക്കപ്പെട്ടതുമായ ഭരണസംവിധാനം നിലവിലുള്ളപ്പോള്‍, അനധികൃതമായ സമാന്തര സംവിധാനത്തിലൂടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് തീരാ കളങ്കം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്യക്ഷമമായി നിയമം നടപ്പിലാക്കുന്നതിനുളള നിഷ്പക്ഷ നടപടി ബഹു. കേരള സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.