ഫാ അലക്സാണ്ടര്‍ കുര്യന് യു.എസ് ഗവണ്‍മെന്‍റിന്‍റെ ഉന്നത പദവി

Fr_Alex_Kurien__012318 NEWS

ഫാ.അലക്സാണ്ടർ കുര്യൻ ഫെഡറൽ റിയൽ പ്രോപ്പർട്ടി കൗണ്‍സിൽ എക്സിക്യൂട്ടിവ് ഡയറക്ടർ

വാഷിംഗ്ടൻ ഡിസി: ഫെഡറൽ റിയൽ പ്രോപ്പർട്ടി കൗണ്‍സിൽ എക്സിക്യൂട്ടിവ് ഡയറക്ടറായി ഫാ. അലക്സാണ്ടർ കുര്യൻ നിയമിതനായി. ഓഫീസ് ഓഫ് മാനേജ്മെന്‍റ് ആൻഡ് ബജറ്റ് യുണൈറ്റഡ് പ്രസിഡന്‍റ്സ് ഓഫീസ് ജനുവരി പതിനാറിനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തു വിട്ടത്.

ആത്മീയ രംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തും ഒരേപോലെ വൈദഗ്ധ്യം തെളിയിച്ച ഫാ. അലക്സാണ്ടറിന്‍റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ നിയമനം. ട്രംപ് ഭരണത്തിൽ പങ്കാളിത്തം വഹിക്കാൻ അവസരം ലഭിച്ച ആദ്യ മലയാളി വൈദികൻ കൂടിയാണ് ഫാ. അലക്സാണ്ടർ.

ഫെഡറൽ ഗവണ്‍മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ളതോ, ലീസ് ചെയ്തതോ ആയ വസ്തുവകകൾ വിദഗ്ധമായി കൈകാര്യം ചെയ്യാനും കാലാനുസൃത നയരൂപീകരണത്തിനുള്ള ഉത്തരവാദിത്തമാണു എഫ്ആർപിസിയിൽ നിക്ഷിപ്തമായിട്ടുള്ളത്. രണ്ടര ട്രില്യണ്‍ ഡോളറിന്‍റെ ആസ്തിയാണ് ആഗോളാടിസ്ഥാനത്തിൽ ഈ കമ്മിറ്റിയുടെ പരിധിയിൽ വരുന്നത്.

ജോർജ് ബുഷ്, ബറാക്ക് ഒബാമ തുടങ്ങിയ പ്രസിഡന്‍റുമാരുടെ വിശ്വാസ്യത നേടിയെടുത്തിട്ടുള്ള ഫാ. അലക്സാണ്ടർ അമേരിക്കൻ സ്ട്രാറ്റജിക്ക് പ്ളാനിംഗ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്നു. 32 വർഷത്തെ ഫെഡറൽ എക്സിക്യൂട്ടീവ് എന്ന പരിചയം കൂടി കണക്കിലെടുത്താണു പുതിയ തസ്തികയിൽ നിയമനം ലഭിച്ചത്.

പള്ളിപ്പാട്ട് കടയ്ക്കൽ കോശി കുര്യന്‍റെയും പെണ്ണമ്മയുടെയും ആറുമക്കളിൽ ഇളയവനാണ് ഫാ. അലക്സാണ്ടർ. കേരളത്തിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അമേരിക്കയിൽ എത്തിയത്. ഫിലോസഫി,ഡിവിനിറ്റി ബിസിനസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയിലെ പ്രമുഖ കലാലയങ്ങളിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ഫാ. അലക്സാണ്ടർ 1987 ലാണ് കോട്ടയം ദേവലോകം ചാപ്പലിൽ കാലം ചെയ്ത ബസേലിയസ് മാർത്തോമ്മ മാത്യുസ് രണ്ടാമനിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചത്. ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സീനിയർ വൈദികനായ ഫാ. അലക്സാണ്ടർ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: അന്ന. മക്കൾ: അലീസ, നടാഷ, എലൈജ.