തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്തനാസിയോസ്, വയലിപ്പറമ്പില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസ്, ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാരുടെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും അങ്കമാലി ഭദ്രാസന പ്രഥമ മെത്രാപ്പോലീത്താ അമ്പാട്ട് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്‍റെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 21 മുതല്‍ 26 വരെ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ ആചരിക്കും.

ജനുവരി 21 രാവിലെ 8ന് ഇടവക മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. 22 തിങ്കള്‍ 23 ചൊവ്വ 24 ബുധന്‍ എന്നീ ദിവസങ്ങളില്‍ വൈകിട്ട് 6ന് സന്ധ്യാ പ്രാര്‍ത്ഥന, 7ന് ഗാന ശുശ്രൂഷ, 7.15ന് ഫാ. അലക്സ് ജോണ്‍, ഫാ. വിനോദ് ജോര്‍ജ്ജ്, ഫാ. എബി ഫിലിപ്പ് എന്നിവര്‍ നയിക്കുന്ന സുവിശേഷ പ്രസംഗവും നടക്കും. 25-ാം തീയതി രാവിലെ 8ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും പതിനൊന്ന് മണിക്ക് വനിതാ സമാജം സമ്മേളനവും നടത്തും. 26-ാം തീയതി രാവിലെ 8ന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് ധൂപ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചസദ്യ എന്നിവയോടെ പെരുന്നാള്‍ സമാപിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ബോബി വര്‍ഗ്ഗീസ് സെമിനാരി മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ അറിയിച്ചു.