വിശ്വാസ നിറവിൽ ഓർത്തഡോക്സ് കൺവൻഷനു തുടക്കമായി

കുന്നംകുളം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനം നാലു ദിവസങ്ങളിലായി നഗരസഭ ടൗൺഹാളിൽ നടത്തുന്ന സുവിശേഷ കൺവൻഷൻ തുടങ്ങി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ദൈവം ഒപ്പമുണ്ടെന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുമ്പോഴാണു പ്രതിസന്ധികളെ അതിജീവിക്കാനുള്ള വഴി തുറക്കുകയെന്നു പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

ആകുലതകളും ആശങ്കകളും പ്രയാസങ്ങളും അടിയുറച്ച ദൈവവിശ്വാസത്തിലൂടെ മറികടക്കാനാവുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഫാ. തോംസൺ റോബി, ഫാ. സി.ടി ജേക്കബ്, ഫാ. ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു. ഗാനശുശ്രൂഷയോടെയായിരുന്നു തുടക്കം. ഇന്നു വൈകിട്ട് 6.30ന് ഫാ. ടെറ്റസ് ജോൺ തലവൂരും നാളെ 6.30ന് മെർലിൻ ടി.മാത്യുവും സന്ദേശം നൽകും. ഞായറാഴ്ച ഒന്നിനു നടത്തുന്ന സൺഡേ സ്കൂൾ സംഗമത്തിനു ഫാ.സജി രാജു നേതൃത്വം നൽകും.

കലാ–സാംസ്കാരിക പരിപാടികളും ഉണ്ടാകും. 8.30ന് സമാപന സമ്മേളനത്തിൽ ഡോ.ഗീവർഗീസ് മാർ യൂലിയോസ് സന്ദേശം നൽകും. ഭദ്രാസനത്തിനു കീഴിലെ നാൽപതിലധികം വരുന്ന പള്ളികളുടെയും ആത്മീയ സംഘടനകളുടെയും നേതൃത്വത്തിൽ വൻ ജനാവലി പങ്കെടുക്കുന്ന കൺവൻഷനു ഭദ്രാസന സെക്രട്ടറി ഫാ.ഗീവർഗീസ് തോലത്ത്, ഫാ.ടി.സി.ജേക്കബ്, ജോൺ പി.ഏബ്രഹാം എന്നിവരടങ്ങിയ കമ്മിറ്റിയാണു നേതൃത്വം നൽകുന്നത്.