പരസ്പര സ്നേഹത്തിന്‍റെ സമീപനം നിങ്ങളെ കീഴടക്കട്ടെ: മാര്‍ നിക്കോളോവോസ്
ജോര്‍ജ് തുമ്പയില്‍
ന്യൂയോര്‍ക്ക്: “പരസ്പര സ്നേഹത്തിന്‍റെ ഉദാത്തമായ സമീപനമാവണം നിങ്ങളെ ഭരിക്കേണ്ടത്. അത് മനസിന്‍റെ ആഴത്തില്‍ നിന്ന് വരുന്നതാവണം. അഭിവന്ദ്യ മക്കാറിയോസ് തിരുമേനിയുടെ ഈ വാക്കുകള്‍ക്ക് ക്രിസ്മസ് സീസണില്‍ പ്രസക്തിയേറെയാണ്. അല്ലാതെ കുറെ സമ്മാനങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നതുമാത്രമാണോ ക്രിസ്മസ്.” മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്ള ക്വീന്‍സ്, ലോംഗ്ഐലന്‍ഡ്, ബ്രൂക്ലിന്‍പ്രദേശങ്ങളിലെ പത്ത് ഇടവകകളുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത ക്രിസ്മസ്, നവവല്‍സര ആഘോഷങ്ങളില്‍ ക്രിസ്മസ് സന്ദേശം നല്‍കി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് പറഞ്ഞു.
വര്‍ഷം തോറും ഇങ്ങനെയൊരു യജ്ഞം നടത്തും. നല്ല കാര്യം. മറുവശത്ത് പ്രവര്‍ത്തകരുടെ കഠിന യജ്ഞം. ഇതു കഴിഞ്ഞ് ഉണ്ടാവുന്ന ഒരു ഉദാസീനത കാണുമ്പോള്‍ എന്തിന് ഇതെല്ലാം എന്ന് തോന്നിപ്പോകും. അഭിവന്ദ്യ ബര്‍ണബാസ് തിരുമേനിയെ ഉദ്ധരിച്ച് ജോണ്‍ തോമസ് അച്ചന്‍ പറഞ്ഞു,
നിര്‍ത്താനെളുപ്പമാണ്. പക്ഷേ ഒന്ന് നിര്‍ത്തിയാല്‍ പിന്നീട്, തുടങ്ങുവാന്‍ ബുദ്ധിമുട്ടാണെന്ന് ഓര്‍ക്കണം. നിങ്ങള്‍ തിരികെ ഇടവകയില്‍ ചെന്ന് പറയണം, ഈ പ്രദേശത്തുള്ള കൂട്ടായ്മയുടെ വിജയകാരണം എല്ലാവരുടെയും പങ്കാളിത്തം ഉള്ളതുകൊണ്ടാണെന്ന്. ഇതെന്‍റെ പ്രസ്ഥാനം ആണെന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടാകണം, മാര്‍ നിക്കോളോവോസ് പറഞ്ഞു.
ക്രിസ്മസിനോടനുബന്ധിച്ച് 25 ദിവസങ്ങള്‍ നോമ്പ് അനുഷ്ഠിക്കണമെന്നാണ് അനുശാസിക്കുന്നത്. നാം എത്ര ദിവസങ്ങള്‍ നോമ്പ് എടുക്കുന്നു എന്ന് ചിന്തിച്ചു നോക്കുക. ഇതിനൊക്കെ ചില നിഷ്ഠകളൊക്കെയുണ്ട്. പുല്‍ത്തൊഴുത്തില്‍ ജനിച്ച യേശുവിനെ നാം ആരാധിക്കുന്നു. പക്ഷേ ഇതെങ്ങിനെ സംഭവിച്ചു? പിന്നീട് ആ ജീവിതത്തിലൂടെ നടന്ന സംഭവ വികാസങ്ങള്‍ എന്നിവയെപറ്റി നാം ധ്യാനിക്കാറുണ്ടോ? ഭവനരഹിതനായി ജനിച്ച്, അഭയാര്‍ഥിയായി വളര്‍ന്ന്, മരപ്പണിക്കാരനായി ജീവിച്ച്, 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യേശു തന്‍റെ ഭൂമിയിലെ ദൗത്യത്തിലേക്ക് കടക്കുന്നത്. ആ ദൈവിക ദൗത്യം ഏറ്റെടുത്ത യേശുവിനെയാണോ നാം കൊണ്ടാടുന്നത്? ആ യേശുവിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനമെന്താണ്? ഈ ക്രിസ്മസ് ആഘോഷവേളയില്‍ ഭൂമിയില്‍ ജനിച്ച യേശുവിനെ നാം നമ്മുടെ മനസില്‍ ധ്യാനിച്ച് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. ഇതുവഴി നമ്മിലെ ‘ദൈവതേജസ്’ ലോകം കാണണം. മെത്രാപ്പൊലീത്ത പറഞ്ഞു.
ജനുവരി 6 ശനിയാഴ്ച വൈകുന്നേരം 4മണി മുതല്‍ 9മണി വരെ ഗ്ലെന്‍ ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരുന്നത്. അബിഗെയ്ല്‍ വര്‍ഗീസ് ബൈബിള്‍ വായിച്ചു. ജോണ്‍ താമരവേലില്‍ സ്വാഗതം പറഞ്ഞു. ഫാ. ജോണ്‍ തോമസ് അധ്യക്ഷ പ്രസംഗം നടത്തി. തോമസ് ജോണും ലിസി ജേക്കബും പ്രോഗ്രാം കോ ഓര്‍ഡിനേറ്റേഴ്സിനെ സ്റ്റേജിലേക്ക് ക്ഷണിച്ചു. തോമസ് വര്‍ഗീസ് കൃതജ്ഞത പറഞ്ഞു. ക്രിസ്മസ് ഫാദറിന്‍റെ വരവും കാരള്‍ ഗാനങ്ങളും റാഫിള്‍ നറുക്കെടുപ്പും പരിപാടികളെ ശ്രദ്ധേയമാക്കി.
വിവിധ ഇടവകകള്‍ അവതരിപ്പിച്ച ക്രിസ്മസ് കലാപരിപാടികള്‍ക്ക് പുറമേ കൗണ്‍സില്‍ ക്വയറിന്‍റെ ക്രിസ്മസ് ഗാനങ്ങളും ഹൃദ്യമായി.
പ്രസിഡന്‍റ് ഫാ. ജോണ്‍ തോമസ്, സെക്രട്ടറി തോമസ് വര്‍ഗീസ്, ട്രഷറര്‍ ജോണ്‍ താമരവേലില്‍, ക്വയര്‍ ഡയറക്ടര്‍ വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്കോപ്പ തുടങ്ങിയവര്‍ പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിച്ചു. തോമസ് ജോണ്‍, ലിസി ജേക്കബ് എന്നിവര്‍ പരിപാടികളുടെ കോഓര്‍ഡിനേറ്റര്‍മാരായിരുന്നു. ജോസഫ് പാപ്പനായിരുന്നു ക്വൊയര്‍ മാസ്റ്റര്‍. ഫെനു മോഹനും മിനി കോശിയും ക്വൊയര്‍ കോഓര്‍ഡിനേറ്റര്‍മാരായി.
വൈസ് പ്രസിഡന്‍റുമാരായ വെരി. റവ. ഡോ.പി എസ് സാമുവല്‍ കോര്‍ എപ്പിസ്കോപ്പ, വെരി റവ. ഡോ. എം യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പ, വെരി റവ ഡോ വര്‍ഗീസ് പ്ലാംതോട്ടം കോര്‍ എപ്പിസ്കോപ്പ, വെരി റവ. പൗലോസ് ആദായി കോര്‍ എപ്പിസ്കോപ്പ, വെരി റവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്കോപ്പ, റവ. ഡോ. സി കെ രാജന്‍, ഫാ.തോമസ് പോള്‍, ഫാ.ജോര്‍ജ് മാത്യു, ഫാ. ഗ്രിഗറി വര്‍ഗീസ്, ഫാ. ജോര്‍ജ് ചെറിയാന്‍ എന്നിവര്‍ക്കൊപ്പം അസി. വികാരി ഫാ. എബി ജോര്‍ജും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.