നാടെങ്ങും ആത്മീയ ചൈതന്യം ഉണർത്തി കുടശ്ശനാട് �്സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ മുന്നൂറ്റി നാൽപതാം പെരുന്നാളിന് കൊടിയേറി. ആയിരക്കണക്കിന് വിശ്വാസികളുടെയും ഇടവക വികാരിമാരായ റവ.ഫാ. തോമസ് പി. നൈനാൻ, റവ.ഫാ. ബിനു ജോയ് എന്നിവരുടെ സാന്നിദ്ധ്യത്തിലും പള്ളിയങ്കണത്തിലെ കൊടിമരത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് ഇടവകയുടെ വിവിധ ഭാഗങ്ങളിൽ നടന്ന കൊടിയേറ്റിന് ഇടവക വികാരിമാർ കാർമികത്വം വഹിച്ചു.
വിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമത്തിലുള്ള മലങ്കരയിലെ പ്രഥമ കത്തീഡ്രലാണ് കുടശാനാട് ഇടവക.
ജനുവരി 14 മുതൽ 27 വരെ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ, ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ഡോ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത എന്നിവർ കാർമികത്വം വഹിക്കും.
വിവിധ ദിവസങ്ങളിൽ നടക്കുന്ന വചന ശുശ്രൂഷകൾക്ക് ഫാദർ തോമസ് രാജു, ഫാദർ തോമസ് വർഗീസ് അമയിൽ, വന്ദ്യ യാക്കോബ് റമ്പാൻ, ഫാദർ മോഹൻ ജോസഫ് എന്നിവർ കാർമികത്വം വഹിക്കും.
ഇടവക പെരുന്നാളിനും 3 നോമ്പിനോടും അനുബന്ധിച്ച് ഇടവകയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആറുദിവസം പ്രദക്ഷിണം നടത്തപ്പെടും. 27ന് നടക്കുന്ന സമൂഹസദ്യയ്ക്ക് പള്ളിഭാഗം യുവജനപ്രസ്ഥാനം നേതൃത്വം നൽകും.
പെരുനാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികൾക്ക് ഇടവക വികാരിമാരും, ട്രസ്റ്റി ബി സോമൻ, സെക്രട്ടറി ജോൺ വർഗീസ് ഇടവകയിലെ യുവജന പ്രസ്ഥാനങ്ങളായ പള്ളി ഭാഗം, പടിഞ്ഞാറുഭാഗം, തുരുത്തെൽ എന്നിവരും ദൈവവിളി സംഘവും മാനേജിങ് കമ്മിറ്റിയും നേതൃത്വം നൽകുന്നു.