സോഷ്യൽ മീഡിയ വിപ്ലവം / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

ഇത് സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലം. വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ വിപ്ലവമാണ് സോഷ്യല്‍ മീഡിയ വിപ്ലവം. നമ്മുടെ വിശ്വാസങ്ങളും ആദര്‍ശങ്ങളും, ജീവിതചര്യകളുമെല്ലാം  എല്ലാം ഇന്ന് സോഷ്യല്‍ മീഡിയയുടെ യുദ്ധനിഴലിലാണ്. ആധുനിക മാധ്യമ വിപ്ലവം ഒരുക്കുന്ന മായിക ലോകത്ത്  വ്യത്യസ്ത തലങ്ങളിലാണ് വാഗ്വാദങ്ങള്‍ അരങ്ങേറുന്നത്. ഇന്നലകളിൽ വ്യാവസായിക വിപ്ലവം കോളനിവൽക്കരണത്തിനും ഒരുകാലത്ത് അപ്രധാനമായിരുന്ന ശക്തികളെ ലോകശക്തികളാക്കി മാറ്റുന്നതിനു കാരണമായെങ്കിൽ ഇന്ന് സോഷ്യല്‍ മീഡിയ മറ്റൊരു വിപ്ലവത്തിന് ആക്കം കൂട്ടുകയാണ്. വിവരങ്ങള്‍ എത്രയും പെട്ടെന്ന് അറിയുവാനും കൈമാറുവാനും ആനുകാലിക വിഷയങ്ങളില്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്നടിച്ച് പ്രകടിപ്പിവാനും, പ്രോത്സാഹിപ്പിക്കുവാനും, യോജിക്കുവാനും വിയോജിക്കുവാനുമുള്ള സാധ്യതകൾക്ക് സോഷ്യല്‍ മീഡിയ വേദികളാകുന്നു. എന്നാൽ അത് സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടത്തിലേക്ക് വഴിമാറൂമ്പോൾ വിഴുപ്പലക്കലുകൾക്കും കലാപങ്ങള്‍ക്കും സംഘട്ടനത്തിനും കൊലപാതകത്തിനുമെല്ലാം കാരണമായി മാറുന്ന കാഴ്ച നമുക്ക് അപരിചിതമല്ല. പരസ്പര വിദ്വേഷം പടര്‍ത്തുന്നതിനും, ശത്രുത വെച്ചു പുലര്‍ത്തുന്നതിനും ചില  പോസ്റ്റുകള്‍ കാരണമാക്കിയിട്ടുണ്ട് എന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. വ്യക്തികളും, സഭകളും, മതങ്ങളും, സാമൂഹ്യ-രാഷ്ടീയ പ്രസ്ഥാനങ്ങളും ഒക്കെ ഇരകളായി മാറുന്നു. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും  മോശമായി ചിത്രീകരിക്കാനും തരംതാഴ്ത്തികാണിക്കാനുമുള്ള വേദികളായി മാറിയാൽ കാലം വലിയ വില കൊടുക്കേണ്ടിവരും.
ഇത് വേസ്‌റ്റു റീഡിങ്ന്റെ കാലം 
മുൻപൊക്കെ ബസ്സിലും ട്രെയിനിലുമൊക്കെ  യാത്ര ചെയ്യുമ്പോൾ ആളുകൾ പരസ്പരം പരിചയപ്പെടുവാനും  കുശലാന്വേഷണം നടത്തുവാനും, പരിസര കാഴ്ചകൾ ആസ്വദിക്കുവാനും ഒക്കെ സമയം കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ന്  മനുഷ്യൻ പരിസരം മറന്ന് തന്റെ സ്വകാര്യതയിലേക്ക് ഊളിയിടുന്നു. ഒന്നുകിൽ ഇരു ചെവികളിലും ഹെഡ്ഫോണും തിരുകി പരിസരക്കാഴ്ചകളും ചുറ്റുമുള്ള ശബ്ദങ്ങളും മറന്ന് സ്മാർട്ട്  ഫോണിൽ വാട്സാപ്പിലോ ഫെയ്സ്ബുക്കിലോ ഒക്കെ ആയിരിക്കും മിക്കവരും. വിരലുകൾ താഴോട്ടും മേലോട്ടും ഉരുട്ടി വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നവരുടെ കാലം. നല്ല ഒന്നിനു വേണ്ടി അനാവശ്യമായ നൂറുകണക്കിന് മെസേജുകളിലൂടെ കണ്ണോടിക്കുമ്പോൾ നഷ്ടമാവുന്നത് നമ്മുടെ വിലപ്പെട്ട സമയവും പണവും. ഒപ്പം മരിക്കുന്നത് നമ്മുടെ ആലോചനയും ശ്രദ്ധയും ഏകാഗ്രതയും നേരിട്ടുള്ള വായനയും. വ്യക്തിബന്ധങ്ങൾ ഇന്ന് സോഷ്യൽ മീഡിയക്ക് വഴിമാറി. ചിലപ്പോൾ അത് ബന്ധനങ്ങളായി മാറിയേക്കാം.
ഇത് ട്രോളുകളുടെ കാലം.
ജാതിയും മതവും രാഷ്ട്രീയവും എല്ലാം  ട്രോളുകൾക്ക് വഴിമാറുന്നു. അതുകൊണ്ട് തന്നെ ക്രിസ്മസ്സിനേയും ഒഴിവാക്കാന്‍ ട്രോളന്‍മാര്‍ക്ക് സാധിച്ചില്ല. യേശുക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്മസ് “യേശു ബ്രോയുടെ ബര്‍ത്ത് ഡേ” എന്ന് പറയുന്നതില്‍ കുഴപ്പമുണ്ടോ എന്ന് വരെ ചോദിക്കുന്ന ട്രോളുകളുടെ കാലം. ഇവിടെയാണ്  മനസ്സിൽ കോറിയിടുന്ന ചില ചോദ്യങ്ങൾ ഉയരുന്നത്. സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ കാലത്തായിരുന്നു യേശുക്രിസ്തു കാനാവിൽ പച്ചവെള്ളത്തെ മേത്തരം വീഞ്ഞാക്കി മാറ്റിയതെങ്കിൽ എന്തെല്ലാം ട്രോളുകൾ ഉണ്ടാകുമായിരുന്നു. മാർത്തയും, മറിയയും, മഗ്‌ദൽന മറിയയും എല്ലാമിന്ന് ആരുടെയൊക്കെ എന്തെല്ലാം ട്രോളുകൾക്ക് കഥാപാത്രങ്ങൾ ആകുമായിരുന്നു.

ടെക്നോളജി ബന്ധങ്ങൾ പിരിമുറുക്കം കൂട്ടും കാലം 
ദൈനംദിന ജീവിതത്തില്‍ സോഷ്യല്‍മീഡിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നത്, അയാളുടെ ദാമ്പത്യജീവിതത്തെ സാരമായി ബാധിക്കുന്നു. ദിവസം മുഴുവന്‍ സ്മാര്‍ട്ട്‌ഫോണിനും ഇന്റര്‍നെറ്റിനും സോഷ്യല്‍മീഡിയയ്ക്കുമൊപ്പം ചെലവിടുന്ന ആധുനിക തലമുറ ജീവിക്കാൻ മറക്കുന്നു. കിടപ്പറയില്‍പ്പോലും അത് മാറ്റിവെക്കാന്‍ തയ്യാറല്ല. ഇത് ദമ്പതികള്‍ തമ്മിലുള്ള അടുപ്പം കുറയ്ക്കുകയും, ക്രമേണ ആ ബന്ധത്തിലെ ദൃഢത ഇല്ലാതാകുകയും, ദാമ്പത്യം തകരുകയും ചെയ്യുവാനുള്ള സാധ്യത ഏറുന്നു. ഫെയ്സ്ബുക് അക്കൗണ്ടിൽ രാത്രിയിൽ പച്ചവെളിച്ചം കണ്ടാൽ അവൾ മോശക്കാരിയാണെന്നു ചിന്തിക്കുന്നവരുടെ കാലം. വാ‌ട്സ്ആപ്പിലെ ലാസ്റ്റ് സീൻ നോക്കി ഭാര്യയുടെയോ സുഹൃത്തിന്റെയോ ചാരിത്രം വിലയിരുത്തുന്നവരുടെ എണ്ണം ഏറിവരുന്നു. അനവസരത്തിൽ മൊബൈൽ ഫോണിൽ വരുന്ന ഒരു മിസ്ഡ് കോൾ മതി ഒരു ജീവിതം തന്നെ തകരുവാൻ.
വീടുകൾ ഷോപ്പിംഗ്‌ മാളുകളായി മാറുന്ന കാലം 
നമ്മുടെ വീടുകളെ ചെറിയ ചെറിയ ഷോപ്പിംഗ്‌ മാളുകളാക്കി മാറ്റാനുള്ള ആധുനിക മീഡിയയുടെ സ്വാധീനത്തെ  നമ്മള്‍ തന്നെയാണ്‌ വിജയിപ്പിക്കുന്നത്‌. കാണുന്ന ചാനലുകളും വായിക്കുന്ന പ്രസിദ്ധീകരണങ്ങളും നമ്മുടെ ശീലങ്ങളെയും ജീവിത ശൈലികളെയും രൂപപ്പെടുത്തുന്ന നിര്‍മാതാക്കളായിമാറിയിരിക്കുന്നു. നമ്മുടെ ഇഷ്‌ടങ്ങളെയും അനിഷ്ടങ്ങളെയും നിര്‍ണയിക്കുന്നതില്‍ നവമാധ്യമങ്ങൾക്ക്  വലിയ പങ്കുണ്ട്‌. ഭക്ഷണം, വസ്‌ത്രം, നടത്തം. ചിരി, ബന്ധങ്ങള്‍, സൗഹൃദം, സദാചാരം, സാമൂഹിക ബോധം ഇവയെല്ലാം മീഡിയ സ്വാധീനിച്ചിരിക്കുന്നു. നമ്മുടെ കലണ്ടറും മെനുവും ചിന്തയും വിനോദങ്ങളും സ്വപ്‌നങ്ങളും എല്ലാംതീരുമാനിക്കുന്നത്‌ നവമാധ്യമങ്ങളാണ്. ഇവിടെ മനസ്സുകളെ പുതിയ തലങ്ങളിലേക്ക് ഉയർത്തുവാൻ സോഷ്യൽ മീഡിയക്ക് സാധിക്കുന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു.
ഇത് കപട സദാചാരത്തിന്റെ കാലം
സ്ത്രീയും പുരുഷനും ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത് പാപമാണ് എന്ന് ചിന്തിക്കുന്ന കപടസദാചാരത്തിന്റെ മുഖം. അവർ തമ്മില്‍ അല്പം സൗഹൃദം പങ്കുവച്ചാൽ അത് അപവാദപ്രചരണങ്ങൾക്ക് വഴിവെക്കും. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതൊഴിച്ചുള്ള എല്ലാ ബന്ധങ്ങളേയും അനാശാസ്യമായി കാണുന്ന ഞരമ്പുരോഗികളുടെ ലോകം. വ്യക്തികൾ തമ്മിൽ പരസ്പരം സ്‌നേഹിക്കുവാനുള്ള അവകാശം നിഷേധിക്കുക എന്നതാണത് ഇന്നിന്റെ ഏറ്റവും വലിയ ശാപം. രണ്ടുപേർ പരസ്പരസമ്മതത്തോടെ സ്നേഹപ്രകടനങ്ങളിൽ ഏർപ്പെടുമ്പോൾ അതിനു സാധിക്കാത്ത മൂന്നാമാനുണ്ടാകുന്ന ചൊറിച്ചിലായി മാറുന്നു നമ്മുടെ പുതുപുത്തൻ സദാചാരബോധം. പരസ്പരമുള്ള സ്നേഹം യാതൊരു തടസ്സമോ ഭയമോ ഇല്ലാതെ പങ്കുവയ്ക്കുവാൻ സാധിക്കുന്നത് എത്ര മനോഹരമാണ്. പാശ്ചാത്യലോകം അത് പ്രകൃതി നിയമമായി അംഗീകരിക്കുന്നു. “പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്കുക; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ.(1 യോഹന്നാൻ 4:7,8 ). ”  അന്യോന്യം സ്നേഹം പകർന്ന് സ്വതന്ത്രരായി പെരുമാറുന്ന കാഴ്ച മലയാളിക്ക് അരോചകമായി തോന്നിയേക്കാം. എങ്കിലും ഒളികണ്ണിട്ട് നോക്കാൻ അവൻ മടിക്കില്ല.  (ഇടയ്ക്കിടയ്ക്ക് ഒരാൾ മറ്റാളുടെ അടുത്തേയ്ക്ക് ചാഞ്ഞിരുന്ന് മുഖം ചേർത്ത് കണ്ണടച്ചിരിക്കുന്നു. ഒരാൾ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോഴും മറ്റെയാൾ സുഹൃത്തിന്റെ തലയിൽ ഒന്ന് തലോടുന്നു, എന്റെ മനസ്സിൽ എപ്പോഴും നീയുണ്ട് എന്നറിയിക്കാൻ. അല്ലെങ്കിൽ ഒരാപ്പിൾ മാറിമാറിക്കടിച്ചു തിന്നുന്നു. ഇത്തരം കൊച്ചു സ്നേഹപ്രകടനങ്ങൾപോലും കൈമാറാൻ സമ്മതിക്കുന്ന ചുറ്റുപാടുകൾ.  ഇഷ്ടം എവിടെവച്ചും പ്രകടിപ്പിക്കാൻ  പാശ്ചാത്യസംസ്കാരം തടയുന്നില്ല. കാരണം, അസൂയയല്ല ഇവിടെ മനുഷ്യരെ നയിക്കുന്ന സദാചാരനിയമം. പരസ്പരസ്നേഹം തുടരേണം “സകലത്തിന്നും മുമ്പെ തമ്മില്‍ ഉറ്റസ്നേഹമുള്ളവരായിരിപ്പിൻ‍.” 1 പത്രൊസ്. 4:8. “അവളുടെ ഭര്‍ത്താവു അവളെ പ്രശംസിക്കട്ടെ!” സദൃശവാക്യങ്ങൾ. 31:28. “വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നു ചിന്തിക്കുന്നു.” 1 കൊരിന്ത്യര്‍ 7:34. “സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടുകൊള്‍വിൻ‍. റോമര്‍. 12:10. നമ്മൾ എല്ലാ പെരുമാറ്റവും ഓരോ ഇടത്തിനും തരത്തിനും വേണ്ടി നിയമങ്ങൾ  നോക്കി അളന്നു തൂക്കി കുറിച്ചുവച്ചിരിക്കുകയാണ്. വീട്ടിലൊന്ന്, പുറത്തൊന്ന്, ദേവാലയത്തിലൊന്ന്, സ്കൂളിലൊന്ന്, എന്നിങ്ങനെ. സ്വാതന്ത്ര്യം പാപമാണെന്നാണ് നാം പറയാതെ പറയുക.  മക്കളുടെ മുമ്പിൽ വച്ച് സ്നേഹം പങ്കുവയ്ക്കുന്നത് പോലും നിഷിദ്ധമായ ഒരു വരണ്ട സംസ്കാരമാണെന്ന് ചിന്തിക്കുന്ന മലയാളി മനസ്സ്. സ്‌നേഹിക്കാനും  സ്‌നേഹിക്കപ്പെടാനും ഉള്ള അവകാശമാണ് എന്ന സദാചാരമാണ് നാം ആദ്യം അംഗീകരിക്കേണ്ടത്. നിങ്ങളുടെ ചിന്തകളെ സൂക്ഷിക്കുക. നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ നിങ്ങളെ കെണിയില്‍ വീഴ്ത്താതെ സൂക്ഷിക്കുക. “അവന്‍ തന്‍റെ മനസ്സില്‍ കണക്കുകൂട്ടുന്നതുപോലെ ആകുന്നു” സദൃശവാക്യങ്ങൾ. 23:7. “കൂട്ടുകാരന്‍റെ ഭാര്യയെ മോഹിക്കരുത്” പുറപ്പാട്. 20:17. ” സകല ജാഗ്രതയോടും കൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്‍ക” സദൃശവാക്യങ്ങൾ. 4:23. “ഒടുവില്‍ സഹോദരന്മാരേ സത്യമായത് ഒക്കെയും, ഘനമായത് ഒക്കെയും, നീതിയായത്…, രമ്യമായത്…, നിര്‍മ്മലമായത്…, സൽക്കീര്‍ത്തിയായത്…, സല്‍ഗുണമായത് ഒക്കെയും ചിന്തിച്ചുകൊള്‍വിൻ‍.” ഫിലിപ്പിയർ. 4:8.