മലങ്കര സഭയുടെ ധീര പൗരാഹിത്യ-അൽമായ വിശ്വാസ സംരക്ഷകരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഏര്‍പ്പെടുത്തിയ OVS- ന്‍റെ പ്രഥമ “ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ” പുരസ്ക്കാരത്തിനു കുന്നംകുളം ഭദ്രാസനത്തിലെ ചേലക്കര സെന്‍റ്. ജോർജ്ജ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. കെ.പി. ഐസക്ക് അർഹനായി.
OVS അവാർഡ് നിർണ്ണയ കമ്മിറ്റി ഐകകണ്ഠ്യേന 2017 -ലെ പുരസ്‌കാരത്തിന് ചേലക്കര ഐസക്ക് അച്ചനെ തിരഞ്ഞെടുത്തു. 10,001 രൂപയും പ്രശംസ ഫലകവും അടങ്ങുന്നതാണ് ഈ പുരസ്ക്കാരം. 2018 ഫെബ്രുവരിയിൽ പരിശുദ്ധ കാതോലിക്ക ബാവയുടെ സൗകര്യം കൂടി പരിഗണിച്ചു പ്രസ്തുത അവാർഡ് ഉചിതമായ വേദിയിൽ നല്‍കപ്പെടും.
1946 നവംബർ 6 -നു കൊച്ചി ഭദ്രാസനത്തിൽ പെട്ട കണ്ണാറ സെന്‍റ്. ജോർജ്ജ് ഇടവകയിലെ കണ്ടത്തിൽ പുത്തൻപുരയിൽ പൗലോസ്-അന്നമ്മ ദമ്പതികളുടെ മകനായി ഭൂജാതനായ ഫാ. കെ. പി ഐസക്ക്, 1970 ഏപ്രിൽ 8 -നു ശെമ്മാശ്ശ പട്ടവും, 1972 ആഗസ്റ്റ് 12-നു കശീശ്ശാ പട്ടവും സ്വീകരിച്ചു. 1974 മുതൽ സിവിൽ തർക്കം നിലനിൽക്കുന്ന ചേലക്കര പള്ളി സംബന്ധമായി ഹൈക്കോടതിയിൽ ഓർത്തഡോക്സ് സഭയുടെ കേസ് നിലനില്‍ക്കുമ്പോൾ 2015 ഓഗസ്റ്റ് 8 -നു റവന്യൂ അധികാരികൾ ഏകപക്ഷിയമായി യാക്കോബായ വിഭാഗത്തിന് വിട്ടു കൊടുക്കപ്പെട്ടു . ഇതിനെ ചോദ്യം ചെയ്തു കൊണ്ട് വന്ദ്യ. ഐസക്ക് അച്ഛന്‍റെ നേതൃത്തിൽ ഇടവക ജനങ്ങൾ പള്ളിയിൽ പ്രവേശിച്ചു ആരാധന നടത്തിയതിന് തുടർന്ന് ഐസക്ക് അച്ചനൊപ്പം മറ്റു 62 വിശ്വാസധീരരായ മലങ്കര നസ്രാണികളും അറസ്റ്റ് വരിച്ചു രണ്ടാഴ്ച്ച റിമാൻഡ് ചെയ്യപ്പെട്ട് ജയിലിൽ കഴിയേണ്ടി വന്നു. കാരഗ്രഹത്തിനു ഉള്ളിലും തന്‍റെ പരിശുദ്ധ സഭയുടെ സാക്ഷ്യത്തിനു വേണ്ടി വിശ്വാസധീരതയോടെ നിന്ന ഓരോ ചേലക്കര ഇടവകാംഗങ്ങൾക്കും കൂടിയുള്ളതാണ് ഈ പുരസ്ക്കാരം.
ഈ അവാർഡിന് ഇദേഹത്തോട് ഒപ്പം അവസാന റൗണ്ടിലും പരിഗണിച്ചത്, വരിക്കോലി സെന്‍റ്. മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. വിജു ഏലിയാസ് , കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ഓർത്തഡോക്സ് ഇടവക അംഗം ശ്രീ. പോൾ മത്തായി (സണ്ണി വാലയില്‍) എന്നീ രണ്ട് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകരെയായിരുന്നു. വരിക്കോലി പള്ളിയിലെ സുപ്രീം കോടതിയുടെ വിധി നടത്തിപ്പുമായി മുന്നോട്ടു പോയ ഫാ. വിജു ഏലിയാസിനെ വിഘടിത വിഭാഗം മാരകമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും, ഭീഷണി കൊണ്ടും, ആക്ഷേപങ്ങൾ കൊണ്ടും നിരന്തരം വേട്ടയാടിയിട്ടും മലങ്കര സഭയ്‌ക്ക് വേണ്ടി ത്യാഗങ്ങൾ സഹിച്ച് തന്‍റെ വിശ്വാസ സമൂഹത്തെ ഇന്നും കരുത്തോടെ നേതൃത്വം കൊടുത്ത് വിശ്വാസത്തില്‍ നിലനിർത്തുന്ന വിജു അച്ചന്‍റെ പ്രവർത്തിയെ OVS അവാർഡ് കമ്മിറ്റി മലങ്കരസഭയ്ക്കു ആകമാനം മാതൃകപരം എന്നു വിലയിരുത്തി.
ദൈവത്തിന്‍റെ കൃപയാൽ ജൂലൈ 3-നു രാജ്യത്തിന്‍റെ പരമോന്നത നീതി പീഠത്തിൽ നിന്നു മലങ്കര സഭയ്‌ക്ക് ഉണ്ടായ വലിയ നിയമ വിജയത്തിന് പിന്നിൽ വർഷങ്ങളായി നിസ്വാർത്ഥതയോടു കൂടെ, അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയോടും, കോലഞ്ചേരി ഇടവക വികാരി ജേക്കബ് കുര്യൻ അച്ചനോടും ഒപ്പം യാതൊരുവിധ പരസ്യപ്രചാരണങ്ങൾക്കും വഴിപ്പെടാതെ കർമധീരനായി സഭാ സ്നേഹത്തിൽ ഊന്നി പ്രവർത്തിച്ച സണ്ണി ചേട്ടൻ എന്നു കോലഞ്ചേരിക്കാർ വിളിക്കുന്ന ഒരു മലങ്കര സഭ അൽമായന്‍റെ കഠിന അധ്വാനം ഉണ്ടായിരുന്നു. മലങ്കരയിൽ അങ്ങോളം ഇങ്ങോളം ഇത്തരം ഇച്ഛാശക്തിയുള്ള അൽമായർ ഉയര്‍ന്ന് വരേണ്ടതു ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ് എന്ന് അവാർഡ് നിർണ്ണയ കമ്മിറ്റി വിലയിരുത്തി.
2017-ലെ വിശ്വാസംരക്ഷകൻ പുരസ്‌കാരത്തിന് ഈ മൂവരോടോപ്പം സജീവമായി പരിഗണിക്കപ്പെട്ട മറ്റു ആദരണീയ വ്യക്തികൾ കണ്ണ്യാട്ടുനിരപ്പ് സെന്‍റ് ജോണ്‍സ് ഇടവക വികാരി റവ. ഫാ. ജോണ്‍ മൂലാമറ്റം, കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോൾസ് ഇടവക വികാരി റവ. ഫാ ജേക്കബ് കുര്യൻ, കാഞ്ഞിരമറ്റം സെന്‍റ് ഇഗ്നേഷ്യസ് ഇടവക വികാരി വെരി. റവ. ഫാ മാത്യു പുളിമൂട്ടിൽ കോർ എപ്പിസ്കോപ്പ, സഭ ചരിത്രകാരൻ-പ്രസാധകൻ ശ്രീ. കെ. വി. മാമ്മൻ കോട്ടയ്ക്കൽ, സഭ ചരിത്രകാരൻ ശ്രീ. മേലേടേത്ത് കുര്യൻ തോമസ്, മാന്തളിർ സെന്‍റ് തോമസ് ഇടവക ഒന്നാം ട്രസ്റ്റീ ശ്രീ. പി. എം മത്തായി, മണത്തൂർ സെന്‍റ് ജോർജ് ഇടവകാംഗം ശ്രീ. ചാക്കോ മേക്കുഴിയിൽ തുടങ്ങിയ വിശ്വാസധീരരയായിരുന്നു.
ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള മലങ്കര സഭ സ്നേഹികളുടെ കൂട്ടായ്‌മയാണ് OVS , അഥവാ “ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ” എന്ന അൽമായ സംഘടന. സ്വന്തം ജീവിതവും , ആരോഗ്യവും, സമയവും ഒക്കെ മലങ്കര സഭയുടെ നന്മയ്ക്ക് വേണ്ടി സമർപ്പിച്ച് പ്രവർത്തിക്കുന്ന വിശ്വാസധീരരായ വൈദികരെയും, അൽമായരേയും പിന്തുണയ്ക്കുക എന്ന ലക്ഷ്യമാണ് ഈ എളിയ സംരഭത്തിന്‍റെ പ്രചോദനം. പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ അപ്പോസ്തോലിക മലങ്കര സഭയോടും അതിന്‍റെ പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തോടും മാത്രം ഭക്തിയും കൂറും പുലര്‍ത്തുന്ന ഈ പ്രസ്ഥാനം നാളിതുവരെ അതിന്‍റെ ഉറച്ച നിലപാടുകൾ കൊണ്ടും ക്രിയത്മകമായ പ്രവർത്തന ശൈലി കൊണ്ടും ഓർത്തോഡോക്സിയുടെ പ്രചാരണം കൊണ്ടും മലങ്കര സഭയിൽ തനതായ വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നു. മലങ്കര സഭയുടെ വിശ്വാസങ്ങളും, ആശയങ്ങളും, വാർത്തകളും ഒട്ടും വൈകാതെ വിശ്വാസികൾക്കു എത്തിച്ചു കൊടുക്കാൻ പര്യാപ്‌തമായ, www.ovsonline.in എന്ന ഒരു മികച്ച വെബ്സൈറ്റും OVS മലങ്കര സഭയ്ക്കായി പ്രവർത്തിപ്പിക്കുന്നു.