ഹോളി ഇന്നസെന്റ്സ്

എയ്ഡ്സ് ബാധിച്ച നിഷ്കളങ്ക  ജീവിതങ്ങൾക്കായി പ്രവർത്തിക്കുന്ന ഫാ. ബിജു മാത്യൂ പുളിക്കൽ

തന്റെ രാജവാഴ്ചയ്ക്കു ഭീഷണിയായി ക്രിസ്തു മാറുമോയെന്ന ഭയം മൂലം യൂദയിലെ രാജാവ് ഹെരോദാവ്  ദൈവപുത്രനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഉണ്ണിയേശുവിനെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ മൂന്നര വയസ്സിൽ താഴെ പ്രായമുള്ള എല്ലാ ആൺകുഞ്ഞുങ്ങളെയും ഹെരോദാവ് ദയാരഹിതമായി കൊലചെയ്തെന്നു ബൈബിൾ സാക്ഷിക്കുന്നു.

ദൈവപുത്രൻ മണ്ണിൽ ജനിച്ചുവീണ ദിനം തന്നെ നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായ ഒരു കൂട്ടം പൈതങ്ങളുടെ കൊലയ്ക്കു ലോകം സാക്ഷിയായി. ‘ഹോളി ഇന്നസെന്റ്സ്’ എന്ന പേരിലാണ് ഈ കുരുന്നുകൾ അറിയപ്പെടുന്നത്.  ഇതുപോലെ തന്നെ ചെയ്യാത്ത കുറ്റത്തിനു നിഷ്കളങ്കരായ ഒട്ടേറെ കുഞ്ഞുങ്ങൾ മാരകമായ വലിയൊരു ശിക്ഷയും പേറി ഇന്നു ലോകത്തിൽ ജീവിക്കുന്നു.

ജനിച്ചുവീണ നിമിഷം മുതൽ മാതാപിതാക്കളിൽനിന്നു പാരമ്പര്യമായി ലഭിച്ച എയ്ഡ്സ് എന്ന മാരക രോഗം വഹിക്കുന്ന നിഷ്കളങ്ക ബാല്യങ്ങൾ നമ്മുടെ ഇടയിൽ ജീവിക്കുന്നു. ഈ കാലഘട്ടത്തിലെ ‘ഹോളി ഇന്നസെന്റ്സ്’. പണ്ട് അവർക്കു ഹെരോദാവിന്റെ വാളിനാലാണു മുറിവേറ്റതെങ്കിൽ, ഇന്നവർ നമ്മുടെ അവഗണനയാൽ മുറിപ്പെടുന്നു. അവരുടെ മുറിവുകൾ വച്ചുകെട്ടി ശുശ്രൂഷിക്കുകയാണു ചൈന്നൈയിൽ വൈദികനായ ബിജു മാത്യൂ പുളിക്കൽ.

തിരുവനന്തപുരത്തു നിന്ന്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആരും തിരിഞ്ഞു നോക്കാത്ത വാർഡായിരുന്നു ഒൻപത്. കണ്ടാൽ അറയ്ക്കുന്ന മുറിവുകളും രൂപങ്ങളുമായി ഒരു പറ്റം മനുഷ്യരായിരുന്നു അവിടത്തെ അന്തേവാസികൾ. അടൂർ ഏനാത്തിനു സമീപമുള്ള പട്ടാഴിയെന്ന ഗ്രാമത്തിൽനിന്നു വൈദിക പരിശീലനത്തിനായി എത്തിയ ഫാ. ബിജുവിന്റെ പ്രവർത്തന മേഖലയായിരുന്നു ഇവിടം.

ആരോരുമില്ലാത്ത രോഗികൾക്കു ഭക്ഷണം വാരി നൽകിയും മരുന്നുകൾ സമയത്തു കൊടുത്തും അവരെ ബിജുവച്ചനും സംഘവും ശുശ്രൂഷിച്ചു. തിരുനൽവേലിയിലുള്ള ബഥേൽ കരുണ സെന്റർ എന്ന സ്ഥാപനത്തിൽ ഇതിനു മുൻപു നടത്തിയ പ്രവർത്തനങ്ങളാണു ആരും സഹായിക്കാനില്ലാത്ത രോഗികളോടുള്ള ബിജുവച്ചന്റെ താൽപര്യം വർധിപ്പിച്ചത്.

ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപനായിരുന്നു കാലം ചെയ്ത ഡോ. സഖറിയാസ് മാർ തെയോഫിലോസാണ് ബിജുവച്ചന്റെ ഗുരു. കൈകൾ കൊണ്ടു പ്രാർഥിക്കണമെന്ന ഗുരുവിന്റെ ഉപദേശമാണ് ഇത്തരം ശുശ്രൂഷകളിലേക്ക് ഇറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.  എംസിഎ ബിരുദം നേടി വൈദികനായ ശേഷവും രോഗികളോടുള്ള അച്ചന്റെ കരുതലിനു മാറ്റം വന്നില്ല. ചെന്നൈയിലേക്ക് സഭാ ശുശ്രൂഷകളുമായി എത്തിയപ്പോഴും ആ യുവ വൈദികന്റെ മനസ്സിൽ ആരും നോക്കാനില്ലാത്ത മാറാരോഗികളെ കുറിച്ചുള്ള ആശങ്കയായിരുന്നു.

എക്യൂമെനിക്കൽ പ്രസ്ഥാനമായ ‘മെലോ സർക്കിൾ’ എന്ന സംഘടന ആവഡിയിലെ ചെറിയ ഗ്രാമമായ വെല്ലന്നൂരിൽ എയ്ഡ്സ് രോഗം ബാധിച്ചവർക്കായി കേന്ദ്രം തുടങ്ങാൻ ആരംഭിച്ചപ്പോൾ അതിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചതു ബിജുവച്ചനെയാണ്.

പ്രത്യാശയുടെ ഭവനം

‘ചെറിയ ഷെഡ് ഉണ്ടാക്കി അതിൽ കിടന്നാണു പ്രത്യാശാ ഭവന്റെ നിർമാണത്തിനും ആദ്യഘട്ടത്തിലെ പ്രവർത്തനത്തിനും തുടക്കം കുറിച്ചത്. ആളുകൾ വസിക്കുന്ന സ്ഥലങ്ങളിലൊന്നും എയ്ഡ്സ് ബാധിച്ച കുട്ടികൾക്കായി കേന്ദ്രം ആരംഭിക്കാൻ കഴിയില്ല. ആരും അതിനു സമ്മതിക്കില്ല. തികച്ചും വിജനമായ സ്ഥലത്തേക്കു മാറിയാണ് സ്ഥാപനം ആരംഭിച്ചത്. ഇവിടെ പ്രവേശനം നേടിയ ആദ്യബാച്ചിലെ കുട്ടികളുടെ സ്ഥിതി ഏറെ കഷ്ടമായിരുന്നു.

എന്നാൽ അവരിൽ പലരും ഇന്ന് മികച്ച രീതിയിൽ പഠനം പൂർത്തിയാക്കി സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നു’’– ഫാ. ബിജു പറയുന്നു. എയ്ഡ്സ് രോഗികളായ കുട്ടികൾക്കു 16 വയസ്സുവരെ താമസിച്ചു പഠിക്കാൻ പ്രത്യാശാഭവനിൽ സൗകര്യമുണ്ട്. ഇവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭിക്കും. 16 വയസ്സിനു ശേഷം തിരികെ വീടുകളിലേക്കോ മറ്റുള്ള കേന്ദ്രങ്ങളിലേക്കോ മാറണം

അവർക്കായി

ഉള്ളിലുള്ള രോഗം എയ്ഡ്സാണെന്ന് അറിഞ്ഞാൽ സമൂഹത്തിന്റെ ശരിക്കുള്ള ഉള്ളിലിരിപ്പു പുറത്തുവരും. മികച്ച മാർക്കും ജോലിയിലെ വൈഭവവും സ്വഭാവ ശ്രേഷ്ഠതയുമൊന്നും എയ്ഡ്സ് രോഗികൾക്കു സമൂഹത്തിൽ നല്ല പരിഗണന ലഭിക്കാൻ പര്യാപ്തമല്ല. 16 വയസ്സുകഴിഞ്ഞ് പഠനം പൂർത്തിയാക്കി പ്രത്യാശാഭവനിൽനിന്നു പുറത്തേക്കു പോകുന്ന പലർക്കും പ്രത്യാശാപൂർവമുള്ള ജീവിതത്തിനു രോഗം തടസ്സമായി.

ഈ തിരിച്ചറിവിൽ നിന്നാണു ‘കരുതൽ’ എന്ന സംഘടനയ്ക്കു രൂപം നൽകാൻ ഫാ. ബിജു തീരുമാനിച്ചത്. ട്രസ്റ്റായി റജിസ്റ്റർ ചെയ്ത സംഘടന എയ്ഡ്സ് രോഗികളെ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്നു. കുട്ടികളിലെ കഴിവ് തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിച്ച് അതിലൂടെ അവർക്കൊരു ഉപജീവന മാർഗം ഉണ്ടാക്കുക എന്നതാണു കരുതലിന്റെ ലക്ഷ്യം.

‘പണമായി ആരുമൊന്നും നൽകണമെന്നു താൽപര്യപ്പെടുന്നില്ല. നിങ്ങൾ ഉപയോഗിച്ചു കഴിഞ്ഞതും മാറ്റി വാങ്ങാൻ താൽപര്യപ്പെടുന്നതുമായ എത്രയോ വസ്തുക്കൾ വീടുകളിലുണ്ട്. അതു നൽകിയാൽ മതിയാകും. നിങ്ങൾ പഴയതെന്നു കരുതി വലിച്ചെറിയാൻ തുടങ്ങുന്ന കംപ്യൂട്ടറുകളും തയ്യൽ മെഷീനുകളുമൊക്കെ ഇവരിൽ പലരുടെയും ജീവിതത്തിനു പുതുമനൽകും. ജീവിതത്തിന്റെ നിറം നഷ്ടപ്പെട്ടവർക്ക് അതു തിരിച്ചുനൽകാൻ ഇതിലൂടെ സാധിക്കും’. ഫാ. ബിജു പറഞ്ഞു.

ഫൊട്ടോഗ്രഫർ ഡിസൈനർ

പ്രത്യാശാഭവനിൽ നിന്നു പഠിച്ചിറങ്ങിയ പലരും ‘കുരുതലി’ന്റെ കരം പിടിച്ചു കരപറ്റിയിട്ടുണ്ട്. അതിൽ ഫൊട്ടോഗ്രഫറായ സൂര്യയും ബിഎസ്‌സി കംപ്യൂട്ടർ പഠനം കഴിഞ്ഞു ഡിസൈനിങ് ജോലികൾ ചെയ്യുന്ന ചന്ദ്രയും ഹോസ്റ്റൽ വാർഡനായി ജോലി ചെയ്യുന്ന ഭവാനിയും അക്കൗണ്ടന്റ് പ്രിയയും തുടങ്ങി അനേകർ ഉൾപ്പെടുന്നു.<br />
പെരിയാർ സർവകലാശാലയിൽനിന്നും ഫൊട്ടോഗ്രാഫിയിലും സിനിമ നിർമാണത്തിലും ഡിപ്ലോമ നേടിയിട്ടുള്ള ബിജുവച്ചൻ തന്നെയാണു ചന്ദ്രയുടെ ഗുരു. എംസിഎ ഡിഗ്രിയുള്ളതിനാൽ കംപ്യൂട്ടർ മേഖലയിലേക്കു താൽപര്യമുള്ള പലർക്കും വഴികാട്ടിയാകാൻ അച്ചനു സാധിച്ചു.

‘ഇന്നു നല്ലനിലയിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്ക് എയ്ഡ്സ് വന്നത് അവളുടെ രണ്ടാനച്ഛനിൽ നിന്നാണ്. ഏഴു വയസ്സു മുതൽ ആ കുഞ്ഞിനെ അയാൾ ദുരുപയോഗം ചെയ്തിരുന്നു. ഇവിടെയുള്ള മറ്റു കുട്ടികൾക്കു മാതാപിതാക്കളിലൂടെ ജന്മനാ രോഗം വന്നതാണ്. പക്ഷേ, അവൾക്കു രോഗമെന്ന ദുരിതം ചുമക്കേണ്ടി വന്നതു രണ്ടാനച്ഛന്റെ പീഡനത്തിൽ നിന്നും. തിരിച്ചറിവിന്റെ പ്രായമെത്തിയ അവൾക്ക് ആ യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. ജീവനൊടുക്കാൻ വെമ്പൽ കൊള്ളുന്ന അവൾക്ക് ഏറെ കൗൺസലിങ്ങും പരിഗണനയും നൽകിയാണു ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്’. ഫാ. ബിജു പറഞ്ഞു.

എതിർപ്പ് പലരിൽ നിന്നും

എയ്ഡ്സ് ബാധിച്ചവരോടുള്ള സമൂഹത്തിന്റെ ഭയം ഇത്തരക്കാരെ ശുശ്രൂഷിക്കുന്നവരിലേക്കും നീളുന്നു. ശാസ്ത്രം ഏറെ പുരോഗമിച്ച ഈ കാലത്തും ഇതിനു മാറ്റമൊന്നും വന്നിട്ടില്ലെന്നു ഫാ. ബിജു പറയുന്നു. ബന്ധുക്കൾ ഉൾപ്പെടെ പലരും എതിർപ്പുമായി രംഗത്തുവന്നെങ്കിലും അതൊന്നും വകവയ്ക്കാതെ തന്നെ തന്റെ ശുശ്രൂഷയുമായി വൈദികൻ മുന്നോട്ടു പോയി.

‘എനിക്കു രണ്ടു മക്കളാണുള്ളത്. മൂത്തവൾ ദിയയും ഇളയവൻ ഡാനും. ഭാര്യ ടീന ബാങ്ക് ഉദ്യോഗസ്ഥയാണ്.

ദിയ ജനിച്ച സമയത്താണു പ്രത്യാശാഭവൻ ആരംഭിച്ചത്. ഭാര്യ ജോലിക്കു പോകുമ്പോൾ മകളുമായി പലപ്പോഴും ഞാൻ ഇവിടെ വന്നിട്ടുണ്ട്. കുഞ്ഞിന്റെ അരികിലേക്കു സ്ഥാപനത്തിലെ കുട്ടികളെല്ലാം ഓടിയെത്തും. എയ്ഡ്സ് ബാധിച്ചവർ കുഞ്ഞിന്റെ അരികിൽ വരുന്നത് അപകടമാണെന്നു പലരും പറഞ്ഞു. പണ്ടുണ്ടായിരുന്ന പല തെറ്റിധാരണകളും ഇന്നും നിലനിൽക്കുന്നു. ഇതൊക്കെ ഇനി എന്നു മാറും!’– ബിജുവച്ചൻ ചോദിക്കുന്നു.

സ്വപ്നം, സ്വാശ്രയത്വം

എയ്ഡ്സ് എന്ന ഒറ്റക്കാരണം കൊണ്ട് അവഗണിക്കപ്പെടുന്നവർക്കായൊരു കേന്ദ്രം. അവർ മാത്രം നടത്തിപ്പുകാരായുള്ള, രോഗത്തിന്റെ പേരിൽ ആരും പുറത്താക്കാത്ത, അവർക്കു സ്വന്തമായി പണം സമ്പാദിക്കാൻ കഴിയുന്ന ജോലികൾ ചെയ്തു കൂട്ടായി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ഒരുകേന്ദ്രം. അതാണു ഫാ. ബിജുവിന്റെ സ്വപ്നം.

അക്കൗണ്ടിങ്, ഡിസൈനിങ്, ഫൊട്ടോഗ്രഫി അങ്ങനെ പല മേഖലകളിൽ പ്രാവിണ്യം നേടിയവർ രോഗം മൂലം അവഗണിക്കപ്പെടുന്നു. മെഴുകുതിരി, സാമ്പ്രാണി, പാക്കിങ് കവറുകളും കളിപ്പാട്ടങ്ങളും ഉണ്ടാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരുമുണ്ട്. ഇവരെയെല്ലാം ഒരുകുടക്കീഴിൽ കൊണ്ടുവന്നശേഷം അവർക്ക് ഉപജീവനത്തിനുള്ള പണം സ്വയം സമ്പാദിക്കാൻ കഴിയുന്ന സംവിധാനം അടുത്തവർഷത്തോടെ തുടങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു ബ്രോഡ്‌വേ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സഹവികാരി കൂടിയാ ഫാ. ബിജു മാത്യു.

Source