പിറവം > പള്ളിപ്പെരുന്നാളിന് എടക്കാറുള്ള ഓഹരി ഇത്തവണയും പാമ്പാക്കുടക്കാർ മുടക്കിയില്ല, പെരുന്നാൾ നടത്താനല്ല, ക്യാൻസർ രോഗികളുടെ ചികിത്സക്കായാണ് ഓഹരിയായി സമാഹരിച്ച ഒരു ലക്ഷത്തിലേറെ രൂപ വിശ്വാസികൾ നൽകിയത്. പാമ്പാക്കുട സെന്റ്തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിലെ മാർതോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിനാണ്, ഇടവകക്കാർ ക്രിസ്തു സന്ദേശം ഉയർത്തുന്ന മികച്ച മാതൃക കാട്ടിയത്. പള്ളിപ്പെരുന്നാൾ ഇടവകാംഗമായ ഇച്ചിപ്പിള്ളിൽ ബേബി ഏറ്റു കഴിച്ചതോടെയാണ് ഇടവകാംഗങ്ങളുടെ ഓഹരി തുക ബാക്കിയായത്.ഇരുന്നൂറിലേറെ ഇടവക അംഗങ്ങളാണ് പള്ളിയിലുള്ളത്.
ഗാനമേളയോ ഇതര പരിപാടികളോ നടത്താതെ തുക രോഗികൾക്കു വേണ്ടി ചെലവഴിക്കണമെന്ന വികാരി ഫാ അബ്രാഹാം പാലപ്പിള്ളിലിന്റെ നിർദ്ദേശം ജനങ്ങൾ അംഗീകരിക്കുകയായിരുന്നു. ഇടവക മെത്രാപ്പോലീത്ത ഡോ മാത്യൂസ് മാർ സേവേറിയോസിന് തുകയുടെ ചെക്ക് കൈമാറി ചികിത്സാ പദ്ധതി ഉദ്ഘാടനം ചെയ്തു.ഫാ അബ്രാഹം പാലപ്പിള്ളിൽ അധ്യക്ഷനായി.ഫാ ജോസഫ് മലയിൽ,ഫാ ജോൺ വി ജോൺ, ഫാ ജിത്തു കോലഞ്ചേരി, തുടങ്ങിയവർ സംസാരിച്ചു.പെരുന്നാൾ ചടങ്ങുകൾക്ക് ഫാ ഐസക്ക് ചെനയപ്പിള്ളിൽ കോർഎപ്പിസ്കോപ്പ, ഫാ പൗലോസ് ചെമ്മനം എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ വച്ച് പ്രദിക്ഷണ വഴി അലങ്കരിച്ചതിന് രമേശ് വള്ളോം മാക്കിൽ കാക്കൂർ, സജീവൻ പുത്തൻപുരക്കൽ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.