ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി വീണ്ടും ഒരു ക്രിസ്തുമസ് കൂടി വന്നണയുകയായി. നമ്മുടെ ജീവിതത്തിലൂടെ യേശുക്രിസ്തുവിനെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാൻ നമുക്ക് കഴിയണം. യേശുക്കുഞ്ഞിനെ കാണുവാൻ വന്ന വിദ്വാന്മാർ പൊന്നും കുന്തിരിക്കവും മീറയും കാഴ്ചവച്ചു. ഇവർ വലിയ സമ്പന്നർ ഒന്നുമല്ലായിരുന്നു. പക്ഷെ അവരുടെ നിക്ഷേപപാത്രങ്ങൾ കർത്താവിനു മുൻപിൽ തുറക്കുകയാണ്. യേശുവിനെ രാജാവും രക്ഷകനുമായി കണ്ടുമുട്ടുന്ന വ്യക്തി തനിക്കുള്ള നിക്ഷേപപാത്രമൊക്കെയും അവനു മുൻപിൽ തുറക്കും. പാപിനി തന്റെ സമ്പാദ്യമൊക്കെയും സുഗന്ധകുപ്പിയിലാക്കി ക്രിസ്തുവിനു മുൻപിൽ ഒഴുക്കിയതുപോലെ തന്നെ. വിധവ തന്റെ സമ്പത്ത് മുഴുവനും ഭണ്ഡാര സ്ഥലത്ത് നിക്ഷേപിച്ചു, വിശ്വാസത്തോടെ ഹൃദയം തുറന്നു നിക്ഷേപപാത്രങ്ങളെ നാം അർപ്പിക്കണം.
യേശു എന്ന എബ്രായവാക്കിന്റെ അർഥം “ദൈവം രക്ഷിക്കുന്നു” എന്നാണ്. ജനിക്കുവാൻ പോകുന്ന ശിശുവിന് യേശു എന്ന് പേരിടേണമെന്നു വിശുദ്ധ മറിയത്തെ ഗബ്രിയേൽ മാലാഖ അറിയിച്ചു. അവൻ വലിയവനായിരിക്കും, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കും (മത്തായി 1 :21 ). യേശുവിന്റെ ജനനവും ജീവിതവും മനുഷ്യകുലത്തിനു സമ്മാനിച്ചത് പാപമോചനവും രക്ഷയുമാണ്. സകല മനുഷ്യർക്കും അത് പ്രദാനം ചെയ്യുന്നതിനാണ് ക്രിസ്തു ജനിച്ചത്. നമ്മുടെ ഹൃദയങ്ങളാണ് ഉണ്ണിയേശു പിറക്കേണ്ടത്. അതോടെ തിന്മകൾ ഓരോന്നായി നീങ്ങിപോകും.
യേശുവിനെ കണ്ടുമുട്ടുന്ന ഓരോ അവസരത്തിലും അവൻ നമ്മിൽ ജനിക്കുകയാണ്. “ക്രിസ്തു നിങ്ങളിൽ രൂപാന്തരപ്പെടുന്നതു വരെ ഞാൻ ഈറ്റുനോവ് അനുഭവിക്കുന്നു” (ഗലാത്യർ 4:19 ) എന്ന് പൗലോസ് ശ്ലീഹ പറയുന്നു. ക്രിസ്തു നമ്മിൽ രൂപാന്തരപ്പെടുമ്പോൾ മാത്രമേ, യഥാർത്ഥ സ്നേഹത്തിന്റെ വഴി, നീതിയുടെയും വിശുദ്ധിയുടെയും വഴി, സാഹോദര്യത്തിന്റെ വഴി നമ്മിൽ തുറക്കുകയുള്ളു. ഈ ലോകത്തിൽ ജീവിക്കുന്ന നമ്മുടെ ഹൃദയങ്ങളിലേക്ക് കടന്നു വരുന്ന അന്ധകാരത്തെ നീക്കിക്കളയുവാൻ നിത്യ സൂര്യനായ യേശുവിന്റെ പ്രകാശം എന്നും ആവശ്യമാണ്.
രവീന്ദ്രനാഥ ടാഗോറിന്റെ ഒരു പ്രാർത്ഥന ഇങ്ങനെയാണ്: “ക്രിസ്തുനാഥാ, അങ്ങ് ഏഷ്യക്കാരായ ഞങ്ങളുടെ ഇടയിൽ വന്നാലും… യൂറോപ്പിൽ അങ്ങേയ്ക്കു സ്ഥലമില്ല; ബുദ്ധന്റെ ദേശക്കാരായ ഞങ്ങളുടെ ഇടയിൽ അങ്ങ് വന്നു വസിച്ചാലും…. ഞങ്ങളുടെ ഹൃദയങ്ങൾ വ്യഥ കൊണ്ട് പിളരുകയാണ്. അങ്ങയുടെ വരവ് ഞങ്ങളെ സാന്ത്വനിപ്പിക്കും”. വ്യഥ കൊണ്ട് തളരുന്നവർ ആരായാലും അവർക്കുള്ള സുവിശേഷമാണ് ക്രിസ്തുവിന്റെ വരവ്. ജനനവാർത്ത ആട്ടിടയരെ അറിയിച്ചപ്പോൾ ദൈവദൂതൻ പറയുന്നു: “ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു (ലൂക്കോസ് 2 :10 ). നൊമ്പരപ്പെടുന്ന എല്ലാ ഹൃദയങ്ങളെയും ക്രിസ്തുവിന്റെ വരവ് സാന്ത്വനിപ്പിക്കും. ദൈവം മനുഷ്യനായി കടന്നുവരുന്ന ദിവ്യസുദിനങ്ങളെ ജീവിതത്തോട് ചേർത്ത് വയ്ക്കുവാൻ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരു പുൽക്കൂടായി ഒരുക്കാം.
ഏവർക്കും ക്രിസ്തുമസ് ആശംസകൾ……..