മത്തായിച്ചേട്ടന്‍റെ റൊട്ടിയും സഭാസമാധാനവും / ടി. പി. ജോര്‍ജുകുട്ടി കോത്തല

മലങ്കരസഭയിലെ വ്യവഹാരങ്ങളും സമാധാനശ്രമങ്ങളുമെല്ലാം കൃത്യമായ ഒരു വഴിത്തിരിവില്‍ എത്തപ്പെട്ടിരിക്കുന്ന സവേശഷമായ സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. സഭാധികാരികള്‍ ആരെന്നും സ്ഥാപനങ്ങളുടെ ഭരണം എപ്രകാര മായിരിക്കണം എന്നതിനും ഇനി തര്‍ക്കങ്ങള്‍ ആവശ്യമില്ല. സുപ്രീംകോടതിയുടെ വ്യക്തമായ വിധിതീര്‍പ്പുകള്‍ ഇനി ഒരു ചോദ്യംചെയ്യലിനും വിധേയമാക്കാന്‍ കഴിയാത്തവിധം ശക്തമായ ഉത്തരവുകളായി, കല്ലുപിളര്‍ക്കുന്ന ശാസനകളായി നിലവില്‍ വന്നിരിക്കുന്നു.

എന്നാല്‍ സഭയുടെ ഭൗതികാന്തരീക്ഷത്തില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങള്‍ ദൃശ്യമല്ല. ആരൊക്കെയോ ഇടപെട്ട് എന്തൊക്കെയോ സംഭവിക്കുമെന്നു കരുതി ജനങ്ങള്‍ കാത്തിരിക്കുന്നു. മുമ്പ് രണ്ടും രണ്ടു പാത്രമാക്കണമെന്ന് പറഞ്ഞ് കത്രിക കയ്യിലെടുത്തിരുന്ന സിസേറിയന്‍ വക്താക്കളൊക്കെ ഇന്നു കയ്യിലെടുത്തിരിക്കുന്നത് തുന്നിക്കെട്ടുന്നതിനുള്ള ഉപകരണങ്ങളാണ്. എങ്ങനെയും തുന്നിക്കെട്ടി എല്ലാം അകത്താക്കണമെന്നാണവരുടെ വെമ്പല്‍. അവരുടെ വെമ്പല്‍ കാണുമ്പോള്‍ ഞങ്ങള്‍ കോത്തലക്കാര്‍ മത്തായിച്ചേട്ടനെ ഓര്‍ക്കും. പള്ളിയിലെ ശുശ്രൂഷകനായിരുന്ന അദ്ദേഹം എന്തും വില്‍ക്കുന്ന ഒരു സര്‍വാണിക്കടയുടെ ഉടമകൂടിയായിരുന്നു. പള്ളിയിലെ ചുമതലകള്‍ക്കിടയില്‍ എപ്പോഴും കട തുറക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും എല്ലാ സാധനങ്ങളും എപ്പോഴും സ്റ്റോക്കുണ്ടാ യിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബേക്കറി സാധനങ്ങളൊക്കെയും പൂത്തുകെട്ട നിലയി ലായിരിക്കും പലപ്പോഴും ഉണ്ടാവുക. അങ്ങനെയിരിക്കെ, കടയില്‍നിന്നും റൊട്ടി വാങ്ങിയ ഒരാള്‍ റൊട്ടി പൂത്തതാണെന്നു പരാതിപ്പെട്ടുകൊണ്ട് വാങ്ങിയ റൊട്ടി തിരികെക്കൊടുക്കാന്‍ കടയിലെത്തി. അപ്പോള്‍ മത്തായിച്ചേട്ടന്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. “നിങ്ങള്‍ ഇതുവരെ എവിടായിരുന്നു? രണ്ടാഴ്ചയായി ഈ റൊട്ടി ഇവിടുണ്ടായിരുന്നല്ലോ. റൊട്ടി പൂത്തതാണു പോലും, പൂക്കുന്നതിനുമുമ്പ് ഇയാള്‍ക്ക് വാങ്ങിക്കൂടായിരുന്നോ?”

മത്തായിച്ചേട്ടന്‍റെ ചോദ്യം ഇന്നു നമ്മള്‍ പലരോടും ചോദിച്ചുപോവും. 1995-ലെ സുപ്രീംകോടതി വിധി ഉണ്ടായതിനുശേഷം മഹാനായ പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി ആത്മവിവശതയോടെ എല്ലാവരെയും സമീപിച്ചു. 1934-ലെ ഭരണഘടനയ്ക്കു വിധേയമായി അന്നുണ്ടായിരുന്ന എല്ലാ സ്ഥാനികളെയും നിരുപാധികം സ്വീകരിക്കാമെന്ന മലങ്കരസഭയുടെ വാഗ്ദാനവുമായി മറുപക്ഷത്തെ സമീപിച്ച അദ്ദേഹത്തിനു ലഭിച്ച മറുപടി എന്തായിരുന്നു? 1995-ലെ സുപ്രീംകോടതി വിധിക്കുവിധേയമായി പരസ്പരം സ്വീകരിക്കാം എന്ന വ്യവസ്ഥ എഴുതിക്കൊടുത്താല്‍ അവര്‍ സഹകരിക്കും. അന്നത്തെ വിധിയില്‍ മലങ്കരസഭാഭരണഘടനയിലെ ഒന്നാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന പാത്രിയര്‍ക്കീസിന്‍റെ പ്രധാന മേലധ്യക്ഷ സ്ഥാനത്തെപ്പറ്റി ആനുഷംഗികമായി പരാമര്‍ശിച്ചിരുന്നു. ആ വ്യവസ്ഥയ്ക്കു മുന്‍തൂക്കം നല്‍കി ഒരു പരസ്പര സ്വീകരണപ്രഹസനം നടത്തിയാല്‍ വളരെവേഗം കാര്യങ്ങളെ പഴയപടിയാക്കാം എന്ന കുബുദ്ധി തിരിച്ചറിയാനുള്ള വൈഭവമൊക്കെ ഓര്‍ത്തഡോക്സ് നേതൃത്വത്തിനുണ്ടായിരുന്നതുകൊണ്ട് ഒന്നും സംഭവിച്ചില്ല. വര്‍ഷങ്ങള്‍ 22 കഴിഞ്ഞു. ഇപ്പോള്‍ 1995-ലെ റൊട്ടി ഇരുപ്പുണ്ടോ എന്നു അന്വേഷിക്കുന്നവരോട് നമ്മള്‍ ചോദിച്ചുപോവും, ഇത്രയും കാലം നിങ്ങള്‍ എവിടെയായിരുന്നു?

തീര്‍ച്ചയായും അവര്‍ വെറുതെയിരിക്കുകയായിരുന്നില്ല. ഭാവിയില്‍ എന്നെങ്കിലും മലങ്കരസഭാ സമാധാനം സംഭവിക്കാതിരിക്കാനുള്ള മരുന്നുചേര്‍ത്ത റൊട്ടികള്‍ അവര്‍ ചുട്ടെടുക്കുകയായിരുന്നു. ഈ കാലയളവില്‍ അവര്‍ ഇത്രയധികം ബിഷപ്പുമാരെ വാഴിച്ചതിന്‍റെ ഉദ്ദേശം, എന്നെങ്കിലും സഭായോജിപ്പിനു കളമൊരുങ്ങിയാല്‍ അന്നു തങ്ങള്‍ക്ക് മേല്‍ക്കയ്യ് കിട്ടണമെന്ന ഗൂഢോദ്ദേശ്യം മാത്രമായിരുന്നു. ആ ബിഷപ്പുമാരില്‍ കൊള്ളാവുന്നവരുണ്ട്. ഇപ്പോള്‍ തന്നെ മുടക്കിലുള്ളവരുണ്ട്, ഒടക്കിലുള്ളവരുണ്ട്, മുള്ളുമുരിക്കില്‍ കയറ്റേണ്ടവരുണ്ട്. ഇവരെയെല്ലാം ഉള്‍പ്പെടുത്തി ഒരു സമാധാനചര്‍ച്ചപോലും പ്രായോഗികമാവുമെന്ന് കരുതുക വയ്യ.

ഈ സാഹചര്യത്തില്‍ മലങ്കരസഭാ നേതൃത്വത്തെ സമര്‍ദ്ദത്തിലാക്കി, സഭാപിതാക്കന്മാരെ മുള്‍മുനയില്‍ നിര്‍ത്തി, ഇതുവരെ ജാഗ്രതയോടെ നടത്തിയ നിയമനടപടികളുടെ സദ്ഫലങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന സന്ധി വ്യവസ്ഥകള്‍ക്ക് മലങ്കരസഭാ നേതൃത്വം വിധേയപ്പെടില്ല, വിധേയപ്പെടേണ്ടതില്ല എന്നതില്‍ ഒരു സംശയത്തിന്‍റെയും ആവശ്യമില്ല.

പിന്നെ എന്താണു കരണീയം? “ചെയ്യരുതാത്തതു ചെയ്തോനെങ്കിലും ഈയെന്നെ തള്ളല്ലേ തമ്പുരാനേ” എന്നു പറയുന്നവരോട് ക്ഷമിക്കാതിരിക്കാനും ക്രൈസ്തവധര്‍മ്മം അനുവദിക്കില്ല. മാത്രമല്ല, ആരുടെയൊക്കെയോ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കും നേതൃത്വ മോഹങ്ങള്‍ക്കും ബലിയാടാകേണ്ടി വന്ന നമ്മുടെ സഹോദരങ്ങളാണല്ലോ മറുപക്ഷത്തെ ജനങ്ങള്‍ മുഴുവനും. ‘അന്ത്യോഖ്യന്‍ ബന്ധം നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യം അവരെക്കൊണ്ടു വിളിപ്പിച്ചത് പലരുടെയും ഒടുങ്ങാത്ത മോഹങ്ങളും അടങ്ങാത്ത തൃഷ്ണയുമാണെന്ന് ഇന്നവര്‍ തിരിച്ചറിയുന്നുണ്ട്. ഇപ്പോഴും ആ തിരിച്ചറിവില്ലാത്തവര്‍ ചിലരുണ്ടാവാം. എങ്കിലും എല്ലാക്കാലത്തേക്കും എല്ലാവരെയും വിഡ്ഡികളാക്കുവാന്‍ ആര്‍ക്കും കഴിയില്ല എന്ന യാഥാര്‍ത്ഥ്യം മുമ്പിലുണ്ടല്ലോ.

ഇവിടെ സൂചിപ്പിക്കുന്നത് യോജിപ്പിലൂടെ മലങ്കരസഭ സമാധാനത്തിന്‍റെയും പുരോഗതിയുടെയും മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കേണ്ടതില്ല എന്നല്ല. ഇരുപക്ഷത്തുമായി നില്‍ക്കുന്ന സഹോദരങ്ങള്‍ ഒന്നിച്ച് തുഴയേണ്ടതില്ല എന്നുമല്ല. അട്ടിമറിക്കാന്‍ വേണ്ടിയുള്ള സന്ധി വ്യവസ്ഥകള്‍ ഇനി ഉണ്ടാവേണ്ടതില്ല എന്നു മാത്രം.

ആലോചനയോടെ, കരുതലോടെ ഓരോ ചുവടും വെയ്ക്കുവാന്‍ കഴിവുള്ളവരാണ് മലങ്കരസഭാ നേതൃത്വത്തിലുള്ളത്. അവരെ അപഹസിച്ചും അവരുടെ നേരെ മറഞ്ഞിരുന്നു ചാട്ടുളി എറിഞ്ഞും ഈ സഭയില്‍ തങ്ങളുടെ താല്പര്യം സംരക്ഷിക്കാം എന്ന് ആരും കരുതിയിട്ടു കാര്യമില്ല. ‘നേരെ വാ, നേരേ പോ’ എന്നുമാത്രം അറിയുന്ന മലങ്കര സഭാനേതൃത്വത്തിന് എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കുന്നതിനുള്ള വൈഭവവും വിഭവങ്ങളും ഉണ്ടെന്നു തെളിയിക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ വിധികളും. അതുകൊണ്ട് എല്ലാതരം ഉപജാപകസംഘങ്ങളോടും എല്ലാ സമാധാന കാംക്ഷികളോടും മലങ്കരസഭയ്ക്ക് ഒന്നേ പറയാനുള്ളൂ “നേരേ വരിക, ഒന്നിച്ചു പോവാം.”

ലേഖകന്‍റെ ഫോണ്‍ നമ്പര്‍: 97442 84563