രക്ഷ ഭക്ഷണ ക്രമീകരണത്തിലൂടെയോ? / ബര്‍ യാക്കൂബ്

രക്ഷ ഭക്ഷണ ക്രമീകരണത്തിലൂടെയോ?

ബര്‍ യാക്കൂബ്
 
‘ജീവന്‍ ദയാവേദി’യുടെ മാംസാഹാരത്തിനെതിരായ പഠിപ്പിക്കലുകള്‍ വേദവിപരീതമാണ് – ശീശ്മയാണ്. പരിശുദ്ധ ശ്ലീഹന്മാര്‍ ഈ പഠിപ്പിക്കലിനെതിരായി പ്രവചിച്ചിട്ടുള്ളതുമാണ്. പൗലൂസ് ശ്ലീഹാ തിമൊഥെയൊസിനോടു കല്‍പിക്കുന്നു (1 തിമൊഥിയോസ് 4:1-3) “എന്നാല്‍ ഭാവികാലത്തു ചിലര്‍ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു. അവര്‍ സ്വന്തമനസ്സാക്ഷിയില്‍ ചൂടുവെച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികള്‍ സ്തോത്രത്തോടെ അനുഭവിപ്പാന്‍ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വര്‍ജ്ജിക്കേണം എന്നു കല്‍പിക്കുകയും ചെയ്യും.”
 
രണ്ടാമതായി ഇവരുടെ പഠിപ്പിക്കലുകള്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായവന്‍റെ ജീവിതത്തിനും പഠിപ്പിക്കലിനുമെതിരും യേശുവിനെ ദുഷിക്കുന്നതിനു തുല്യവും ജാതികളുടെയിടയില്‍ തിരുനാമം അശുദ്ധമാക്കുന്നതുമാണ്. ജീവന്‍ ദയാവേദിക്കാരുടെ ഒരു നോട്ടീസില്‍ പറയുന്നത് ഏതാണ്ടിപ്രകാരമാണ്; നിങ്ങള്‍ക്ക് ദൈവസന്നിധിയിലേക്ക് അടുത്തു ചെല്ലണമെങ്കില്‍ നിങ്ങള്‍ മാംസാഹാരം വര്‍ജ്ജിക്കണമെന്ന്. എന്നാല്‍ നമ്മുടെ കര്‍ത്താവ് വ്യക്തമായി പറയുന്നു, മനുഷ്യന്‍റെ വയറ്റിലേക്കു ചെല്ലുന്നതല്ല മനുഷ്യനെ അശുദ്ധനാക്കുന്നതെന്ന് (ആത്മീയ അര്‍ത്ഥത്തില്‍). മര്‍ക്കോസ് 7:15, 7:19. അതായത്, ഇക്കൂട്ടര്‍ പറയുന്ന you are what you eat എന്നതിനെ മശിഹാതമ്പുരാന്‍ ഖണ്ഡിക്കുന്നു. തന്നെയുമല്ല, പെസഹക്കുഞ്ഞാടിനെ ഭക്ഷിക്കുകയും പുനരുത്ഥാനത്തിനു ശേഷം പോലും മത്സ്യം ശിഷ്യന്മാര്‍ കാണ്‍കെ ഭക്ഷിക്കുകയും ചെയ്തവനും പിതാവിനോടൊന്നായിരിക്കുന്നവനുമായ നമ്മുടെ കര്‍ത്താവിനെ ഇവര്‍ ഇവരുടെ ഈവിധ ഉപദേശത്തിലൂടെ ദുഷിക്കുകയാണ് ചെയ്യുന്നത്. കാരണം, യേശുവിന്‍റെ ഭക്ഷണശീലം ഇവരുടെ ഉപദേശമനുസരിച്ച് അധമമാണല്ലോ.
 
മൂന്നാമതായി ഇക്കൂട്ടരുടെ മേല്‍പ്പറഞ്ഞ പഠിപ്പിക്കല്‍ വിവരദോഷമാണ്. ഈ പ്രസ്താവനയ്ക്ക് രണ്ട് അടിസ്ഥാനങ്ങളുണ്ട്. ഒന്ന്, ജീവന്‍ മൃഗത്തിനും സസ്യങ്ങള്‍ക്കും ഉണ്ട്. അപ്പോള്‍ മൃഗത്തെ കൊല്ലരുത്, സസ്യങ്ങളെയാകാം എന്നു പറയുന്നതിലെ ന്യായം എന്താണ്? അതുപോലെ അണുബാധകള്‍ക്ക് മരുന്നു കഴിക്കുമ്പോഴും, വയറ്റില്‍നിന്ന് വിരയിളക്കി കളയുമ്പോഴും ജീവികളെത്തന്നെയാണ് ഹനിക്കുന്നത്. രണ്ട്, വേദപുസ്തക ചിന്തയിലും പിതാക്കന്മാരുടെ ചിന്തയിലും മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത് അവനിലുള്ള ദേഹി എന്ന അംശമാണ് (നഫ്ശോ, നപ്ശോ). യേശു കല്‍പിക്കുന്നു: “ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നെ ഭയപ്പെടുവിന്‍.” (മത്തായി 10:28) ദേഹി എന്ന് പഴയ മലയാളത്തിലുപയോഗിച്ചിരിക്കുന്നതിന് പകരം ആത്മാവ് എന്നുപയോഗിക്കുന്നത് തെറ്റാണ്. ഇപ്പറഞ്ഞതില്‍ നിന്നും ദേഹി (soul) ഉള്ള മനുഷ്യനു തുല്യനല്ല അതില്ലാത്ത മൃഗസസ്യജാലങ്ങള്‍ എന്നു വ്യക്തം (എന്നാല്‍ മനുഷ്യനില്‍ മൃഗസസ്യജാലങ്ങളുടെ അസ്ഥിത്വ ഭാഗഭാഗിത്വം ഉണ്ട് എന്ന് നിസ്സായിലെ ഗ്രീഗോറിയോസ് പറയുന്നു). അപ്പോള്‍ നരഹത്യയും, മൃഗസസ്യ ഹത്യകളും ഒരുപോലെയല്ല എന്നു വരുന്നു. ഈ വര്‍ത്തമാന കാലഘട്ടത്തില്‍ ആത്മാവ് (spirit) ദേഹി എന്നിവയെ കൂട്ടിക്കുഴച്ച് ഉപയോഗിക്കുന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.
 
നാലാമതായി, ഇവരുടെ പഠിപ്പിക്കല്‍ നസ്രാണിസമൂഹത്തിന് അപകര്‍ഷതാബോധം ജനിപ്പിക്കുവാന്‍ ഇടയാക്കുന്നതാണ്. ശുദ്ധസസ്യാഹാരികളാണ് സാത്വികരായിട്ടുള്ളവരെന്ന പഠിപ്പിക്കല്‍ ഭാരതത്തിലെ “വരേണ്യ” വര്‍ഗ്ഗങ്ങളിലെ തീവ്രനിലപാടുകാര്‍ മറ്റു വിഭാഗങ്ങള്‍ തങ്ങളെക്കാള്‍ താഴ്ന്നവരാണ് എന്നു വരുത്തിത്തീര്‍ക്കുവാന്‍ ഉപയോഗിച്ചുവരുന്നതാണ്. പരമ്പരാഗതമായി മിശ്രാഹാരികളായ നസ്രാണിസമൂഹത്തിലേക്ക് ഈ ചിന്ത കടത്തിവിടുകയെന്നാല്‍, ഇപ്പറഞ്ഞ വരേണ്യ തീവ്രവാദികളുടെ ചട്ടുകങ്ങളായി പ്രചരിപ്പിക്കുന്നവര്‍ വര്‍ത്തിക്കുന്നു എന്നാണര്‍ത്ഥം. മാര്‍ത്തോമ്മന്‍ പൈതൃകത്തില്‍ പിതാക്കന്മാര്‍ കാത്തുസൂക്ഷിച്ച സത്യവിശ്വാസത്തിന്‍റെയും ആത്മാഭിമാനത്തിന്‍റെയും കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണത്.
 
അഞ്ചാമതായി, ഇക്കൂട്ടരുടെ പഠിപ്പിക്കലുകള്‍ വേദപുസ്തകത്തിന്‍റെയും സുവിശേഷത്തിന്‍റെയും ആദ്ധ്യാത്മികതയ്ക്ക് വിരുദ്ധമാണ്. ഇവര്‍ യേശുക്രിസ്തുവിലുള്ള സമ്പൂര്‍ണ്ണ രക്ഷയെ നിഷേധിക്കുമാറും കര്‍ത്താവായ യേശു എന്ന ഏകമാര്‍ഗ്ഗത്തെ പൂര്‍ണ്ണമായി അംഗീകരിക്കാതെയും രക്ഷയ്ക്ക് ഭക്ഷണക്രമത്തെയും ഭൗതിക ജീവിതരീതികളെയും ആധാരമാക്കുന്നു. ഇത് വേദപുസ്തക വിരുദ്ധമാണ്. ഇവരുടെ വാദഗതികള്‍ അംഗീകരിച്ചാല്‍, മൃഗബലികള്‍ നിശ്ചയിച്ച മോശയും പെസഹാക്കുഞ്ഞാടിനെയും മത്സ്യത്തെയും ഭക്ഷിച്ച നമ്മുടെ രക്ഷകനും, ദൈവത്തെ കണ്ടിട്ടില്ലെന്നു പറയുന്നതിനു തുല്യമായിരിക്കും. കാരണം ഇവര്‍ പറയുന്നത് ദൈവസാന്നിധ്യത്തിലെത്തണമെങ്കില്‍ സസ്യാഹാരിയാകണമെന്നാണ്. യോഹന്നാന്‍ ശ്ലീഹായുടെ രണ്ടാം ലേഖനം 9-ാം വാക്യത്തില്‍ പറയുന്ന പ്രകാരം “ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കാതെ അതിര്‍കടന്നു പോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തില്‍ നിലനില്‍ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ട്.” എന്നു മാത്രമല്ല, നുഴഞ്ഞുകയറി സഭയില്‍ വിശ്വാസ അടിസ്ഥാനം തകര്‍ക്കുവാന്‍ ശ്രമിക്കുന്നവരായേ ഇക്കൂട്ടരെ കാണുവാന്‍ കഴിയൂ. അവര്‍ ‘കഴിയുമെങ്കില്‍ വ്രതന്മാരെയും തെറ്റിക്കും.’ ജപ-തപ-യോഗാദി രീതികള്‍ ശരീരത്തിനോ മനസ്സിനോ ഗുണം ചെയ്യുമെന്നു വന്നാല്‍ പോലും ദേഹിയുടെ രക്ഷ കര്‍ത്താവായ യേശുക്രിസ്തുവില്‍ കൂടിയാണ്. “യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തില്‍ നിന്നുള്ളതല്ല. അതു എതിര്‍ക്രിസ്തുവിന്‍റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ; അത് ഇപ്പോള്‍ തന്നേ ലോകത്തില്‍ ഉണ്ട്” (1 യോഹ. 4:3). യോഹന്നാന്‍ ശ്ലീഹാ വീണ്ടും പറയുന്നു “അവര്‍ ലൌകികന്മാര്‍ ആകയാല്‍ ലൌകികമായതു സംസാരിക്കുന്നു. ലോകം അവരുടെ വാക്കു കേള്‍ക്കുന്നു” (1 യോഹ. 4:5).
 
ആറാമതായി, ഇവര്‍ ഉന്നയിക്കുന്ന ഒരു വാദം, ഏദന്‍തോട്ടത്തില്‍ മനുഷ്യന്‍ സസ്യാഹാരിയായിരുന്നു എന്നാണ്. ഇവിടെ, ഒന്നാമതു മനസ്സിലാക്കേണ്ടത്, (നിസ്സായിലെ ഗ്രീഗോറിയോസിന്‍റെ അഭിപ്രായത്തില്‍) സൃഷ്ടിചരിത്രം മോശ വിവരിക്കുന്നത്, ആക്ഷരികാര്‍ത്ഥത്തില്‍ എടുപ്പാനുള്ളതല്ല. അതോടൊപ്പം മനസ്സിലാക്കേണ്ടതായ കാര്യം, മരണം ലോകത്തില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള കാലമായിരുന്നു അത്. അതായത് ഏദന്‍തോട്ടത്തില്‍ ചലനാത്മകതയ്ക്കുള്ള ഊര്‍ജ്ജം എന്നതിനപ്പുറം നാശോന്മുഖമായ ഒരു ശരീരത്തെ പോഷിപ്പിച്ചു നിര്‍ത്തേണ്ട ആവശ്യം ആദാമിനില്ലായിരുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍, മര്‍ത്യമായ ശരീരത്തില്‍ ദിവസേന മരിച്ചുകൊണ്ടിരിക്കുന്ന കോശങ്ങള്‍ക്കു പകരം കോശങ്ങള്‍ നിര്‍മ്മിക്കുവാനാവശ്യമായ പ്രോട്ടീന്‍ ഏദന്‍റെ അവസ്ഥയില്‍ ആവശ്യമില്ലല്ലോ.
 
എന്നാല്‍ മനുഷ്യന്‍ മര്‍ത്യനായപ്പോള്‍ അവന്‍റെ ജീവാവസ്ഥയെ നിലനിര്‍ത്തുവാന്‍ അവന് പ്രോട്ടീന്‍ ആവശ്യമായി വന്നു; ദൈവത്തിന്‍റെ അനുഗ്രഹമനുസരിച്ച് നോഹയുടെ പിന്‍തലമുറ വര്‍ദ്ധിച്ചു പെരുകി ഭൂമിയില്‍ നിറയുമ്പോള്‍ അവര്‍ക്ക് nutritional deficiency ഉണ്ടാകാതിരിക്കാനാകണം അതേ മോശയുടെ ഒന്നാം പുസ്തകമായ ഉല്‍പ്പത്തി പുസ്തകത്തിന്‍റെ 9-ാം അദ്ധ്യായത്തില്‍ ‘നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറവിന്‍” എന്ന അനുഗ്രഹത്തോടൊപ്പം ഭൂചരജന്തുക്കളൊക്കെയും നിങ്ങള്‍ക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാന്‍ സകലവും നിങ്ങള്‍ക്കു തന്നിരിക്കുന്നു’ എന്ന അനുവാദവും കല്‍പിച്ചിരിക്കുന്നത്. മോശയുടെ പുസ്തകത്തിലെ ഒരു ഭാഗം മറച്ചുവച്ച് ഒരു ഭാഗം ഉദ്ധരിക്കുന്നതു ശരിയല്ലല്ലോ.
 
മാംസാഹാരം ഉപേക്ഷിച്ചതുകൊണ്ട് ഒരാള്‍ സാത്വികനാകുന്നില്ല; മറിച്ച് ഒരു nutritional deficiency ആയി കണക്കാക്കാവുന്ന ക്രൂരതയ്ക്കും പ്രതികരണശേഷിയില്ലായ്മയ്ക്കും അടിമയായിത്തീരാം. സ്വന്തം മക്കളും സഹോദരങ്ങളും ബന്ധുക്കളും നോക്കിനില്‍ക്കേ സ്ത്രീ (വിധവ) സതി എന്ന ഒരാചാരത്തിന്‍റെ പേരില്‍ തീയില്‍ ജീവനോടെ എരിഞ്ഞടങ്ങേണ്ടി വന്നിരുന്നത് മിശ്രഭുക്കുകളുടെ ഇടയിലല്ല, മറിച്ച് ശുദ്ധ സസ്യാഹാരികളുടെ ഇടയിലാണ്. ഒരാള്‍ മാംസാഹാരം കഴിച്ചതുകൊണ്ട് ആദ്ധ്യാത്മികതലത്തില്‍ ഒരു കുറവും ഉണ്ടാകുവാനും പോകുന്നില്ല.
 
മേല്‍ വിവരിച്ചതരം ശീശ്മകള്‍ പ്രചരിപ്പിക്കുന്നത് സഭയിലെ അയ്മേനിയോ ഉന്നതസ്ഥാനീയനോ ആരോ ആകട്ടെ, അത് മലങ്കരസഭയുടെയും, ഇടവകകളിലെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെയും പരിശുദ്ധ സിംഹാസനത്തിന്‍റെയും ചെലവില്‍ വേണ്ട. ഓരോ ക്രിസ്മസ് കാലഘട്ടമെത്തുമ്പോഴുമുള്ള ഈ നോമ്പുവീടലിലെ വര്‍ജ്ജന പരിപാടി സഭയുടെ പടിവാതിലിനു പുറത്ത്! ആദ്യം ഇതിന്‍റെ സംഘാടകര്‍ സ്വന്തം കുടുംബങ്ങളിലെ വിവാഹ സല്‍ക്കാരങ്ങളിലെ സസ്യേതര ഭക്ഷണം കൊണ്ടുള്ള ആര്‍ഭാടങ്ങള്‍ക്കെതിരെ ഉപദേശിക്കട്ടെ. മാംസാഹാരം കൊണ്ട് നോമ്പുവീടല്‍ ആഘോഷിക്കുന്ന ഒരു സാധാരണ വിശ്വാസിയില്‍ അനാവശ്യമായി ഇക്കൂട്ടര്‍ കുത്തിവയ്ക്കുവാന്‍ ശ്രമിക്കുന്ന കുറ്റബോധം എന്തുകൊണ്ട് സ്വന്തം കുടുംബങ്ങളില്‍ മേല്‍പ്പറഞ്ഞതുപോലുള്ള സല്‍ക്കാരങ്ങള്‍ നടക്കുമ്പോള്‍ ഇവര്‍ കുത്തിവയ്ക്കുന്നില്ല?
അതുകൊണ്ട് വിശ്വാസികളേ ധൈര്യമായി ശുദ്ധമനസ്സാക്ഷിയോടെ നിങ്ങള്‍ പരമ്പരാഗത രീതിയില്‍ത്തന്നെ നോമ്പുവീടിക്കൊള്ളുക.
 
ദൈവം അനുഗ്രഹിക്കട്ടെ.